കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

1 യോഹന്നാൻ 4:1-21

4  പ്രിയരേ, ലോകത്തിൽ അനേകം കള്ളപ്രവാചകന്മാർ പ്രത്യക്ഷപ്പെട്ടിരിക്കുകയാൽ എല്ലാ അരുളപ്പാടുകളും * വിശ്വസിക്കാതെ അവ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധനചെയ്യുവിൻ.  ദൈവത്തിൽനിന്നുള്ള അരുളപ്പാട്‌ ഏതെന്ന് ഇതിനാൽ തിരിച്ചറിയാം: യേശുക്രിസ്‌തു ജഡത്തിൽ വന്നുവെന്ന് അംഗീകരിച്ചു പറയുന്ന അരുളപ്പാടുകളൊക്കെയും ദൈവത്തിൽനിന്നുള്ളതാണ്‌.  യേശുവിനെ അംഗീകരിച്ചു പറയാത്ത അരുളപ്പാടുകളോ ദൈവത്തിൽനിന്നുള്ളതല്ല. അത്‌ എതിർക്രിസ്‌തുവിൽനിന്നുള്ളതത്രേ. എതിർക്രിസ്‌തു വരുന്നുവെന്ന് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അത്‌ ഇപ്പോൾത്തന്നെ ലോകത്തിൽ ഉണ്ടുതാനും.  കുഞ്ഞുങ്ങളേ, നിങ്ങൾ ദൈവത്തിൽനിന്നുള്ളവർ. നിങ്ങൾ അവരെ ജയിച്ചടക്കുകയും ചെയ്‌തിരിക്കുന്നു. നിങ്ങളോട്‌ ഏകീഭവിച്ചിരിക്കുന്നവൻ ലോകത്തോട്‌ ഏകീഭവിച്ചിരിക്കുന്നവനെക്കാൾ വലിയവനല്ലോ.  എന്നാൽ അവർ ലോകത്തിൽനിന്നുള്ളവർ; അതുകൊണ്ട് അവർ ലൗകികമായതു സംസാരിക്കുന്നു. ലോകം അവരുടെ വാക്കു കേൾക്കുകയും ചെയ്യുന്നു.  നാം ദൈവത്തിൽനിന്നുള്ളവരത്രേ. ദൈവത്തെ അറിയുന്നവൻ നമ്മുടെ വാക്കു കേൾക്കുന്നു. ദൈവത്തിൽനിന്നല്ലാത്തവൻ നമ്മുടെ വാക്കു കേൾക്കുന്നില്ല. സത്യമായ അരുളപ്പാട്‌ ഏതെന്നും വ്യാജമായ അരുളപ്പാട്‌ ഏതെന്നും ഇതിനാൽ തിരിച്ചറിയാം.  പ്രിയരേ, നമുക്കു പരസ്‌പരം സ്‌നേഹിക്കാം; എന്തെന്നാൽ സ്‌നേഹം ദൈവത്തിൽനിന്നുള്ളത്‌ ആകുന്നു. സ്‌നേഹിക്കുന്നവനെല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. അവൻ ദൈവത്തെ അറിയുകയും ചെയ്യുന്നു.  സ്‌നേഹിക്കാത്തവനോ ദൈവത്തെ അറിഞ്ഞിട്ടില്ല; എന്തെന്നാൽ ദൈവം സ്‌നേഹമാകുന്നു.  തന്‍റെ ഏകജാതപുത്രനിലൂടെ നാം ജീവൻ പ്രാപിക്കേണ്ടതിന്‌ ദൈവം അവനെ ലോകത്തിലേക്ക് അയച്ചു. ഇങ്ങനെ, ദൈവത്തിനു നമ്മോടുള്ള സ്‌നേഹം വെളിപ്പെട്ടിരിക്കുന്നു. 10  നാം ദൈവത്തെ സ്‌നേഹിച്ചിട്ടല്ല അവൻ തന്‍റെ പുത്രനെ അയച്ചത്‌. അവൻ നമ്മെ സ്‌നേഹിച്ച് താനുമായി നമ്മെ അനുരഞ്‌ജിപ്പിക്കേണ്ടതിന്‌ നമ്മുടെ പാപങ്ങൾക്ക് ഒരു പ്രായശ്ചിത്തയാഗമാകുവാൻ അവനെ അയയ്‌ക്കുകയായിരുന്നു. ഇതത്രേ സാക്ഷാൽ സ്‌നേഹം. 11  പ്രിയരേ, ദൈവം നമ്മെ ഇങ്ങനെ സ്‌നേഹിച്ചതിനാൽ നാമും അന്യോന്യം സ്‌നേഹിക്കാൻ ബാധ്യസ്ഥരാകുന്നു. 12  ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. നാം അന്യോന്യം സ്‌നേഹിക്കുന്നെങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവന്‍റെ സ്‌നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു. 13  ദൈവം തന്‍റെ ആത്മാവിനെ നമുക്കു നൽകിയിരിക്കുകയാൽ നാം അവനോടും അവൻ നമ്മോടും ഏകീഭവിച്ചിരിക്കുന്നുവെന്നു നാം അറിയുന്നു. 14  പിതാവ്‌ തന്‍റെ പുത്രനെ ലോകരക്ഷകനായി അയച്ചു എന്നത്‌ ഞങ്ങൾ കണ്ടു മനസ്സിലാക്കിയിരിക്കുന്നു; ഞങ്ങൾ അതേക്കുറിച്ചു സാക്ഷ്യംനൽകുകയും ചെയ്യുന്നു. 15  യേശുക്രിസ്‌തു ദൈവപുത്രനെന്ന് അംഗീകരിച്ചുപറയുന്നവൻ ദൈവത്തോടും ദൈവം അവനോടും ഏകീഭവിച്ചിരിക്കുന്നു. 16  ദൈവത്തിനു ഞങ്ങളോടുള്ള സ്‌നേഹം ഞങ്ങൾ അറിഞ്ഞും വിശ്വസിച്ചുമിരിക്കുന്നു. ദൈവം സ്‌നേഹമാകുന്നു. സ്‌നേഹത്തിൽ നിലനിൽക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു. 17  ന്യായവിധിദിവസത്തിൽ ആത്മധൈര്യത്തോടെ നമുക്ക് അവനെ സമീപിക്കാൻ തക്കവണ്ണം ഇങ്ങനെ സ്‌നേഹം നമ്മിൽ തികഞ്ഞിരിക്കുന്നു; എന്തെന്നാൽ ഈ ലോകത്തിൽ നാം അവനെപ്പോലെതന്നെ ആയിരിക്കുന്നു. 18  സ്‌നേഹമുള്ളിടത്തു ഭയമില്ല. ഭയം തടസ്സംനിൽക്കുന്നു; സമ്പൂർണസ്‌നേഹമോ ഭയത്തെ പുറന്തള്ളുന്നു. ഭയപ്പെടുന്നവൻ സ്‌നേഹത്തിൽ തികവു വന്നവനല്ല. 19  എന്നാൽ നാമോ, അവൻ ആദ്യം നമ്മെ സ്‌നേഹിച്ചതിനാൽ, സ്‌നേഹിക്കുന്നവരത്രേ. 20  “ദൈവത്തെ സ്‌നേഹിക്കുന്നു” എന്നു പറയുകയും സഹോദരനെ ദ്വേഷിക്കുകയും ചെയ്യുന്നവൻ നുണയനാകുന്നു. താൻ കാണുന്ന സഹോദരനെ സ്‌നേഹിക്കാത്തവൻ കാണാത്ത ദൈവത്തെ എങ്ങനെ സ്‌നേഹിക്കും? 21  ദൈവത്തെ സ്‌നേഹിക്കുന്നവൻ തന്‍റെ സഹോദരനെയും സ്‌നേഹിക്കണം എന്ന കൽപ്പന അവനിൽനിന്നു നമുക്കു ലഭിച്ചിരിക്കുന്നു.

അടിക്കുറിപ്പുകള്‍

1യോഹ 4:1 * അല്ലെങ്കിൽ, നിശ്വസ്‌ത മൊഴി. ഗ്രീക്കിൽ, ന്യൂമ; അനുബന്ധം 8 കാണുക.