കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

1 യോഹന്നാൻ 2:1-29

2  എന്‍റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിക്കാനാണ്‌ ഞാൻ ഇവ നിങ്ങൾക്ക് എഴുതുന്നത്‌. എന്നാൽ ആരെങ്കിലും പാപം ചെയ്‌തുപോയാൽ പിതാവിന്‍റെ അടുക്കൽ നമുക്കൊരു സഹായി ഉണ്ട്; നീതിമാനായ യേശുക്രിസ്‌തുതന്നെ.  ദൈവവുമായി നമ്മെ അനുരഞ്‌ജിപ്പിക്കേണ്ടതിന്‌ അവൻ നമ്മുടെ പാപങ്ങൾക്ക് ഒരു പ്രായശ്ചിത്തയാഗമായി; നമ്മുടെ മാത്രമല്ല, സർവലോകത്തിന്‍റെയും പാപങ്ങൾക്കുതന്നെ.  നാം അവന്‍റെ കൽപ്പനകൾ പാലിക്കുന്നെങ്കിൽ നാം അവനെ അറിയുന്നു എന്നു വ്യക്തം.  “ഞാൻ അവനെ അറിയുന്നു” എന്നു പറയുകയും അവന്‍റെ കൽപ്പനകൾ അനുസരിക്കാതിരിക്കുകയും ചെയ്യുന്നവൻ നുണയനാകുന്നു; അവനിൽ സത്യമില്ല.  എന്നാൽ ഒരുവൻ അവന്‍റെ വചനം പ്രമാണിക്കുന്നെങ്കിൽ ദൈവത്തോടുള്ള സ്‌നേഹം അവനിൽ സത്യമായും തികഞ്ഞിരിക്കുന്നു. നാം അവനോട്‌ ഏകീഭവിച്ചിരിക്കുന്നുവെന്ന് ഇതിനാൽ നമുക്കറിയാം.  അവനോട്‌ ഏകീഭവിച്ചിരിക്കുന്നുവെന്നു പറയുന്നവൻ അവൻ നടന്നതുപോലെതന്നെ നടക്കേണ്ടതുമാകുന്നു.  പ്രിയരേ, ഞാൻ നിങ്ങൾക്ക് എഴുതുന്നത്‌ ഒരു പുതിയ കൽപ്പനയല്ല, ആദിമുതൽ നിങ്ങൾക്കുണ്ടായിരുന്ന പഴയ കൽപ്പനയാണ്‌. ആ പഴയ കൽപ്പനയോ നിങ്ങൾ കേട്ട വചനംതന്നെ.  എന്നാൽ ഞാൻ നിങ്ങൾക്ക് ഒരു പുതിയ കൽപ്പന എഴുതുന്നുവെന്നും പറയാം; അവനും നിങ്ങളും പ്രമാണിച്ചിരിക്കുന്ന കൽപ്പനതന്നെ; ഇപ്പോൾ ഇരുട്ടു നീങ്ങി സത്യവെളിച്ചം പ്രകാശിക്കുന്നുവല്ലോ.  വെളിച്ചത്തിലിരിക്കുന്നുവെന്നു പറയുകയും അതേസമയം തന്‍റെ സഹോദരനെ ദ്വേഷിക്കുകയും ചെയ്യുന്നവൻ ഇപ്പോഴും ഇരുട്ടിൽത്തന്നെ. 10  തന്‍റെ സഹോദരനെ സ്‌നേഹിക്കുന്നവനോ വെളിച്ചത്തിൽ വസിക്കുന്നു. അവന്‌ ഇടർച്ചയ്‌ക്കു കാരണമുണ്ടാകുകയില്ല. 11  എന്നാൽ സഹോദരനെ ദ്വേഷിക്കുന്നവൻ ഇരുട്ടിൽ വസിക്കുന്നു; ഇരുട്ടിൽ നടക്കുന്നു. ഇരുട്ട് അവനെ അന്ധനാക്കിയിരിക്കുകയാൽ താൻ എവിടേക്കു പോകുന്നുവെന്ന് അവൻ അറിയുന്നില്ല. 12  കുഞ്ഞുങ്ങളേ, അവന്‍റെ നാമത്തെപ്രതി നിങ്ങളുടെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നതിനാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു. 13  പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു. യുവാക്കന്മാരേ, നിങ്ങൾ ദുഷ്ടനെ ജയിച്ചടക്കിയിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു. കുഞ്ഞുങ്ങളേ, നിങ്ങൾ പിതാവിനെ അറിഞ്ഞിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു. 14  പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു. യുവാക്കന്മാരേ, നിങ്ങൾ ശക്തരാകയാലും ദൈവത്തിന്‍റെ വചനം നിങ്ങളിൽ നിലനിൽക്കുകയാലും ദുഷ്ടനെ നിങ്ങൾ ജയിച്ചടക്കിയിരിക്കുകയാലും ഞാൻ നിങ്ങൾക്ക് എഴുതുന്നു. 15  ലോകത്തെയോ ലോകത്തിലുള്ളതിനെയോ സ്‌നേഹിക്കരുത്‌; ഒരുവൻ ലോകത്തെ സ്‌നേഹിക്കുന്നെങ്കിൽ പിതാവിനോടുള്ള സ്‌നേഹം അവനിൽ ഇല്ല. 16  ജഡമോഹം, കണ്മോഹം, ജീവിതത്തിന്‍റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതൊക്കെയും ലോകത്തിൽനിന്നുള്ളതാണ്‌, പിതാവിൽനിന്നുള്ളതല്ല. 17  ലോകവും അതിന്‍റെ മോഹവും നീങ്ങിപ്പോകുന്നു. ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും നിലനിൽക്കുന്നു. 18  കുഞ്ഞുങ്ങളേ, ഇത്‌ അന്ത്യനാഴികയാണ്‌. എതിർക്രിസ്‌തു വരുന്നുവെന്നു നിങ്ങൾ കേട്ടിട്ടുള്ളതുപോലെ ഇപ്പോൾത്തന്നെ അനേകം എതിർക്രിസ്‌തുക്കൾ എഴുന്നേറ്റിരിക്കുന്നു; ഇത്‌ അന്ത്യനാഴികയാണെന്നു നാം അറിയുന്നത്‌ അതിനാലത്രേ. 19  അവർ നമ്മുടെ ഇടയിൽനിന്നുള്ളവരായിരുന്നെങ്കിലും നമുക്കുള്ളവരായിരുന്നില്ല. നമുക്കുള്ളവരായിരുന്നെങ്കിൽ അവർ നമ്മോടുകൂടെ നിലകൊള്ളുമായിരുന്നു. എന്നാൽ അവർ നമ്മെ വിട്ട് പോയി എന്നതിൽനിന്ന് എല്ലാവരും നമുക്കുള്ളവരല്ല എന്നു വ്യക്തമാകുന്നു. 20  നിങ്ങളോ പരിശുദ്ധനാൽ അഭിഷേകം പ്രാപിച്ചിരിക്കുകയാൽ സത്യം അറിയുന്നു. 21  നിങ്ങൾ സത്യം അറിയാത്തതുകൊണ്ടല്ല, നിങ്ങൾ അത്‌ അറിയുന്നതുകൊണ്ടും വ്യാജമായതൊന്നും സത്യത്തിൽനിന്നു പുറപ്പെടുകയില്ലാത്തതുകൊണ്ടുമത്രേ ഞാൻ നിങ്ങൾക്ക് എഴുതുന്നത്‌. 22  യേശുവിനെ ക്രിസ്‌തുവായി അംഗീകരിക്കാത്തവനല്ലാതെ മറ്റാരാണു നുണയൻ? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാണ്‌ എതിർക്രിസ്‌തു. 23  പുത്രനെ നിഷേധിക്കുന്നവന്‌ പിതാവും ഇല്ല. പുത്രനെ അംഗീകരിച്ചുപറയുന്നവനോ പിതാവും ഉണ്ട്. 24  ആദിമുതൽ നിങ്ങൾ കേട്ടതു നിങ്ങളിൽ നിലനിൽക്കട്ടെ. ആദിമുതൽ കേട്ടത്‌ നിങ്ങളിൽ നിലനിൽക്കുന്നെങ്കിൽ നിങ്ങൾ പുത്രനോടും പിതാവിനോടും ഏകീഭവിച്ചവരായിരിക്കും. 25  അവൻ നമുക്കു നൽകിയ വാഗ്‌ദാനമോ, നിത്യജീവനും. 26  നിങ്ങളെ വഴിതെറ്റിക്കുന്നവർനിമിത്തമത്രേ ഞാൻ ഇക്കാര്യങ്ങൾ നിങ്ങൾക്ക് എഴുതുന്നത്‌. 27  അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ നിലനിൽക്കുന്നതുകൊണ്ട് ആരും നിങ്ങളെ പഠിപ്പിക്കേണ്ടതില്ല. അവനാലുള്ള അഭിഷേകം വ്യാജമല്ല, സത്യമായിരിക്കുകകൊണ്ടും അതു നിങ്ങൾക്കു സകലതും ഉപദേശിച്ചു തരുകകൊണ്ടും അതു നിങ്ങളെ പഠിപ്പിച്ചതുപോലെതന്നെ അവനോട്‌ ഐക്യപ്പെട്ടിരിക്കുവിൻ. 28  അതിനാൽ കുഞ്ഞുങ്ങളേ, അവന്‍റെ പ്രത്യക്ഷതയിങ്കൽ നമുക്കു ധൈര്യമുണ്ടായിരിക്കാനും അവന്‍റെ സാന്നിധ്യത്തിങ്കൽ നാം ലജ്ജിച്ചുപോകാതിരിക്കാനും അവനോട്‌ ഐക്യപ്പെട്ടിരിക്കുവിൻ. 29  അവൻ നീതിമാനെന്ന് അറിയാവുന്നതിനാൽ നീതി പ്രവർത്തിക്കുന്ന ഏവനും അവനിൽനിന്നു ജനിച്ചിരിക്കുന്നുവെന്നു നിങ്ങൾക്കു തീർച്ചയാക്കാം.

അടിക്കുറിപ്പുകള്‍