കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

1 പത്രൊസ്‌ 4:1-19

4  ആകയാൽ ജഡത്തിൽ കഷ്ടം അനുഭവിച്ച ക്രിസ്‌തുവിന്‍റെ അതേ മനോഭാവം നിങ്ങൾക്കും ഒരു ആയുധമായിരിക്കട്ടെ; കാരണം, ജഡത്തിൽ കഷ്ടം അനുഭവിച്ചിട്ടുള്ളവൻ പാപത്തിൽനിന്ന് അകന്നിരിക്കുന്നു;  ജഡത്തിൽ ശേഷിച്ചിരിക്കുന്ന കാലത്ത്‌ മനുഷ്യരുടെ മോഹങ്ങൾക്കു വശംവദനാകാതെ ദൈവഹിതം അനുസരിച്ചു ജീവിക്കേണ്ടതിനുതന്നെ.  കഴിഞ്ഞകാലത്ത്‌ നിങ്ങൾ വിജാതീയർ ചെയ്യാൻ ഇഷ്ടപ്പെടുന്നതുപോലെ ദുർന്നടപ്പിലും* കാമാർത്തികളിലും മദ്യപാനത്തിലും വെറിക്കൂത്തുകളിലും മദിരോത്സവങ്ങളിലും* മ്ലേച്ഛമായ വിഗ്രഹാരാധനയിലും മുഴുകി മതിയാവോളം ജീവിച്ചു.  ഇപ്പോൾ ദുർവൃത്തിയുടെ ചെളിക്കുണ്ടിൽ നിങ്ങൾ അവരോടൊപ്പം പുളയ്‌ക്കാത്തതിൽ അവർ അതിശയിക്കുകയും നിങ്ങളെ ദുഷിക്കുകയും ചെയ്യുന്നു.  എന്നാൽ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ന്യായംവിധിക്കാനിരിക്കുന്നവനോട്‌ അവർ കണക്കുബോധിപ്പിക്കേണ്ടിവരും.  മരിച്ചവരോടും സുവിശേഷം ഘോഷിച്ചത്‌ ഇക്കാരണത്താലത്രേ; മാനുഷകാഴ്‌ചപ്പാടനുസരിച്ച് അവർ ജഡപ്രകാരം വിധിക്കപ്പെട്ടേക്കാമെങ്കിലും ദൈവമുമ്പാകെ ആത്മാവിനൊത്തവിധം ജീവിക്കേണ്ടതിനുതന്നെ.  എന്നാൽ എല്ലാറ്റിന്‍റെയും അവസാനം അടുത്തിരിക്കുന്നു. അതിനാൽ സുബോധമുള്ളവരും പ്രാർഥനാനിരതരും ആയിരിക്കുവിൻ.  സർവോപരി, തമ്മിൽ ഉറ്റസ്‌നേഹം ഉള്ളവരായിരിക്കുവിൻ; എന്തെന്നാൽ സ്‌നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്‌ക്കുന്നു.  മുറുമുറുപ്പു കൂടാതെ അന്യോന്യം അതിഥിപ്രിയം കാണിക്കുവിൻ. 10  ഓരോരുത്തനും, വിവിധ വിധങ്ങളിൽ ചൊരിയപ്പെട്ട ദൈവകൃപയുടെ ഉത്തമ കാര്യവിചാരകനായി, തനിക്കു ലഭിച്ച കൃപാവരത്തിനൊത്തവിധം മറ്റുള്ളവർക്കു ശുശ്രൂഷ ചെയ്യാനായി അതു വിനിയോഗിക്കണം. 11  ഒരുവൻ സംസാരിക്കുന്നെങ്കിൽ ദൈവത്തിന്‍റെ അരുളപ്പാടു പ്രസ്‌താവിക്കുന്നവനെപ്പോലെ സംസാരിക്കട്ടെ; ശുശ്രൂഷിക്കുന്നെങ്കിലോ ദൈവദത്തമായ ശക്തികൊണ്ടെന്നപോലെ ശുശ്രൂഷിക്കട്ടെ. അങ്ങനെ, എല്ലാ കാര്യങ്ങളിലും യേശുക്രിസ്‌തു മുഖാന്തരം ദൈവം മഹത്ത്വപ്പെടാൻ ഇടയാകട്ടെ. മഹത്ത്വവും ശക്തിയും എന്നുമെന്നേക്കും അവനുള്ളത്‌. ആമേൻ. 12  പ്രിയരേ, നിങ്ങൾക്കു പരീക്ഷയ്‌ക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ, എന്തോ അസാധാരണമായത്‌ ഭവിച്ചു എന്നതുപോലെ നിങ്ങൾ പരിഭ്രാന്തരാകരുത്‌; 13  പകരം, ക്രിസ്‌തുവിന്‍റെ കഷ്ടതകളിൽ പങ്കാളികളാകുന്തോറും സന്തോഷിച്ചുകൊള്ളുവിൻ. അങ്ങനെ, അവന്‍റെ മഹത്ത്വം വെളിപ്പെടുമ്പോൾ നിങ്ങൾ ആനന്ദിച്ചുല്ലസിക്കാൻ ഇടയാകും. 14  ക്രിസ്‌തുവിന്‍റെ നാമത്തെപ്രതി നിന്ദിക്കപ്പെടുന്നെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാർ. മഹത്ത്വത്തിന്‍റെ ആത്മാവായ ദൈവാത്മാവ്‌ നിങ്ങളുടെമേൽ വസിക്കുന്നുവല്ലോ. 15  നിങ്ങളിൽ ആരും കൊലപാതകിയോ കള്ളനോ ദുഷ്‌പ്രവൃത്തിക്കാരനോ പരകാര്യങ്ങളിൽ ഇടപെടുന്നവനോ ആയി കഷ്ടം സഹിക്കാൻ ഇടവരാതിരിക്കട്ടെ. 16  എന്നാൽ ക്രിസ്‌ത്യാനിയായിട്ടു കഷ്ടം സഹിക്കേണ്ടിവന്നാൽ ലജ്ജിക്കുകയുമരുത്‌. ആ നാമം ധരിച്ചിട്ട് ദൈവത്തെ മഹത്ത്വപ്പെടുത്തുകയത്രേ വേണ്ടത്‌; 17  എന്തെന്നാൽ ന്യായവിധിക്കുള്ള സമയം ആഗതമായിരിക്കുന്നു; അതു ദൈവഭവനത്തിൽനിന്നുതന്നെ ആരംഭിക്കും; അതു നമ്മിലാണു തുടങ്ങുന്നതെങ്കിൽ ദൈവത്തിന്‍റെ സുവിശേഷം അനുസരിക്കാത്തവരുടെ ഗതി എന്താകും? 18  “നീതിമാൻതന്നെ രക്ഷ പ്രാപിക്കുന്നതു പ്രയാസത്തോടെയാണെങ്കിൽ അഭക്തന്‍റെയും പാപിയുടെയും സ്ഥിതി എന്താകും?” 19  ആകയാൽ ദൈവേഷ്ടം ചെയ്‌തുകൊണ്ട് കഷ്ടമനുഭവിക്കുന്നവർ തുടർന്നും നന്മ പ്രവർത്തിക്കുകയും തങ്ങളുടെ പ്രാണൻ വിശ്വസ്‌തനായ സ്രഷ്ടാവിനെ ഭരമേൽപ്പിക്കുകയും ചെയ്യട്ടെ.

അടിക്കുറിപ്പുകള്‍

1പത്രോ 4:3ഗലാത്യർ 5:19-ന്‍റെ അടിക്കുറിപ്പു കാണുക.
1പത്രോ 4:3* മത്സരിച്ചുള്ള മദ്യപാനം ഉൾപ്പെട്ടിരിക്കുന്നു.