കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

1 പത്രൊസ്‌ 3:1-22

3  അതുപോലെ ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴ്‌പെട്ടിരിക്കുവിൻ. അങ്ങനെ, അവരിൽ ആരെങ്കിലും വചനം അനുസരിക്കാത്തവരായിട്ടുണ്ടെങ്കിൽ ഭയാദരവോടെയുള്ള നിങ്ങളുടെ നിർമലമായ നടപ്പു കണ്ടിട്ട്  ഒരു വാക്കും കൂടാതെ നിങ്ങളുടെ നടപ്പിനാൽ വിശ്വാസികളായിത്തീരാൻ ഇടവന്നേക്കാം.  നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്‌ത്രംധരിക്കുന്നതും ഇങ്ങനെ ബാഹ്യമായുള്ളത്‌ ആയിരിക്കരുത്‌;  പിന്നെയോ ശാന്തതയും സൗമ്യതയുമുള്ള മനസ്സ് എന്ന അക്ഷയാലങ്കാരമണിഞ്ഞ ആന്തരികമനുഷ്യൻ ആയിരിക്കണം. അതത്രേ ദൈവസന്നിധിയിൽ വിലയേറിയത്‌.  ദൈവത്തിൽ പ്രത്യാശവെച്ചിരുന്ന, മുൻകാലങ്ങളിലെ വിശുദ്ധസ്‌ത്രീകൾ ഭർത്താക്കന്മാർക്കു കീഴ്‌പെട്ടിരുന്നുകൊണ്ട് അങ്ങനെയല്ലോ തങ്ങളെത്തന്നെ അലങ്കരിച്ചിരുന്നത്‌.  സാറാ അബ്രാഹാമിനെ, “നാഥാ” എന്നു വിളിച്ച് അനുസരിച്ചിരുന്നു. നിങ്ങൾ നന്മ ചെയ്യുകയും ഒന്നിനെയും ഭയപ്പെടാതിരിക്കുകയും ചെയ്‌താൽ നിങ്ങൾ അവളുടെ മക്കളായിരിക്കും.  അങ്ങനെതന്നെ, ഭർത്താക്കന്മാരേ, നിങ്ങളുടെ പ്രാർഥനകൾ തടസ്സപ്പെടാതിരിക്കേണ്ടതിന്‌ സ്‌ത്രീജനം ഏറെ ബലഹീനമായ പാത്രം എന്നോർത്ത്‌ അവരെ ആദരിച്ച് വിവേകപൂർവം അവരോടൊപ്പം വസിക്കുവിൻ. അവർ മഹാകൃപയാലുള്ള ജീവനു നിങ്ങളുടെ കൂട്ടവകാശികളുമല്ലോ.  അവസാനമായി, നിങ്ങളെല്ലാവരും ഹൃദയൈക്യവും സഹാനുഭൂതിയും സഹോദരപ്രീതിയും മനസ്സലിവും താഴ്‌മയും ഉള്ളവരായിരിക്കുവിൻ.  ദ്രോഹത്തിനു ദ്രോഹവും അധിക്ഷേപത്തിന്‌ അധിക്ഷേപവും പകരം നൽകുന്നവരായിരിക്കാതെ, അനുഗ്രഹിക്കുന്നവരായിരിക്കുവിൻ. അനുഗ്രഹം അവകാശമാക്കാനായി വിളിക്കപ്പെട്ടവരാണല്ലോ നിങ്ങൾ. 10  “ജീവനെ സ്‌നേഹിക്കുകയും ശുഭകാലം കാണാൻ ആഗ്രഹിക്കുകയും ചെയ്യുന്നവൻ ദോഷം പറയാതെ തന്‍റെ നാവിനെയും വ്യാജം പറയാതെ തന്‍റെ അധരത്തെയും അടക്കിക്കൊള്ളട്ടെ. 11  അവൻ ദോഷം വിട്ടകന്ന് നന്മ ചെയ്യട്ടെ; സമാധാനം അന്വേഷിച്ചു പിന്തുടരട്ടെ. 12  യഹോവയുടെ കണ്ണ് നീതിമാന്മാരുടെമേൽ ഉണ്ട്; അവന്‍റെ ചെവി അവരുടെ യാചനയ്‌ക്കു തുറന്നിരിക്കുന്നു. എന്നാൽ യഹോവയുടെ മുഖം ദുഷ്‌കർമികൾക്കു പ്രതികൂലമായിരിക്കുന്നു.” 13  നിങ്ങൾ നന്മ ചെയ്യുന്നതിൽ ശുഷ്‌കാന്തിയുള്ളവരാകുന്നുവെങ്കിൽ ആരാണു നിങ്ങളെ ഉപദ്രവിക്കുക? 14  ഇനി, നീതിനിമിത്തം കഷ്ടം സഹിക്കേണ്ടിവന്നാലും നിങ്ങൾ ഭാഗ്യവാന്മാരാകുന്നു. അവർ ഭയക്കുന്നതിനെ നിങ്ങൾ ഭയപ്പെടുകയോ അസ്വസ്ഥരാകുകയോ അരുത്‌; 15  പകരം, ക്രിസ്‌തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിക്കുവിൻ. നിങ്ങളുടെ പ്രത്യാശയ്‌ക്കുള്ള കാരണം ചോദിക്കുന്ന ഏവനോടും പ്രതിവാദം പറയാൻ സദാ ഒരുങ്ങിയിരിക്കുവിൻ; എന്നാൽ അത്‌ സൗമ്യതയോടും ഭയാദരവോടുംകൂടെ ആയിരിക്കട്ടെ. 16  നിങ്ങളുടെ നല്ല ക്രിസ്‌തീയനടത്തയെ ദുഷിക്കുന്നവർ നിങ്ങളെ പഴിച്ചു പറയുന്നതിൽ ലജ്ജിക്കേണ്ടതിന്‌ മനസ്സാക്ഷിയെ നിർമലമായി സൂക്ഷിക്കുവിൻ. 17  നിങ്ങൾ കഷ്ടം സഹിക്കണമെന്നതു ദൈവഹിതമെങ്കിൽ, തിന്മ ചെയ്‌തിട്ടല്ല നന്മ ചെയ്‌തിട്ടുതന്നെ സഹിക്കുന്നത്‌ ഉത്തമം. 18  നീതിമാനായ ക്രിസ്‌തുതന്നെയും നീതികെട്ടവരുടെ പാപങ്ങൾക്കായി ഒരിക്കലായിട്ടു മരിച്ചുവല്ലോ. നിങ്ങളെ ദൈവത്തോട്‌ അടുപ്പിക്കേണ്ടതിന്‌ അവൻ ജഡത്തിൽ മരണശിക്ഷ ഏൽക്കുകയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്‌തു. 19  അങ്ങനെ, അവൻ ചെന്ന് തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചു. 20  അവരാകട്ടെ, പണ്ട് നോഹയുടെ കാലത്തു പെട്ടകം പണിയുന്ന സമയത്ത്‌ ദൈവം ക്ഷമയോടെ കാത്തിരുന്നപ്പോൾ അനുസരണക്കേട്‌ കാണിച്ചവരായിരുന്നു. ആ പെട്ടകത്തിലുണ്ടായിരുന്ന അൽപ്പജനം, എന്നുവെച്ചാൽ എട്ടുപേർ,* വെള്ളത്തിൽക്കൂടി രക്ഷ പ്രാപിച്ചു. 21  അതിനു സദൃശമായ സ്‌നാനം യേശുക്രിസ്‌തുവിന്‍റെ പുനരുത്ഥാനംവഴി ഇപ്പോൾ നിങ്ങളെയും രക്ഷിക്കുന്നു. സ്‌നാനമോ, ജഡത്തിന്‍റെ അഴുക്കുനീക്കലല്ല, ഒരു ശുദ്ധമനസ്സാക്ഷിക്കായി ദൈവത്തോടുള്ള അപേക്ഷയത്രേ. 22  അവൻ സ്വർഗത്തിലേക്കു പോയി ദൈവത്തിന്‍റെ വലത്തുഭാഗത്ത്‌ ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവനു വിധേയമാക്കപ്പെട്ടിരിക്കുന്നു.

അടിക്കുറിപ്പുകള്‍

1പത്രോ 3:20* ഗ്രീക്കിൽ, സൈക്കി