കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

1 തെസ്സലൊനീക്യർ 4:1-18

4  ഒടുവിൽ സഹോദരന്മാരേ, ഒരു കാര്യം ഞങ്ങൾ പറഞ്ഞുകൊള്ളട്ടെ: എങ്ങനെ ജീവിക്കണമെന്നും എങ്ങനെ ദൈവത്തെ പ്രസാദിപ്പിക്കണമെന്നും ഞങ്ങളിൽനിന്നു നിങ്ങൾ പഠിച്ചുവല്ലോ; അപ്രകാരം നിങ്ങൾ ഇപ്പോൾ ജീവിക്കുകയും ചെയ്യുന്നു. നിങ്ങൾ അതിൽ ഇനിയും അഭിവൃദ്ധി പ്രാപിക്കണമെന്ന് കർത്താവായ യേശുവിന്‍റെ നാമത്തിൽ ഞങ്ങൾ നിങ്ങളോട്‌ അപേക്ഷിക്കുകയും നിങ്ങളെ ഉദ്‌ബോധിപ്പിക്കുകയും ചെയ്യുന്നു.  കർത്താവായ യേശുവിന്‍റെ അധികാരത്താൽ ഞങ്ങൾ നിങ്ങൾക്കു നൽകിയ അനുശാസനങ്ങൾ ഏതൊക്കെയെന്ന് നിങ്ങൾക്കറിയാമല്ലോ.  ദൈവത്തിന്‍റെ ഇഷ്ടമോ നിങ്ങളുടെ വിശുദ്ധീകരണംതന്നെ. നിങ്ങൾ പരസംഗത്തിൽനിന്ന് അകന്നിരിക്കണം;  ദൈവത്തെ അറിയാത്ത വിജാതീയരെപ്പോലെ നിങ്ങൾ കാമാസക്തിക്കു വിധേയരാകരുത്‌;  പ്രത്യുത, വിശുദ്ധിയിലും മാനത്തിലും സ്വന്തം ശരീരത്തെ വരുതിയിൽ നിറുത്താൻ നിങ്ങളിൽ ഓരോരുത്തനും അറിഞ്ഞിരിക്കണം.  ഇക്കാര്യത്തിൽ ആരും തന്‍റെ സഹോദരനെതിരെ ദോഷം പ്രവർത്തിക്കുകയും അവന്‍റെ അവകാശങ്ങൾ കയ്യേറുകയും ചെയ്യരുത്‌; ഞങ്ങൾ നേരത്തേതന്നെ പറയുകയും വ്യക്തമാക്കിത്തരുകയും ചെയ്‌തിട്ടുള്ളതുപോലെ ഇവയ്‌ക്കെല്ലാം യഹോവ ശിക്ഷ നടപ്പാക്കും;  കാരണം, അശുദ്ധിയിലേക്കല്ല, വിശുദ്ധിയിലേക്കാണ്‌ ദൈവം നമ്മെ വിളിച്ചിരിക്കുന്നത്‌.  ആകയാൽ ഇക്കാര്യങ്ങൾ ധിക്കരിക്കുന്നവൻ മനുഷ്യനെയല്ല, നിങ്ങളിൽ തന്‍റെ പരിശുദ്ധാത്മാവിനെ പകരുന്ന ദൈവത്തെയത്രേ ധിക്കരിക്കുന്നത്‌.  സഹോദരസ്‌നേഹത്തെക്കുറിച്ചു ഞങ്ങൾ നിങ്ങൾക്ക് എഴുതേണ്ടതില്ല. അന്യോന്യം സ്‌നേഹിക്കാൻ ദൈവംതന്നെ നിങ്ങളെ പഠിപ്പിച്ചിരിക്കുന്നുവല്ലോ. 10  വാസ്‌തവത്തിൽ, മാസിഡോണിയയിലുള്ള സഹോദരന്മാരോടെല്ലാം നിങ്ങൾ സ്‌നേഹത്തോടെ പെരുമാറുന്നുമുണ്ട്; എങ്കിലും സഹോദരന്മാരേ, ഇതിൽ അധികമധികം അഭിവൃദ്ധി പ്രാപിക്കണമെന്ന് ഞങ്ങൾ നിങ്ങളെ ഉദ്‌ബോധിപ്പിക്കുന്നു. 11  ഞങ്ങൾ നിങ്ങളോടു കൽപ്പിച്ചതുപോലെ ശാന്തമായൊരു ജീവിതം നയിക്കാനും പരകാര്യങ്ങളിൽ ഇടപെടാതെ അവനവന്‍റെ കാര്യം നോക്കി, സ്വന്തകൈകൊണ്ടു വേലചെയ്‌തു ജീവിക്കാനും ഉത്സാഹിക്കുവിൻ. 12  അങ്ങനെയായാൽ, നിങ്ങൾ പുറത്തുള്ളവരുടെ ദൃഷ്ടിയിൽ ആദരണീയരായിരിക്കും; നിങ്ങൾക്ക് ഒന്നിനും മുട്ടുണ്ടാകുകയുമില്ല. 13  സഹോദരന്മാരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ നിങ്ങൾ ദുഃഖിക്കാതിരിക്കേണ്ടതിന്‌ മരണത്തിൽ നിദ്രകൊള്ളുന്നവരെക്കുറിച്ചു നിങ്ങൾ അറിവില്ലാത്തവരായിരിക്കരുതെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. 14  യേശു മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്‌തുവെന്നു നാം വിശ്വസിക്കുന്നുവല്ലോ; അങ്ങനെതന്നെ, യേശുവിൽ മരണനിദ്ര പ്രാപിച്ചവരെയും ദൈവം ഉയിർപ്പിച്ച് അവനോടൊപ്പം മടക്കിവരുത്തും. 15  യഹോവയുടെ വചനത്താൽ ഞങ്ങൾ ഇക്കാര്യം നിങ്ങളോടു പറയുന്നു: കർത്താവിന്‍റെ സാന്നിധ്യത്തിങ്കൽ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവർക്കു മുമ്പാകുകയില്ല; 16  എന്തെന്നാൽ കർത്താവുതന്നെ ആജ്ഞാധ്വനിയോടും പ്രധാനദൂതന്‍റെ ശബ്ദത്തോടും ദൈവത്തിന്‍റെ കാഹളനാദത്തോടുംകൂടെ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുകയും ക്രിസ്‌തുവിൽ മരിച്ചവർ ആദ്യം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും. 17  അനന്തരം ജീവനോടെ ശേഷിക്കുന്നവരായ നാം അവരോടൊപ്പം ആകാശത്തിൽ കർത്താവിനെ എതിരേൽക്കാനായി മേഘങ്ങളിൽ എടുക്കപ്പെടും. അങ്ങനെ, നാം എന്നേക്കും കർത്താവിനോടൊപ്പം വസിക്കും. 18  ആകയാൽ ഈ വചനങ്ങളാൽ അന്യോന്യം ആശ്വസിപ്പിച്ചുകൊള്ളുവിൻ.

അടിക്കുറിപ്പുകള്‍