കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

1 തെസ്സലൊനീക്യർ 2:1-20

2  സഹോദരന്മാരേ, ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നതു വ്യർഥമായില്ലെന്നു നിങ്ങൾക്കറിയാമല്ലോ.  നിങ്ങൾക്കറിവുള്ളതുപോലെ, മുമ്പു ഞങ്ങൾ ഫിലിപ്പിയിൽവെച്ച് കഷ്ടവും അപമാനവും സഹിച്ചെങ്കിലും, നിങ്ങളോട്‌ നമ്മുടെ ദൈവത്തിൽനിന്നുള്ള സുവിശേഷം അറിയിക്കാൻ വലിയ എതിർപ്പുകൾക്കു മധ്യേയും അവന്‍റെ സഹായത്താൽ ഞങ്ങൾ ധൈര്യപ്പെട്ടു.  ഞങ്ങളുടെ ഉദ്‌ബോധനം അസത്യത്തിൽനിന്ന് ഉത്ഭവിച്ചതോ അശുദ്ധലക്ഷ്യത്തോടെയുള്ളതോ അല്ല; അതു വഞ്ചനാപരവുമല്ല.  സുവിശേഷം ഭരമേൽപ്പിക്കാൻ ദൈവം ഞങ്ങളെ യോഗ്യരായി കണക്കാക്കിയതിനാൽ മനുഷ്യരെയല്ല, ഹൃദയം ശോധനചെയ്യുന്ന ദൈവത്തെ പ്രസാദിപ്പിക്കുംവിധമത്രേ ഞങ്ങൾ സംസാരിക്കുന്നത്‌.  നിങ്ങൾക്കറിയാവുന്നതുപോലെ, ഞങ്ങൾ ഒരിക്കലും മുഖസ്‌തുതി പറയുന്നവരായോ പൊയ്‌മുഖമണിഞ്ഞ ദുരാഗ്രഹികളായോ നിങ്ങളുടെ അടുക്കൽ വന്നിട്ടില്ല. ഇതിനു ദൈവം സാക്ഷി!  ഞങ്ങൾ നിങ്ങളിൽനിന്നോ മറ്റു മനുഷ്യരിൽനിന്നോ മാനം അന്വേഷിച്ചിട്ടുമില്ല. വാസ്‌തവത്തിൽ, ക്രിസ്‌തുവിന്‍റെ അപ്പൊസ്‌തലന്മാരെന്നനിലയിൽ ഞങ്ങൾക്ക്, ഭാരിച്ച ചെലവുവരുത്തുന്ന പലതും നിങ്ങളിൽനിന്ന് ആവശ്യപ്പെടാമായിരുന്നു.  എന്നാൽ ഒരമ്മ തന്‍റെ കുഞ്ഞുങ്ങളെ പോറ്റിപ്പുലർത്തുന്നതുപോലെ ആർദ്രതയോടെയാണ്‌ ഞങ്ങൾ നിങ്ങളോടു പെരുമാറിയത്‌.  ഇങ്ങനെ, നിങ്ങളോടുള്ള വാത്സല്യംനിമിത്തം ദൈവത്തിൽനിന്നുള്ള സുവിശേഷം മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയരാകയാൽ സ്വന്തം പ്രാണനുംകൂടെ* നിങ്ങൾക്കു നൽകാൻ ഞങ്ങൾ ഒരുക്കമായിരുന്നു.  സഹോദരന്മാരേ, ഞങ്ങളുടെ അധ്വാനവും കഷ്ടപ്പാടും നിങ്ങൾ ഓർക്കുന്നുണ്ടല്ലോ. നിങ്ങളിൽ ആർക്കും ഒരു ഭാരമാകാതിരിക്കാൻ രാവും പകലും വേലചെയ്‌തുകൊണ്ടാണ്‌ ദൈവത്തിൽനിന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോട്‌ അറിയിച്ചത്‌. 10  വിശ്വാസികളായ നിങ്ങളുടെ ഇടയിൽ ഞങ്ങൾ എത്ര വിശ്വസ്‌തരും നീതിനിഷ്‌ഠരും അനിന്ദ്യരും ആയിരുന്നുവെന്നതിന്‌ നിങ്ങൾ സാക്ഷികൾ; ദൈവവും സാക്ഷി. 11  തന്‍റെ രാജ്യത്തിലേക്കും മഹത്ത്വത്തിലേക്കും നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവത്തിന്‍റെ മുമ്പാകെ നിങ്ങൾ യോഗ്യരായി നടക്കേണ്ടതിന്‌ 12  ഒരു അപ്പൻ മക്കളെ എന്നപോലെ ഞങ്ങൾ നിങ്ങളെ ഓരോരുത്തരെയും ഉദ്‌ബോധിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ഉത്സാഹിപ്പിക്കുകയും ചെയ്‌തുപോന്നത്‌ എങ്ങനെയെന്നും നിങ്ങൾക്കു നന്നായി അറിയാമല്ലോ. 13  ഞങ്ങളിൽനിന്നു കേട്ട ദൈവവചനം നിങ്ങൾ സ്വീകരിച്ചത്‌ മനുഷ്യരുടെ വാക്കുകളായിട്ടല്ല, അത്‌ യഥാർഥത്തിൽ ആയിരിക്കുന്നതുപോലെ ദൈവത്തിന്‍റെതന്നെ വചനമായിട്ടാണ്‌; വിശ്വാസികളായ നിങ്ങളിൽ അതു വ്യാപരിച്ചുകൊണ്ടുമിരിക്കുന്നു. ഇതുനിമിത്തം ഞങ്ങൾ നിരന്തരം ദൈവത്തിനു നന്ദി നൽകുന്നു. 14  സഹോദരന്മാരേ, നിങ്ങൾ യെഹൂദ്യയിൽ ക്രിസ്‌തുയേശുവിലുള്ള ദൈവസഭകൾക്കു സദൃശരായിരിക്കുന്നു; യഹൂദന്മാരിൽനിന്ന് അവർക്കു സഹിക്കേണ്ടിവരുന്നതെല്ലാം സ്വന്തം നാട്ടുകാരിൽനിന്നു നിങ്ങളും സഹിക്കുന്നുവല്ലോ. 15  യഹൂദന്മാർ കർത്താവായ യേശുവിനെയും പ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ദ്രോഹിച്ചവരുമാണ്‌. വിജാതീയർ രക്ഷിക്കപ്പെടാൻ തക്കവണ്ണം അവരോടു പ്രസംഗിക്കുന്നതിൽനിന്നു ഞങ്ങളെ തടയാൻ ശ്രമിക്കുകവഴി 16  അവർ ദൈവത്തെ അപ്രീതിപ്പെടുത്തുന്നവരും സകല മനുഷ്യർക്കും വിരോധമായി പ്രവർത്തിക്കുന്നവരും ആയിരിക്കുന്നു. അങ്ങനെ, അവർ എപ്പോഴും തങ്ങളുടെ പാപങ്ങളുടെ അളവു തികയ്‌ക്കുന്നു. ഇപ്പോഴിതാ, ദൈവക്രോധം അവരുടെമേൽ വന്നിരിക്കുന്നു. 17  സഹോദരന്മാരേ, ഹൃദയംകൊണ്ടല്ലെങ്കിലും, ശരീരംകൊണ്ട് കുറച്ചുകാലം നിങ്ങളെ പിരിഞ്ഞു കഴിയേണ്ടിവന്നപ്പോൾ നിങ്ങളെ മുഖാമുഖം കാണാൻ വാഞ്‌ഛിച്ച് ഞങ്ങൾ അതിനായി വളരെ പരിശ്രമിച്ചു. 18  അങ്ങനെ, നിങ്ങളുടെ അടുത്തെത്താൻ ഞങ്ങൾ, പ്രത്യേകിച്ചും പൗലോസ്‌ എന്ന ഞാൻ, ഒന്നുരണ്ടു തവണ ശ്രമിച്ചെങ്കിലും സാത്താൻ ഞങ്ങളുടെ വഴിമുടക്കി. 19  നമ്മുടെ കർത്താവായ യേശുവിന്‍റെ സാന്നിധ്യത്തിങ്കൽ അവന്‍റെ മുമ്പാകെ ഞങ്ങളുടെ പ്രത്യാശയും ആനന്ദവും അഭിമാനകിരീടവും ആരാകുന്നു? വാസ്‌തവത്തിൽ നിങ്ങളല്ലയോ? 20  അതെ, ഞങ്ങളുടെ മഹത്ത്വവും ആനന്ദവും നിങ്ങൾതന്നെ.

അടിക്കുറിപ്പുകള്‍

1തെസ്സ 2:8* ഗ്രീക്കിൽ, സൈക്കി