കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

1 തിമൊഥെയൊസ്‌ 6:1-21

6  ദൈവനാമവും ഉപദേശവും ദുഷിക്കപ്പെടാതിരിക്കേണ്ടതിന്‌ അടിമനുകത്തിൻകീഴിൽ ഉള്ളവരൊക്കെയും തങ്ങളുടെ യജമാനന്മാരെ സർവബഹുമതിക്കും അർഹരായി കണക്കാക്കിക്കൊള്ളട്ടെ.  അവരുടെ യജമാനന്മാർ വിശ്വാസികളാണെങ്കിൽ, ‘അവർ സഹോദരന്മാരാണല്ലോ’ എന്നുവെച്ച് അവരോട്‌ അനാദരവു കാണിക്കരുത്‌; പകരം, തങ്ങളുടെ സേവനത്തിന്‍റെ പ്രയോജനം അനുഭവിക്കുന്നവർ വിശ്വാസികളും പ്രിയരും ആകയാൽ അവരെ കൂടുതൽ ആത്മാർഥതയോടെ സേവിക്കുകയാണു വേണ്ടത്‌. ഇങ്ങനെയെല്ലാം നീ അവരെ പഠിപ്പിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്‌തുകൊണ്ടിരിക്കുക.  നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്‍റെ സത്യവചനവും * ദൈവഭക്തിക്കു യോജിച്ച പ്രബോധനവും കൈക്കൊള്ളാതെ വിരുദ്ധോപദേശങ്ങൾ പഠിപ്പിക്കുന്നവൻ അഹങ്കാരത്താൽ ചീർത്തിരിക്കുന്നു;  അവൻ തിരിച്ചറിവില്ലാത്തവൻ; വാഗ്വാദങ്ങളുടെയും വാക്കുകളെക്കുറിച്ചുള്ള കുതർക്കങ്ങളുടെയും ഭ്രാന്തുപിടിച്ചവൻ. ഇത്‌ അസൂയ, ശണ്‌ഠ, ദൂഷണം, ദുസ്സംശയം എന്നിവയ്‌ക്കും  ദുഷിച്ച മനസ്സുള്ളവരും സത്യബോധമില്ലാത്തവരുമായ മനുഷ്യർ അഴിച്ചുവിടുന്ന, നിസ്സാരകാര്യങ്ങളെച്ചൊല്ലിയുള്ള വാദകോലാഹലങ്ങൾക്കും കാരണമാകുന്നു. ഇക്കൂട്ടർ ദൈവഭക്തി ആദായമാർഗമാണെന്നു കരുതുന്നു.  എന്നാൽ ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുന്നവന്‌ ദൈവഭക്തി വലിയൊരു ആദായംതന്നെ.  ഈ ലോകത്തിലേക്ക് നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്ന് ഒന്നും കൊണ്ടുപോകാനും സാധ്യമല്ല.  അതുകൊണ്ട് ഉണ്ണാനും ഉടുക്കാനും * വകയുണ്ടെങ്കിൽ നമുക്കു തൃപ്‌തിപ്പെടാം.  എന്നാൽ ധനികരാകാൻ നിശ്ചയിച്ചുറച്ചിരിക്കുന്നവർ പ്രലോഭനത്തിലും കെണിയിലും വീഴുകയും മനുഷ്യരെ തകർച്ചയിലും നാശത്തിലും മുക്കിക്കളയുന്ന മൗഢ്യവും ഹാനികരവുമായ പല മോഹങ്ങൾക്കും ഇരകളായിത്തീരുകയും ചെയ്യുന്നു. 10  പണസ്‌നേഹം സകലവിധ ദോഷങ്ങൾക്കും മൂലമല്ലോ. ഈ സ്‌നേഹം ഏറിയിട്ട് ചിലർ വിശ്വാസം വിട്ടകന്ന് പലവിധ വ്യഥകളാൽ തങ്ങളെ ആസകലം കുത്തിമുറിപ്പെടുത്താൻ ഇടയായിരിക്കുന്നു. 11  നീയോ ദൈവത്തിന്‍റെ മനുഷ്യാ, ഇവയിൽനിന്നെല്ലാം ഓടിയകന്ന് നീതി, ദൈവഭക്തി, വിശ്വാസം, സ്‌നേഹം, സഹിഷ്‌ണുത, സൗമ്യത എന്നിവ പിന്തുടരുക. 12  വിശ്വാസത്തിന്‍റെ നല്ല പോർ പൊരുതുക. നിത്യജീവനിൽ പിടിയുറപ്പിച്ചുകൊള്ളുക; അതിനായിട്ടല്ലോ നീ വിളിക്കപ്പെട്ടത്‌; അനേക സാക്ഷികളുടെ മുമ്പാകെ നീ ആ വിശ്വാസം സ്‌പഷ്ടമായി ഏറ്റുപറഞ്ഞിട്ടുള്ളതുമാണല്ലോ. 13  സകല ജീവനെയും പരിപാലിക്കുന്ന ദൈവത്തെയും പൊന്തിയൊസ്‌ പീലാത്തൊസിന്‍റെ മുമ്പാകെ നല്ല സാക്ഷ്യം നൽകിയ ക്രിസ്‌തുയേശുവിനെയും സാക്ഷിയാക്കി ഞാൻ നിന്നോടു കൽപ്പിക്കുന്നത്‌: 14  നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്‍റെ പ്രത്യക്ഷതവരെയും നീ ഈ കൽപ്പന കുറ്റമറ്റവിധത്തിലും ആക്ഷേപരഹിതമായും പാലിച്ചുകൊള്ളണം. 15  ധന്യനായ * ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും 16  താൻമാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യരാരും കാണാത്തവനും അവർക്കാർക്കും കാണാൻ കഴിയാത്തവനുമായവൻ തക്കസമയത്ത്‌ പ്രത്യക്ഷനാകും. ബഹുമാനവും നിത്യശക്തിയും അവനുണ്ടായിരിക്കട്ടെ. ആമേൻ. 17  ഈ ലോകത്തിലെ * ധനവാന്മാരോട്‌ ഉന്നതഭാവം കൂടാതെയിരിക്കാനും അസ്ഥിരമായ ധനത്തിലല്ല, നമുക്ക് അനുഭവിക്കാനായി എല്ലാം ഉദാരമായി നൽകുന്ന ദൈവത്തിൽ പ്രത്യാശവെക്കാനും കൽപ്പിക്കുക. 18  നന്മ ചെയ്യാനും സത്‌പ്രവൃത്തികളിൽ സമ്പന്നരാകാനും ഉദാരമനസ്‌കരും ദാനശീലരും ആയിരിക്കാനും അവരോട്‌ ആജ്ഞാപിക്കുക. 19  അങ്ങനെ, യഥാർഥ ജീവനിൽ പിടിയുറപ്പിക്കാൻ സാധിക്കത്തക്കവിധം വരുങ്കാലത്തേക്കുള്ള നിക്ഷേപമായി ഭദ്രമായ ഒരു അടിത്തറ അവർക്കു പണിയാനാകും. 20  അല്ലയോ തിമൊഥെയൊസേ, നിന്നെ ഭരമേൽപ്പിച്ചിരിക്കുന്നത്‌ ഭദ്രമായി കാത്തുകൊള്ളുക; വിശുദ്ധമായതിനെ തുച്ഛീകരിക്കുന്ന വ്യർഥഭാഷണങ്ങളിൽനിന്നും ‘ജ്ഞാനം’ എന്നു കളവായി പറയപ്പെടുന്നതിന്‍റെ ആശയവൈരുദ്ധ്യങ്ങളിൽനിന്നും ഒഴിഞ്ഞുനിൽക്കുക. 21  ഈ ജ്ഞാനത്താൽ വമ്പുകാട്ടി ചിലർ വിശ്വാസത്തിൽനിന്നു വ്യതിചലിച്ചുപോയിരിക്കുന്നു. ദൈവകൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

അടിക്കുറിപ്പുകള്‍

1തിമൊ 6:3 * അക്ഷരാർഥം, ആരോഗ്യദായകമായ വചനവും
1തിമൊ 6:8 * ഗ്രീക്ക് പദം പാർപ്പിടത്തെയും അർഥമാക്കിയേക്കാം.
1തിമൊ 6:15 * അല്ലെങ്കിൽ, സന്തുഷ്ടനായ
1തിമൊ 6:17 * അല്ലെങ്കിൽ, ഈ വ്യവസ്ഥിതിയിലെ