കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

1 തിമൊഥെയൊസ്‌ 5:1-25

5  പ്രായംചെന്നവനെ ശകാരിക്കരുത്‌; പകരം, അപ്പനെപ്പോലെ കണക്കാക്കി ഉദ്‌ബോധിപ്പിക്കുകയത്രേ വേണ്ടത്‌; പ്രായംകുറഞ്ഞ പുരുഷന്മാരെ സഹോദരന്മാരെപ്പോലെയും  പ്രായംചെന്ന സ്‌ത്രീകളെ അമ്മമാരെപ്പോലെയും ഇളയസ്‌ത്രീകളെ പൂർണനിർമലതയോടെ സഹോദരിമാരെപ്പോലെയും കണക്കാക്കി ഉദ്‌ബോധിപ്പിക്കുക.  നിരാലംബരായ വിധവമാരെ ആദരിക്കുക.  ഒരു വിധവയ്‌ക്ക് മക്കളോ കൊച്ചുമക്കളോ ഉണ്ടെങ്കിൽ അവർ ആദ്യം സ്വന്തകുടുംബത്തിൽ ദൈവഭക്തി ആചരിക്കാൻ പഠിക്കട്ടെ; അവർ തങ്ങളുടെ അമ്മയപ്പന്മാർക്കും വലിയമ്മവലിയപ്പന്മാർക്കും കടപ്പെട്ടിരിക്കുന്നതു ചെയ്യട്ടെ. അതു ദൈവസന്നിധിയിൽ പ്രസാദകരമല്ലോ.  മുട്ടുള്ളവളും നിരാലംബയുമായ ഒരു വിധവ ദൈവത്തിൽ പ്രത്യാശവെച്ച് രാപകൽ യാചനയിലും പ്രാർഥനയിലും ഉറ്റിരിക്കുന്നു.  എന്നാൽ സുഖഭോഗങ്ങളിൽ മുഴുകിക്കഴിയുന്നവൾ ജീവിച്ചിരിക്കെത്തന്നെ മരിച്ചവളാകുന്നു.  ആകയാൽ അവർ അപവാദരഹിതർ ആയിരിക്കേണ്ടതിന്‌ ഈ വിധത്തിൽ നീ അവരെ ഉദ്‌ബോധിപ്പിച്ചുകൊണ്ടിരിക്കുക.  തനിക്കുള്ളവർക്കും പ്രത്യേകിച്ച് സ്വന്തകുടുംബത്തിനുംവേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞവനും അവിശ്വാസിയെക്കാൾ അധമനും ആകുന്നു.  അറുപതിൽ കുറയാതെ പ്രായമുള്ളവളും ഏകഭർത്താവിന്‍റെ ഭാര്യയായിരുന്നവളുമായ വിധവയെ മാത്രമേ പട്ടികയിൽ ഉൾപ്പെടുത്താവൂ. 10  അവൾക്കു സത്‌പ്രവൃത്തികളിൽ കീർത്തി ഉണ്ടായിരിക്കണം; അതായത്‌, മക്കളെ നന്നായി വളർത്തുകയും അതിഥികളെ സത്‌കരിക്കുകയും വിശുദ്ധന്മാരുടെ പാദങ്ങൾ കഴുകുകയും ക്ലേശത്തിലായിരുന്നവരെ ആശ്വസിപ്പിക്കുകയും എല്ലാവിധത്തിലും നന്മ ചെയ്യുന്നതിൽ തന്നെത്തന്നെ അർപ്പിക്കുകയും ചെയ്‌തവളായിരിക്കണം. 11  എന്നാൽ പ്രായംകുറഞ്ഞ വിധവമാരെ ആ ഗണത്തിൽ ചേർക്കരുത്‌; എന്തെന്നാൽ അവരുടെ ഭോഗേച്ഛകൾ ക്രിസ്‌തുവിൽനിന്ന് അവരെ അകറ്റിയിട്ട് അവർ വിവാഹം ചെയ്യാൻ ആഗ്രഹിക്കും. 12  അങ്ങനെ, അവർ തങ്ങളുടെ വിശ്വാസത്തിന്‍റെ ആദ്യപ്രതിജ്ഞ ലംഘിക്കയാൽ കുറ്റക്കാരായി വിധിക്കപ്പെടും. 13  അവർ വീടുതോറും മിനക്കെട്ടു നടക്കുന്നതു ശീലമാക്കും. അത്രയുമല്ല, അരുതാത്തതു സംസാരിച്ചുകൊണ്ട് അവർ വായാടികളും പരകാര്യങ്ങളിൽ തലയിടുന്നവരും ആകും. 14  ആകയാൽ പ്രായംകുറഞ്ഞ വിധവമാർ വിവാഹം കഴിച്ച് മക്കളെ പെറ്റുവളർത്തിയും കുടുംബകാര്യങ്ങൾ നോക്കിനടത്തിയുംകൊണ്ട് എതിരാളിക്ക് അപവാദത്തിന്‌ അവസരം കൊടുക്കാതിരിക്കട്ടെ എന്നു ഞാൻ ഇച്ഛിക്കുന്നു; 15  ചിലർ ഇപ്പോൾത്തന്നെ സാത്താന്‍റെ പിന്നാലെ പോയിക്കഴിഞ്ഞുവല്ലോ. 16  ഒരു വിശ്വാസിനിക്ക് വിധവമാരായ ബന്ധുക്കളുണ്ടെങ്കിൽ സഭയെ ഭാരപ്പെടുത്താതെ അവൾതന്നെ അവരെ സഹായിക്കട്ടെ. അങ്ങനെയായാൽ, യഥാർഥത്തിൽ മുട്ടുള്ള വിധവമാരെ സഹായിക്കാൻ സഭയ്‌ക്കു സാധിക്കും. 17  നന്നായി അധ്യക്ഷത വഹിക്കുന്ന മൂപ്പന്മാരെ, വിശേഷാൽ വചനം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിൽ അധ്വാനിക്കുന്നവരെ, ഇരട്ടി മാനത്തിനു യോഗ്യരായി എണ്ണണം. 18  “മെതിക്കുന്ന കാളയ്‌ക്കു മുഖക്കൊട്ട കെട്ടരുത്‌” എന്നും “വേലക്കാരൻ തന്‍റെ കൂലിക്ക് അർഹനാണ്‌” എന്നും തിരുവെഴുത്തു പറയുന്നുവല്ലോ. 19  രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴി കൂടാതെ ഒരു മൂപ്പനെതിരെയുള്ള ആരോപണം സ്വീകരിക്കരുത്‌. 20  പാപത്തിൽ തുടരുന്നവരെ പരസ്യമായി ശാസിക്കുക; അങ്ങനെ, മറ്റുള്ളവരിലും ഭയം ജനിക്കട്ടെ. 21  ഒരു തീരുമാനം കൈക്കൊള്ളുന്നതിനുമുമ്പ് മുഖപക്ഷംകൂടാതെ കാര്യങ്ങളൊക്കെയും ശ്രദ്ധാപൂർവം ശോധനചെയ്യണമെന്ന് ദൈവത്തെയും ക്രിസ്‌തുയേശുവിനെയും തിരഞ്ഞെടുക്കപ്പെട്ട ദൂതന്മാരെയും സാക്ഷിയാക്കി ഞാൻ നിന്നോടു കൽപ്പിക്കുന്നു. 22  ആരുടെമേലും തിടുക്കത്തിൽ കൈവെപ്പു നടത്തരുത്‌; അന്യരുടെ പാപങ്ങളിൽ പങ്കാളിയാകുകയും അരുത്‌. നിന്നെത്തന്നെ നിർമലനായി കാത്തുകൊള്ളുക. 23  നിന്‍റെ ഉദരാസ്വാസ്ഥ്യവും കൂടെക്കൂടെയുള്ള അസുഖങ്ങളുംനിമിത്തം ഇനിമേൽ വെള്ളം * കുടിക്കാതെ അൽപ്പം വീഞ്ഞ് കുടിച്ചുകൊള്ളുക. 24  ചിലരുടെ പാപങ്ങൾ തത്‌ക്ഷണം ശിക്ഷാവിധിയിലേക്കു നയിക്കുംവിധം വളരെ പ്രകടമാണ്‌. എന്നാൽ മറ്റുള്ളവരുടെ പാപങ്ങളും, കുറച്ചുകഴിഞ്ഞാണെങ്കിലും, വെളിപ്പെടാതെപോകുകയില്ല. 25  അതുപോലെതന്നെ സത്‌പ്രവൃത്തികളും മറ്റുള്ളവരുടെ മുമ്പാകെ പ്രകടമായിരിക്കും; ഇപ്പോൾ പ്രകടമല്ലെങ്കിൽത്തന്നെയും അവ എക്കാലവും മറഞ്ഞിരിക്കുകയില്ല.

അടിക്കുറിപ്പുകള്‍

1തിമൊ 5:23 * അവന്‍റെ ഉദരരോഗത്തിന്‌ ഇടയാക്കിയ മലിനജലം കുടിക്കാതിരിക്കുന്നതിനെ ആയിരിക്കാം അർഥമാക്കിയത്‌.