കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

1 തിമൊഥെയൊസ്‌ 1:1-20

1  നമ്മുടെ രക്ഷകനായ ദൈവത്തിന്‍റെയും നമ്മുടെ പ്രത്യാശയായ ക്രിസ്‌തുയേശുവിന്‍റെയും കൽപ്പനയാൽ ക്രിസ്‌തുയേശുവിന്‍റെ അപ്പൊസ്‌തലനായിരിക്കുന്ന പൗലോസ്‌  വിശ്വാസത്തിൽ എന്‍റെ യഥാർഥപുത്രനായ തിമൊഥെയൊസിന്‌ എഴുതുന്നത്‌: പിതാവായ ദൈവത്തിൽനിന്നും നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിൽനിന്നും നിനക്ക് കൃപയും * കരുണയും സമാധാനവും ഉണ്ടാകുമാറാകട്ടെ.  ഞാൻ മാസിഡോണിയയിലേക്കു പോകാനൊരുങ്ങുമ്പോൾ ആവശ്യപ്പെട്ടതുപോലെ നീ എഫെസൊസിൽത്തന്നെ താമസിച്ച്, വിരുദ്ധോപദേശങ്ങൾ പഠിപ്പിക്കുകയും  കെട്ടുകഥകൾക്കും അന്തമില്ലാത്ത വംശാവലികൾക്കും ശ്രദ്ധകൊടുക്കുകയും ചെയ്യുന്നവരെ വിലക്കണം; എന്തെന്നാൽ അവയൊക്കെയും അനാവശ്യമായ വാദപ്രതിവാദങ്ങൾക്ക് ഇടയാക്കുമെന്നല്ലാതെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്ന ദൈവികകാര്യങ്ങൾ പകർന്നുകൊടുക്കാൻ ഉപകരിക്കുകയില്ല.  ശുദ്ധമായ ഹൃദയം, നല്ല മനസ്സാക്ഷി, നിഷ്‌കപടമായ വിശ്വാസം എന്നിവയിൽനിന്ന് ഉളവാകുന്ന സ്‌നേഹം നമുക്കേവർക്കും ഉണ്ടായിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു; അതുകൊണ്ടത്രേ ഇങ്ങനെയൊരു നിർദേശം ഞാൻ നൽകുന്നത്‌.  ചിലർ അവയിൽനിന്നെല്ലാം വ്യതിചലിച്ചുപോയി വ്യർഥഭാഷണങ്ങളിൽ ഏർപ്പെട്ട്  ന്യായപ്രമാണത്തിന്‍റെ ഉപദേഷ്ടാക്കളാകാൻ ഇച്ഛിക്കുന്നു. എന്നാൽ തങ്ങൾ പറയുന്നത്‌ എന്തെന്നോ സമർഥിക്കുന്നത്‌ എന്തെന്നോ അവർക്കുതന്നെ നിശ്ചയമില്ല.  ന്യായോചിതമായി കൈകാര്യംചെയ്‌താൽ ന്യായപ്രമാണം നല്ലതുതന്നെ എന്നു നമുക്കറിയാം.  ന്യായപ്രമാണം നീതിമാന്മാരെയല്ല, പിന്നെയോ അധർമികൾ, അനുസരണംകെട്ടവർ, അഭക്തർ, പാപികൾ, അവിശ്വസ്‌തർ, മ്ലേച്ഛർ, പിതൃഹന്താക്കൾ, * മാതൃഹന്താക്കൾ, കൊലപാതകികൾ, 10  പരസംഗികൾ, സ്വവർഗരതന്മാർ, മനുഷ്യാപഹർത്താക്കൾ, നുണയന്മാർ, കള്ളസത്യം ചെയ്യുന്നവർ എന്നിവരെയും സത്യോപദേശത്തിന്‌ * എതിരായിട്ടുള്ള മറ്റെല്ലാ കാര്യങ്ങളെയും ഉദ്ദേശിച്ചുള്ളതത്രേ. 11  ഈ സത്യോപദേശമാകട്ടെ ധന്യനായ * ദൈവം എന്നെ ഭരമേൽപ്പിച്ചിരിക്കുന്ന തന്‍റെ മഹത്ത്വമാർന്ന സുവിശേഷത്തിന്‌ അനുരൂപമായിട്ടുള്ളതാകുന്നു. 12  എന്നെ ശക്തിപ്പെടുത്തുകയും വിശ്വസ്‌തനെന്ന് എണ്ണി തന്‍റെ ശുശ്രൂഷയ്‌ക്കായി എന്നെ നിയോഗിക്കുകയും ചെയ്‌തിരിക്കുന്ന നമ്മുടെ കർത്താവായ ക്രിസ്‌തുയേശുവിനോട്‌ ഞാൻ കൃതജ്ഞതയുള്ളവനാണ്‌. 13  മുമ്പ് ഞാൻ ദൈവദൂഷകനും പീഡകനും ധിക്കാരിയും ആയിരുന്നു; എന്നാൽ അവിശ്വാസത്തിൽ അറിവില്ലാതെ പ്രവർത്തിച്ചതായതുകൊണ്ട് എനിക്കു കരുണ ലഭിച്ചു. 14  നമ്മുടെ കർത്താവിന്‍റെ കൃപ എന്നിലേക്കു കവിഞ്ഞൊഴുകി, വിശ്വാസവും ക്രിസ്‌തുയേശുവിലെ സ്‌നേഹവും എന്നിൽ അത്യന്തം വർധിച്ചിരിക്കുന്നു. 15  ക്രിസ്‌തുയേശു പാപികളെ രക്ഷിക്കാൻ ലോകത്തിലേക്കു വന്നുവെന്ന വചനം വിശ്വാസ്യവും തികച്ചും സ്വീകാര്യവുമാണ്‌. ഈ പാപികളിൽ ഞാൻ ഒന്നാമൻ; 16  എങ്കിലും എന്നിൽ അവന്‍റെ സകല ദീർഘക്ഷമയും പ്രകടമാകുംവിധം എനിക്കു കരുണ ലഭിച്ചു; ക്രിസ്‌തുയേശുവിൽ വിശ്വസിച്ച് നിത്യജീവൻ പ്രാപിക്കാനിരിക്കുന്നവർക്ക് ഞാൻ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുതന്നെ. 17  നിത്യരാജാവും അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്‌ എന്നുമെന്നേക്കും ബഹുമാനവും മഹത്ത്വവും. ആമേൻ. 18  മകനേ, തിമൊഥെയൊസേ, നിന്നെപ്പറ്റി പ്രവചിച്ചുപറഞ്ഞിരിക്കുന്ന കാര്യങ്ങൾക്കൊത്തവിധം, 19  വിശ്വാസവും നല്ല മനസ്സാക്ഷിയും നിലനിറുത്തിക്കൊണ്ട് നീ നന്നായി പോരാടേണ്ടതിന്‌ ഈ നിർദേശങ്ങൾ ഞാൻ നിന്നെ ഭരമേൽപ്പിക്കുന്നു. ചിലർ നല്ല മനസ്സാക്ഷി തള്ളിക്കളഞ്ഞിട്ട് അവരുടെ വിശ്വാസക്കപ്പൽ തകർന്നുപോയി. 20  ഹുമനയൊസും അലക്‌സന്തറും ഇക്കൂട്ടത്തിൽ ഉള്ളവരാണ്‌. ഇവർ ദൈവദൂഷണം പറയാതിരിക്കാൻ പഠിക്കേണ്ടതിന്‌ ഒരു ശിക്ഷണത്തിനായി ഞാൻ അവരെ സാത്താന്‌ ഏൽപ്പിച്ചുകൊടുത്തിരിക്കുന്നു.

അടിക്കുറിപ്പുകള്‍

1തിമൊ 1:2 * യോഹന്നാൻ 1:14-ന്‍റെ അടിക്കുറിപ്പു കാണുക.
1തിമൊ 1:9 * അഥവാ, സ്വന്തം പിതാവിനെ കൊല്ലുന്നവർ
1തിമൊ 1:10 * അക്ഷരാർഥം, ആരോഗ്യദായകമായ ഉപദേശം
1തിമൊ 1:11 * അല്ലെങ്കിൽ, സന്തുഷ്ടനായ