കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

1 കൊരിന്ത്യർ 6:1-20

6  നിങ്ങളിൽ ഒരുവന്‌ മറ്റൊരുവനെതിരെ പരാതിയുള്ളപ്പോൾ വിശുദ്ധന്മാരെ സമീപിക്കുന്നതിനു പകരം നീതികെട്ടവരുടെ മുമ്പാകെ വ്യവഹാരത്തിനു പോകുന്നുവോ?  വിശുദ്ധന്മാർ ലോകത്തെ വിധിക്കും എന്നു നിങ്ങൾ അറിയുന്നില്ലയോ? നിങ്ങൾ ലോകത്തെത്തന്നെ വിധിക്കാനുള്ളവരായിരിക്കെ, നിസ്സാരകാര്യങ്ങൾക്കു തീർപ്പു കൽപ്പിക്കാൻ നിങ്ങൾ അപ്രാപ്‌തരെന്നോ?  നാം ദൂതന്മാരെപ്പോലും വിധിക്കും എന്നു നിങ്ങൾ അറിയുന്നില്ലയോ? അങ്ങനെയെങ്കിൽ, ഐഹികകാര്യങ്ങളെ എത്രയധികം!  ആ സ്ഥിതിക്ക് ഐഹികകാര്യങ്ങളിൽ തർക്കമുള്ളപ്പോൾ സഭ ലേശവും മാനിക്കാത്തവരെ വിധികർത്താക്കളാക്കിവെക്കാൻ നിങ്ങൾക്കെങ്ങനെ കഴിയുന്നു!  നിങ്ങളെ ലജ്ജിപ്പിക്കാനത്രേ ഞാൻ ഇതു നിങ്ങളോടു പറയുന്നത്‌. സഹോദരന്മാർ തമ്മിലുള്ള ഒരു കാര്യത്തിനു തീർപ്പു കൽപ്പിക്കാൻതക്ക ജ്ഞാനമുള്ള ആരും നിങ്ങളുടെ ഇടയിൽ ഇല്ലെന്നോ?  സഹോദരൻ സഹോദരനെതിരെ വ്യവഹാരത്തിനു പോകുന്നുവോ, അതും അവിശ്വാസികളുടെ മുമ്പാകെ?  നിങ്ങൾക്കു തമ്മിൽ വ്യവഹാരം ഉണ്ടാകുന്നു എന്നതു വലിയൊരു പോരായ്‌മയാകുന്നു. എന്തുകൊണ്ട് നിങ്ങൾക്ക് അന്യായം സഹിച്ചുകൂടാ? എന്തുകൊണ്ട് വഞ്ചന സഹിച്ചുകൂടാ? അതല്ലയോ ഏറെ നല്ലത്‌?  പകരം, നിങ്ങൾതന്നെ അന്യായം പ്രവർത്തിക്കുകയും വഞ്ചന കാണിക്കുകയും ചെയ്യുന്നു, അതും നിങ്ങളുടെ സഹോദരന്മാരോട്‌!  അന്യായം പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ലെന്നു നിങ്ങൾക്ക് അറിഞ്ഞുകൂടെയോ? വഞ്ചിക്കപ്പെടരുത്‌. പരസംഗികൾ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, പുരുഷകാമികൾ, സ്വവർഗഭോഗികൾ, 10  കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, ദൂഷകന്മാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല. 11  നിങ്ങളിൽ ചിലർ അത്തരക്കാരായിരുന്നു. എന്നാൽ ഇപ്പോൾ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്‍റെ നാമത്തിലും നമ്മുടെ ദൈവത്തിന്‍റെ ആത്മാവിനാലും നിങ്ങൾ കഴുകിവെടിപ്പാക്കപ്പെട്ടും വിശുദ്ധീകരിക്കപ്പെട്ടും നീതീകരിക്കപ്പെട്ടും ഇരിക്കുന്നു. 12  എല്ലാം എനിക്ക് അനുവദനീയം; എന്നാൽ എല്ലാം പ്രയോജനമുള്ളതല്ല. എല്ലാം എനിക്ക് അനുവദനീയം; എന്നാൽ ഞാൻ ഒന്നിനും അടിമയാകുകയില്ല. 13  ഭക്ഷണം വയറിനും വയറ്‌ ഭക്ഷണത്തിനുമുള്ളത്‌; എന്നാൽ ദൈവം അവ രണ്ടും ഇല്ലാതാക്കും. ശരീരം പരസംഗത്തിനുള്ളതല്ല, കർത്താവിനുള്ളതത്രേ; കർത്താവോ ശരീരത്തിനുള്ളതും. 14  ദൈവം തന്‍റെ ശക്തിയാൽ കർത്താവിനെ ഉയിർപ്പിച്ചതുപോലെ നമ്മെയും മരണത്തിൽനിന്ന് ഉയിർപ്പിക്കും. 15  നിങ്ങളുടെ ശരീരങ്ങൾ ക്രിസ്‌തുവിന്‍റെ അവയവങ്ങളാകുന്നുവെന്ന് അറിഞ്ഞുകൂടെയോ? നാം ക്രിസ്‌തുവിന്‍റെ അവയവങ്ങൾ എടുത്ത്‌ വേശ്യയുടെ അവയവങ്ങൾ ആക്കുകയോ? ഒരിക്കലും പാടില്ല! 16  വേശ്യയോടു പറ്റിച്ചേരുന്നവൻ അവളുമായി ഏകശരീരമായിത്തീരുന്നു എന്നു നിങ്ങൾക്ക് അറിഞ്ഞുകൂടെയോ? “ഇരുവരും ഏകശരീരമായിത്തീരും” എന്ന് ദൈവം പറയുന്നുവല്ലോ. 17  കർത്താവിനോടു പറ്റിച്ചേരുന്നവനോ അവനുമായി ഏക ആത്മാവ്‌ ആകുന്നു. 18  പരസംഗത്തിൽനിന്ന് ഓടിയകലുവിൻ. ഒരു മനുഷ്യൻ ചെയ്യുന്ന മറ്റ്‌ ഏതൊരു പാപവും തന്‍റെ ശരീരത്തിനു പുറത്താകുന്നു. എന്നാൽ പരസംഗംചെയ്യുന്നവൻ സ്വന്തശരീരത്തിനു വിരോധമായി പാപം ചെയ്യുന്നു. 19  ദൈവത്തിൽനിന്നു ദാനമായി ലഭിച്ചതും നിങ്ങളിൽ വസിക്കുന്നതുമായ പരിശുദ്ധാത്മാവിന്‍റെ ആലയമാണ്‌ നിങ്ങളുടെ ശരീരമെന്ന് അറിഞ്ഞുകൂടെയോ? നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല, 20  വിലയ്‌ക്കുവാങ്ങപ്പെട്ടവരാണ്‌. ആകയാൽ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്ത്വപ്പെടുത്തുവിൻ.

അടിക്കുറിപ്പുകള്‍