കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

1 കൊരിന്ത്യർ 16:1-24

16  വിശുദ്ധന്മാർക്കുവേണ്ടിയുള്ള ധനശേഖരണത്തിന്‍റെ കാര്യത്തിലോ, ഗലാത്യയിലെ സഭകളോടു ഞാൻ നിർദേശിച്ചതുപോലെതന്നെ നിങ്ങളും ചെയ്യുക.  ഞാൻ വന്നുകഴിഞ്ഞ് ധനശേഖരണം നടത്തേണ്ടിവരാതിരിക്കാൻ നിങ്ങളിൽ ഓരോരുത്തനും ഓരോ ആഴ്‌ചയുടെയും ഒന്നാം ദിവസം തന്‍റെ കഴിവനുസരിച്ചുള്ളതു നീക്കിവെക്കണം.  ഞാൻ അവിടെ വന്നശേഷം, നിങ്ങൾക്കു സമ്മതരെന്ന് എഴുതിയറിയിക്കുന്ന പുരുഷന്മാരെ, നിങ്ങൾ മനസ്സറിഞ്ഞു നൽകിയ ഈ ദാനവുമായി യെരുശലേമിലേക്ക് അയയ്‌ക്കാം.  ഇനി, ഞാനും അവരോടൊപ്പം പോകേണ്ടതുണ്ടെങ്കിൽ അങ്ങനെയുമാവാം.  എനിക്ക് മാസിഡോണിയയിലേക്കു പോകേണ്ടതുണ്ട്. അവിടെ പോയിട്ട് ഞാൻ നിങ്ങളുടെ അടുക്കൽ വരും.  ഞാൻ കുറച്ചുകാലം, ഒരുപക്ഷേ ശീതകാലം കഴിയുന്നതുവരെ, നിങ്ങളോടൊപ്പം താമസിച്ചെന്നുവരാം. അവിടെനിന്നു ഞാൻ യാത്രയാകുമ്പോൾ നിങ്ങളുടെ സഹായം ഉണ്ടാകുമല്ലോ.  യാത്രാമധ്യേ നിങ്ങളെ തിടുക്കത്തിൽ കണ്ടിട്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. യഹോവ അനുവദിക്കുന്നെങ്കിൽ കുറച്ചുകാലം നിങ്ങളോടൊപ്പം പാർക്കാമെന്നു ഞാൻ പ്രത്യാശിക്കുന്നു.  എന്നാൽ പെന്തെക്കൊസ്‌തുവരെ ഞാൻ എഫെസൊസിൽത്തന്നെ പാർക്കും;  എന്തെന്നാൽ പ്രവർത്തനത്തിനുള്ള ഒരു വലിയ വാതിൽ എനിക്കു തുറന്നുകിട്ടിയിരിക്കുന്നു. എന്നാൽ എതിരാളികളും അനേകരുണ്ട്. 10  തിമൊഥെയൊസ്‌ വരുമ്പോൾ, അവൻ നിർഭയനായി നിങ്ങളുടെ ഇടയിൽ പാർക്കാൻ അവസരമൊരുക്കുവിൻ. അവൻ എന്നെപ്പോലെതന്നെ യഹോവയുടെ വേല ചെയ്യുന്നവനാണല്ലോ. 11  അതുകൊണ്ട് ആരും അവനെ തുച്ഛീകരിക്കരുത്‌. അവനെ സമാധാനത്തിൽ യാത്രയാക്കുക; ഞാനും സഹോദരന്മാരും അവന്‍റെ വരവും പ്രതീക്ഷിച്ച് ഇരിക്കുന്നുണ്ടാകും. 12  നമ്മുടെ സഹോദരനായ അപ്പൊല്ലോസിനെ, മറ്റു സഹോദരന്മാരോടൊപ്പം നിങ്ങളുടെ അടുക്കൽ വരാൻ ഞാൻ വളരെ നിർബന്ധിച്ചു; എന്നാൽ ഇപ്പോൾ അവിടേക്കു വരാൻ അവനു തീരെ താത്‌പര്യമില്ല; എങ്കിലും മറ്റൊരവസരത്തിൽ അവൻ വരും. 13  ഉണർന്നിരിക്കുവിൻ; വിശ്വാസത്തിൽ ഉറച്ചുനിൽക്കുവിൻ; പുരുഷത്വം കാണിക്കുവിൻ; കരുത്ത്‌ ആർജിക്കുവിൻ. 14  നിങ്ങൾ ചെയ്യുന്നതെല്ലാം സ്‌നേഹത്തോടെ ചെയ്യുവിൻ. 15  സഹോദരന്മാരേ, ഇതു ഞാൻ നിങ്ങളോട്‌ അഭ്യർഥിക്കുന്നു: സ്‌തെഫനാസിന്‍റെ ഭവനക്കാർ അഖായയിലെ ആദ്യഫലമാകുന്നുവെന്നും വിശുദ്ധന്മാരുടെ ശുശ്രൂഷയ്‌ക്കായി അവർ തങ്ങളെത്തന്നെ അർപ്പിച്ചിരിക്കുന്നുവെന്നും നിങ്ങൾ അറിയുന്നുവല്ലോ. 16  അങ്ങനെയുള്ളവർക്കും വേലയിൽ കൂട്ടുചേർന്ന് അധ്വാനിക്കുന്ന ഏവർക്കും നിങ്ങൾ കീഴ്‌പെട്ടിരിക്കണം. 17  സ്‌തെഫനാസും ഫൊർത്തുനാതൊസും അഖായിക്കൊസും വന്നതിൽ ഞാൻ സന്തോഷിക്കുന്നു; എന്തെന്നാൽ അവർ നിങ്ങളുടെ അഭാവം നികത്തി. 18  അവർ എന്‍റെയും നിങ്ങളുടെയും മനസ്സിന്‌ ഉന്മേഷം പകർന്നുവല്ലോ. ആകയാൽ ഇങ്ങനെയുള്ളവരെ മാനിക്കുവിൻ. 19  ഏഷ്യയിലെ സഭകൾ നിങ്ങളെ അഭിവാദനം അറിയിക്കുന്നു. അക്വിലായും പ്രിസ്‌കയും അവരുടെ ഭവനത്തിലുള്ള സഭയോടൊപ്പം കർത്താവിൽ നിങ്ങൾക്കു ഹൃദയപൂർവം അഭിവാദനങ്ങൾ അർപ്പിക്കുന്നു. 20  എല്ലാ സഹോദരന്മാരും നിങ്ങളെ അന്വേഷണം അറിയിക്കുന്നു. വിശുദ്ധ ചുംബനത്താൽ അന്യോന്യം വന്ദനം ചെയ്യുവിൻ. 21  പൗലോസ്‌ എന്ന ഞാൻ സ്വന്തം കൈപ്പടയിൽ എന്‍റെ അഭിവാദനം രേഖപ്പെടുത്തുന്നു. 22  കർത്താവിനെ സ്‌നേഹിക്കാത്ത ഏവനും ശപിക്കപ്പെട്ടവൻ. ഞങ്ങളുടെ കർത്താവേ, വരേണമേ! 23  കർത്താവായ യേശുവിന്‍റെ കൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുമാറാകട്ടെ. 24  നിങ്ങൾക്കെല്ലാവർക്കും ക്രിസ്‌തുയേശുവിൽ എന്‍റെ സ്‌നേഹം.

അടിക്കുറിപ്പുകള്‍