കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

1 കൊരിന്ത്യർ 14:1-40

14  സ്‌നേഹത്തിന്‍റെ മാർഗം പിന്തുടരുവിൻ. ആത്മീയവരങ്ങൾക്കായി, വിശേഷിച്ച് പ്രവചനവരത്തിനായി വാഞ്‌ഛിക്കുവിൻ.  അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല, ദൈവത്തോടത്രേ സംസാരിക്കുന്നത്‌. ആത്മാവിനാൽ അവൻ പാവനരഹസ്യങ്ങൾ സംസാരിക്കുന്നു. എന്നാൽ ആരും ഗ്രഹിക്കുന്നില്ല.  പ്രവചിക്കുന്നവനോ തന്‍റെ വാക്കുകളാൽ മനുഷ്യരെ പരിപുഷ്ടിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു.  അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കുതന്നെ ആത്മീയവർധന വരുത്തുന്നു; പ്രവചിക്കുന്നവനോ മുഴുസഭയ്‌ക്കും ആത്മീയവർധന വരുത്തുന്നു.  നിങ്ങൾ എല്ലാവരും അന്യഭാഷകളിൽ സംസാരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ ഞാൻ അതിലുമേറെ ആഗ്രഹിക്കുന്നത്‌ നിങ്ങൾ പ്രവചിക്കണമെന്നാണ്‌. അന്യഭാഷകളിൽ സംസാരിക്കുന്നത്‌ സഭയുടെ ആത്മീയാഭിവൃദ്ധിക്കായി വ്യാഖ്യാനിക്കപ്പെടുന്നില്ലെങ്കിൽ, അങ്ങനെ സംസാരിക്കുന്നവനെക്കാൾ പ്രവചിക്കുന്നവനത്രേ വലിയവൻ.  സഹോദരന്മാരേ, ഞാൻ അന്യഭാഷകളിൽ സംസാരിച്ചുകൊണ്ട് നിങ്ങളുടെ അടുക്കൽ വരുകയും, എന്നാൽ വെളിപാടിന്‍റെയോ ജ്ഞാനത്തിന്‍റെയോ പ്രവചനത്തിന്‍റെയോ ഉപദേശത്തിന്‍റെയോ വരം എനിക്ക് ഇല്ലാതിരിക്കുകയും ചെയ്‌താൽ നിങ്ങൾക്ക് എന്തു പ്രയോജനം?  ഓടക്കുഴൽ, കിന്നരം എന്നിങ്ങനെ നാദം പുറപ്പെടുവിക്കുന്ന നിർജീവവസ്‌തുക്കൾതന്നെയും, സ്വരഭേദം കാണിക്കാതിരുന്നാൽ ആലപിക്കുന്ന രാഗം ഏതെന്ന് എങ്ങനെ അറിയും?  കാഹളധ്വനി സ്‌പഷ്ടമല്ലെങ്കിൽ ആർ യുദ്ധത്തിന്‌ ഒരുങ്ങും?  അങ്ങനെതന്നെ നിങ്ങളും, നാവുകൊണ്ട് എളുപ്പം മനസ്സിലാകുന്ന വാക്കുകൾ ഉച്ചരിക്കുന്നില്ലെങ്കിൽ, നിങ്ങൾ സംസാരിക്കുന്നതെന്തെന്ന് എങ്ങനെ അറിയും? നിങ്ങൾ കാറ്റിനോടു സംസാരിക്കുന്നവർ എന്നു വരും. 10  ലോകത്തിൽ പലതരം ഭാഷകൾ ഉണ്ട്. അവയിൽ ഒന്നുപോലും അർഥമില്ലാത്തവയല്ല. 11  എന്നാൽ ഒരുവൻ പറയുന്ന കാര്യങ്ങളുടെ അർഥം എനിക്കു മനസ്സിലാകുന്നില്ലെങ്കിൽ, ഞാൻ അയാൾക്കും അയാൾ എനിക്കും ബർബരൻ* ആയിരിക്കും. 12  അങ്ങനെ, ആത്മവരങ്ങൾക്കായി വാഞ്‌ഛിക്കുന്ന നിങ്ങളും സഭയുടെ ആത്മീയോത്‌കർഷത്തിനായി അവ സമൃദ്ധമായിത്തന്നെ പ്രാപിക്കാൻ ഉത്സാഹിക്കുവിൻ. 13  ആകയാൽ അന്യഭാഷ സംസാരിക്കുന്നവൻ വ്യാഖ്യാനിക്കാനുള്ള കഴിവിനായി പ്രാർഥിക്കട്ടെ. 14  ഞാൻ അന്യഭാഷയിൽ പ്രാർഥിക്കുന്നെങ്കിൽ, പ്രാർഥിക്കുന്നത്‌ എനിക്കു ലഭിച്ച ആത്മവരമത്രേ; എന്‍റെ മനസ്സിലോ ഒരു ഫലവും ഉണ്ടാകുന്നില്ല. 15  അപ്പോൾ ഞാൻ എന്താണു ചെയ്യേണ്ടത്‌? ഞാൻ ആത്മവരത്താൽ പ്രാർഥിക്കും; എന്‍റെ മനസ്സുകൊണ്ടും ഞാൻ പ്രാർഥിക്കും. ആത്മവരത്താൽ ഞാൻ സ്‌തുതി പാടും; എന്‍റെ മനസ്സുകൊണ്ടും ഞാൻ സ്‌തുതി പാടും. 16  അല്ലാത്തപക്ഷം ആത്മവരത്താൽ നീ സ്‌തോത്രം ചെയ്യുമ്പോൾ നീ പറയുന്നതു ഗ്രഹിക്കാനാകാത്ത ഒരു സാധാരണക്കാരൻ നിന്‍റെ കൃതജ്ഞതാസ്‌തോത്രത്തിന്‌ എങ്ങനെ “ആമേൻ” പറയും? 17  നീ നന്നായി സ്‌തോത്രം അർപ്പിക്കുന്നുണ്ടാകാം; എന്നാൽ അത്‌ അപരന്‌ ആത്മീയവർധന വരുത്തുന്നില്ല. 18  ഞാൻ നിങ്ങളേവരെക്കാളും അധികമായി അന്യഭാഷകളിൽ സംസാരിക്കുന്നതിനാൽ ദൈവത്തിനു നന്ദി നൽകുന്നു. 19  എന്നാൽ സഭയിൽ അന്യഭാഷയിൽ പതിനായിരംവാക്ക് പറയുന്നതിനെക്കാൾ മറ്റുള്ളവരെ പ്രബോധിപ്പിക്കേണ്ടതിന്‌ മനസ്സിലാകുന്ന അഞ്ചുവാക്ക് പറയാൻ ഞാൻ ഇഷ്ടപ്പെടുന്നു. 20  സഹോദരന്മാരേ, ഗ്രഹണപ്രാപ്‌തിയുടെ കാര്യത്തിൽ നിങ്ങൾ കുഞ്ഞുങ്ങളായിരിക്കരുത്‌. തിന്മ സംബന്ധിച്ച് ശിശുക്കളും ഗ്രഹണപ്രാപ്‌തിയുടെ കാര്യത്തിൽ മുതിർന്നവരും ആയിരിക്കുക. 21  ന്യായപ്രമാണത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: “ ‘അന്യരുടെ നാവിനാലും അപരിചിതരുടെ അധരങ്ങളാലും ഞാൻ ഈ ജനത്തോടു സംസാരിക്കും; എന്നാൽ അവർ എന്‍റെ വാക്കു ചെവിക്കൊള്ളുകയില്ല’ എന്ന് യഹോവ അരുളിച്ചെയ്യുന്നു.” 22  ആകയാൽ അന്യഭാഷകൾ അടയാളമായിരിക്കുന്നത്‌ വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കത്രേ. പ്രവചിക്കുന്നതോ അവിശ്വാസികൾക്കായിട്ടല്ല, വിശ്വാസികൾക്കായിട്ടത്രേ. 23  അതുകൊണ്ട് സഭ മുഴുവനും ഒരുമിച്ചുകൂടിയിരിക്കെ, എല്ലാവരും അന്യഭാഷകളിൽ സംസാരിച്ചാൽ അകത്തു കടന്നുവരുന്ന സാധാരണക്കാരോ അവിശ്വാസികളോ അതു കണ്ടിട്ട് നിങ്ങൾക്കു ഭ്രാന്താണ്‌ എന്നു പറയുകയില്ലയോ? 24  എന്നാൽ നിങ്ങൾ എല്ലാവരും പ്രവചിച്ചുകൊണ്ടിരിക്കെയാണ്‌ ഒരു അവിശ്വാസിയോ സാധാരണക്കാരനോ അകത്തുവരുന്നതെങ്കിൽ എല്ലാവരുടെയും വാക്കിനാൽ അവൻ ശാസിക്കപ്പെടാനും ശോധനചെയ്യപ്പെടാനും ഇടയാകും. 25  അവന്‍റെ ഹൃദയരഹസ്യങ്ങളും വെളിപ്പെട്ടുവരും. അങ്ങനെ, അവൻ കവിണ്ണുവീണ്‌, “ദൈവം വാസ്‌തവമായും നിങ്ങളുടെ ഇടയിലുണ്ട്” എന്ന് ഏറ്റുപറഞ്ഞ് ദൈവത്തെ ആരാധിക്കും. 26  സഹോദരന്മാരേ, ആകയാൽ എന്തു വേണം? നിങ്ങൾ കൂടിവരുമ്പോൾ ഒരുവനു സങ്കീർത്തനവും വേറൊരുവന്‌ ഉപദേശവും മറ്റൊരുവനു വെളിപാടും ഇനിയൊരുവന്‌ അന്യഭാഷയും മറ്റൊരുവനു വ്യാഖ്യാനവും ഉണ്ടായിരിക്കാം; എല്ലാം ആത്മീയവർധനയ്‌ക്ക് ഉപകരിക്കട്ടെ. 27  ഇനി, അന്യഭാഷയിൽ സംസാരിക്കണമെന്നുണ്ടെങ്കിൽ രണ്ടോ കൂടിയാൽ മൂന്നോ പേർക്കു സംസാരിക്കാം. അവർ ഓരോരുത്തരായി സംസാരിക്കട്ടെ; ഒരാൾ വ്യാഖ്യാനിക്കുകയും ചെയ്യട്ടെ. 28  എന്നാൽ വ്യാഖ്യാനിക്കാൻ ആളില്ലെങ്കിൽ അവർ ഓരോരുത്തരും സഭയിൽ മൗനമായിരുന്ന് തന്നോടുതന്നെയും ദൈവത്തോടും സംസാരിക്കട്ടെ. 29  രണ്ടോ മൂന്നോ പ്രവാചകന്മാർ സംസാരിക്കുകയും മറ്റുള്ളവർ അർഥം ഗ്രഹിക്കുകയും ചെയ്യട്ടെ. 30  ഇരിക്കുന്നവരിൽ ഒരുവനു വെളിപാട്‌ ഉണ്ടായാൽ സംസാരിച്ചുകൊണ്ടിരിക്കുന്നവൻ സംസാരം നിറുത്തട്ടെ. 31  നിങ്ങൾക്കെല്ലാവർക്കും ഓരോരുത്തരായി പ്രവചിക്കാം; അങ്ങനെയാകുമ്പോൾ, എല്ലാവർക്കും പ്രബോധനവും പ്രോത്സാഹനവും ലഭിക്കും. 32  പ്രവചനത്തിനുള്ള ആത്മവരങ്ങൾ പ്രവാചകന്മാരുടെ നിയന്ത്രണത്തിലാണ്‌. 33  ദൈവം കലക്കത്തിന്‍റെ ദൈവമല്ല, സമാധാനത്തിന്‍റെ ദൈവമത്രേ. വിശുദ്ധന്മാരുടെ സകല സഭകളിലെയുംപോലെ 34  സ്‌ത്രീകൾ സഭകളിൽ മൗനംപാലിക്കട്ടെ. സംസാരിക്കാൻ അവരെ അനുവദിച്ചിട്ടില്ല. അവർ കീഴ്‌പെട്ടിരിക്കട്ടെ. ന്യായപ്രമാണവും അതുതന്നെ പറയുന്നുവല്ലോ. 35  വല്ലതും പഠിക്കണമെന്നുണ്ടെങ്കിൽ അവർ വീട്ടിൽവെച്ച് സ്വന്തം ഭർത്താക്കന്മാരോടു ചോദിച്ചുകൊള്ളട്ടെ. സ്‌ത്രീ സഭയിൽ സംസാരിക്കുന്നതു ലജ്ജാകരമത്രേ. 36  ദൈവത്തിന്‍റെ വചനം നിങ്ങളിൽനിന്നോ പുറപ്പെട്ടത്‌? അല്ല, അതു നിങ്ങൾക്കു മാത്രമോ ലഭിച്ചത്‌? 37  താൻ പ്രവാചകനാണെന്നോ ആത്മവരം ഉള്ളവനാണെന്നോ ഒരുവൻ വിചാരിക്കുന്നെങ്കിൽ ഞാൻ നിങ്ങൾക്ക് എഴുതുന്ന കാര്യങ്ങൾ അവൻ അംഗീകരിക്കട്ടെ. അവ കർത്താവിന്‍റെ കൽപ്പന ആകുന്നുവല്ലോ. 38  ആരെങ്കിലും അവ അംഗീകരിക്കാഞ്ഞാൽ അവൻ അങ്ങനെതന്നെ തുടരട്ടെ. 39  ആകയാൽ എന്‍റെ സഹോദരന്മാരേ, പ്രവചനവരത്തിനായി വാഞ്‌ഛിക്കുവിൻ; എന്നാൽ അന്യഭാഷകളിൽ സംസാരിക്കുന്നതു വിലക്കുകയുമരുത്‌. 40  സകലവും ഉചിതമായും ക്രമീകൃതമായും നടക്കട്ടെ.

അടിക്കുറിപ്പുകള്‍

1കൊരി 14:11* കേൾവിക്കാരനു മനസ്സിലാകാത്ത ഭാഷ സംസാരിക്കുന്നവൻ എന്നർഥം.