കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

1 കൊരിന്ത്യർ 12:1-31

12  സഹോദരന്മാരേ, ആത്മീയവരങ്ങളെക്കുറിച്ചു നിങ്ങൾ അറിവില്ലാത്തവരായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.  വിജാതീയരായിരുന്നപ്പോൾ നിങ്ങൾ വശീകരിക്കപ്പെട്ട് ഊമവിഗ്രഹങ്ങളുടെ അടുത്തേക്കു വഴിതെറ്റിപ്പോയിരുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ.  ആകയാൽ നിങ്ങൾ ഇതു ഗ്രഹിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു: ദൈവാത്മാവിനാൽ സംസാരിക്കുന്നവരാരും, “യേശു ശപിക്കപ്പെട്ടവൻ” എന്നു പറയുകയില്ല, പരിശുദ്ധാത്മാവിനാൽ അല്ലാതെ ആർക്കും, “യേശു കർത്താവ്‌ ആകുന്നു” എന്നു പറയാനും സാധ്യമല്ല.  വരങ്ങൾ പലവിധമുണ്ട്; എന്നാൽ ആത്മാവോ ഒരേ ആത്മാവുതന്നെ.  ശുശ്രൂഷകൾ പലവിധമുണ്ട്; എന്നാൽ കർത്താവോ ഒരേ കർത്താവുതന്നെ.  പ്രവർത്തനങ്ങൾ പലവിധമുണ്ട്; എന്നാൽ എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്നതോ ഒരേ ദൈവംതന്നെ.  ഓരോരുത്തരിലും ആത്മാവു വെളിപ്പെടുന്നത്‌ ഒരു നല്ല ഉദ്ദേശ്യത്തിനായിട്ടത്രേ.  ഒരുവന്‌ ആത്മാവിനാൽ ജ്ഞാനത്തിന്‍റെ വരം* നൽകപ്പെട്ടിരിക്കുന്നു; മറ്റൊരുവന്‌ അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്‍റെ വരവും.*  ഇനി, വേറൊരുവന്‌ അതേ ആത്മാവിനാൽ വിശ്വാസം; മറ്റൊരുവന്‌ ആ ആത്മാവിനാൽത്തന്നെ രോഗശാന്തിവരങ്ങൾ. 10  ഒരുവന്‌ വീര്യപ്രവൃത്തികൾ; മറ്റൊരുവന്‌ പ്രവചനം; വേറൊരുവന്‌ അരുളപ്പാടുകളുടെ* വിവേചനം; ഇനിയൊരുവന്‌ പലവിധ ഭാഷകൾ; മറ്റൊരുവന്‌ ഭാഷകളുടെ വ്യാഖ്യാനം. 11  എന്നാൽ ഇവയെല്ലാം ഒരേ ആത്മാവിന്‍റെ പ്രവർത്തനങ്ങളാണ്‌. അത്‌ ഇച്ഛിക്കുന്നതുപോലെ ഓരോരുത്തനും അതതു വരം നൽകുന്നു. 12  നമ്മുടെ ശരീരത്തിൽ പല അവയവങ്ങളുണ്ട്; എന്നാൽ അവയെല്ലാം ചേർന്ന് ഒരൊറ്റ ശരീരമായിരിക്കുന്നു. ക്രിസ്‌തുവിനെ സംബന്ധിച്ചും അങ്ങനെതന്നെ. 13  യഹൂദന്മാരെന്നോ ഗ്രീക്കുകാരെന്നോ അടിമകളെന്നോ സ്വതന്ത്രരെന്നോ ഇല്ലാതെ നാം എല്ലാവരും ഏക ആത്മാവിനാൽ ഏക ശരീരമാകാൻ സ്‌നാനമേറ്റിരിക്കുന്നു; ഒരേ ആത്മാവിനെ പാനം ചെയ്‌തിരിക്കുന്നു. 14  ശരീരം എന്നത്‌ ഒരൊറ്റ അവയവമല്ല, പല അവയവങ്ങൾ ചേർന്നതാണ്‌. 15  “ഞാൻ കൈ അല്ലാത്തതുകൊണ്ടു ശരീരത്തിന്‍റെ ഭാഗമല്ല” എന്നു കാൽ പറഞ്ഞാൽ അതു ശരീരത്തിന്‍റെ ഭാഗമല്ലെന്നുവരുമോ? 16  “ഞാൻ കണ്ണ് അല്ലാത്തതുകൊണ്ടു ശരീരത്തിന്‍റെ ഭാഗമല്ല” എന്നു ചെവി പറഞ്ഞാൽ അതു ശരീരത്തിന്‍റെ ഭാഗമല്ലെന്നുവരുമോ? 17  മുഴുശരീരവും ഒരു കണ്ണാണെങ്കിൽ കേൾക്കുന്നത്‌ എങ്ങനെ? മുഴുശരീരവും ഒരു ചെവിയാണെങ്കിൽ ഗന്ധമറിയുന്നത്‌ എങ്ങനെ? 18  എന്നാൽ ദൈവം തന്‍റെ ഇഷ്ടാനുസരണം ഓരോ അവയവത്തെയും ശരീരത്തിൽ ക്രമീകരിച്ചിരിക്കുന്നു. 19  അവയെല്ലാം ഒരേ അവയവമാണെങ്കിൽ അതു ശരീരമാകുന്നതെങ്ങനെ? 20  എന്നാൽ ഇപ്പോഴാകട്ടെ അവയവങ്ങൾ പലതെങ്കിലും ശരീരം ഒന്നുതന്നെ. 21  കണ്ണിനു കൈയോട്‌, “എനിക്കു നിന്നെ ആവശ്യമില്ല” എന്നു പറയാനാവില്ല. തലയ്‌ക്കു കാലിനോടും, “എനിക്കു നിന്നെ ആവശ്യമില്ല” എന്നു പറയാനാവില്ല. 22  വാസ്‌തവത്തിൽ, ദുർബലമായി കാണപ്പെടുന്ന അവയവങ്ങൾ ഒഴിച്ചുകൂടാനാവാത്തവയത്രേ. 23  മാനം കുറവെന്നു കരുതുന്ന അവയവങ്ങളെ നാം ഏറെ മാനം അണിയിക്കുന്നു; അങ്ങനെ, അഴകു കുറഞ്ഞവയ്‌ക്ക് അധികം അഴകു കൈവരുന്നു. 24  എന്നാൽ അഴകുള്ള അവയവങ്ങൾക്ക് അലങ്കാരത്തിന്‍റെ ആവശ്യമില്ലല്ലോ. ശരീരത്തിൽ ഭിന്നിപ്പുണ്ടാകാതെ അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതൽ കാണിക്കത്തക്കവിധം 25  മാനം കുറവുള്ളതിനെ അധികം മാനം അണിയിച്ചുകൊണ്ട് ദൈവം ശരീരത്തെ സമന്വയിപ്പിച്ചു. 26  അതുകൊണ്ട് ഒരു അവയവം കഷ്ടം അനുഭവിക്കുമ്പോൾ മറ്റുള്ളവയെല്ലാം അതിനോടൊപ്പം കഷ്ടം അനുഭവിക്കുന്നു. ഒരു അവയവം മാനിക്കപ്പെടുമ്പോൾ മറ്റുള്ളവയെല്ലാം അതിനോടൊപ്പം സന്തോഷിക്കുന്നു. 27  ഇപ്പോഴോ, നിങ്ങൾ ക്രിസ്‌തുവിന്‍റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാകുന്നു. 28  ദൈവം ഒന്നാമത്‌ അപ്പൊസ്‌തലന്മാരെയും രണ്ടാമത്‌ പ്രവാചകന്മാരെയും മൂന്നാമത്‌ ഉപദേഷ്ടാക്കളെയും പിന്നെ വീര്യപ്രവൃത്തികൾ ചെയ്യുന്നവർ, രോഗശാന്തിവരമുള്ളവർ, സഹായംചെയ്യാൻ വരമുള്ളവർ, നേതൃത്വപാടവമുള്ളവർ, ബഹുഭാഷാവരമുള്ളവർ എന്നിവരെയും സഭയിൽ നിയോഗിച്ചിരിക്കുന്നു. 29  എല്ലാവരും അപ്പൊസ്‌തലന്മാരോ? എല്ലാവരും പ്രവാചകന്മാരോ? എല്ലാവരും ഉപദേഷ്ടാക്കളോ? എല്ലാവരും വീര്യപ്രവൃത്തികൾ ചെയ്യുന്നവരോ? 30  എല്ലാവർക്കും രോഗശാന്തിവരമുണ്ടോ? എല്ലാവർക്കും ബഹുഭാഷാവരമുണ്ടോ? എല്ലാവരും വ്യാഖ്യാതാക്കളോ? 31  ശ്രേഷ്‌ഠവരങ്ങൾക്കായി വാഞ്‌ഛിക്കുവിൻ. എന്നാൽ അതിശ്രേഷ്‌ഠമായൊരു മാർഗം ഞാൻ നിങ്ങൾക്കു കാണിച്ചുതരാം.

അടിക്കുറിപ്പുകള്‍

1കൊരി 12:8* അക്ഷരാർഥം, ജ്ഞാനത്തിന്‍റെ വാക്കുകൾ
1കൊരി 12:8* അക്ഷരാർഥം, പരിജ്ഞാനത്തിന്‍റെ വാക്കുകൾ
1കൊരി 12:10* അല്ലെങ്കിൽ, നിശ്വസ്‌തമൊഴികളുടെ