കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

1 കൊരിന്ത്യർ 11:1-34

11  ഞാൻ ക്രിസ്‌തുവിന്‍റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങൾ എന്‍റെ അനുകാരികളാകുവിൻ.  നിങ്ങൾ എല്ലാ കാര്യങ്ങളിലും എന്നെ ഓർക്കുന്നതിനാലും ഞാൻ കൈമാറിത്തന്ന കീഴ്‌വഴക്കങ്ങൾ അങ്ങനെതന്നെ പിൻപറ്റുന്നതിനാലും ഞാൻ നിങ്ങളെ അനുമോദിക്കുന്നു.  എന്നാൽ ഏതു പുരുഷന്‍റെയും ശിരസ്സ് ക്രിസ്‌തു; സ്‌ത്രീയുടെ ശിരസ്സ് പുരുഷൻ; ക്രിസ്‌തുവിന്‍റെ ശിരസ്സ് ദൈവം. ഇതു നിങ്ങൾ മനസ്സിലാക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു.  ശിരസ്സു മൂടിക്കൊണ്ട് പ്രാർഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതൊരു പുരുഷനും തന്‍റെ ശിരസ്സിനെ അപമാനിക്കുന്നു.  ശിരസ്സു മൂടാതെ പ്രാർഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതൊരു സ്‌ത്രീയും തന്‍റെ ശിരസ്സിനെ അപമാനിക്കുന്നു. തന്‍റെ തല മുണ്ഡനം ചെയ്‌തവൾക്കു തുല്യയാണവൾ.  ശിരോവസ്‌ത്രം ധരിക്കാൻ കൂട്ടാക്കാത്തവൾ തന്‍റെ മുടിയുംകൂടെ കത്രിച്ചുകളയട്ടെ. മുടി കത്രിച്ചുകളയുന്നതോ തല മുണ്ഡനം ചെയ്യുന്നതോ ലജ്ജാകരം എന്നു കരുതുന്നെങ്കിൽ അവൾ ശിരോവസ്‌ത്രം ധരിക്കട്ടെ.  പുരുഷൻ ദൈവത്തിന്‍റെ പ്രതിരൂപവും തേജസ്സും ആകുന്നതിനാൽ അവൻ ശിരസ്സു മറയ്‌ക്കേണ്ടതില്ല. സ്‌ത്രീയോ പുരുഷന്‍റെ തേജസ്സ് ആകുന്നു.  പുരുഷൻ സ്‌ത്രീയിൽനിന്നല്ല, സ്‌ത്രീ പുരുഷനിൽനിന്നത്രേ ഉണ്ടായത്‌.  പുരുഷൻ സ്‌ത്രീക്കുവേണ്ടിയല്ല, സ്‌ത്രീ പുരുഷനുവേണ്ടിയത്രേ സൃഷ്ടിക്കപ്പെട്ടത്‌. 10  ഈ കാരണത്താലും ദൂതന്മാർനിമിത്തവും സ്‌ത്രീക്ക് അവളുടെ തലമേൽ കീഴ്‌പെടലിന്‍റെ ഒരു പ്രതീകം ഉണ്ടായിരിക്കട്ടെ. 11  കർത്തൃക്രമീകരണപ്രകാരം പുരുഷനെ കൂടാതെ സ്‌ത്രീയോ സ്‌ത്രീയെ കൂടാതെ പുരുഷനോ ഇല്ല. 12  സ്‌ത്രീ പുരുഷനിൽനിന്ന് ഉളവായതുപോലെ, പുരുഷൻ സ്‌ത്രീ മുഖാന്തരം ഉളവാകുന്നു. എന്നാൽ സകലവും ഉളവാകുന്നത്‌ ദൈവത്തിൽനിന്നത്രേ. 13  നിങ്ങൾതന്നെ ഇതു വിലയിരുത്തുവിൻ: ശിരസ്സു മറയ്‌ക്കാതെ ഒരു സ്‌ത്രീ ദൈവത്തോടു പ്രാർഥിക്കുന്നത്‌ ഉചിതമോ? 14  നീണ്ട മുടി പുരുഷന്‌ അപമാനമാണെന്നും 15  എന്നാൽ സ്‌ത്രീക്ക് അത്‌ അലങ്കാരമാണെന്നും പ്രകൃതിതന്നെ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ? അവൾക്കു തലമുടി നൽകിയിരിക്കുന്നത്‌ ശിരോവസ്‌ത്രത്തിനു പകരമായിട്ടത്രേ. 16  ഇനി, ആർക്കെങ്കിലും ഇതേപ്പറ്റി തർക്കമുണ്ടെങ്കിൽ, ഇതല്ലാതെ മറ്റൊരു കീഴ്‌വഴക്കം ഞങ്ങൾക്കോ ദൈവത്തിന്‍റെ സഭകൾക്കോ ഇല്ലെന്നു പറഞ്ഞുകൊള്ളട്ടെ. 17  ഇക്കാര്യങ്ങളിൽ ഞാൻ നിങ്ങളെ അനുമോദിക്കുന്നില്ല. നിങ്ങൾ കൂടിവരുന്നതു ഗുണത്തിനല്ല, ദോഷത്തിനത്രേ. 18  ഒന്നാമതായി, നിങ്ങൾ സഭയിൽ കൂടിവരുമ്പോൾ നിങ്ങൾക്കിടയിൽ ഭിന്നപക്ഷങ്ങൾ ഉള്ളതായി ഞാൻ കേൾക്കുന്നു. ഞാൻ അതു കുറെയൊക്കെ വിശ്വസിക്കുകയും ചെയ്യുന്നു. 19  നിങ്ങളുടെ ഇടയിൽ ദൈവാംഗീകാരമുള്ളവർ ആരെന്നു വെളിപ്പെടേണ്ടതിന്‌ ഭിന്നപക്ഷങ്ങൾ ഉണ്ടാകേണ്ടത്‌ ആവശ്യമാണ്‌. 20  നിങ്ങൾ കൂടിവരുമ്പോൾ കർത്താവിന്‍റെ അത്താഴം യോഗ്യമാംവണ്ണം ഭക്ഷിക്കാൻ നിങ്ങൾക്കു കഴിയുന്നില്ല. 21  ആ വേളയിൽ, നിങ്ങളിൽ ചിലർ അവനവന്‍റെ അത്താഴം നേരത്തേതന്നെ കഴിക്കുന്നു; അങ്ങനെ, ഒരുവൻ വിശന്നും എന്നാൽ മറ്റൊരുവൻ ലഹരിപിടിച്ചും ഇരിക്കുന്നു. 22  തിന്നാനും കുടിക്കാനും നിങ്ങൾക്കു വീടുകൾ ഇല്ലയോ? അല്ല, നിങ്ങൾ ദൈവത്തിന്‍റെ സഭയെ നിന്ദിക്കുകയും ദരിദ്രരെ അവഹേളിക്കുകയും ചെയ്യുന്നുവോ? നിങ്ങളോടു ഞാൻ എന്തു പറയണം? ഇതിന്‌ ഞാൻ നിങ്ങളെ അനുമോദിക്കണമോ? ഒരിക്കലും ഞാൻ അതു ചെയ്യില്ല. 23  കർത്താവിൽനിന്ന് എനിക്കു ലഭിച്ചതും ഞാൻ നിങ്ങൾക്ക് ഏൽപ്പിച്ചുതന്നതും ഇതാകുന്നു: കർത്താവായ യേശുവിനെ ഒറ്റിക്കൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്ത്‌ 24  നന്ദി നൽകി, നുറുക്കിയിട്ട്, “ഇത്‌ നിങ്ങൾക്കുവേണ്ടി നൽകപ്പെടാനിരിക്കുന്ന എന്‍റെ ശരീരത്തെ അർഥമാക്കുന്നു. എന്‍റെ ഓർമയ്‌ക്കായി ഇതു ചെയ്‌തുകൊണ്ടിരിക്കുവിൻ” എന്നു പറഞ്ഞു. 25  അങ്ങനെതന്നെ, പെസഹാ ഭക്ഷിച്ചശേഷം അവൻ പാനപാത്രവുമെടുത്ത്‌, “ഈ പാനപാത്രം എന്‍റെ രക്തത്താലുള്ള പുതിയ ഉടമ്പടിയെ അർഥമാക്കുന്നു. ഇതിൽനിന്നു കുടിക്കുമ്പോഴെല്ലാം എന്‍റെ ഓർമയ്‌ക്കായി ഇതു ചെയ്യുവിൻ” എന്നു പറഞ്ഞു. 26  കർത്താവ്‌ വരുവോളം, നിങ്ങൾ ഈ അപ്പം തിന്നുകയും ഈ പാനപാത്രത്തിൽനിന്നു കുടിക്കുകയും ചെയ്യുമ്പോഴൊക്കെയും അവന്‍റെ മരണത്തെ പ്രഖ്യാപിക്കുന്നു. 27  ആകയാൽ അയോഗ്യമായി ആരെങ്കിലും കർത്താവിന്‍റെ അപ്പം തിന്നുകയോ പാനപാത്രത്തിൽനിന്നു കുടിക്കുകയോ ചെയ്‌താൽ കർത്താവിന്‍റെ ശരീരവും രക്തവും സംബന്ധിച്ച് അവൻ കുറ്റക്കാരനാകും. 28  ഓരോ മനുഷ്യനും അപ്പം ഭക്ഷിക്കുകയും പാനപാത്രത്തിൽനിന്നു കുടിക്കുകയും ചെയ്യുന്നതിനുമുമ്പ് തന്നെത്തന്നെ ശോധനചെയ്യട്ടെ. 29  ശരീരത്തെ വിവേചിച്ചറിയാതെ തിന്നുകയും കുടിക്കുകയും ചെയ്യുന്നവൻ തനിക്കുതന്നെ ശിക്ഷാവിധി വരുത്തിവെക്കുന്നു. 30  ഇക്കാരണത്താൽ നിങ്ങളിൽ പലരും ബലഹീനരും രോഗികളും ആയിരിക്കുന്നു. ചിലർ മരണനിദ്ര പ്രാപിക്കുകയും ചെയ്‌തിരിക്കുന്നു. 31  നാം നമ്മെത്തന്നെ ശോധനചെയ്യുന്നെങ്കിൽ നാം വിധിക്കപ്പെടുകയില്ല. 32  വിധിക്കപ്പെടുന്നെങ്കിലോ, നാം ലോകത്തോടുകൂടെ കുറ്റവിധിയിൽ അകപ്പെടാതിരിക്കേണ്ടതിന്‌ യഹോവ നമുക്കു ശിക്ഷണം നൽകുകയാകുന്നു. 33  അതുകൊണ്ട് എന്‍റെ സഹോദരന്മാരേ, നിങ്ങൾ ആ അത്താഴത്തിനായി കൂടിവരുമ്പോൾ മറ്റുള്ളവർക്കായി കാത്തിരിക്കുവിൻ. 34  വിശക്കുന്നവൻ വീട്ടിലിരുന്ന് ഭക്ഷിക്കട്ടെ; നിങ്ങൾ കൂടിവരുന്നത്‌ ന്യായവിധിക്ക് ആകരുതല്ലോ. ശേഷം കാര്യങ്ങൾ ഞാൻ അവിടെ വരുമ്പോൾ ക്രമപ്പെടുത്തിക്കൊള്ളാം.

അടിക്കുറിപ്പുകള്‍