കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

1 കൊരിന്ത്യർ 10:1-33

10  സഹോദരന്മാരേ, ഇതു നിങ്ങൾ അറിയാതിരിക്കരുത്‌ എന്നു ഞാൻ ആഗ്രഹിക്കുന്നു: നമ്മുടെ പൂർവപിതാക്കന്മാർ എല്ലാവരും മേഘത്തിൻകീഴിൽ ആയിരുന്നു. അവരെല്ലാവരും കടലിലൂടെ കടന്നു;  മേഘത്താലും കടലിനാലും സ്‌നാനമേറ്റു മോശയോടു ചേർന്നു.  എല്ലാവരും ഒരേ ആത്മീയാഹാരം കഴിച്ചു;  ഒരേ ആത്മീയപാനീയം കുടിച്ചു; തങ്ങളോടുകൂടെ പോന്നിരുന്ന ആത്മീയപാറയിൽനിന്നത്രേ അവർ പാനംചെയ്‌തത്‌. ആ പാറ ക്രിസ്‌തുവായിരുന്നു.  എന്നാൽ അവരിൽ മിക്കവരിലും ദൈവം പ്രസാദിച്ചില്ല; അവരെ മരുഭൂമിയിൽവെച്ചു നിഗ്രഹിച്ചുകളഞ്ഞു.  അവരെപ്പോലെ നാമും ദുർമോഹികൾ ആകാതിരിക്കേണ്ടതിന്‌ ഈ കാര്യങ്ങൾ നമുക്കു ദൃഷ്ടാന്തമായിത്തീർന്നിരിക്കുന്നു.  അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധികൾ ആകരുത്‌. “ജനം തിന്നാനും കുടിക്കാനും ഇരുന്നു; കൂത്താടാൻ എഴുന്നേറ്റു” എന്ന് എഴുതിയിരിക്കുന്നുവല്ലോ.  അവരിൽ ചിലരെപ്പോലെ നാം പരസംഗികളാകരുത്‌. പരസംഗംനിമിത്തം ഒറ്റ ദിവസംകൊണ്ട് അവരിൽ ഇരുപത്തി മൂവായിരം പേരാണു മരിച്ചുവീണത്‌.  അവരിൽ ചിലർ ചെയ്‌തതുപോലെ നാം യഹോവയെ പരീക്ഷിക്കരുത്‌. അവർ സർപ്പങ്ങളാൽ കൊല്ലപ്പെട്ടു. 10  അവരിൽ ചിലർ ചെയ്‌തതുപോലെ നാം പിറുപിറുക്കുകയുമരുത്‌. സംഹാരകൻ അവരെ കൊന്നുകളഞ്ഞുവല്ലോ. 11  ഈ കാര്യങ്ങൾ അവർക്കു ഭവിച്ചത്‌ നമുക്കൊരു പാഠമായിട്ടത്രേ; യുഗങ്ങളുടെ* അവസാനത്തിങ്കൽ വന്നെത്തിയിരിക്കുന്ന നമുക്ക് മുന്നറിയിപ്പിനായി അവ എഴുതപ്പെടുകയും ചെയ്‌തിരിക്കുന്നു. 12  ആകയാൽ താൻ നിൽക്കുന്നുവെന്നു കരുതുന്നവൻ വീഴാതിരിക്കാൻ സൂക്ഷിച്ചുകൊള്ളട്ടെ. 13  മനുഷ്യർക്കു നേരിട്ടിട്ടില്ലാത്ത ഒരു പ്രലോഭനവും നിങ്ങൾക്ക് ഉണ്ടായിട്ടില്ല. ദൈവം വിശ്വസ്‌തൻ. നിങ്ങൾക്കു ചെറുക്കാനാവാത്ത ഒരു പ്രലോഭനം അവൻ അനുവദിക്കുകയില്ല. പ്രലോഭനം ഉണ്ടാകുമ്പോൾ നിങ്ങൾക്ക് അതിനെ അതിജീവിക്കാൻ കഴിയേണ്ടതിന്‌ അവൻ അതോടൊപ്പം പോംവഴിയും ഉണ്ടാക്കും. 14  ആകയാൽ എന്‍റെ പ്രിയരേ, വിഗ്രഹാരാധന വിട്ട് ഓടുവിൻ. 15  വിവേകികളോടെന്നപോലെ ഞാൻ പറയുന്നു: ഞാൻ പറയുന്നത്‌ നിങ്ങൾതന്നെ ഒന്നു വിലയിരുത്തുവിൻ. 16  നന്ദിയർപ്പിച്ചിട്ട് നാം സ്‌തോത്രത്തിന്‍റെ പാനപാത്രത്തിൽനിന്നു കുടിക്കുമ്പോൾ അത്‌ ക്രിസ്‌തുവിന്‍റെ രക്തത്തിലുള്ള പങ്കുചേരലല്ലയോ? നാം അപ്പം മുറിച്ചു ഭക്ഷിക്കുമ്പോൾ അത്‌ ക്രിസ്‌തുവിന്‍റെ ശരീരത്തിലുള്ള പങ്കുചേരലല്ലയോ? 17  അപ്പം ഒന്നേയുള്ളൂ; നാം പലരെങ്കിലും ആ ഒരേ അപ്പത്തിൽ പങ്കുപറ്റുന്നതിനാൽ ഒരു ശരീരമാകുന്നു. 18  ജഡപ്രകാരമുള്ള ഇസ്രായേലിനെ നോക്കുവിൻ: യാഗങ്ങൾ ഭക്ഷിക്കുന്നവർ യാഗപീഠത്തിന്‍റെ പങ്കാളികൾ അല്ലയോ? 19  അപ്പോൾ വിഗ്രഹാർപ്പിതത്തിനോ വിഗ്രഹത്തിനോ എന്തെങ്കിലും വിശേഷതയുണ്ടെന്നാണോ ഞാൻ പറയാൻ ശ്രമിക്കുന്നത്‌? 20  അല്ല; വിജാതീയർ ബലികഴിക്കുന്നത്‌ ദൈവത്തിനല്ല, ഭൂതങ്ങൾക്കാണ്‌ എന്നത്രേ ഞാൻ പറയുന്നത്‌. നിങ്ങൾ ഭൂതങ്ങളുടെ പങ്കാളികളാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 21  നിങ്ങൾക്ക് ഒരേസമയം യഹോവയുടെ പാനപാത്രത്തിൽനിന്നും ഭൂതങ്ങളുടെ പാനപാത്രത്തിൽനിന്നും കുടിക്കാൻ കഴിയില്ല. നിങ്ങൾക്ക് ഒരേസമയം “യഹോവയുടെ മേശ”യിലും ഭൂതങ്ങളുടെ മേശയിലും പങ്കുണ്ടായിരിക്കാനും സാധിക്കില്ല. 22  “നാം യഹോവയെ രോഷംകൊള്ളിക്കുന്നുവോ?” നാം അവനെക്കാൾ ബലവാന്മാരോ? 23  എല്ലാം അനുവദനീയം; എന്നാൽ എല്ലാം പ്രയോജനമുള്ളതല്ല. എല്ലാം അനുവദനീയം; എന്നാൽ എല്ലാം ആത്മീയവർധന വരുത്തുന്നില്ല. 24  ഓരോരുത്തനും സ്വന്തം നന്മയല്ല, മറ്റുള്ളവരുടെ നന്മയാണ്‌ അന്വേഷിക്കേണ്ടത്‌. 25  ചന്തയിൽ വിൽക്കപ്പെടുന്ന ഏതു മാംസവും നിങ്ങളുടെ മനസ്സാക്ഷിയെക്കരുതി ഒന്നും അന്വേഷിക്കാതെ ഭക്ഷിച്ചുകൊള്ളുവിൻ; 26  എന്തെന്നാൽ, “ഭൂമിയും അതിലുള്ള സകലവും യഹോവയ്‌ക്കുള്ളതാകുന്നു.” 27  അവിശ്വാസികളിൽ ആരെങ്കിലും നിങ്ങളെ ക്ഷണിക്കുകയും പോകുവാൻ നിങ്ങൾ മനസ്സുവെക്കുകയും ചെയ്യുന്നെങ്കിൽ മുമ്പിൽ വിളമ്പുന്നതെന്തും നിങ്ങളുടെ മനസ്സാക്ഷിയെക്കരുതി ഒന്നും അന്വേഷിക്കാതെ ഭക്ഷിച്ചുകൊള്ളുവിൻ. 28  എന്നാൽ ആരെങ്കിലും നിങ്ങളോട്‌, “ഇതു വിഗ്രഹാർപ്പിതമാണ്‌” എന്നു പറയുന്നെങ്കിൽ അതു പറഞ്ഞവനെയും മനസ്സാക്ഷിയെയും കരുതി അതു ഭക്ഷിക്കരുത്‌. 29  “മനസ്സാക്ഷി” എന്നു ഞാൻ പറയുന്നതോ, നിന്‍റേതല്ല, മറ്റേ ആളിന്‍റേതത്രേ. എന്‍റെ സ്വാതന്ത്ര്യം മറ്റൊരുവന്‍റെ മനസ്സാക്ഷിയാൽ എന്തിനു വിധിക്കപ്പെടണം? 30  ഞാൻ നന്ദിയോടെ അതു ഭക്ഷിക്കുന്നെങ്കിൽ, ഞാൻ നന്ദിയർപ്പിക്കുന്ന ഒന്നിനെപ്രതി ഞാൻ എന്തിനു കുറ്റംവിധിക്കപ്പെടണം? 31  അതുകൊണ്ട് നിങ്ങൾ തിന്നാലും കുടിച്ചാലും മറ്റെന്തു ചെയ്‌താലും സകലവും ദൈവത്തിന്‍റെ മഹത്ത്വത്തിനായി ചെയ്യുവിൻ. 32  യഹൂദന്മാർക്കാകട്ടെ ഗ്രീക്കുകാർക്കാകട്ടെ ദൈവത്തിന്‍റെ സഭയ്‌ക്കാകട്ടെ ആർക്കും ഇടർച്ചയ്‌ക്കു കാരണമാകാതിരിക്കുവിൻ. 33  ഞാനും എന്‍റെ നന്മയല്ല, അനേകർ രക്ഷിക്കപ്പെടേണ്ടതിന്‌ അവരുടെ നന്മതന്നെ അന്വേഷിച്ചുകൊണ്ട് എല്ലാവരെയും എല്ലാറ്റിലും പ്രസാദിപ്പിക്കുകയാണ്‌.

അടിക്കുറിപ്പുകള്‍

1കൊരി 10:11* അല്ലെങ്കിൽ, ലോകവ്യവസ്ഥിതിയുടെ