കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

വെളിപ്പാടു 9:1-21

9  അഞ്ചാം ദൂതൻ കാഹളം ഊതി. അപ്പോൾ ആകാശത്തുനിന്ന് ഒരു നക്ഷത്രം ഭൂമിയിൽ വീണുകിടക്കുന്നതു ഞാൻ കണ്ടു. അഗാധഗർത്തത്തിന്‍റെ താക്കോൽ അവനു* നൽകപ്പെട്ടു.  അവൻ അഗാധഗർത്തം തുറന്നപ്പോൾ ഒരു പെരുഞ്ചൂളയിൽനിന്ന് എന്നപോലെ അതിൽനിന്നു പുക പൊങ്ങി. ആ പുകകൊണ്ട് സൂര്യനും അന്തരീക്ഷവും ഇരുണ്ടുപോയി.  പുകയിൽനിന്നു വെട്ടുക്കിളികൾ പുറപ്പെട്ട് ഭൂമിയിലേക്കു വന്നു. ഭൂമിയിലെ തേളുകൾക്കുള്ള അതേ അധികാരം അവയ്‌ക്കു ലഭിച്ചു.  നെറ്റിയിൽ ദൈവത്തിന്‍റെ മുദ്രയില്ലാത്ത മനുഷ്യർക്കല്ലാതെ, ഭൂമിയിലെ ഒന്നിനും—പുല്ലിനോ പച്ചസസ്യത്തിനോ വൃക്ഷത്തിനോ—ഹാനിവരുത്തരുത്‌ എന്ന് അവയോട്‌ ആജ്ഞാപിച്ചിരുന്നു.  അവരെ കൊല്ലാനല്ല, അഞ്ചുമാസത്തേക്കു പീഡിപ്പിക്കാനത്രേ വെട്ടുക്കിളികൾക്ക് അനുവാദം ലഭിച്ചത്‌. അവ ഏൽപ്പിച്ച വേദനയോ മനുഷ്യനെ തേൾ കുത്തുമ്പോഴുള്ള വേദനപോലെ ആയിരുന്നു.  ആ കാലത്തു മനുഷ്യർ മരണം അന്വേഷിക്കും; കാണുകയില്ലതാനും. അവർ മരിക്കാൻ കൊതിക്കും; എന്നാൽ മരണം അവരിൽനിന്ന് ഓടിയകലും.  വെട്ടുക്കിളിയുടെ രൂപം യുദ്ധത്തിന്‌ ഒരുക്കിയ കുതിരകൾക്കു സമം. അവയുടെ തലയിൽ പൊൻകിരീടംപോലെ എന്തോ ഒന്ന് ഉണ്ടായിരുന്നു; അവയുടെ മുഖം പുരുഷന്മാരുടേതുപോലെയും  എന്നാൽ തലമുടി സ്‌ത്രീകളുടേതുപോലെയും ആയിരുന്നു. അവയ്‌ക്കു സിംഹത്തിന്‍റേതുപോലുള്ള പല്ലുകളും ഉണ്ടായിരുന്നു.  ഇരുമ്പുകവചംപോലുള്ള മാർച്ചട്ടകൾ അവ ധരിച്ചിരുന്നു. അവയുടെ ചിറകടിയുടെ ശബ്ദം പടയ്‌ക്കു പായുന്ന അനവധി അശ്വരഥങ്ങളുടെ ഇരമ്പൽപോലെ ആയിരുന്നു. 10  തേളിന്‍റേതുപോലെയുള്ള വാലും വിഷമുള്ളും അവയ്‌ക്കുണ്ട്. അഞ്ചുമാസം മനുഷ്യരെ ദണ്ഡിപ്പിക്കാനുള്ള ശക്തി അവയുടെ വാലുകൾക്കുണ്ടായിരുന്നു. 11  അഗാധത്തിന്‍റെ ദൂതൻ അവയ്‌ക്കു രാജാവായിരുന്നു. അവന്‌ എബ്രായഭാഷയിൽ അബദ്ദോൻ* എന്നും ഗ്രീക്കുഭാഷയിൽ അപ്പൊല്യോൻ* എന്നും പേര്‌. 12  ഒന്നാമത്തെ കഷ്ടം കഴിഞ്ഞു. ഇതാ, രണ്ടുകഷ്ടംകൂടെ വരാൻ പോകുന്നു! 13  ആറാം ദൂതൻ കാഹളം ഊതി. അപ്പോൾ ദൈവസന്നിധിയിലുള്ള സ്വർണയാഗപീഠത്തിന്‍റെ കൊമ്പുകളിൽനിന്ന് ഒരു സ്വരം 14  കാഹളം വഹിച്ചിരുന്ന ആറാം ദൂതനോട്‌, “യൂഫ്രട്ടീസ്‌ മഹാനദിയുടെ തീരത്തു ബന്ധിച്ചിരിക്കുന്ന നാലുദൂതന്മാരെയും അഴിച്ചുവിടുക” എന്നു പറയുന്നതു ഞാൻ കേട്ടു. 15  ഉടനെ ആ നാലുദൂതന്മാരെയും അഴിച്ചുവിട്ടു; മനുഷ്യരിൽ മൂന്നിലൊന്നിനെ ഇന്ന ആണ്ട്, ഇന്ന മാസം, ഇന്ന ദിവസം, ഇന്ന നാഴികയിൽ കൊല്ലുവാൻ ഒരുക്കിനിറുത്തിയവരായിരുന്നു അവർ. 16  കുതിരപ്പടയുടെ എണ്ണം പതിനായിരങ്ങളുടെ ഇരുപതിനായിരംമടങ്ങ് എന്നു ഞാൻ കേട്ടു. 17  ദർശനത്തിൽ ഞാൻ കണ്ട കുതിരകൾക്കും കുതിരക്കാർക്കും, തീനിറവും നീലനിറവും ഗന്ധകവർണവുമായ മാർച്ചട്ടകൾ ഉണ്ടായിരുന്നു. കുതിരകളുടെ തല സിംഹങ്ങളുടെ തലപോലെ. അവയുടെ വായിൽനിന്ന് തീയും പുകയും ഗന്ധകവും വമിച്ചിരുന്നു. 18  അവയുടെ വായിൽനിന്നു വമിച്ച തീ, പുക, ഗന്ധകം എന്നീ മൂന്നുബാധകളാൽ മനുഷ്യരിൽ മൂന്നിലൊന്നു കൊല്ലപ്പെട്ടു. 19  കുതിരകളുടെ ശക്തി അവയുടെ വായിലും വാലിലും ആയിരുന്നു. വാലോ സർപ്പത്തെപ്പോലെയും തലയുള്ളതുമായിരുന്നു. ഇവയാലത്രേ അവ ഉപദ്രവിക്കുന്നത്‌. 20  ഈ ബാധകളാൽ കൊല്ലപ്പെടാതെ ശേഷിച്ച മനുഷ്യരാകട്ടെ, തങ്ങളുടെ കൈപ്പണി വിട്ട് മാനസാന്തരപ്പെടുകയോ ഭൂതങ്ങളെയും പൊന്ന്, വെള്ളി, ചെമ്പ്, കല്ല്, തടി എന്നിവകൊണ്ടുണ്ടാക്കിയ, കാണാനും കേൾക്കാനും നടക്കാനും കഴിവില്ലാത്ത വിഗ്രഹങ്ങളെയും ആരാധിക്കുന്നതിൽനിന്നു പിന്തിരിയുകയോ ചെയ്‌തില്ല. 21  തങ്ങൾ ചെയ്‌ത കൊലപാതകങ്ങളെയും ഭൂതവിദ്യയെയും പരസംഗത്തെയും മോഷണങ്ങളെയുംകുറിച്ചും അവർ അനുതപിച്ചില്ല.

അടിക്കുറിപ്പുകള്‍

വെളി 9:1* നക്ഷത്രത്തെ പരാമർശിക്കുന്നു.
വെളി 9:11* എബ്രായയിൽ, വിനാശം എന്നർഥം.
വെളി 9:11* ഗ്രീക്കിൽ, വിനാശകൻ എന്നർഥം.