കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

വെളിപ്പാടു 22:1-21

22  പിന്നെ അവൻ എനിക്ക് ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും സിംഹാസനത്തിങ്കൽനിന്നു പുറപ്പെട്ട് നഗരവീഥിയുടെ നടുവിലൂടെ ഒഴുകുന്നതും സ്‌ഫടികംപോലെ തെളിഞ്ഞതുമായ ജീവജലനദി കാണിച്ചുതന്നു.  നദിയുടെ ഇരുവശങ്ങളിലുമായി പന്ത്രണ്ടുതരം ഫലം കായ്‌ക്കുന്നതും മാസന്തോറും ഫലം തരുന്നതുമായ ജീവവൃക്ഷങ്ങൾ ഉണ്ടായിരുന്നു. അവയുടെ ഇലകൾ ജനതകളുടെ രോഗശാന്തിക്ക് ഉതകുന്നവയായിരുന്നു.  ഇനി ഒരു ശാപവും അവിടെ ഉണ്ടാകുകയില്ല; എന്തെന്നാൽ ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും സിംഹാസനം നഗരത്തിൽ ഉണ്ടായിരിക്കും. അവന്‍റെ ദാസന്മാർ അവനെ സേവിക്കും.*  അവർ അവന്‍റെ മുഖം കാണും. അവരുടെ നെറ്റിയിൽ അവന്‍റെ നാമം ഉണ്ടായിരിക്കും.  മേലാൽ രാത്രി ഉണ്ടായിരിക്കുകയില്ല. ദൈവമായ യഹോവ അവരുടെമേൽ പ്രകാശിക്കുന്നതുകൊണ്ട് അവർക്കു വിളക്കിന്‍റെ വെളിച്ചമോ സൂര്യന്‍റെ പ്രകാശമോ ആവശ്യമില്ല. അവർ എന്നേക്കും രാജാക്കന്മാരായി വാഴും.  പിന്നെ അവൻ എന്നോടു പറഞ്ഞത്‌: “ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു. പ്രവാചകന്മാരെ നിശ്വസ്‌തരാക്കിയ ദൈവമായ യഹോവ, ഉടനെ സംഭവിക്കാനുള്ളതു തന്‍റെ ദാസന്മാരെ കാണിക്കേണ്ടതിന്‌ തന്‍റെ ദൂതനെ അയച്ചിരിക്കുന്നു.  ഇതാ, ഞാൻ വേഗം വരുന്നു! ഈ ചുരുളിലെ പ്രവചനവാക്കുകൾ പ്രമാണിക്കുന്നവൻ ഭാഗ്യവാൻ.”  യോഹന്നാൻ എന്ന ഞാൻ ഇക്കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്‌തു. അവ കാണുകയും കേൾക്കുകയും ചെയ്‌തപ്പോൾ അവ കാണിച്ചുതന്ന ദൂതനെ ആരാധിക്കാൻ ഞാൻ അവന്‍റെ കാൽക്കൽ വീണു.  എന്നാൽ അവൻ എന്നോടു പറഞ്ഞു: “അരുത്‌! ഞാൻ നിന്നെയും പ്രവാചകന്മാരായ നിന്‍റെ സഹോദരന്മാരെയും ഈ ചുരുളിലെ വാക്കുകൾ പ്രമാണിക്കുന്നവരെയുംപോലെ ഒരു ഭൃത്യൻമാത്രം. ദൈവത്തെയത്രേ ആരാധിക്കേണ്ടത്‌.” 10  അവൻ പിന്നെയും എന്നോടു പറഞ്ഞത്‌: “ഈ ചുരുളിലെ പ്രവചനങ്ങൾക്കു മുദ്രയിടരുത്‌; എന്തെന്നാൽ നിശ്ചയിക്കപ്പെട്ട സമയം അടുത്തിരിക്കുന്നു. 11  അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ. വഷളത്തം പ്രവർത്തിക്കുന്നവൻ ഇനിയും വഷളത്തത്തിൽ കഴിയട്ടെ. എന്നാൽ നീതിമാൻ ഇനിയും നീതി പ്രവർത്തിക്കട്ടെ. വിശുദ്ധൻ ഇനിയും വിശുദ്ധീകരിക്കപ്പെടട്ടെ. 12  “ ‘ഇതാ, ഞാൻ വേഗം വരുന്നു. ഓരോരുത്തനും അവനവന്‍റെ പ്രവൃത്തിക്കനുസരിച്ചു നൽകാനുള്ള പ്രതിഫലം എന്‍റെ പക്കലുണ്ട്. 13  ഞാൻ ആൽഫയും ഒമേഗയും ആകുന്നു; ആദ്യനും അന്ത്യനും ആരംഭവും അവസാനവുംതന്നെ. 14  ജീവവൃക്ഷങ്ങളിൽനിന്നു ഭക്ഷിക്കാനുള്ള അവകാശവും കവാടങ്ങളിലൂടെ നഗരത്തിലേക്കു പ്രവേശിക്കാനുള്ള അനുവാദവും ഉണ്ടായിരിക്കുമാറ്‌ തങ്ങളുടെ അങ്കികൾ കഴുകി വെടിപ്പാക്കിയവർ ഭാഗ്യവാന്മാർ. 15  അശുദ്ധരും* ഭൂതവിദ്യ ആചരിക്കുന്നവരും പരസംഗികളും കൊലപാതകികളും വിഗ്രഹാരാധികളും വ്യാജത്തെ സ്‌നേഹിക്കുകയും അതു പ്രവർത്തിക്കുകയും ചെയ്യുന്ന സകലരും പുറത്തുതന്നെ.’ 16  “ ‘യേശു എന്ന ഞാൻ സഭകൾക്കുവേണ്ടിയുള്ള ഈ കാര്യങ്ങൾ നിങ്ങളെ അറിയിക്കേണ്ടതിന്‌ എന്‍റെ ദൂതനെ അയച്ചിരിക്കുന്നു. ഞാൻ ദാവീദിന്‍റെ വേരും സന്തതിയും ഉജ്ജ്വലമായ ഉദയനക്ഷത്രവും ആകുന്നു.’ ” 17  ആത്മാവും മണവാട്ടിയും “വരുക” എന്നു പറയുന്നു. കേൾക്കുന്നവനും “വരുക” എന്നു പറയട്ടെ. ദാഹിക്കുന്ന ഏവനും വരട്ടെ. ഇച്ഛിക്കുന്ന ഏവനും ജീവജലം സൗജന്യമായി വാങ്ങിക്കൊള്ളട്ടെ. 18  “ഈ ചുരുളിലെ പ്രവചനവാക്കുകൾ കേൾക്കുന്ന എല്ലാവരോടും ഞാൻ സാക്ഷീകരിച്ചു പറയുന്നത്‌: ഇവയോട്‌ ആരെങ്കിലും എന്തെങ്കിലും കൂട്ടിച്ചേർത്താൽ ഈ ചുരുളിൽ എഴുതിയിരിക്കുന്ന ബാധകൾ ദൈവം അവനു വരുത്തും. 19  ആരെങ്കിലും ഈ ചുരുളിലെ പ്രവചനവാക്കുകളിൽ വല്ലതും നീക്കിക്കളഞ്ഞാൽ ഈ ചുരുളിൽ എഴുതപ്പെട്ടിരിക്കുന്ന, ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവനുള്ള ഓഹരി ദൈവം എടുത്തുകളയും. 20  “ഈ കാര്യങ്ങൾക്കു സാക്ഷ്യം വഹിക്കുന്നവൻ, ‘അതെ, ഞാൻ വേഗം വരുന്നു’ എന്നു പറയുന്നു.” “ആമേൻ! കർത്താവായ യേശുവേ വരേണമേ.” 21  കർത്താവായ യേശുക്രിസ്‌തുവിന്‍റെ കൃപ വിശുദ്ധന്മാരോടുകൂടെ ഉണ്ടായിരിക്കുമാറാകട്ടെ.

അടിക്കുറിപ്പുകള്‍

വെളി 22:3* അഥവാ, അവനു വിശുദ്ധസേവനം അനുഷ്‌ഠിക്കും.
വെളി 22:15* അക്ഷരാർഥം, നായ്‌ക്കൾ