കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

വെളിപ്പാടു 21:1-27

21  അനന്തരം ഞാൻ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു. ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും നീങ്ങിപ്പോയിരുന്നു. സമുദ്രവും ഇനിമേൽ ഇല്ല.  പുതിയ യെരുശലേം എന്ന വിശുദ്ധനഗരം ഭർത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ സ്വർഗത്തിൽനിന്ന്, ദൈവത്തിങ്കൽനിന്നുതന്നെ ഇറങ്ങിവരുന്നതും ഞാൻ കണ്ടു.  അപ്പോൾ സിംഹാസനത്തിൽനിന്ന് വലിയൊരു ശബ്ദം ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “ഇതാ, ദൈവത്തിന്‍റെ കൂടാരം മനുഷ്യരോടുകൂടെ. അവൻ അവരോടൊത്തു വസിക്കും. അവർ അവന്‍റെ ജനമായിരിക്കും. ദൈവംതന്നെ അവരോടുകൂടെ ഉണ്ടായിരിക്കും.  അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കുകയില്ല. വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുകയില്ല. ഒന്നാമത്തേതു കഴിഞ്ഞുപോയി.”  സിംഹാസനത്തിൽ ഇരിക്കുന്നവൻ, “ഇതാ, ഞാൻ സകലതും പുതിയതാക്കുന്നു” എന്നു പറഞ്ഞു. “എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു” എന്നും അവൻ അരുളിച്ചെയ്‌തു.  പിന്നെ അവൻ എന്നോടു പറഞ്ഞത്‌: “എല്ലാം കഴിഞ്ഞിരിക്കുന്നു! ഞാൻ ആൽഫയും ഒമേഗയും ആകുന്നു; ആരംഭവും അവസാനവുംതന്നെ. ദാഹിക്കുന്നവനു ഞാൻ ജീവജലത്തിന്‍റെ ഉറവിൽനിന്നു സൗജന്യമായി കുടിക്കാൻ കൊടുക്കും.  ജയിക്കുന്നവൻ ഇവയെല്ലാം അവകാശമാക്കും. ഞാൻ അവനു ദൈവവും അവൻ എനിക്കു മകനും ആയിരിക്കും.  എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, മ്ലേച്ഛത പ്രവർത്തിക്കുന്നവർ, കൊലപാതകികൾ, പരസംഗികൾ, ഭൂതവിദ്യ ആചരിക്കുന്നവർ, വിഗ്രഹാരാധികൾ എന്നിവർക്കും ഭോഷ്‌കുപറയുന്ന ഏവർക്കുമുള്ള ഓഹരി എരിയുന്ന ഗന്ധകത്തീപ്പൊയ്‌കയത്രേ. ഇത്‌ രണ്ടാം മരണം.”  അവസാനത്തെ ഏഴുബാധകൾ നിറഞ്ഞ ഏഴുകലശങ്ങൾ പിടിച്ചിരുന്ന ഏഴുദൂതന്മാരിൽ ഒരുവൻ വന്ന് എന്നോട്‌, “വരുക, കുഞ്ഞാടിന്‍റെ കാന്തയായ മണവാട്ടിയെ ഞാൻ കാണിച്ചുതരാം” എന്നു പറഞ്ഞു. 10  അവൻ എന്നെ ആത്മാവിന്‍റെ ശക്തിയാൽ ഉയരമുള്ള വലിയൊരു മലയിലേക്കു കൊണ്ടുപോയി, യെരുശലേം എന്ന വിശുദ്ധനഗരം സ്വർഗത്തിൽനിന്ന്, ദൈവത്തിങ്കൽനിന്നുതന്നെ ദിവ്യതേജസ്സോടെ ഇറങ്ങിവരുന്നത്‌ എനിക്കു കാണിച്ചുതന്നു. 11  അതിന്‍റെ ജ്യോതിസ്സ് സ്വച്ഛസ്‌ഫടികംപോലെ പ്രശോഭിക്കുന്ന അമൂല്യരത്‌നമായ സൂര്യകാന്തത്തിനൊത്തതായിരുന്നു. 12  അതിന്‌ ഉയരംകൂടിയ ഒരു വന്മതിലും പന്ത്രണ്ടുകവാടങ്ങളും കവാടങ്ങളിൽ പന്ത്രണ്ടുദൂതന്മാരും ഉണ്ടായിരുന്നു. ഇസ്രായേൽമക്കളുടെ പന്ത്രണ്ടുഗോത്രങ്ങളുടെ പേരുകൾ കവാടങ്ങളിൽ കൊത്തിയിരുന്നു. 13  കിഴക്ക് മൂന്നുകവാടം; വടക്ക് മൂന്നുകവാടം; തെക്ക് മൂന്നുകവാടം; പടിഞ്ഞാറ്‌ മൂന്നുകവാടം. 14  നഗരമതിലിന്‌ പന്ത്രണ്ട് അടിസ്ഥാനശിലകളും ഉണ്ടായിരുന്നു. അവയിൽ കുഞ്ഞാടിന്‍റെ പന്ത്രണ്ട് അപ്പൊസ്‌തലന്മാരുടെ പന്ത്രണ്ടുപേരുകൾ കൊത്തിയിരുന്നു. 15  എന്നോടു സംസാരിച്ച ദൂതന്‍റെ കൈയിൽ നഗരവും അതിന്‍റെ കവാടങ്ങളും മതിലും അളക്കേണ്ടതിന്‌ പൊന്നുകൊണ്ടുള്ള ഒരു മുഴക്കോൽ ഉണ്ടായിരുന്നു. 16  നഗരം സമചതുരമായിരുന്നു: നീളവും വീതിയും സമം. അവൻ മുഴക്കോൽകൊണ്ട് നഗരത്തെ അളന്നു. അതിന്‍റെ നീളം ഏകദേശം ആയിരത്തി ഇരുനൂറ്‌ നാഴിക* ആയിരുന്നു. അതിന്‍റെ നീളവും വീതിയും ഉയരവും സമംതന്നെ. 17  പിന്നെ ദൂതൻ അതിന്‍റെ മതിൽ അളന്നു. അത്‌ മനുഷ്യന്‍റെ തോതനുസരിച്ച് നൂറ്റി നാൽപ്പത്തി നാലു മുഴം; ദൂതന്‍റെ തോതനുസരിച്ചും അങ്ങനെതന്നെ. 18  മതിൽ സൂര്യകാന്തംകൊണ്ടുള്ളതും നഗരം സ്വച്ഛസ്‌ഫടികത്തിനൊത്ത തനിത്തങ്കംകൊണ്ടുള്ളതും ആയിരുന്നു. 19  നഗരമതിലിന്‍റെ അടിസ്ഥാനങ്ങൾ സകലവിധ അമൂല്യരത്‌നങ്ങളാലും നിർമിക്കപ്പെട്ടിരുന്നു: ഒന്നാം അടിസ്ഥാനം സൂര്യകാന്തം, രണ്ടാമത്തേത്‌ ഇന്ദ്രനീലം, മൂന്നാമത്തേത്‌ പീതരത്‌നം, നാലാമത്തേത്‌ മരതകം, 20  അഞ്ചാമത്തേത്‌ ഗോമേദകം, ആറാമത്തേത്‌ മാണിക്യം, ഏഴാമത്തേത്‌ ചന്ദ്രകാന്തം, എട്ടാമത്തേത്‌ വൈഡൂര്യം, ഒൻപതാമത്തേത്‌ പുഷ്യരാഗം, പത്താമത്തേത്‌ പച്ചക്കല്ല്, പതിനൊന്നാമത്തേത്‌ നീലരത്‌നം, പന്ത്രണ്ടാമത്തേത്‌ സൗഗന്ധികം. 21  പന്ത്രണ്ടുകവാടവും പന്ത്രണ്ടുമുത്ത്‌; ഓരോ കവാടവും ഓരോ മുത്തുകൊണ്ടുള്ളതും നഗരവീഥി സ്വച്ഛസ്‌ഫടികത്തിനൊത്ത തനിത്തങ്കംകൊണ്ടുള്ളതും ആയിരുന്നു. 22  നഗരത്തിൽ ദൈവാലയം കണ്ടില്ല; സർവശക്തനാംദൈവമായ യഹോവയും കുഞ്ഞാടും ആയിരുന്നു അവിടത്തെ ആലയം. 23  നഗരത്തിൽ പ്രകാശിക്കാൻ സൂര്യന്‍റെയോ ചന്ദ്രന്‍റെയോ ആവശ്യമില്ല; എന്തെന്നാൽ ദൈവതേജസ്സ് അതിനെ പ്രകാശിപ്പിച്ചിരുന്നു. കുഞ്ഞാട്‌ അതിന്‍റെ വിളക്കുമായിരുന്നു. 24  ജനതകൾ അതിന്‍റെ വെളിച്ചത്തിൽ നടക്കും. ഭൂമിയുടെ രാജാക്കന്മാർ തങ്ങളുടെ മഹത്ത്വം അതിലേക്കു കൊണ്ടുവരും. 25  പകൽസമയത്ത്‌ അതിന്‍റെ കവാടങ്ങൾ അടയ്‌ക്കുകയില്ല; അവിടെ രാത്രി ഉണ്ടായിരിക്കുകയുമില്ല. 26  അവർ ജനതകളുടെ മഹത്ത്വവും ബഹുമാനവും അതിലേക്കു കൊണ്ടുവരും. 27  കുഞ്ഞാടിന്‍റെ ജീവപുസ്‌തകത്തിൽ പേരെഴുതപ്പെട്ടവർ മാത്രമേ അവിടെ പ്രവേശിക്കുകയുള്ളൂ; അശുദ്ധമായതൊന്നും, മ്ലേച്ഛതയോ വ്യാജമോ പ്രവർത്തിക്കുന്നവരാരും, അവിടെ പ്രവേശിക്കുകയില്ല.

അടിക്കുറിപ്പുകള്‍

വെളി 21:16* ഏകദേശം 2,200 കിലോമീറ്റർ