കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

വെളിപ്പാടു 19:1-21

19  ഇതിനുശേഷം സ്വർഗത്തിൽ വലിയൊരു കൂട്ടത്തിന്‍റെ മഹാഘോഷംപോലെ ഒന്ന് ഞാൻ കേട്ടു. അവർ പറഞ്ഞത്‌: “യാഹിനെ സ്‌തുതിപ്പിൻ!* രക്ഷയും മഹത്ത്വവും ശക്തിയും നമ്മുടെ ദൈവത്തിനുള്ളത്‌.  അവന്‍റെ ന്യായവിധികൾ സത്യസന്ധവും നീതിയുക്തവുമല്ലോ. തന്‍റെ വേശ്യാവൃത്തിയാൽ ഭൂലോകത്തെ വഷളാക്കിയ മഹാവേശ്യയെ അവൻ ന്യായംവിധിച്ച് തന്‍റെ ദാസന്മാരുടെ രക്തത്തിന്‌ അവളോടു പ്രതികാരം ചെയ്‌തിരിക്കുന്നു.”  അപ്പോൾത്തന്നെ അവർ വീണ്ടും ഉദ്‌ഘോഷിച്ചത്‌: “യാഹിനെ സ്‌തുതിപ്പിൻ!* അവളെ ദഹിപ്പിച്ചതിന്‍റെ പുക എന്നെന്നും ഉയർന്നുകൊണ്ടിരിക്കും.”  ഇരുപത്തി നാലു മൂപ്പന്മാരും നാലുജീവികളും, “ആമേൻ! യാഹിനെ സ്‌തുതിപ്പിൻ”* എന്നു പറഞ്ഞ് സാഷ്ടാംഗം വീണ്‌ സിംഹാസനസ്ഥനായ ദൈവത്തെ ആരാധിച്ചു.  “ചെറിയവരും വലിയവരുമായി നമ്മുടെ ദൈവത്തെ ഭയപ്പെടുന്നവരായ ഏവരുമേ, അവനെ സ്‌തുതിപ്പിൻ” എന്നൊരു സ്വരം സിംഹാസനത്തിൽനിന്ന് ഉണ്ടായി.  അപ്പോൾ വലിയൊരു കൂട്ടത്തിന്‍റെ ആരവംപോലെയും പെരുവെള്ളത്തിന്‍റെ ഇരമ്പൽപോലെയും ശക്തമായ ഇടിമുഴക്കംപോലെയും ഒരു സ്വരം ഞാൻ കേട്ടു. അവർ പറഞ്ഞത്‌: “യാഹിനെ സ്‌തുതിപ്പിൻ!* നമ്മുടെ ദൈവവും സർവശക്തനുമായ യഹോവ രാജത്വം ഏറ്റിരിക്കുന്നു.  നമുക്ക് സന്തോഷിച്ചുല്ലസിച്ച് അവനെ മഹത്ത്വപ്പെടുത്താം. കുഞ്ഞാടിന്‍റെ കല്യാണം വന്നിരിക്കുന്നു. അവന്‍റെ മണവാട്ടിയും അണിഞ്ഞൊരുങ്ങിയിരിക്കുന്നു.  ശുഭ്രവും ശുദ്ധവുമായ വിശേഷവസ്‌ത്രം ധരിക്കാൻ അവൾക്ക് അനുഗ്രഹം ലഭിച്ചിരിക്കുന്നു. ആ വിശേഷവസ്‌ത്രമോ വിശുദ്ധന്മാരുടെ നീതിപ്രവൃത്തികളത്രേ.”  അപ്പോൾ ദൂതൻ എന്നോടു പറഞ്ഞത്‌: “എഴുതുക: കുഞ്ഞാടിന്‍റെ കല്യാണവിരുന്നിനു ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ.” അവൻ വീണ്ടും പറഞ്ഞത്‌: “ഇവ ദൈവത്തിന്‍റെ സത്യവചനങ്ങളാകുന്നു.” 10  അപ്പോൾ അവനെ ആരാധിക്കാനായി ഞാൻ അവന്‍റെ കാൽക്കൽ വീണു. അവനോ എന്നോട്‌, “അരുത്‌! ഞാൻ നിന്നെയും യേശുവിനെക്കുറിച്ചു സാക്ഷ്യം നൽകുന്നവരായ നിന്‍റെ സഹോദരന്മാരെയുംപോലെ ഒരു ഭൃത്യൻമാത്രം. ദൈവത്തെയത്രേ ആരാധിക്കേണ്ടത്‌; യേശുവിനെക്കുറിച്ചു സാക്ഷ്യം നൽകുക എന്നതല്ലോ പ്രവചനത്തിന്‍റെ ഉദ്ദേശ്യം.” 11  പിന്നെ ഞാൻ നോക്കിയപ്പോൾ സ്വർഗം തുറന്നിരിക്കുന്നതു കണ്ടു. അതാ, ഒരു വെള്ളക്കുതിര! കുതിരപ്പുറത്തിരിക്കുന്നവന്‌ വിശ്വസ്‌തനും സത്യവാനും എന്നു പേര്‌. അവൻ നീതിയോടെ വിധിക്കുകയും പോരാടുകയും ചെയ്യുന്നു. 12  അവന്‍റെ കണ്ണുകൾ അഗ്നിജ്വാല; തലയിൽ അനേകം രാജമുടികൾ; എഴുതപ്പെട്ട ഒരു നാമവും അവനുണ്ട്; എന്നാൽ അത്‌ അവനല്ലാതെ ആർക്കും അറിഞ്ഞുകൂടാ. 13  അവൻ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവനു ദൈവവചനം എന്നു പേര്‌. 14  സ്വർഗത്തിലെ സൈന്യം ശുദ്ധവും ശുഭ്രവുമായ വിശേഷവസ്‌ത്രങ്ങൾ ധരിച്ച് വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചിരുന്നു. 15  ജനതകളെ വെട്ടാൻ മൂർച്ചയേറിയ നീണ്ട വാൾ അവന്‍റെ വായിൽനിന്നു പുറപ്പെട്ടിരുന്നു; അവൻ ഇരുമ്പുകോൽകൊണ്ട് അവരെ മേയ്‌ക്കും. സർവശക്തനായ ദൈവത്തിന്‍റെ മഹാക്രോധത്തിന്‍റെ മുന്തിരിച്ചക്ക് അവൻ മെതിക്കുന്നു. 16  അവന്‍റെ ഉടുപ്പിന്മേൽ തുടയുടെ ഭാഗത്തായി രാജാധിരാജാവും കർത്താധികർത്താവും എന്നൊരു നാമം എഴുതിയിരുന്നു. 17  ഒരു ദൂതൻ സൂര്യനിൽ നിൽക്കുന്നതു ഞാൻ കണ്ടു. അവൻ ആകാശമധ്യേ പറക്കുന്ന സകല പക്ഷികളോടും ഉച്ചത്തിൽ വിളിച്ചു പറഞ്ഞത്‌: “ദൈവത്തിന്‍റെ വലിയ അത്താഴവിരുന്നിനു വന്നുകൂടുവിൻ! 18  രാജാക്കന്മാരുടെയും സഹസ്രാധിപന്മാരുടെയും വീരന്മാരുടെയും കുതിരകളുടെയും കുതിരപ്പുറത്തിരിക്കുന്നവരുടെയും സ്വതന്ത്രരും അടിമകളും ചെറിയവരും വലിയവരുമായ എല്ലാവരുടെയും മാംസം തിന്നുവാൻ വന്നുകൂടുവിൻ.” 19  അനന്തരം കാട്ടുമൃഗവും ഭൂരാജാക്കന്മാരും അവരുടെ സൈന്യവും കുതിരപ്പുറത്തിരിക്കുന്നവനോടും അവന്‍റെ സൈന്യത്തോടും യുദ്ധം ചെയ്യേണ്ടതിന്‌ ഒരുമിച്ചുകൂടിയിരിക്കുന്നതു ഞാൻ കണ്ടു. 20  കാട്ടുമൃഗത്തെയും, അതിന്‍റെ മുമ്പിൽ അടയാളങ്ങൾ കാണിച്ച് മൃഗത്തിന്‍റെ മുദ്രയേൽക്കുകയും അതിന്‍റെ പ്രതിമയെ ആരാധിക്കുകയും ചെയ്‌തവരെ വഴിതെറ്റിച്ച കള്ളപ്രവാചകനെയും, പിടികൂടി എരിയുന്ന ഗന്ധകപ്പൊയ്‌കയിൽ ജീവനോടെ എറിഞ്ഞുകളഞ്ഞു. 21  ശേഷിച്ചവരെ കുതിരപ്പുറത്തിരിക്കുന്നവന്‍റെ വായിൽനിന്നു പുറപ്പെട്ട വാളുകൊണ്ടു കൊന്നുകളഞ്ഞു. സകല പക്ഷികളും അവരുടെ മാംസം തിന്നു തൃപ്‌തിയടഞ്ഞു.

അടിക്കുറിപ്പുകള്‍

വെളി 19:1* എബ്രായയിൽ, ഹല്ലേലൂയ!
വെളി 19:3* എബ്രായയിൽ, ഹല്ലേലൂയ!
വെളി 19:4* എബ്രായയിൽ, ഹല്ലേലൂയ!
വെളി 19:6* എബ്രായയിൽ, ഹല്ലേലൂയ!