കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

വെളിപ്പാടു 16:1-21

16  “നിങ്ങൾ പോയി ദൈവക്രോധത്തിന്‍റെ ഏഴുകലശങ്ങളും ഭൂമിയിലേക്ക് ഒഴിക്കുവിൻ” എന്ന് വിശുദ്ധസ്ഥലത്തുനിന്ന് ഉച്ചത്തിലുള്ള ഒരു സ്വരം ഏഴുദൂതന്മാരോടും പറയുന്നതു ഞാൻ കേട്ടു.  ഒന്നാമൻ ചെന്ന് തന്‍റെ കലശം ഭൂമിയിൽ ഒഴിച്ചു. അപ്പോൾ മൃഗത്തിന്‍റെ മുദ്രയുള്ളവരും അതിന്‍റെ പ്രതിമയെ ആരാധിക്കുന്നവരുമായ മനുഷ്യർക്ക് വേദനാകരമായ വല്ലാത്ത വ്രണങ്ങളുണ്ടായി.  രണ്ടാമൻ തന്‍റെ കലശം സമുദ്രത്തിൽ ഒഴിച്ചു. അപ്പോൾ അത്‌ മരിച്ചവന്‍റെ രക്തംപോലെ ആയി; സമുദ്രത്തിൽ ജീവനുള്ളവയൊക്കെയും* ചത്തുപോയി.  മൂന്നാമൻ തന്‍റെ കലശം നദികളിലും നീരുറവകളിലും ഒഴിച്ചു. അവ രക്തമായിത്തീർന്നു.  അപ്പോൾ ജലത്തിന്‍റെ അധിപനായ ദൂതൻ ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “ആയിരിക്കുന്നവനും ആയിരുന്നവനും വിശ്വസ്‌തനുമായുള്ളോവേ, ഇങ്ങനെ ന്യായംവിധിച്ചതുകൊണ്ട് നീ നീതിമാനാകുന്നു.  അവർ വിശുദ്ധന്മാരുടെയും പ്രവാചകന്മാരുടെയും രക്തം ചൊരിഞ്ഞിരിക്കുകയാൽ നീ അവർക്കു രക്തം കുടിക്കാൻ കൊടുത്തിരിക്കുന്നു; അവർ അത്‌ അർഹിക്കുന്നുതാനും.”  അപ്പോൾ യാഗപീഠവും, “അതെ, സർവശക്തനാംദൈവമായ യഹോവേ, നിന്‍റെ ന്യായത്തീർപ്പുകൾ സത്യസന്ധവും നീതിയുക്തവും ആകുന്നു” എന്നു പറയുന്നതു ഞാൻ കേട്ടു.  നാലാമൻ തന്‍റെ കലശം സൂര്യനിൽ ഒഴിച്ചു. അപ്പോൾ തീകൊണ്ടു മനുഷ്യരെ ചുടാൻ അതിന്‌ അനുവാദം ലഭിച്ചു.  കൊടുഞ്ചൂടിൽ പൊരിഞ്ഞ മനുഷ്യർ ഈ ബാധകളുടെമേൽ അധികാരമുള്ളവനായ ദൈവത്തിന്‍റെ നാമത്തെ ദുഷിച്ചതല്ലാതെ മാനസാന്തരപ്പെട്ട് അവനു മഹത്ത്വം കൊടുക്കാൻ കൂട്ടാക്കിയില്ല. 10  അഞ്ചാമൻ തന്‍റെ കലശം കാട്ടുമൃഗത്തിന്‍റെ സിംഹാസനത്തിൽ ഒഴിച്ചു. അപ്പോൾ അതിന്‍റെ രാജ്യം ഇരുട്ടിലായി. അവർ വേദനയാൽ നാവുകടിച്ചു. 11  അപ്പോഴും അവർ വേദനയും വ്രണങ്ങളുംനിമിത്തം സ്വർഗത്തിലെ ദൈവത്തെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെക്കുറിച്ചു മാനസാന്തരപ്പെട്ടില്ല. 12  ആറാമൻ തന്‍റെ കലശം യൂഫ്രട്ടീസ്‌ മഹാനദിയിൽ ഒഴിച്ചു; അതിലെ വെള്ളം വറ്റിപ്പോയി. അങ്ങനെ, കിഴക്കുനിന്നുള്ള* രാജാക്കന്മാർക്കു വഴിയൊരുക്കപ്പെട്ടു. 13  മഹാസർപ്പത്തിന്‍റെ വായിൽനിന്നും കാട്ടുമൃഗത്തിന്‍റെ വായിൽനിന്നും കള്ളപ്രവാചകന്‍റെ വായിൽനിന്നും മൂന്ന് അശുദ്ധമൊഴികൾ* തവളകളുടെ രൂപത്തിൽ ചാടിവരുന്നതു ഞാൻ കണ്ടു. 14  അവ സർവഭൂതലത്തിലുമുള്ള രാജാക്കന്മാരെ സർവശക്തനായ ദൈവത്തിന്‍റെ മഹാദിവസത്തിലെ യുദ്ധത്തിനു കൂട്ടിച്ചേർക്കേണ്ടതിന്‌ അടയാളങ്ങൾ പ്രവർത്തിച്ചുകൊണ്ട് അവരുടെ അടുക്കലേക്കു പുറപ്പെടുന്ന ഭൂതനിശ്വസ്‌തമൊഴികളത്രേ. 15  “ഇതാ, ഞാൻ കള്ളനെപ്പോലെ വരുന്നു. മറ്റുള്ളവർ തന്‍റെ ലജ്ജ കാണുംവിധം നഗ്നനായി നടക്കേണ്ടിവരാതിരിക്കാൻ ഉണർന്നിരുന്ന് തന്‍റെ ഉടുപ്പു സൂക്ഷിച്ചുകൊള്ളുന്നവൻ ഭാഗ്യവാൻ.” 16  അവ അവരെ എബ്രായഭാഷയിൽ ഹർമ്മഗെദ്ദോൻ എന്നു പേരുള്ള സ്ഥലത്തു കൂട്ടിച്ചേർത്തു. 17  ഏഴാമൻ തന്‍റെ കലശം വായുവിൽ ഒഴിച്ചു. അപ്പോൾ, “എല്ലാം കഴിഞ്ഞിരിക്കുന്നു” എന്നു വിശുദ്ധസ്ഥലത്തെ സിംഹാസനത്തിൽനിന്ന് ഒരു മഹാശബ്ദം ഉണ്ടായി. 18  മിന്നലും ഘോഷവും ഇടിമുഴക്കവും ഭൂമിയിൽ മനുഷ്യൻ ഉണ്ടായതുമുതൽ ഇന്നോളം സംഭവിച്ചിട്ടില്ലാത്തത്ര വലുതും ശക്തവുമായ ഒരു ഭൂകമ്പവും ഉണ്ടായി. 19  മഹാനഗരം മൂന്നായി പിളർന്നു; ജനതകളുടെ നഗരങ്ങളും നശിച്ചുപോയി. തന്‍റെ മഹാക്രോധമദ്യം നിറച്ച പാനപാത്രം മഹതിയാം ബാബിലോണിനു കൊടുക്കേണ്ടതിന്‌ ദൈവം അവളെ ഓർത്തു. 20  ദ്വീപുകളെല്ലാം ഓടിയകന്നു; മലകളും അപ്രത്യക്ഷമായി. 21  ആകാശത്തുനിന്ന് വലിയൊരു കന്മഴയുണ്ടായി; ഒരു താലന്തോളം* കനമുള്ള വലിയ കല്ലുകൾ മനുഷ്യരുടെമേൽ പതിച്ചു. കന്മഴബാധനിമിത്തം മനുഷ്യർ ദൈവത്തെ ദുഷിച്ചു; എന്തെന്നാൽ അത്‌ അത്ര ഭയങ്കരമായിരുന്നു.

അടിക്കുറിപ്പുകള്‍

വെളി 16:3* ഗ്രീക്കിൽ, സൈക്കി
വെളി 16:12* സൂര്യോദയത്തിങ്കൽനിന്നുള്ള
വെളി 16:13* അല്ലെങ്കിൽ, അശുദ്ധാത്മാക്കൾ
വെളി 16:21* ഏകദേശം 20.4 കിലോഗ്രാം