കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

വെളിപ്പാടു 11:1-19

11  അനന്തരം അവൻ ദണ്ഡുപോലുള്ള ഒരു മുഴക്കോൽ എനിക്കു നൽകിയിട്ടു പറഞ്ഞത്‌: “എഴുന്നേറ്റ്‌ ദൈവാലയത്തിന്‍റെ വിശുദ്ധസ്ഥലത്തെയും യാഗപീഠത്തെയും അവിടെ ആരാധിക്കുന്നവരെയും അളക്കുക.  എന്നാൽ വിശുദ്ധസ്ഥലത്തിനു പുറത്തുള്ള പ്രാകാരം അളക്കാതെ വിട്ടേക്കുക; അതു വിജാതീയർക്കു നൽകപ്പെട്ടിരിക്കുന്നു. നാൽപ്പത്തി രണ്ടു മാസം അവർ വിശുദ്ധനഗരത്തെ ചവിട്ടിമെതിക്കും.  ഞാൻ എന്‍റെ രണ്ടുസാക്ഷികളെ അയയ്‌ക്കും; അവർ രട്ടുടുത്ത്‌ ആയിരത്തി ഇരുനൂറ്റി അറുപതു ദിവസം പ്രവചിക്കും.”  ഭൂമിക്കു നാഥനായവന്‍റെ സന്നിധിയിൽ നിൽക്കുന്ന രണ്ട് ഒലിവുവൃക്ഷങ്ങളും രണ്ടുനിലവിളക്കുകളും ഇവരെയത്രേ പ്രതീകപ്പെടുത്തുന്നത്‌.  ആരെങ്കിലും അവരെ ഉപദ്രവിക്കാൻ മുതിർന്നാൽ അവരുടെ വായിൽനിന്നു തീ പുറപ്പെട്ട് ആ ശത്രുക്കളെ ദഹിപ്പിച്ചുകളയും. അവർക്കു ദോഷം വരുത്താൻ തുനിയുന്നവനൊക്കെയും ഇങ്ങനെ മരിക്കേണ്ടിവരും.  തങ്ങളുടെ പ്രവചനകാലത്ത്‌ മഴ പെയ്യാത്തവിധം ആകാശം അടച്ചുകളയുവാൻ ഇവർക്ക് അധികാരമുണ്ട്. വെള്ളം രക്തമാക്കാനും ആഗ്രഹിക്കുമ്പോഴൊക്കെ സകലവിധ ബാധകളാലും ഭൂമിയെ ദണ്ഡിപ്പിക്കാനുമുള്ള അധികാരവും ഇവർക്കുണ്ട്.  അവർ തങ്ങളുടെ സാക്ഷ്യവേല തികച്ചുകഴിയുമ്പോൾ അഗാധത്തിൽനിന്നു കയറിവരുന്ന കാട്ടുമൃഗം അവരോടു പടവെട്ടി അവരെ കീഴടക്കി കൊന്നുകളയും.  ആലങ്കാരികമായി സൊദോം എന്നും ഈജിപ്‌റ്റ്‌ എന്നും വിളിക്കുന്ന മഹാനഗരത്തിന്‍റെ വീഥിയിൽ അവരുടെ ശവങ്ങൾ കിടക്കും; അവരുടെ കർത്താവ്‌ സ്‌തംഭത്തിൽ തറയ്‌ക്കപ്പെട്ടതും ഇവിടെവെച്ചത്രേ.  സകല വംശങ്ങളിലും ഗോത്രങ്ങളിലും ഭാഷകളിലും ജനതകളിലും നിന്നുള്ളവർ മൂന്നരദിവസം ആ മൃതശരീരങ്ങൾ കാണും; അവ കല്ലറയിൽവെക്കാൻ അവർ അനുവദിക്കുകയില്ല. 10  ഈ രണ്ടുപ്രവാചകന്മാരും ഭൂമിയിൽ വസിക്കുന്നവരെ ദണ്ഡിപ്പിച്ചവരാകയാൽ ഭൂവാസികൾ അവരുടെ മരണത്തിൽ സന്തോഷിച്ചാനന്ദിക്കുകയും അന്യോന്യം സമ്മാനങ്ങൾ കൊടുത്തയയ്‌ക്കുകയും ചെയ്യും. 11  മൂന്നരദിവസം കഴിഞ്ഞപ്പോൾ ദൈവത്തിൽനിന്നുള്ള ജീവാത്മാവ്‌ അവരിൽ പ്രവേശിച്ചു; അവർ എഴുന്നേറ്റുനിന്നു. അവരെ കണ്ടവരൊക്കെയും ഭയപരവശരായി. 12  അനന്തരം സ്വർഗത്തിൽനിന്ന് ഒരു മഹാശബ്ദം, “ഇവിടെ കയറിവരുവിൻ” എന്നു പറയുന്നത്‌ അവർ കേട്ടു. അപ്പോൾ അവർ മേഘത്തിൽ സ്വർഗത്തിലേക്കു കയറിപ്പോയി. അവരുടെ ശത്രുക്കൾ അവരെ നോക്കിനിന്നു. 13  ആ നാഴികയിൽത്തന്നെ വലിയൊരു ഭൂകമ്പം ഉണ്ടായി; നഗരത്തിന്‍റെ പത്തിലൊന്ന് ഇടിഞ്ഞുവീണു. ഭൂകമ്പത്തിൽ ഏഴായിരംപേർ കൊല്ലപ്പെട്ടു. ശേഷിച്ചവർ ഭയപരവശരായി സ്വർഗത്തിലെ ദൈവത്തെ മഹത്ത്വപ്പെടുത്തി. 14  രണ്ടാമത്തെ കഷ്ടം കഴിഞ്ഞു. ഇതാ, മൂന്നാമത്തെ കഷ്ടം വേഗം വരുന്നു! 15  ഏഴാം ദൂതൻ കാഹളം ഊതി. അപ്പോൾ, “ലോകരാജത്വം നമ്മുടെ കർത്താവിനും അവന്‍റെ ക്രിസ്‌തുവിനും ആയിരിക്കുന്നു. അവൻ എന്നുമെന്നേക്കും രാജാവായി വാഴും” എന്നു സ്വർഗത്തിൽനിന്ന് ഒരു മഹാഘോഷം ഉണ്ടായി. 16  ദൈവസന്നിധിയിൽ സിംഹാസനങ്ങളിലിരിക്കുന്ന ഇരുപത്തി നാലു മൂപ്പന്മാർ സാഷ്ടാംഗം വീണ്‌ ദൈവത്തെ ആരാധിച്ചുകൊണ്ടു പറഞ്ഞത്‌: 17  “സർവശക്തനാംദൈവമായ യഹോവേ, ആയിരിക്കുന്നവനും ആയിരുന്നവനുമായുള്ളോവേ, ഞങ്ങൾ നിനക്കു നന്ദിയർപ്പിക്കുന്നു; നീ നിന്‍റെ മഹാശക്തി പ്രയോഗിക്കാനും രാജാവായി വാഴാനും തുടങ്ങിയിരിക്കുന്നുവല്ലോ. 18  ജനതകൾ ക്രുദ്ധിച്ചു; നിന്‍റെ ക്രോധവും വന്നു. മരിച്ചവരെ ന്യായംവിധിക്കാനും നിന്‍റെ ദാസന്മാരായ പ്രവാചകന്മാർക്കും വിശുദ്ധന്മാർക്കും നിന്‍റെ നാമത്തെ ആദരിക്കുന്നവരായ ചെറിയവർക്കും വലിയവർക്കും പ്രതിഫലം നൽകാനും ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കാനുമുള്ള സമയവും വന്നെത്തി.” 19  അപ്പോൾ സ്വർഗത്തിലെ ദൈവാലയത്തിന്‍റെ വിശുദ്ധസ്ഥലം തുറക്കപ്പെട്ടു; അവിടെ അവന്‍റെ ഉടമ്പടിപ്പെട്ടകം പ്രത്യക്ഷമായി. മിന്നലും ഘോഷവും ഇടിമുഴക്കവും ഭൂകമ്പവും വലിയ കന്മഴയും ഉണ്ടായി.

അടിക്കുറിപ്പുകള്‍