കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

വെളിപ്പാടു 1:1-20

1  യേശുക്രിസ്‌തുവിന്‍റെ വെളിപാട്‌: വേഗത്തിൽ സംഭവിക്കാനുള്ളത്‌ തന്‍റെ ദാസന്മാരെ കാണിക്കേണ്ടതിന്‌ ദൈവം അത്‌ അവനു കൊടുത്തു. അവൻ തന്‍റെ ദൂതൻ മുഖാന്തരം അടയാളങ്ങളാൽ ദാസനായ യോഹന്നാന്‌ അത്‌ കാണിച്ചുകൊടുത്തു.  ദൈവത്തിന്‍റെ വചനവും യേശുക്രിസ്‌തുവിന്‍റെ സാക്ഷ്യവും ഉൾപ്പെടെ താൻ കണ്ടതൊക്കെയും അവൻ സാക്ഷ്യപ്പെടുത്തി.  ഈ പ്രവചനത്തിന്‍റെ വാക്കുകൾ വായിച്ചുകേൾപ്പിക്കുന്നവനും അവ കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാർ; എന്തെന്നാൽ നിശ്ചയിക്കപ്പെട്ട സമയം അടുത്തിരിക്കുന്നു.  ഏഷ്യാപ്രവിശ്യയിലെ ഏഴുസഭകൾക്കും യോഹന്നാൻ എഴുതുന്നത്‌: “ആയിരിക്കുന്നവനും ആയിരുന്നവനും വരുന്നവനും” ആയവനിൽനിന്നും അവന്‍റെ സിംഹാസനത്തിന്‍റെ മുമ്പിലുള്ള ഏഴ്‌ ആത്മാക്കളിൽനിന്നും,*  ‘വിശ്വസ്‌ത സാക്ഷിയും’ ‘മരിച്ചവരിൽനിന്നുള്ള ആദ്യജാതനും’ ‘ഭൂരാജാക്കന്മാർക്ക് അധിപതിയും’ ആയ യേശുക്രിസ്‌തുവിൽനിന്നും നിങ്ങൾക്ക് കൃപയും* സമാധാനവും ഉണ്ടാകുമാറാകട്ടെ. നമ്മെ സ്‌നേഹിക്കുന്നവനും സ്വന്തരക്തത്താൽ നമ്മെ പാപങ്ങളിൽനിന്നു മോചിപ്പിച്ച്  തന്‍റെ ദൈവവും പിതാവുമായവന്‌ നമ്മെ ഒരു രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന്‌ എന്നേക്കും മഹത്ത്വവും ശക്തിയും. ആമേൻ.  ഇതാ, അവൻ വാനമേഘങ്ങളിൽ വരുന്നു. എല്ലാ കണ്ണുകളും അവനെ കുത്തിത്തുളച്ചവരും അവനെ കാണും. ഭൂമിയിലെ ഗോത്രങ്ങളൊക്കെയും അവൻനിമിത്തം മാറത്തടിച്ചു വിലപിക്കും. ഉവ്വ്, ആമേൻ.  “ഞാൻ ആൽഫയും ഒമേഗയും* ആകുന്നു” എന്ന് ദൈവമായ യഹോവ അരുളിച്ചെയ്യുന്നു; “ആയിരിക്കുന്നവനും ആയിരുന്നവനും വരുന്നവനുമായ സർവശക്തൻതന്നെ.”  നിങ്ങളുടെ സഹോദരനും യേശുവിന്‍റെ കഷ്ടത്തിലും രാജ്യത്തിലും സഹിഷ്‌ണുതയിലും നിങ്ങളുടെ കൂട്ടാളിയുമായ യോഹന്നാൻ എന്ന ഞാൻ ദൈവത്തെക്കുറിച്ചു പ്രസംഗിക്കുകയാലും യേശുവിനെക്കുറിച്ചു സാക്ഷ്യം നൽകുകയാലും പത്മൊസ്‌ എന്ന ദ്വീപിലായിരുന്നു. 10  ദൈവാത്മാവിനാൽ ഞാൻ കർത്തൃദിവസത്തിലായി. 11  “നീ കാണുന്നത്‌ ഒരു ചുരുളിൽ എഴുതി എഫെസൊസ്‌, സ്‌മുർന്ന, പെർഗമൊസ്‌, തുയഥൈര, സർദിസ്‌, ഫിലദെൽഫ്യ, ലവൊദിക്യ എന്നീ ഏഴുസഭകൾക്കും അയയ്‌ക്കുക” എന്നിങ്ങനെ കാഹളനാദത്തിനൊത്ത ഒരു ഗംഭീരശബ്ദം എന്‍റെ പിന്നിൽ ഞാൻ കേട്ടു. 12  എന്നോടു സംസാരിക്കുന്ന ശബ്ദം ആരുടേതെന്ന് അറിയാൻ ഞാൻ തിരിഞ്ഞുനോക്കി. അപ്പോൾ ഏഴുപൊൻനിലവിളക്കുകൾ ഞാൻ കണ്ടു; 13  നിലവിളക്കുകൾക്കു നടുവിൽ, നിലയങ്കിയണിഞ്ഞ് മാറത്തു പൊൻകച്ച കെട്ടി മനുഷ്യപുത്രനോടു സദൃശനായ ഒരുവൻ നിന്നിരുന്നു. 14  അവന്‍റെ തലയും തലമുടിയും വെൺകമ്പിളിപോലെയും വെൺമഞ്ഞുപോലെയും ധവളാഭമായിരുന്നു; കണ്ണുകൾ തീജ്വാലയ്‌ക്കു സമവും. 15  അവന്‍റെ പാദങ്ങൾ ഉലയിൽ ചുട്ടുപഴുത്തിരിക്കുന്ന ശുദ്ധതാമ്രംപോലെയും അവന്‍റെ ശബ്ദം പെരുവെള്ളത്തിന്‍റെ ഇരമ്പൽപോലെയും ആയിരുന്നു. 16  അവന്‍റെ വലങ്കൈയിൽ ഏഴുനക്ഷത്രങ്ങൾ ഉണ്ടായിരുന്നു; വായിൽനിന്ന് മൂർച്ചയേറിയ, നീളമുള്ള ഒരു ഇരുവായ്‌ത്തലവാൾ പുറപ്പെട്ടിരുന്നു. അവന്‍റെ മുഖം ഉജ്ജ്വലപ്രഭ ചൊരിയുന്ന സൂര്യനെപ്പോലെ ആയിരുന്നു. 17  അവനെ കണ്ടിട്ട് ഞാൻ മരിച്ചവനെപ്പോലെ അവന്‍റെ കാൽക്കൽ വീണു. അവൻ തന്‍റെ വലങ്കൈ എന്‍റെ മേൽവെച്ചുകൊണ്ട് എന്നോടു പറഞ്ഞത്‌: “ഭയപ്പെടേണ്ട. ഞാൻ ആദ്യനും അന്ത്യനും 18  ജീവിക്കുന്നവനും ആകുന്നു. ഞാൻ മരിച്ചവനായിരുന്നു. ഇപ്പോഴിതാ, എന്നെന്നേക്കുമായി ജീവിച്ചിരിക്കുന്നു. മരണത്തിന്‍റെയും പാതാളത്തിന്‍റെയും* താക്കോലുകൾ എന്‍റെ പക്കലുണ്ട്. 19  ആകയാൽ നീ കണ്ടതും ഇപ്പോൾ സംഭവിക്കുന്നതും ഇനി സംഭവിക്കാനിരിക്കുന്നതുമായ കാര്യങ്ങൾ എഴുതിക്കൊള്ളുക. 20  എന്‍റെ വലങ്കൈയിൽ നീ കണ്ട ഏഴുനക്ഷത്രങ്ങളെയും ഏഴുപൊൻനിലവിളക്കുകളെയും സംബന്ധിക്കുന്ന പാവനരഹസ്യം ഇതാകുന്നു: ഏഴുനക്ഷത്രങ്ങൾ ഏഴുസഭകളുടെ ദൂതന്മാർ; ഏഴുനിലവിളക്കുകളാകട്ടെ ഏഴുസഭകളും.

അടിക്കുറിപ്പുകള്‍

വെളി 1:4* അനുബന്ധം 8 കാണുക.
വെളി 1:5യോഹന്നാൻ 1:14-ന്‍റെ അടിക്കുറിപ്പു കാണുക.
വെളി 1:8* ഗ്രീക്ക് അക്ഷരമാലയിലെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങളാണ്‌ ആൽഫയും ഒമേഗയും.
വെളി 1:18* അനുബന്ധം 9 കാണുക.