കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

ലൂക്കൊസ്‌ 9:1-62

9  പിന്നെ അവൻ പന്തിരുവരെ വിളിച്ചുകൂട്ടി സകല ഭൂതങ്ങളെയും പുറത്താക്കാനും രോഗങ്ങൾ സുഖപ്പെടുത്താനും അവർക്കു ശക്തിയും അധികാരവും നൽകി.  അങ്ങനെ, അവൻ അവരെ ദൈവരാജ്യം പ്രസംഗിക്കാനും സൗഖ്യംവരുത്താനുമായി അയച്ചു.  അവൻ അവരോടു പറഞ്ഞത്‌: “യാത്രയ്‌ക്കു വടിയോ സഞ്ചിയോ അപ്പമോ പണമോ* ഒന്നും എടുക്കരുത്‌. ഒന്നിലധികം വസ്‌ത്രങ്ങളും അരുത്‌.  നിങ്ങൾ ഏതെങ്കിലും ഒരു വീട്ടിൽ ചെന്നാൽ അവിടം വിട്ട് പോകുന്നതുവരെ ആ വീട്ടിൽത്തന്നെ പാർക്കുക.  എവിടെയെങ്കിലും ആളുകൾ നിങ്ങളെ സ്വീകരിക്കാതെ വന്നാൽ ആ പട്ടണം വിട്ട് പോകുമ്പോൾ അവർക്കെതിരെ ഒരു സാക്ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി കുടഞ്ഞുകളയുക.”  അങ്ങനെ, അവർ പുറപ്പെട്ട് എങ്ങും സുവിശേഷം ഘോഷിച്ചും സൗഖ്യംവരുത്തിയുംകൊണ്ട് ഗ്രാമങ്ങൾതോറും സഞ്ചരിച്ചു.  സംഭവിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് ഇടപ്രഭുവായ* ഹെരോദാവ്‌ കേട്ടപ്പോൾ അവൻ വല്ലാതെ പരിഭ്രമിച്ചു; എന്തെന്നാൽ യോഹന്നാൻ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിക്കപ്പെട്ടെന്നു ചിലരും  ഏലിയാവ്‌ പ്രത്യക്ഷനായെന്നു മറ്റു ചിലരും പുരാതന പ്രവാചകന്മാരിൽ ഒരുവൻ എഴുന്നേറ്റെന്നു വേറെ ചിലരും പറയുന്നുണ്ടായിരുന്നു.  “യോഹന്നാനെ ഞാൻ ശിരച്ഛേദം ചെയ്‌തുവല്ലോ. പിന്നെ ആരെപ്പറ്റിയാണു ഞാൻ ഇക്കാര്യങ്ങൾ കേൾക്കുന്നത്‌?” എന്നു ഹെരോദാവ്‌ ചോദിച്ചു. അവൻ യേശുവിനെ കാണാൻ ആഗ്രഹിച്ചു. 10  അപ്പൊസ്‌തലന്മാർ മടങ്ങിയെത്തി തങ്ങൾ ചെയ്‌തതൊക്കെയും അവനോടു വിവരിച്ചു. അനന്തരം അവൻ അവരെ കൂട്ടിക്കൊണ്ടു ബേത്ത്‌സയിദ എന്ന പട്ടണത്തിലേക്കു വേറിട്ടുപോയി. 11  ജനക്കൂട്ടം അതറിഞ്ഞിട്ട് അവന്‍റെ പിന്നാലെ ചെന്നു. അവൻ കനിവോടെ അവരെ കൈക്കൊണ്ട് അവരോടു ദൈവരാജ്യത്തെക്കുറിച്ചു സംസാരിക്കുകയും രോഗസൗഖ്യം വേണ്ടിയിരുന്നവരെ സുഖപ്പെടുത്തുകയും ചെയ്‌തു. 12  വൈകുന്നേരമായപ്പോൾ പന്തിരുവർ അവന്‍റെ അടുക്കൽ വന്ന് അവനോട്‌, “ജനത്തെ പറഞ്ഞയച്ചാലും. അവർ ചുറ്റുമുള്ള ഗ്രാമങ്ങളിലും നാട്ടിൻപുറത്തും ചെന്ന് താമസിക്കാനുള്ള ഇടവും ഭക്ഷണസാധനങ്ങളും കണ്ടെത്തട്ടെ. ഇതൊരു വിജനസ്ഥലമാണല്ലോ” എന്നു പറഞ്ഞു. 13  അവനോ അവരോട്‌, “നിങ്ങൾ അവർക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്കുക” എന്നു പറഞ്ഞു. “അഞ്ച് അപ്പവും രണ്ടുമീനും മാത്രമേ ഞങ്ങളുടെ പക്കലുള്ളൂ. ഈ ജനത്തിനെല്ലാം ഭക്ഷണം നൽകണമെങ്കിൽ ഞങ്ങൾ പോയി വാങ്ങേണ്ടിവരും” എന്ന് അവർ പ്രതിവചിച്ചു. 14  അവിടെ പുരുഷന്മാർതന്നെ ഏകദേശം അയ്യായിരംപേർ ഉണ്ടായിരുന്നു. അവൻ ശിഷ്യന്മാരോട്‌, “അവരെ ഏകദേശം അൻപതുപേർ വീതമുള്ള പന്തികളായി ഇരുത്തുക” എന്നു പറഞ്ഞു. 15  അവർ അങ്ങനെചെയ്‌തു; എല്ലാവരെയും ഇരുത്തി. 16  പിന്നെ അവൻ അഞ്ച് അപ്പവും രണ്ടുമീനും എടുത്ത്‌ സ്വർഗത്തിലേക്കു നോക്കി അവയുടെമേൽ അനുഗ്രഹത്തിനായി പ്രാർഥിച്ചു. എന്നിട്ട് അവൻ അവ നുറുക്കി, വിളമ്പാനായി ശിഷ്യന്മാരെ ഏൽപ്പിച്ചു. 17  അവർ എല്ലാവരും തിന്നുതൃപ്‌തരായി; മിച്ചമുള്ള കഷണങ്ങൾ അവർ ശേഖരിച്ചു; അതു പന്ത്രണ്ടുകൊട്ട ഉണ്ടായിരുന്നു. 18  പിന്നീട്‌ അവൻ തനിച്ചു പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ ശിഷ്യന്മാർ എല്ലാവരുംകൂടെ അവന്‍റെ അടുക്കൽ വന്നു. അവൻ അവരോട്‌, “ഞാൻ ആരാണെന്നാണു ജനം പറയുന്നത്‌?” എന്നു ചോദിച്ചതിന്‌ അവർ, 19  “യോഹന്നാൻ സ്‌നാപകൻ എന്നു ചിലരും ഏലിയാവ്‌ എന്ന് മറ്റു ചിലരും പുരാതന പ്രവാചകന്മാരിൽനിന്ന് ഉയിർത്തെഴുന്നേറ്റ ഒരുവൻ എന്ന് വേറെ ചിലരും പറയുന്നു” എന്ന് ഉത്തരം നൽകി. 20  അപ്പോൾ അവൻ അവരോട്‌, “എന്നാൽ ഞാൻ ആരാണെന്നാണു നിങ്ങൾ പറയുന്നത്‌?” എന്നു ചോദിച്ചു. അതിനു പത്രോസ്‌, “ദൈവത്തിന്‍റെ ക്രിസ്‌തു”* എന്നു മറുപടി പറഞ്ഞു. 21  ഇത്‌ ആരോടും പറയരുതെന്ന് അവൻ അവരോടു കർശനമായി കൽപ്പിച്ചു. 22  എന്നിട്ട് അവൻ അവരോട്‌, “മനുഷ്യപുത്രൻ വളരെ കഷ്ടം സഹിക്കുകയും മൂപ്പന്മാർ, മുഖ്യപുരോഹിതന്മാർ, ശാസ്‌ത്രിമാർ എന്നിവരാൽ തിരസ്‌കരിക്കപ്പെട്ട് കൊല്ലപ്പെടുകയും മൂന്നാംനാൾ ഉയിർപ്പിക്കപ്പെടുകയും വേണം” എന്നു പറഞ്ഞു. 23  പിന്നെ അവൻ എല്ലാവരോടുമായി പറഞ്ഞത്‌: “എന്‍റെ അനുഗാമിയാകാൻ ആഗ്രഹിക്കുന്നവൻ തന്നെത്തന്നെ ത്യജിച്ച് തന്‍റെ ദണ്ഡനസ്‌തംഭമെടുത്ത്‌ സദാ എന്നെ പിന്തുടരട്ടെ. 24  ആരെങ്കിലും തന്‍റെ ജീവൻ രക്ഷിക്കാൻ ആഗ്രഹിച്ചാൽ അവൻ അതു നഷ്ടപ്പെടുത്തും. എന്നാൽ ആരെങ്കിലും എനിക്കുവേണ്ടി തന്‍റെ ജീവൻ നഷ്ടപ്പെടുത്തിയാൽ അവൻ അതു രക്ഷിക്കും. 25  വാസ്‌തവത്തിൽ, ഒരു മനുഷ്യൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ജീവൻ നഷ്ടമാക്കിക്കളയുകയോ തനിക്കുതന്നെ ചേതംവരുത്തുകയോ ചെയ്‌താൽ എന്തു പ്രയോജനം? 26  ആരെങ്കിലും എന്നെയും എന്‍റെ വചനങ്ങളെയുംകുറിച്ചു ലജ്ജിച്ചാൽ മനുഷ്യപുത്രൻ തന്‍റെയും തന്‍റെ പിതാവിന്‍റെയും വിശുദ്ധദൂതന്മാരുടെയും മഹത്ത്വത്തിൽ വരുമ്പോൾ അവനെക്കുറിച്ചും ലജ്ജിക്കും. 27  ദൈവരാജ്യം ദർശിക്കുംവരെ മരണം കാണുകയില്ലാത്ത ചിലർ ഇവിടെ നിൽക്കുന്നവരിലുണ്ട് എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.” 28  ഇതു പറഞ്ഞിട്ട് ഏകദേശം എട്ടുദിവസം കഴിഞ്ഞ് അവൻ പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ടു പ്രാർഥിക്കാനായി മലയിലേക്കു കയറിപ്പോയി. 29  അവൻ പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ അവന്‍റെ മുഖം പ്രശോഭിച്ചു; വസ്‌ത്രം തിളങ്ങുന്ന വെണ്മയുള്ളതായി. 30  രണ്ടുപുരുഷന്മാർ അവനോടു സംഭാഷിച്ചുകൊണ്ടിരുന്നു; അത്‌ മോശയും ഏലിയാവും ആയിരുന്നു. 31  തേജസ്സോടെ പ്രത്യക്ഷരായ അവർ യെരുശലേമിൽവെച്ചു സംഭവിക്കാനിരുന്ന അവന്‍റെ വേർപാടിനെക്കുറിച്ചായിരുന്നു സംസാരിച്ചത്‌. 32  പത്രോസും കൂടെയുള്ളവരും മയങ്ങുകയായിരുന്നു; ഉണർന്നപ്പോൾ അവർ അവന്‍റെ തേജസ്സും അവനോടുകൂടെ രണ്ടുപുരുഷന്മാർ നിൽക്കുന്നതും കണ്ടു. 33  അവർ അവനെ വിട്ട് പോകാൻ തുടങ്ങുമ്പോൾ പത്രോസ്‌ യേശുവിനോട്‌, “ഗുരോ, ഞങ്ങൾ ഇവിടെ ആയിരിക്കുന്നതു നല്ലത്‌. അതുകൊണ്ട് ഞങ്ങൾ മൂന്നുകൂടാരം ഉണ്ടാക്കട്ടെ, ഒന്നു നിനക്കും ഒന്നു മോശയ്‌ക്കും ഒന്ന് ഏലിയാവിനും” എന്നു പറഞ്ഞു. താൻ എന്താണു പറയുന്നതെന്ന് അവനുതന്നെ അറിയില്ലായിരുന്നു. 34  അവൻ ഇതു പറയുമ്പോൾ ഒരു മേഘം രൂപപ്പെട്ട് അവരുടെമേൽ നിഴലിട്ടു. മേഘത്തിനുള്ളിലായപ്പോൾ അവർ ഭയന്നുപോയി. 35  “ഇവൻ എന്‍റെ പ്രിയപുത്രൻ; ഞാൻ തിരഞ്ഞെടുത്തിരിക്കുന്നവൻതന്നെ. ഇവനു ശ്രദ്ധകൊടുക്കുവിൻ” എന്നു മേഘത്തിൽനിന്ന് ഒരു ശബ്ദവുമുണ്ടായി. 36  ഈ ശബ്ദമുണ്ടായപ്പോൾ അവർ യേശുവിനെ മാത്രമേ കണ്ടുള്ളൂ. തങ്ങൾ കണ്ടതൊന്നും ആ നാളുകളിൽ അവർ ആരോടും പറഞ്ഞില്ല. 37  പിറ്റേന്ന് അവർ മലയിൽനിന്ന് ഇറങ്ങിവരുമ്പോൾ വലിയൊരു ജനക്കൂട്ടം അവനെ എതിരേറ്റു. 38  ജനക്കൂട്ടത്തിൽനിന്ന് ഒരു മനുഷ്യൻ നിലവിളിച്ചുകൊണ്ട് അവനോട്‌, “ഗുരോ, എന്‍റെ മകനെ കടാക്ഷിക്കേണമേ; അവൻ എന്‍റെ ഏകമകൻ. 39  ഒരു ദുരാത്മാവ്‌ അവനെ പിടികൂടുകയും അവൻ ഞെട്ടി നിലവിളിക്കുകയും ചെയ്യുന്നു. വായിൽനിന്നു നുരയും പതയും വരുന്നതുവരെ അത്‌ അവനെ ഞെളിപിരികൊള്ളിക്കുന്നു. അത്‌ അവനെ പരിക്കേൽപ്പിച്ചശേഷവും വിട്ടൊഴിയാറില്ല. 40  അതിനെ പുറത്താക്കാൻ ഞാൻ നിന്‍റെ ശിഷ്യന്മാരോട്‌ അപേക്ഷിച്ചെങ്കിലും അവർക്കു കഴിഞ്ഞില്ല” എന്നു പറഞ്ഞു. 41  അപ്പോൾ യേശു, “അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, ഞാൻ എത്രകാലം നിങ്ങളോടുകൂടെ ഇരിക്കണം? എത്രകാലം ഞാൻ നിങ്ങളെ സഹിക്കണം? നിന്‍റെ മകനെ ഇവിടെ കൊണ്ടുവരുക” എന്നു പറഞ്ഞു. 42  അവൻ വരുമ്പോൾത്തന്നെ ഭൂതം അവനെ നിലത്തു തള്ളിയിട്ടു; അവൻ അവിടെക്കിടന്നു വല്ലാതെ ഞെട്ടിപ്പിടഞ്ഞു. യേശുവോ അശുദ്ധാത്മാവിനെ ശാസിച്ചു; ബാലനെ സുഖപ്പെടുത്തി അവന്‍റെ അപ്പന്‌ ഏൽപ്പിച്ചുകൊടുത്തു. 43  ദൈവത്തിന്‍റെ മഹാശക്തിയിൽ എല്ലാവരും വിസ്‌മയിച്ചു. അവൻ ചെയ്‌തുകൊണ്ടിരുന്ന കാര്യങ്ങളെക്കുറിച്ചെല്ലാം ആളുകൾ വിസ്‌മയത്തോടെ സംസാരിച്ചുകൊണ്ടിരിക്കെ അവൻ ശിഷ്യന്മാരോട്‌, 44  “ഈ വാക്കുകൾ നിങ്ങൾ ശ്രദ്ധിച്ചു കേട്ടുകൊള്ളുവിൻ: മനുഷ്യപുത്രൻ മനുഷ്യരുടെ കൈകളിൽ ഏൽപ്പിക്കപ്പെടേണ്ടതാകുന്നു” എന്നു പറഞ്ഞു. 45  അവരോ അവൻ പറഞ്ഞതെന്തെന്നു ഗ്രഹിച്ചില്ല. ഗ്രഹിക്കാൻ സാധിക്കാത്തവിധം അത്‌ അവരിൽനിന്നു മറയ്‌ക്കപ്പെട്ടിരുന്നു. അതേപ്പറ്റി അവനോടു ചോദിക്കാനും അവർക്കു ഭയമായിരുന്നു. 46  തങ്ങളിൽ ഏറ്റവും വലിയവൻ ആരാണ്‌ എന്നതിനെച്ചൊല്ലി അവർക്കിടയിൽ ഒരു തർക്കം ഉണ്ടായി. 47  യേശു അവരുടെ ഹൃദയവിചാരം അറിഞ്ഞിട്ട് ഒരു കൊച്ചുകുട്ടിയെ എടുത്ത്‌ തന്‍റെ അരികെ നിറുത്തിയിട്ട് അവരോട്‌, 48  “ഈ ശിശുവിനെ എന്‍റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെയും കൈക്കൊള്ളുന്നു. എന്നെ കൈക്കൊള്ളുന്നവനോ എന്നെ അയച്ചവനെയും കൈക്കൊള്ളുന്നു. നിങ്ങളിൽ തന്നെത്തന്നെ ചെറിയവനായി കരുതുന്നവനത്രേ വലിയവൻ” എന്നു പറഞ്ഞു. 49  അപ്പോൾ യോഹന്നാൻ അവനോട്‌, “ഗുരോ, ഒരു മനുഷ്യൻ നിന്‍റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു; അവൻ ഞങ്ങളോടൊപ്പം നിന്നെ അനുഗമിക്കാത്തതിനാൽ ഞങ്ങൾ അവനെ വിലക്കി” എന്ന് അറിയിച്ചു. 50  എന്നാൽ യേശു അവനോട്‌, “അവനെ വിലക്കേണ്ട; എന്തെന്നാൽ നിങ്ങൾക്ക് എതിരല്ലാത്തവൻ നിങ്ങൾക്കുള്ളവനാകുന്നു” എന്നു പറഞ്ഞു. 51  തന്‍റെ ആരോഹണത്തിനുള്ള സമയം അടുത്തപ്പോൾ അവൻ യെരുശലേമിലേക്കു പോകാൻ ഉറച്ചു. 52  അവൻ തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു. അവനുവേണ്ടി ഒരുക്കങ്ങൾ നടത്തേണ്ടതിന്‌ അവർ ഒരു ശമര്യഗ്രാമത്തിൽ ചെന്നു. 53  എന്നാൽ അവൻ യെരുശലേമിലേക്കു പോകാനാണ്‌ തീരുമാനിച്ചിരിക്കുന്നതെന്ന് അറിഞ്ഞപ്പോൾ അവനെ കൈക്കൊള്ളാൻ അവർ തയ്യാറായില്ല. 54  ഇതുകണ്ട് ശിഷ്യന്മാരായ യാക്കോബും യോഹന്നാനും, “കർത്താവേ, ആകാശത്തുനിന്ന് തീ ഇറങ്ങി അവരെ നശിപ്പിക്കാൻ ഞങ്ങൾ ആജ്ഞാപിക്കട്ടെയോ?” എന്നു ചോദിച്ചു. 55  അവനോ തിരിഞ്ഞ് അവരെ ശാസിച്ചു. 56  പിന്നെ അവർ വേറൊരു ഗ്രാമത്തിലേക്കു പോയി. 57  അവർ പോകുമ്പോൾ ഒരുവൻ അവനോട്‌, “നീ പോകുന്നിടത്തൊക്കെയും ഞാൻ നിന്നെ അനുഗമിക്കും” എന്നു പറഞ്ഞു. 58  യേശു അവനോട്‌, “കുറുനരികൾക്കു മാളങ്ങളും ആകാശത്തിലെ പക്ഷികൾക്കു കൂടുകളുമുണ്ട്; മനുഷ്യപുത്രനോ തലചായ്‌ക്കാൻ ഇടമില്ല” എന്നു പറഞ്ഞു. 59  മറ്റൊരുവനോട്‌ യേശു, “എന്നെ അനുഗമിക്കുക” എന്നു പറഞ്ഞപ്പോൾ അവൻ, “ആദ്യം പോയി എന്‍റെ അപ്പനെ അടക്കംചെയ്യാൻ എന്നെ അനുവദിച്ചാലും” എന്നു പറഞ്ഞു. 60  അവൻ അവനോട്‌, “മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കട്ടെ; നീയോ പോയി ദൈവരാജ്യം ഘോഷിക്കുക” എന്നു പറഞ്ഞു. 61  വേറൊരുവനാകട്ടെ, “കർത്താവേ, ഞാൻ നിന്നെ അനുഗമിക്കാം; എന്നാൽ ആദ്യം പോയി വീട്ടിലുള്ളവരോടു യാത്രചോദിക്കാൻ എന്നെ അനുവദിച്ചാലും” എന്നു പറഞ്ഞു. 62  യേശുവോ അവനോട്‌, “കലപ്പയ്‌ക്കു കൈവെച്ചിട്ടു തിരിഞ്ഞുനോക്കുന്ന ആരും ദൈവരാജ്യത്തിനു കൊള്ളാവുന്നവനല്ല” എന്നു പറഞ്ഞു.

അടിക്കുറിപ്പുകള്‍

ലൂക്കോ 9:3* അതായത്‌, വെള്ളിപ്പണം
ലൂക്കോ 9:7* പ്രവിശ്യയുടെ നാലിലൊരു ഭാഗത്തിന്‍റെ ഭരണാധികാരി
ലൂക്കോ 9:20* അഭിഷിക്തൻ എന്നർഥം.