കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

ലൂക്കൊസ്‌ 8:1-56

8  അനന്തരം അവൻ ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിച്ചും ഘോഷിച്ചുംകൊണ്ട് പന്തിരുവരോടൊപ്പം പട്ടണന്തോറും ഗ്രാമന്തോറും സഞ്ചരിച്ചു.  ദുഷ്ടാത്മാക്കളിൽനിന്നും രോഗങ്ങളിൽനിന്നും മുക്തിനേടിയ ചില സ്‌ത്രീകളും ഏഴുഭൂതങ്ങൾ വിട്ടുപോയവളായ മഗ്‌ദലന മറിയയും  ഹെരോദാവിന്‍റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും സൂസന്നയും മറ്റനേകം സ്‌ത്രീകളും അവനോടൊപ്പം ഉണ്ടായിരുന്നു. അവർ തങ്ങളുടെ സ്വത്തുക്കൾകൊണ്ട് അവരെ ഉപചരിച്ചുപോന്നു.  യേശു പോകുന്ന പട്ടണങ്ങളിലൊക്കെയും അവനെ തേടിയെത്തിയിരുന്നവർ ഉൾപ്പെടെ വലിയൊരു പുരുഷാരം കൂടിവന്നപ്പോൾ ഒരു ദൃഷ്ടാന്തത്തിലൂടെ അവൻ പറഞ്ഞത്‌:  “ഒരു വിതക്കാരൻ വിത്തു വിതയ്‌ക്കാൻ പുറപ്പെട്ടു. വിതയ്‌ക്കുമ്പോൾ അവയിൽ കുറെ വഴിയരികെ വീണിട്ട് ആളുകൾ ചവിട്ടിക്കളയുകയും ആകാശത്തിലെ പക്ഷികൾ തിന്നുകളയുകയും ചെയ്‌തു.  ചിലത്‌ പാറപ്പുറത്തു വീണു. അവ മുളച്ചു; എങ്കിലും നനവില്ലാത്തതിനാൽ ഉണങ്ങിപ്പോയി.  മറ്റു ചിലത്‌ മുൾച്ചെടികൾക്കിടയിൽ വീണ്‌ വളർന്നു; എന്നാൽ മുൾച്ചെടികളും ഒപ്പം വളർന്ന് അവയെ ഞെരുക്കിക്കളഞ്ഞു.  വേറെ ചിലത്‌ നല്ല മണ്ണിൽ വീണു; അവ മുളച്ച് നൂറുമേനി വിളവു നൽകി.” ഇതു പറഞ്ഞശേഷം അവൻ, “കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ” എന്നു വിളിച്ചുപറഞ്ഞു.  ഈ ദൃഷ്ടാന്തത്തിന്‍റെ അർഥം എന്താണെന്ന് അവന്‍റെ ശിഷ്യന്മാർ അവനോടു ചോദിച്ചു. 10  അതിന്‌ അവൻ പറഞ്ഞത്‌: “ദൈവരാജ്യത്തിന്‍റെ പാവനരഹസ്യങ്ങളെക്കുറിച്ചുള്ള ഗ്രാഹ്യം നിങ്ങൾക്കു നൽകപ്പെട്ടിരിക്കുന്നു; മറ്റുള്ളവർക്കോ അവയൊക്കെയും ദൃഷ്ടാന്തങ്ങളായിത്തന്നെ ഇരിക്കുന്നു; അവർ നോക്കിയാലും കാണാതെയും കേട്ടാലും ഗ്രഹിക്കാതെയും ഇരിക്കേണ്ടതിനുതന്നെ. 11  ദൃഷ്ടാന്തത്തിന്‍റെ അർഥം ഇതാകുന്നു: വിത്ത്‌ ദൈവവചനം. 12  വഴിയരികെ വീണതോ, ചിലർ വചനം കേൾക്കുന്നെങ്കിലും അവർ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിക്കേണ്ടതിനു പിശാച്‌ വന്ന് അവരുടെ ഹൃദയങ്ങളിൽനിന്നു വചനം എടുത്തുകളയുന്നതാകുന്നു. 13  പാറപ്പുറത്തു വീണതോ, ചിലർ വചനം കേൾക്കുമ്പോൾ അത്‌ സന്തോഷത്തോടെ കൈക്കൊള്ളുന്നതാകുന്നു. എന്നാൽ അവർക്കു വേരില്ല; അവർ അൽപ്പസമയത്തേക്കു വിശ്വസിക്കുന്നു; എങ്കിലും പരിശോധനയുടെ കാലത്തു വീണുപോകുന്നു. 14  മുൾച്ചെടികൾക്കിടയിൽ വീണതോ, ചിലർ വചനം കേൾക്കുന്നെങ്കിലും ഈ ജീവിതത്തിന്‍റെ ആകുലതകളാലും ധനത്താലും സുഖഭോഗങ്ങളാലും വ്യതിചലിക്കപ്പെടുന്നതാകുന്നു; അവർ തീർത്തും ഞെരുക്കപ്പെടുന്നതിനാൽ പാകമായ ഫലം നൽകുന്നില്ല. 15  നല്ല മണ്ണിലുള്ളതാകട്ടെ, ഉത്തമവും നല്ലതുമായ ഹൃദയത്തോടെ വചനം കേട്ടിട്ട് ഉള്ളിൽ സംഗ്രഹിച്ച് സഹിഷ്‌ണുതയോടെ ഫലം പുറപ്പെടുവിക്കുന്നതാകുന്നു. 16  “ആരും വിളക്കു കത്തിച്ചിട്ട് പാത്രംകൊണ്ടു മൂടുകയോ കട്ടിലിനു കീഴെ വെക്കുകയോ ചെയ്യാറില്ല; അകത്തു വരുന്നവർക്കു വെളിച്ചം കാണേണ്ടതിനു വിളക്കുതണ്ടിന്മേൽ വെക്കുകയാണു പതിവ്‌. 17  മറച്ചുവെച്ചിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. ഗൂഢമാക്കിവെച്ചിരിക്കുന്നതൊന്നും പരസ്യമാകാതെയും വെളിച്ചത്തുവരാതെയും ഇരിക്കുകയുമില്ല. 18  ആകയാൽ നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നതിനു ശ്രദ്ധനൽകുവിൻ. ഉള്ളവനു കൂടുതൽ നൽകപ്പെടും; ഇല്ലാത്തവന്‍റെ പക്കൽനിന്നോ തനിക്കുണ്ടെന്ന് അവൻ വിചാരിക്കുന്നതുംകൂടെ എടുത്തുകളയും.” 19  അപ്പോൾ അവന്‍റെ അമ്മയും സഹോദരന്മാരും അവനെ കാണാൻ വന്നു. എന്നാൽ ജനക്കൂട്ടംനിമിത്തം അവർക്ക് അവന്‍റെ അടുത്തു ചെല്ലാൻ കഴിഞ്ഞില്ല. 20  “നിന്‍റെ അമ്മയും സഹോദരന്മാരും നിന്നെ കാണാൻ ആഗ്രഹിച്ചു പുറത്തുനിൽക്കുന്നു” എന്ന് അവർ അവനെ അറിയിച്ചു. 21  അവനോ അവരോട്‌, “ദൈവത്തിന്‍റെ വചനം കേട്ട് അതനുസരിക്കുന്ന ഇവരത്രേ എന്‍റെ അമ്മയും എന്‍റെ സഹോദരന്മാരും” എന്നു പറഞ്ഞു. 22  ഒരു ദിവസം അവനും ശിഷ്യന്മാരും ഒരു വള്ളത്തിൽ കയറി. അവൻ അവരോട്‌, “നമുക്കു തടാകത്തിന്‍റെ മറുകരയ്‌ക്കു പോകാം” എന്നു പറഞ്ഞു. അവർ പുറപ്പെട്ടു. 23  അവർ തുഴയുമ്പോൾ അവൻ ഉറങ്ങിപ്പോയി. അപ്പോൾ ഉഗ്രമായ ഒരു കൊടുങ്കാറ്റുണ്ടായി. വള്ളത്തിൽ വെള്ളം നിറഞ്ഞ് അവർ അപകടത്തിലായി. 24  ഒടുവിൽ അവർ അവന്‍റെ അടുക്കൽ ചെന്ന്, “ഗുരോ, ഗുരോ, നമ്മൾ നശിക്കാൻ പോകുന്നു” എന്നു പറഞ്ഞുകൊണ്ട് അവനെ ഉണർത്തി. അവൻ എഴുന്നേറ്റ്‌ കാറ്റിനെയും ക്ഷോഭിച്ച തിരമാലകളെയും ശാസിച്ചു. അവ അടങ്ങി, ശാന്തതയുണ്ടായി. 25  പിന്നെ അവൻ അവരോട്‌, “നിങ്ങളുടെ വിശ്വാസം എവിടെപ്പോയി?” എന്നു ചോദിച്ചു. അവരോ ഭയം നിറഞ്ഞവരായി വിസ്‌മയത്തോടെ, “ഇവൻ ആരാണ്‌? കാറ്റിനോടും വെള്ളത്തോടുംപോലും ഇവൻ കൽപ്പിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നുവല്ലോ” എന്നു തമ്മിൽ പറഞ്ഞു. 26  അനന്തരം അവർ ഗലീലയ്‌ക്ക് എതിരെയുള്ള ഗെരസേന്യരുടെ ദേശത്ത്‌ എത്തിച്ചേർന്നു. 27  അവൻ കരയ്‌ക്കിറങ്ങിയപ്പോൾ പട്ടണത്തിൽനിന്നുള്ള ഭൂതബാധിതനായ ഒരു മനുഷ്യൻ അവനെതിരെ വന്നു. ഏറെക്കാലമായി അയാൾ വസ്‌ത്രം ധരിച്ചിരുന്നില്ല. വീട്ടിൽ പാർക്കാതെ കല്ലറകളിലായിരുന്നു അയാളുടെ വാസം. 28  യേശുവിനെ കണ്ടപ്പോൾ അയാൾ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് അവന്‍റെ മുമ്പാകെ വീണ്‌, “അത്യുന്നത ദൈവത്തിന്‍റെ പുത്രനായ യേശുവേ, നമുക്കു തമ്മിൽ എന്തു കാര്യം? ദയവായി എന്നെ ദണ്ഡിപ്പിക്കരുതേ” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. 29  (എന്തെന്നാൽ ആ മനുഷ്യനെ വിട്ട് പോകാൻ അവൻ അശുദ്ധാത്മാവിനോടു കൽപ്പിച്ചിരുന്നു. അത്‌ അയാളെ ബാധിച്ചിട്ട് ഏറെക്കാലമായിരുന്നു. അയാളെ പലപ്പോഴും വിലങ്ങും ചങ്ങലകളുമിട്ടു ബന്ധിച്ച് കാവലിൽ സൂക്ഷിച്ചിട്ടും അയാൾ അവ തകർക്കുകയും ഭൂതം അയാളെ വിജനസ്ഥലങ്ങളിലേക്കു കൊണ്ടുപോകുകയും ചെയ്‌തിരുന്നു.) 30  യേശു അയാളോട്‌, “നിന്‍റെ പേരെന്ത്?” എന്നു ചോദിച്ചതിന്‌ “ലെഗ്യോൻ*” എന്ന് അയാൾ പറഞ്ഞു; എന്തെന്നാൽ അനേകം ഭൂതങ്ങൾ അയാളെ ബാധിച്ചിരുന്നു. 31  അഗാധത്തിലേക്കു പോകാൻ തങ്ങളോടു കൽപ്പിക്കരുതേയെന്ന് അവ അവനോട്‌ അപേക്ഷിച്ചുകൊണ്ടിരുന്നു. 32  അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം മേയുന്നുണ്ടായിരുന്നു. അവയിൽ കടക്കാൻ തങ്ങളെ അനുവദിക്കേണമേയെന്ന് അവ അവനോട്‌ അപേക്ഷിച്ചു. അവൻ അവയ്‌ക്ക് അനുവാദം നൽകി. 33  ഭൂതങ്ങൾ ആ മനുഷ്യനെ വിട്ട് പന്നിക്കൂട്ടത്തിൽ കടന്നു. അവ വിരണ്ടോടി ചെങ്കുത്തായ സ്ഥലത്തുനിന്ന് തടാകത്തിലേക്കു ചാടി മുങ്ങിച്ചത്തു. 34  അവയെ മേയ്‌ച്ചിരുന്നവർ ഇതു കണ്ടിട്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിൻപുറത്തും വിവരം അറിയിച്ചു. 35  സംഭവിച്ചത്‌ എന്തെന്നറിയാൻ ജനം പുറപ്പെട്ടു. അവർ യേശുവിന്‍റെ അടുക്കലെത്തിയപ്പോൾ ഭൂതങ്ങൾ വിട്ട് പോയ മനുഷ്യൻ വസ്‌ത്രം ധരിച്ച് സുബോധമുള്ളവനായി യേശുവിന്‍റെ കാൽക്കൽ ഇരിക്കുന്നതു കണ്ടു; അവരിൽ ഭയം നിറഞ്ഞു. 36  സംഭവം നേരിൽ കണ്ടവർ, ഭൂതബാധിതനായ മനുഷ്യൻ സുഖം പ്രാപിച്ചത്‌ എങ്ങനെയെന്ന് അവരോട്‌ അറിയിച്ചു. 37  ഗെരസേന്യദേശത്തെ ജനമൊക്കെയും, തങ്ങളെ വിട്ട് പോകാൻ അവനോടു പറഞ്ഞു; എന്തെന്നാൽ അവർ ഭയപരവശരായിരുന്നു. അപ്പോൾ അവൻ മടങ്ങിപ്പോകേണ്ടതിനു വള്ളത്തിൽ കയറി യാത്രയായി. 38  ഭൂതങ്ങൾ വിട്ട് പോയ മനുഷ്യനോ തന്നെയും കൂടെക്കൊണ്ടുപോകേണമേയെന്ന് അവനോടു യാചിച്ചുകൊണ്ടിരുന്നു. എന്നാൽ അവൻ അയാളോട്‌, 39  “നീ വീട്ടിലേക്കു തിരിച്ചുപോയി ദൈവം നിനക്കു ചെയ്‌തതൊക്കെയും പ്രസ്‌താവിച്ചുകൊണ്ടിരിക്കുക” എന്നു പറഞ്ഞ് അയാളെ തിരിച്ചയച്ചു. അങ്ങനെ, അയാൾ പോയി യേശു തനിക്കു ചെയ്‌ത കാര്യങ്ങൾ പട്ടണത്തിലെങ്ങും പ്രസിദ്ധമാക്കി. 40  യേശു തിരിച്ചെത്തിയപ്പോൾ ജനക്കൂട്ടം അവനെ സന്തോഷത്തോടെ സ്വീകരിച്ചു. എല്ലാവരും അവനെ കാത്തിരിക്കുകയായിരുന്നു. 41  അപ്പോൾ സിനഗോഗിലെ ഒരു പ്രമാണിയായ യായീറൊസ്‌ എന്നു പേരുള്ള ഒരുവൻ വന്ന് യേശുവിന്‍റെ കാൽക്കൽ വീണ്‌ തന്‍റെ വീട്ടിൽ വരേണമേയെന്ന് അപേക്ഷിച്ചു. 42  അവന്‍റെ ഏകമകൾ അത്യാസന്നനിലയിലായിരുന്നു. അവൾക്ക് ഏകദേശം പന്ത്രണ്ടുവയസ്സായിരുന്നു. അവൻ പോകുമ്പോൾ ജനക്കൂട്ടം അവനെ തിക്കിക്കൊണ്ടിരുന്നു. 43  പന്ത്രണ്ടുവർഷമായി രക്തസ്രാവത്താൽ വലഞ്ഞിരുന്ന ഒരു സ്‌ത്രീ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ആർക്കും അവളെ സുഖപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. 44  അവൾ അവന്‍റെ പുറകിലൂടെ ചെന്ന് മേലങ്കിയുടെ വിളുമ്പിൽ തൊട്ടു. തത്‌ക്ഷണം അവളുടെ രക്തസ്രാവം നിലച്ചു. 45  അപ്പോൾ യേശു, “ആരാണ്‌ എന്നെ തൊട്ടത്‌?” എന്നു ചോദിച്ചു. എല്ലാവരും നിഷേധിച്ചപ്പോൾ പത്രോസ്‌ അവനോട്‌, “ഗുരോ, എത്രയോ ആളുകളാണ്‌ നിന്നെ തിക്കുന്നത്‌” എന്നു പറഞ്ഞു. 46  എന്നാൽ യേശു, “ആരോ എന്നെ തൊട്ടു; എന്നിൽനിന്നു ശക്തി പുറപ്പെട്ടത്‌ ഞാൻ അറിഞ്ഞു” എന്നു പറഞ്ഞു. 47  ഇനിയൊന്നും മറച്ചുവെക്കുക സാധ്യമല്ലെന്നു മനസ്സിലാക്കിയ സ്‌ത്രീ വിറച്ചുകൊണ്ടു വന്ന് അവന്‍റെ കാൽക്കൽ വീണ്‌ താൻ അവനെ തൊട്ടത്‌ എന്തിനെന്നും തത്‌ക്ഷണം സൗഖ്യംലഭിച്ചത്‌ എങ്ങനെയെന്നും സകലരും കേൾക്കെ വെളിപ്പെടുത്തി. 48  അവൻ അവളോട്‌, “മകളേ, നിന്‍റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു. സമാധാനത്തോടെ പൊയ്‌ക്കൊള്ളുക” എന്നു പറഞ്ഞു. 49  അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ സിനഗോഗിലെ പ്രമാണിയുടെ വീട്ടിൽനിന്ന് ഒരാൾ വന്ന് അവനോട്‌, “നിന്‍റെ മകൾ മരിച്ചുപോയി; ഇനി, ഗുരുവിനെ ബുദ്ധിമുട്ടിക്കേണ്ട” എന്ന് അറിയിച്ചു. 50  ഇതുകേട്ട് യേശു അവനോട്‌, “ഭയപ്പെടേണ്ട, വിശ്വസിക്കുകമാത്രം ചെയ്യുക; അവൾ രക്ഷപ്പെടും” എന്നു പറഞ്ഞു. 51  വീട്ടിലെത്തിയപ്പോൾ തന്നോടുകൂടെ അകത്തു പ്രവേശിക്കാൻ പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും ബാലികയുടെ അമ്മയപ്പന്മാരെയും അല്ലാതെ മറ്റാരെയും അവൻ അനുവദിച്ചില്ല. 52  ആളുകളെല്ലാം അവളെച്ചൊല്ലി കരയുകയും മാറത്തടിച്ചു വിലപിക്കുകയും ചെയ്‌തുകൊണ്ടിരുന്നു. അവൻ അവരോട്‌, “കരയേണ്ട; അവൾ മരിച്ചിട്ടില്ല, ഉറങ്ങുകയാണ്‌” എന്നു പറഞ്ഞു. 53  ഇതുകേട്ട് അവർ അവനെ പരിഹസിക്കാൻതുടങ്ങി; കാരണം, അവൾ മരിച്ചുപോയെന്ന് അവർക്ക് അറിയാമായിരുന്നു. 54  അവൻ അവളുടെ കൈപിടിച്ച്, “ബാലികേ, എഴുന്നേൽക്കുക” എന്നു പറഞ്ഞു. 55  അപ്പോൾ അവളുടെ ആത്മാവ്‌* മടങ്ങിവന്നു. അവൾ തത്‌ക്ഷണം എഴുന്നേറ്റു. അവൾക്കു ഭക്ഷിക്കാൻ എന്തെങ്കിലും കൊടുക്കാൻ അവൻ നിർദേശിച്ചു. 56  അവളുടെ മാതാപിതാക്കൾ വിസ്‌മയഭരിതരായി. സംഭവിച്ചത്‌ ആരോടും പറയരുതെന്ന് അവൻ അവരോടു കൽപ്പിച്ചു.

അടിക്കുറിപ്പുകള്‍

ലൂക്കോ 8:30മത്തായി 26:53-ന്‍റെ അടിക്കുറിപ്പു കാണുക.
ലൂക്കോ 8:55* അഥവാ, ജീവശക്തി