കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

ലൂക്കൊസ്‌ 6:1-49

6  ഒരു ശബത്തിൽ അവൻ വിളഞ്ഞുകിടക്കുന്ന വയലിലൂടെ കടന്നുപോകുകയായിരുന്നു. അവന്‍റെ ശിഷ്യന്മാർ കതിർ പറിച്ചു കൈയിലിട്ടു തിരുമ്മി തിന്നാൻതുടങ്ങി.  ഇതുകണ്ട് ചില പരീശന്മാർ, “നിങ്ങൾ ശബത്തിൽ നിഷിദ്ധമായതു ചെയ്യുന്നതെന്ത്?” എന്നു ചോദിച്ചു.  എന്നാൽ യേശു അവരോട്‌, “ദാവീദ്‌ തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ എന്താണു ചെയ്‌തതെന്ന് നിങ്ങൾ വായിച്ചിട്ടില്ലയോ?  അവൻ ദൈവാലയത്തിൽ പ്രവേശിച്ച് പുരോഹിതന്മാർക്കല്ലാതെ മറ്റാർക്കും ഭക്ഷിക്കാൻ അനുവാദമില്ലായിരുന്ന കാഴ്‌ചയപ്പം വാങ്ങി ഭക്ഷിക്കുകയും കൂടെയുള്ളവർക്കു കൊടുക്കുകയും ചെയ്‌തില്ലയോ?” എന്നു ചോദിച്ചു.  പിന്നെ അവൻ അവരോട്‌, “മനുഷ്യപുത്രനോ ശബത്തിനു കർത്താവാകുന്നു” എന്നു പറഞ്ഞു.  മറ്റൊരു ശബത്തിൽ അവൻ സിനഗോഗിൽ ചെന്നു പഠിപ്പിക്കാൻതുടങ്ങി. വലത്തുകൈ ശോഷിച്ച ഒരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു.  ഏതെങ്കിലും വിധത്തിൽ അവനിൽ കുറ്റം ആരോപിക്കേണ്ടതിന്‌ ശബത്തിൽ അവൻ സൗഖ്യമാക്കുമോ എന്നു കാണാൻ ശാസ്‌ത്രിമാരും പരീശന്മാരും അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.  അവനോ അവരുടെ നിരൂപണങ്ങൾ അറിഞ്ഞെങ്കിലും കൈ ശോഷിച്ച മനുഷ്യനോട്‌, “എഴുന്നേറ്റു നടുവിൽ വന്നുനിൽക്കുക” എന്നു പറഞ്ഞു. അവൻ എഴുന്നേറ്റ്‌ അവിടെ വന്നുനിന്നു.  യേശു അവരോട്‌, “ഞാൻ നിങ്ങളോട്‌ ഒന്നു ചോദിക്കട്ടെ: ശബത്തിൽ നന്മ ചെയ്യുന്നതോ ദോഷം പ്രവർത്തിക്കുന്നതോ, ജീവൻ* രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ, ഏതാകുന്നു ഉചിതം?” എന്നു ചോദിച്ചു. 10  പിന്നെ ചുറ്റും നിന്നിരുന്ന എല്ലാവരെയും നോക്കിയിട്ട് അവൻ ആ മനുഷ്യനോട്‌, “നിന്‍റെ കൈ നീട്ടുക” എന്നു പറഞ്ഞു. അവൻ കൈ നീട്ടി; അതു സുഖപ്പെട്ടു. 11  അവരോ ക്രോധപരവശരായി യേശുവിനെ എന്തു ചെയ്യണമെന്നു തമ്മിൽ ആലോചിച്ചു. 12  അന്നൊരിക്കൽ അവൻ പ്രാർഥിക്കാനായി മലയിലേക്കു പോയി. രാത്രി മുഴുവൻ അവൻ ദൈവത്തോടു പ്രാർഥിച്ചുകൊണ്ടിരുന്നു. 13  പ്രഭാതമായപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവരിൽനിന്നു പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു. അവൻ അവരെ “അപ്പൊസ്‌തലന്മാർ” എന്നു വിളിച്ചു. 14  അവൻ പത്രോസ്‌ എന്നും പേരുവിളിച്ച ശിമോൻ, അവന്‍റെ സഹോദരനായ അന്ത്രെയാസ്‌, യാക്കോബ്‌, യോഹന്നാൻ, ഫിലിപ്പോസ്‌, ബർത്തൊലൊമായി, 15  മത്തായി, തോമാസ്‌, അൽഫായിയുടെ മകനായ യാക്കോബ്‌, “തീക്ഷ്ണൻ” എന്നു വിളിക്കപ്പെട്ടിരുന്ന ശിമോൻ, 16  യാക്കോബിന്‍റെ മകനായ യൂദാ, ഒറ്റുകാരനായിത്തീർന്ന യൂദാ ഈസ്‌കര്യോത്താ എന്നിവരായിരുന്നു അവർ. 17  അവൻ അവരോടൊപ്പം ഇറങ്ങിവന്നു സമഭൂമിയിൽ നിന്നു. അവന്‍റെ ശിഷ്യന്മാരുടെ വലിയൊരു കൂട്ടവും യെഹൂദ്യയിലെല്ലായിടത്തുനിന്നും യെരുശലേമിൽനിന്നും സോരിന്‍റെയും സീദോന്‍റെയും തീരദേശങ്ങളിൽനിന്നും അവന്‍റെ വചനങ്ങൾ കേൾക്കുന്നതിനും സൗഖ്യം പ്രാപിക്കുന്നതിനും വന്ന വലിയൊരു ജനാവലിയും അവിടെ ഉണ്ടായിരുന്നു. 18  അശുദ്ധാത്മാക്കൾ ബാധിച്ചു കഷ്ടപ്പെട്ടിരുന്നവർപോലും സുഖം പ്രാപിച്ചു. 19  അവനിൽനിന്നു ശക്തി പുറപ്പെട്ട് അവരെയെല്ലാം സൗഖ്യമാക്കിയിരുന്നതിനാൽ ജനമൊക്കെയും അവനെ തൊടാൻ ശ്രമിച്ചുകൊണ്ടിരുന്നു. 20  അവൻ കണ്ണുകളുയർത്തി ശിഷ്യന്മാരെ നോക്കിക്കൊണ്ടു പറഞ്ഞത്‌: “ദരിദ്രരായ നിങ്ങൾ അനുഗൃഹീതർ; എന്തെന്നാൽ ദൈവരാജ്യം നിങ്ങൾക്കുള്ളത്‌. 21  “ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ അനുഗൃഹീതർ; എന്തെന്നാൽ നിങ്ങൾ തൃപ്‌തരാക്കപ്പെടും. “ഇപ്പോൾ കരയുന്നവരായ നിങ്ങൾ അനുഗൃഹീതർ; എന്തെന്നാൽ നിങ്ങൾ ചിരിക്കും. 22  “മനുഷ്യപുത്രൻനിമിത്തം ആളുകൾ നിങ്ങളെ ദ്വേഷിച്ച് ഭ്രഷ്ടരാക്കി നിന്ദിച്ച് നിങ്ങൾക്കു ദുഷ്‌പേരു കൽപ്പിക്കുമ്പോഴൊക്കെയും നിങ്ങൾ അനുഗൃഹീതർ; 23  സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകയാൽ അന്നാളിൽ സന്തോഷിച്ചു തുള്ളിച്ചാടുവിൻ. അവരുടെ പൂർവപിതാക്കന്മാർ പ്രവാചകന്മാരോടും അങ്ങനെതന്നെ ചെയ്‌തുവല്ലോ. 24  “ധനികരായ നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾക്കുള്ള ആശ്വാസം മുഴുവനായി നിങ്ങൾക്കു കിട്ടിക്കഴിഞ്ഞു. 25  “ഇപ്പോൾ തൃപ്‌തരായിരിക്കുന്ന നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾക്കു വിശക്കും. “ഇപ്പോൾ ചിരിക്കുന്നവരായ നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ വിലപിച്ചു കരയും. 26  “സകലരും നിങ്ങളെ പുകഴ്‌ത്തിപ്പറയുമ്പോൾ നിങ്ങൾക്കു ഹാ കഷ്ടം! അവരുടെ പൂർവപിതാക്കന്മാർ കള്ളപ്രവാചകന്മാരെയും അങ്ങനെതന്നെ ചെയ്‌തുവല്ലോ. 27  “എന്നാൽ എന്‍റെ വാക്കുകൾ കേട്ടുകൊണ്ടിരിക്കുന്ന നിങ്ങളോടു ഞാൻ പറയുന്നത്‌: നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിക്കുവിൻ; നിങ്ങളെ ദ്വേഷിക്കുന്നവർക്കു നന്മ ചെയ്യുവിൻ; 28  നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുവിൻ; നിങ്ങളെ അധിക്ഷേപിക്കുന്നവർക്കായി പ്രാർഥിക്കുവിൻ. 29  നിന്‍റെ ഒരു ചെകിട്ടത്ത്‌ അടിക്കുന്നവനു മറ്റേ ചെകിടും കാണിച്ചുകൊടുക്കുക. നിന്‍റെ മേലങ്കി പിടിച്ചുവാങ്ങുന്നവന്‌ ഉള്ളങ്കികൂടെ കൊടുത്തേക്കുക. 30  നിന്നോടു ചോദിക്കുന്ന ഏവനും കൊടുക്കുക; നിനക്കുള്ളത്‌ എടുത്തുകൊണ്ടുപോകുന്നവനോടു തിരികെ ചോദിക്കുകയുമരുത്‌. 31  “മറ്റുള്ളവർ നിങ്ങൾക്കു ചെയ്യണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതുപോലെതന്നെ നിങ്ങൾ അവർക്കും ചെയ്യുവിൻ. 32  “നിങ്ങളെ സ്‌നേഹിക്കുന്നവരെ സ്‌നേഹിച്ചാൽ അതിൽ അഭിമാനിക്കാൻ എന്തിരിക്കുന്നു? പാപികൾപോലും തങ്ങളെ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുന്നില്ലയോ? 33  നിങ്ങൾക്കു നന്മ ചെയ്യുന്നവർക്കു നന്മ ചെയ്‌താൽ അതിൽ അഭിമാനിക്കാൻ എന്തിരിക്കുന്നു? പാപികൾപോലും അങ്ങനെ ചെയ്യുന്നില്ലയോ? 34  തിരികെത്തരുമെന്ന് ഉറപ്പുള്ളവർക്കു വായ്‌പ കൊടുത്താൽ അതിൽ അഭിമാനിക്കാൻ എന്തിരിക്കുന്നു? കൊടുക്കുന്ന അത്രയുംതന്നെ തിരികെ കിട്ടുമെന്ന പ്രതീക്ഷയോടെ പാപികൾപോലും പാപികൾക്കു വായ്‌പ കൊടുക്കുന്നില്ലയോ? 35  നിങ്ങളോ നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിക്കുവിൻ; നന്മ ചെയ്യുകയും ഒന്നും തിരികെ പ്രതീക്ഷിക്കാതെ വായ്‌പ കൊടുക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും; നിങ്ങൾ അത്യുന്നതന്‍റെ പുത്രന്മാരായിരിക്കുകയും ചെയ്യും. അവൻ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ. 36  നിങ്ങളുടെ പിതാവ്‌ കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ. 37  “വിധിക്കുന്നതു മതിയാക്കുവിൻ; അപ്പോൾ നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റംവിധിക്കാതിരിക്കുവിൻ; അപ്പോൾ നിങ്ങളും കുറ്റംവിധിക്കപ്പെടുകയില്ല. ക്ഷമിക്കുവിൻ; അപ്പോൾ നിങ്ങൾക്കും ക്ഷമിച്ചുകിട്ടും.* 38  കൊടുത്തുശീലിക്കുവിൻ; അപ്പോൾ ആളുകൾ നിങ്ങൾക്കും തരും. അമർത്തിക്കുലുക്കി, നിറഞ്ഞുകവിയുന്ന നല്ലൊരളവുതന്നെ നിങ്ങളുടെ മടിയിൽ തരും. നിങ്ങൾ അളന്നുകൊടുക്കുന്ന അളവിനാൽത്തന്നെ നിങ്ങൾക്കും അളന്നുകിട്ടും.” 39  പിന്നെ അവൻ അവരോട്‌ ഒരു ദൃഷ്ടാന്തവും പറഞ്ഞു: “ഒരു അന്ധന്‌ മറ്റൊരു അന്ധനെ വഴികാട്ടാൻ കഴിയുമോ? ഇരുവരും കുഴിയിൽ വീഴുകയില്ലയോ? 40  ശിഷ്യൻ ഗുരുവിനെക്കാൾ വലിയവനല്ല. എന്നാൽ തികഞ്ഞ അഭ്യസനം ലഭിച്ചവനെല്ലാം തന്‍റെ ഗുരുവിനെപ്പോലെ ആയിരിക്കും. 41  നീ സഹോദരന്‍റെ കണ്ണിലെ കരടു കാണുകയും എന്നാൽ സ്വന്തം കണ്ണിലെ കഴുക്കോൽ കാണാതിരിക്കുകയും ചെയ്യുന്നതെന്ത്? 42  സ്വന്തം കണ്ണിലെ കഴുക്കോൽ കാണാതെ നിന്‍റെ സഹോദരനോട്‌, ‘സഹോദരാ നിൽക്കൂ, ഞാൻ നിന്‍റെ കണ്ണിലെ കരട്‌ എടുത്തുകളയട്ടെ’ എന്നു പറയാൻ നിനക്ക് എങ്ങനെ കഴിയും? കപടഭക്തിക്കാരാ, ആദ്യം സ്വന്തം കണ്ണിലെ കഴുക്കോൽ എടുത്തുമാറ്റുക. അപ്പോൾ നിന്‍റെ സഹോദരന്‍റെ കണ്ണിലെ കരട്‌ എടുത്തുകളയാൻ തക്കവിധം നിന്‍റെ കാഴ്‌ച തെളിയും. 43  “നല്ല വൃക്ഷത്തിൽ ചീത്ത ഫലമോ ചീത്ത വൃക്ഷത്തിൽ നല്ല ഫലമോ കായ്‌ക്കുകയില്ല. 44  ഏതു വൃക്ഷത്തെയും അതിന്‍റെ ഫലത്താൽ തിരിച്ചറിയാം. മുൾച്ചെടിയിൽനിന്ന് അത്തിപ്പഴവും മുൾപ്പടർപ്പിൽനിന്ന് മുന്തിരിപ്പഴവും ശേഖരിക്കാറില്ലല്ലോ. 45  നല്ല മനുഷ്യൻ തന്‍റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽനിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടനോ തന്‍റെ ദുർനിക്ഷേപത്തിൽനിന്നു ദുഷിച്ചതു പുറപ്പെടുവിക്കുന്നു; ഹൃദയത്തിന്‍റെ നിറവിൽനിന്നത്രേ വായ്‌ സംസാരിക്കുന്നത്‌. 46  “നിങ്ങൾ എന്നെ ‘കർത്താവേ, കർത്താവേ’ എന്നു വിളിക്കുകയും എന്നാൽ ഞാൻ പറയുന്ന കാര്യങ്ങൾ പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നതെന്ത്? 47  എന്‍റെ അടുക്കൽ വന്ന് എന്‍റെ വചനങ്ങൾ കേൾക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നവൻ ആരോടു തുല്യൻ എന്നു ഞാൻ വ്യക്തമാക്കാം: 48  അവൻ ആഴത്തിൽ കുഴിച്ചു പാറമേൽ അടിസ്ഥാനമിട്ടു വീടു പണിയുന്ന മനുഷ്യനോടു തുല്യൻ. വെള്ളം പൊങ്ങി; ഒഴുക്ക് വീടിന്മേൽ വന്നടിച്ചു; എന്നാൽ അത്‌ നല്ലവണ്ണം പണിതതാകയാൽ അതിന്‌ ഇളക്കംതട്ടിയില്ല. 49  കേട്ടിട്ടും അതനുസരിച്ചു പ്രവർത്തിക്കാതിരിക്കുന്നവനോ അടിസ്ഥാനമിടാതെ മണ്ണിൽ വീടു പണിത മനുഷ്യനോടു തുല്യൻ. ഒഴുക്കു വീടിന്മേൽ വന്നടിച്ചു; ഉടനെ അതു വീണുപോയി; ആ വീടിന്‍റെ തകർച്ചയോ വലുതായിരുന്നു.”

അടിക്കുറിപ്പുകള്‍

ലൂക്കോ 6:9* ഗ്രീക്കിൽ, സൈക്കി
ലൂക്കോ 6:37* അക്ഷരാർഥം, വിട്ടയയ്‌ക്കുവിൻ; അപ്പോൾ നിങ്ങളും വിട്ടയയ്‌ക്കപ്പെടും.