കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

ലൂക്കൊസ്‌ 4:1-44

4  യേശു പരിശുദ്ധാത്മാവ്‌ നിറഞ്ഞവനായി യോർദാനിൽനിന്നു മടങ്ങി. ആത്മാവ്‌ അവനെ മരുഭൂമിയിലേക്കു നയിച്ചു;  നാൽപ്പതുദിവസം അവൻ അവിടെ കഴിഞ്ഞു. അവിടെയായിരിക്കെ അവൻ പിശാചിനാൽ പരീക്ഷിക്കപ്പെട്ടു. ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചിരുന്നില്ല; അതുകഴിഞ്ഞപ്പോൾ അവനു വിശന്നു.  അപ്പോൾ പിശാച്‌ അവനോട്‌, “നീ ദൈവപുത്രനാണെങ്കിൽ ഈ കല്ലിനോട്‌ അപ്പമായിത്തീരാൻ കൽപ്പിക്കുക” എന്നു പറഞ്ഞു.  എന്നാൽ യേശു അവനോട്‌, “‘മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കേണ്ടത്‌’ എന്ന് എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു.  പിന്നെ പിശാച്‌ അവനെ ഉയർന്ന ഒരു സ്ഥലത്തേക്കു കൊണ്ടുപോയി ഭൂമിയിലെ സകല രാജ്യങ്ങളും ക്ഷണനേരംകൊണ്ട് അവനെ കാണിച്ചു.  അവൻ യേശുവിനോട്‌, “ഈ സകല അധികാരവും അവയുടെ മഹത്ത്വവും ഞാൻ നിനക്കു തരാം; എന്തെന്നാൽ ഇതെല്ലാം എനിക്കു നൽകപ്പെട്ടിരിക്കുന്നു; എനിക്ക് ഇഷ്ടമുള്ളവനു ഞാൻ അതു കൊടുക്കുകയും ചെയ്യുന്നു.  ആകയാൽ നീ എന്‍റെ മുമ്പാകെ വീണ്‌ എന്നെയൊന്നു നമസ്‌കരിച്ചാൽ ഇതെല്ലാം നിന്‍റേതാകും” എന്നു പറഞ്ഞു.  യേശു അവനോട്‌, “ ‘നിന്‍റെ ദൈവമായ യഹോവയെയാണു നീ ആരാധിക്കേണ്ടത്‌; അവനെ മാത്രമേ നീ സേവിക്കാവൂ’* എന്ന് എഴുതിയിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു.  പിന്നെ പിശാച്‌ അവനെ യെരുശലേമിലേക്കു കൊണ്ടുപോയി ദൈവാലയമതിലിന്മേൽ നിറുത്തി അവനോട്‌, “നീ ദൈവപുത്രനാണെങ്കിൽ ഇവിടെനിന്നു താഴേക്കു ചാടുക. 10  ‘നിന്നെ കാക്കുവാൻ അവൻ തന്‍റെ ദൂതന്മാരോടു കൽപ്പിക്കും; 11  നിന്‍റെ കാൽ കല്ലിൽ തട്ടാതവണ്ണം അവർ നിന്നെ കൈകളിൽ താങ്ങും’ എന്ന് എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു. 12  അതിന്‌ യേശു അവനോട്‌, “ ‘നിന്‍റെ ദൈവമായ യഹോവയെ നീ പരീക്ഷിക്കരുത്‌ ’ എന്ന് അരുളിച്ചെയ്‌തിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു. 13  അങ്ങനെ പിശാച്‌, പ്രലോഭനങ്ങളെല്ലാം അവസാനിപ്പിച്ച് മറ്റൊരവസരം കിട്ടുന്നതുവരെ അവനെ വിട്ട് പോയി. 14  അനന്തരം യേശു ആത്മാവിന്‍റെ ശക്തിയോടുകൂടെ ഗലീലയിലേക്കു മടങ്ങിപ്പോയി. അവനെക്കുറിച്ചുള്ള സദ്വർത്തമാനം ചുറ്റുമുള്ള ദേശത്തൊക്കെയും പരന്നു. 15  അവൻ അവരുടെ സിനഗോഗുകളിൽ പഠിപ്പിച്ചു. എല്ലാവരും അവനെ പ്രകീർത്തിച്ചു. 16  യേശു താൻ വളർന്ന നസറെത്തിലെത്തി; ശബത്തിൽ തന്‍റെ പതിവുപോലെ സിനഗോഗിൽ ചെന്നു വായിക്കാനായി എഴുന്നേറ്റുനിന്നു. 17  യെശയ്യാപ്രവാചകന്‍റെ ചുരുൾ അവനു നൽകപ്പെട്ടു. അവൻ ചുരുൾ തുറന്ന് ഇപ്രകാരം എഴുതിയിരിക്കുന്ന ഭാഗം കണ്ടെത്തി: 18  “ദരിദ്രരോടു സുവിശേഷം ഘോഷിക്കാൻ യഹോവ എന്നെ അഭിഷേകം ചെയ്‌തിരിക്കയാൽ അവന്‍റെ ആത്മാവ്‌ എന്‍റെമേൽ ഉണ്ട്. തടവുകാരോടു മോചനവും അന്ധന്മാരോടു കാഴ്‌ചയും ഘോഷിക്കാനും മർദിതരെ വിടുവിച്ചയയ്‌ക്കാനും 19  യഹോവയുടെ പ്രസാദവർഷം പ്രസിദ്ധമാക്കാനും അവൻ എന്നെ അയച്ചിരിക്കുന്നു.” 20  പിന്നെ ചുരുൾ ചുരുട്ടി ശുശ്രൂഷകനു തിരികെ കൊടുത്തിട്ട് അവൻ ഇരുന്നു. സിനഗോഗിലുണ്ടായിരുന്ന സകലരുടെയും ദൃഷ്ടി അവനിൽ പതിഞ്ഞു. 21  അപ്പോൾ അവൻ അവരോട്‌, “നിങ്ങൾ ഇപ്പോൾ കേട്ട ഈ തിരുവെഴുത്തിന്‌ ഇന്നു നിവൃത്തി വന്നിരിക്കുന്നു” എന്നു പറഞ്ഞു. 22  എല്ലാവരും അവനെക്കുറിച്ചു മതിപ്പോടെ സംസാരിച്ചു. അവന്‍റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യവാക്കുകൾ കേട്ടു വിസ്‌മയിച്ച്, “ഇവൻ ആ യോസേഫിന്‍റെ മകൻതന്നെയല്ലേ?” എന്ന് അവർ ചോദിച്ചു. 23  അവൻ അവരോടു പറഞ്ഞത്‌: “ ‘വൈദ്യരേ, നിന്നെത്തന്നെ സുഖപ്പെടുത്തുക’ എന്ന ചൊല്ല് ഉദ്ധരിച്ചുകൊണ്ടു നിങ്ങൾ എന്നോട്‌, ‘കഫർന്നഹൂമിൽ നടന്നതായി ഞങ്ങൾ കേട്ടത്‌ നിന്‍റെ ഈ സ്വന്തനാട്ടിലും ചെയ്യുക’ എന്നു നിശ്ചയമായും പറയും.” 24  അവൻ തുടർന്നു: “ഒരു പ്രവാചകനും സ്വന്തം നാട്ടിൽ സ്വീകാര്യനല്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 25  ഏലിയാവിന്‍റെ കാലത്ത്‌ ആകാശം മൂന്നുവർഷവും ആറുമാസവും അടയ്‌ക്കപ്പെട്ട് ദേശത്തെങ്ങും ഒരു മഹാക്ഷാമം ഉണ്ടായപ്പോൾ ഇസ്രായേലിൽ അനവധി വിധവമാർ ഉണ്ടായിരുന്നെങ്കിലും 26  സീദോനിലെ സാരെഫാത്തിലുള്ള ഒരു വിധവയുടെ അടുക്കലേക്കല്ലാതെ മറ്റാരുടെയും അടുക്കലേക്ക് ഏലിയാവിനെ അയച്ചില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 27  അതുപോലെ, എലീശാപ്രവാചകന്‍റെ കാലത്ത്‌ ഇസ്രായേലിൽ അനവധി കുഷ്‌ഠരോഗികൾ ഉണ്ടായിരുന്നെങ്കിലും സിറിയക്കാരനായ നയമാൻ അല്ലാതെ മറ്റാരും ശുദ്ധരാക്കപ്പെട്ടില്ല.” 28  ഇതുകേട്ട് സിനഗോഗിൽ ഉണ്ടായിരുന്നവരെല്ലാം കോപാകുലരായി. 29  അവർ അവനെ പട്ടണത്തിൽനിന്നു പുറത്താക്കി; പട്ടണം പണിതിരുന്ന മലയുടെ വക്കിൽനിന്നു തലകീഴായി തള്ളിയിടേണ്ടതിനു കൊണ്ടുപോയി. 30  അവനോ അവരുടെ നടുവിൽക്കൂടി കടന്ന് അവിടം വിട്ട് പോയി. 31  പിന്നെ അവൻ ഗലീലയിലെ ഒരു പട്ടണമായ കഫർന്നഹൂമിൽ ചെന്നു. ശബത്തിൽ അവൻ അവരെ പഠിപ്പിച്ചുകൊണ്ടിരുന്നു. 32  അവർ അവന്‍റെ പഠിപ്പിക്കലിൽ വിസ്‌മയിച്ചു; എന്തെന്നാൽ അധികാരത്തോടെയായിരുന്നു അവൻ സംസാരിച്ചത്‌. 33  സിനഗോഗിൽ അശുദ്ധാത്മാവു ബാധിച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അവൻ ഉച്ചത്തിൽ, 34  “നസറായനായ യേശുവേ, നമുക്കു തമ്മിൽ എന്തു കാര്യം? നീ ഞങ്ങളെ നശിപ്പിക്കാൻ വന്നിരിക്കുന്നുവോ? നീ ആരാണെന്ന് എനിക്കു നന്നായി അറിയാം; ദൈവത്തിന്‍റെ പരിശുദ്ധൻതന്നെ” എന്നു വിളിച്ചുപറഞ്ഞു. 35  യേശുവോ അതിനെ ശാസിച്ചുകൊണ്ട്, “മിണ്ടരുത്‌! അവനെ വിട്ട് പോകുക” എന്നു പറഞ്ഞു. അപ്പോൾ ഭൂതം ആ മനുഷ്യനെ അവരുടെ മുമ്പിൽ തള്ളിയിട്ടിട്ട് അവന്‌ ഉപദ്രവമൊന്നും ചെയ്യാതെതന്നെ അവനെ വിട്ട് പോയി. 36  ഇതുകണ്ട് എല്ലാവരും വിസ്‌മയിച്ച്, “ഇത്‌ എന്തൊരു സംസാരം! അവൻ അധികാരത്തോടും ശക്തിയോടുംകൂടെ അശുദ്ധാത്മാക്കളോടു കൽപ്പിക്കുകയും അവ പുറത്തുവരുകയും ചെയ്യുന്നുവല്ലോ” എന്നു തമ്മിൽ പറഞ്ഞു. 37  അങ്ങനെ, അവനെക്കുറിച്ചുള്ള വാർത്ത ചുറ്റുമുള്ള ദേശത്തെങ്ങും പരന്നു. 38  സിനഗോഗിൽനിന്നിറങ്ങി അവൻ ശിമോന്‍റെ വീട്ടിൽ ചെന്നു. ശിമോന്‍റെ അമ്മായിയമ്മ കലശലായ പനിപിടിച്ച് കിടപ്പിലായിരുന്നു. അവളെ സുഖപ്പെടുത്താൻ അവർ അവനോട്‌ അപേക്ഷിച്ചു. 39  അപ്പോൾ അവൻ അവളുടെ അടുത്തു ചെന്ന് അവളെ കുനിഞ്ഞുനോക്കി പനിയെ ശാസിച്ചു; അവളുടെ പനി മാറി. ഉടനെ അവൾ എഴുന്നേറ്റ്‌ അവരെ പരിചരിച്ചു. 40  സൂര്യാസ്‌തമയം ആയപ്പോൾ നാനാവിധ രോഗങ്ങളാൽ വലഞ്ഞിരുന്നവരെ ആളുകൾ അവന്‍റെ അടുക്കൽ കൊണ്ടുവന്നു. ഓരോരുത്തരുടെയുംമേൽ കൈവെച്ച് അവൻ അവരെ സുഖപ്പെടുത്തി. 41  “നീ ദൈവപുത്രൻ” എന്നു വിളിച്ചുപറഞ്ഞുകൊണ്ട് അനേകരിൽനിന്ന് ഭൂതങ്ങളും പുറത്തുപോയി. അവൻ ക്രിസ്‌തുവെന്ന് അവ അറിഞ്ഞിരുന്നതിനാൽ സംസാരിക്കാൻ അനുവദിക്കാതെ അവൻ അവയെ ശാസിച്ചു. 42  പ്രഭാതമായപ്പോൾ അവൻ പുറപ്പെട്ട് ഒരു ഏകാന്തസ്ഥലത്തേക്കു പോയി. ജനം അവനെ അന്വേഷിച്ചുചെന്നു. തങ്ങളെ വിട്ട് പോകാൻ അവർ അവനെ അനുവദിച്ചില്ല. 43  അവനോ അവരോട്‌, “മറ്റു പട്ടണങ്ങളിലും ഞാൻ ദൈവരാജ്യത്തിന്‍റെ സുവിശേഷം ഘോഷിക്കേണ്ടതാകുന്നു; അതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നത്‌” എന്നു പറഞ്ഞു. 44  അങ്ങനെ, അവൻ യെഹൂദ്യയിലെ സിനഗോഗുകളിൽ പ്രസംഗിച്ചുപോന്നു.

അടിക്കുറിപ്പുകള്‍

ലൂക്കോ 4:8* അല്ലെങ്കിൽ, അവനു മാത്രമേ വിശുദ്ധസേവനം അനുഷ്‌ഠിക്കാവൂ.