കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

ലൂക്കൊസ്‌ 3:1-38

3  തിബെര്യൊസ്‌ കൈസറുടെ വാഴ്‌ചയുടെ പതിനഞ്ചാം ആണ്ടിൽ പൊന്തിയൊസ്‌ പീലാത്തൊസ്‌ യെഹൂദ്യയിലെ ദേശാധിപതിയും ഹെരോദാവ്‌ ഗലീലയിലെയും സഹോദരനായ ഫിലിപ്പോസ്‌ ഇതൂര്യ-ത്രഖോനിത്തി പ്രദേശങ്ങളിലെയും ലുസാന്യാസ്‌ അബിലേനയിലെയും ഇടപ്രഭുക്കന്മാരും* ആയിരിക്കെ,  മുഖ്യപുരോഹിതനായ ഹന്നാവിന്‍റെയും മഹാപുരോഹിതനായ കയ്യഫാവിന്‍റെയും കാലത്ത്‌ സെഖര്യാവിന്‍റെ മകനായ യോഹന്നാന്‌ മരുഭൂമിയിൽവെച്ച് ദൈവത്തിന്‍റെ അരുളപ്പാടുണ്ടായി.  അങ്ങനെ, അവൻ യോർദാനു ചുറ്റുമുള്ള നാടുകളിലൊക്കെയും പോയി പാപമോചനത്തിനായുള്ള മാനസാന്തരത്തിന്‍റെ അടയാളമായ സ്‌നാനത്തെക്കുറിച്ചു* പ്രസംഗിച്ചു.  യെശയ്യാപ്രവാചകന്‍റെ പുസ്‌തകത്തിൽ എഴുതിയിരിക്കുന്നതുപോലെ, “ശ്രദ്ധിക്കുവിൻ! മരുഭൂമിയിൽ വിളിച്ചുപറയുന്നവന്‍റെ ശബ്ദം: ‘യഹോവയ്‌ക്കു വഴി ഒരുക്കുവിൻ; അവന്‍റെ പാതകൾ നിരപ്പാക്കുവിൻ.  എല്ലാ താഴ്‌വരകളും നികത്തപ്പെടണം; എല്ലാ മലകളും കുന്നുകളും നിരപ്പാക്കപ്പെടുകയും വേണം; വളഞ്ഞവഴികൾ നേരെയുള്ള വീഥികളും ദുർഘടസ്ഥലങ്ങൾ സുഗമമായ പാതകളും ആയിത്തീരണം.  സകലരും ദൈവത്തിന്‍റെ രക്ഷാമാർഗം കാണും’ ” എന്നിങ്ങനെതന്നെ.  സ്‌നാനമേൽക്കാൻ തന്‍റെ അടുത്തേക്കു വരുന്ന ജനക്കൂട്ടത്തോട്‌ അവൻ പറഞ്ഞത്‌: “അണലിസന്തതികളേ, വരാനിരിക്കുന്ന ക്രോധത്തിൽനിന്ന് ഓടിയകലാൻ നിങ്ങൾക്ക് ഉപദേശിച്ചുതന്നതാർ?  മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കുവിൻ. ‘ഞങ്ങൾക്കു പിതാവായി അബ്രാഹാമുണ്ട്’ എന്ന് ഉള്ളംകൊണ്ടു പറയാൻ തുനിയേണ്ട; ഈ കല്ലുകളിൽനിന്ന് അബ്രാഹാമിനു മക്കളെ ഉളവാക്കാൻ ദൈവത്തിനു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.  വൃക്ഷങ്ങളുടെ കടയ്‌ക്കൽ കോടാലി വെച്ചുകഴിഞ്ഞു. നല്ല ഫലം കായ്‌ക്കാത്ത വൃക്ഷമൊക്കെയും വെട്ടി തീയിലിട്ടുകളയും.” 10  ജനക്കൂട്ടം അവനോട്‌, “അങ്ങനെയെങ്കിൽ ഞങ്ങൾ എന്തു ചെയ്യണം?” എന്നു ചോദിച്ചതിന്‌ 11  അവൻ അവരോട്‌, “രണ്ടുവസ്‌ത്രം ഉള്ളവൻ ഒന്ന് ഇല്ലാത്തവനു കൊടുക്കട്ടെ. ഭക്ഷണം ഉള്ളവനും അങ്ങനെതന്നെ ചെയ്യട്ടെ” എന്നു പറഞ്ഞു. 12  ചുങ്കക്കാർപോലും സ്‌നാനമേൽക്കാൻ വന്ന്, “ഗുരോ, ഞങ്ങൾ എന്തു ചെയ്യണം?” എന്ന് അവനോടു ചോദിച്ചു. 13  അവൻ അവരോട്‌, “നിശ്ചയിച്ചിരിക്കുന്ന നികുതിയിൽ അധികമായതു പിരിക്കരുത്‌” എന്നു പറഞ്ഞു. 14  പടയാളികളും വന്ന്, “ഞങ്ങൾ എന്താണു ചെയ്യേണ്ടത്‌?” എന്നു ചോദിച്ചതിന്‌ അവൻ, “അതിക്രമം കാട്ടിയോ വ്യാജമായി കുറ്റംചുമത്തിയോ ആരിൽനിന്നും ഒന്നും വാങ്ങരുത്‌; നിങ്ങളുടെ വേതനംകൊണ്ടു തൃപ്‌തിപ്പെടുവിൻ” എന്നു പറഞ്ഞു. 15  ക്രിസ്‌തുവിന്‍റെ വരവിനായി കാത്തിരുന്ന ജനമൊക്കെയും, “ഇവൻതന്നെയായിരിക്കുമോ ക്രിസ്‌തു?” എന്നു യോഹന്നാനെപ്പറ്റി തങ്ങളുടെ ഹൃദയങ്ങളിൽ വിചാരിച്ചുകൊണ്ടിരുന്നു. 16  എല്ലാവരോടുമായി യോഹന്നാൻ പറഞ്ഞത്‌: “ഞാൻ നിങ്ങളെ വെള്ളത്താൽ സ്‌നാനം കഴിപ്പിക്കുന്നു. എന്നാൽ എന്നെക്കാൾ ശക്തനായവൻ വരുന്നു. അവന്‍റെ ചെരിപ്പിന്‍റെ വാറഴിക്കാൻപോലും ഞാൻ യോഗ്യനല്ല. അവൻ നിങ്ങളെ പരിശുദ്ധാത്മാവിനാലും തീയാലും സ്‌നാനം കഴിപ്പിക്കും. 17  വീശുമുറം അവന്‍റെ കൈയിലുണ്ട്. അവൻ മെതിക്കളം വെടിപ്പാക്കും; ഗോതമ്പ് കളപ്പുരയിൽ ശേഖരിച്ചുവെക്കുകയും പതിർ കെടാത്ത തീയിലിട്ടു ചുട്ടുകളയുകയും ചെയ്യും.” 18  സുവിശേഷം ഘോഷിക്കുന്നതോടൊപ്പം മറ്റനേകം ഉദ്‌ബോധനങ്ങളും അവൻ ജനത്തിനു നൽകി. 19  എന്നാൽ ഇടപ്രഭുവായ* ഹെരോദാവിനെ അവന്‍റെ സഹോദരന്‍റെ ഭാര്യയായ ഹെരോദ്യനിമിത്തവും അവൻ ചെയ്‌തിരുന്ന സകല ദുഷ്ടതകൾനിമിത്തവും യോഹന്നാൻ ശാസിച്ചിരുന്നതുകൊണ്ട് 20  അവൻ യോഹന്നാനെ കാരാഗൃഹത്തിലടച്ചു. അങ്ങനെ, തന്‍റെ ദുഷ്‌ചെയ്‌തികളുടെ എണ്ണം അവൻ ഒന്നുകൂടി വർധിപ്പിച്ചു. 21  ജനമെല്ലാം സ്‌നാനമേൽക്കവെ, യേശുവും സ്‌നാനമേറ്റു. അവൻ പ്രാർഥിച്ചുകൊണ്ടിരിക്കെ, ആകാശങ്ങൾ തുറന്നു. 22  പരിശുദ്ധാത്മാവ്‌ പ്രാവിന്‍റെ രൂപത്തിൽ അവന്‍റെമേൽ ഇറങ്ങിവന്നു. “നീ എന്‍റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നു സ്വർഗത്തിൽനിന്ന് ഒരു ശബ്ദവും ഉണ്ടായി. 23  തന്‍റെ ശുശ്രൂഷ ആരംഭിക്കുമ്പോൾ യേശുവിന്‌ ഏകദേശം മുപ്പതുവയസ്സായിരുന്നു. അവൻ യോസേഫിന്‍റെ മകനാണെന്ന് ജനം കരുതി. യോസേഫ്‌ ഹേലിയുടെ മകൻ; 24  ഹേലി മത്ഥാത്തിന്‍റെ മകൻ; മത്ഥാത്ത്‌ ലേവിയുടെ മകൻ; ലേവി മെൽക്കിയുടെ മകൻ; മെൽക്കി യന്നായിയുടെ മകൻ; യന്നായി യോസേഫിന്‍റെ മകൻ; 25  യോസേഫ്‌ മത്തഥ്യൊസിന്‍റെ   മകൻ; മത്തഥ്യൊസ്‌ ആമോസിന്‍റെ   മകൻ; ആമോസ്‌ നഹൂമിന്‍റെ മകൻ; നഹൂം എസ്ലിയുടെ മകൻ; എസ്ലി നഗ്ഗായിയുടെ മകൻ; 26  നഗ്ഗായി മയാത്തിന്‍റെ മകൻ; മയാത്ത്‌ മത്തഥ്യൊസിന്‍റെ   മകൻ; മത്തഥ്യൊസ്‌ ശെമയിയുടെ   മകൻ; ശെമയി യോസേക്കിന്‍റെ മകൻ; യോസേക്ക് യോദയുടെ മകൻ; 27  യോദ യോഹാനാന്‍റെ മകൻ; യോഹാനാൻ രേസയുടെ   മകൻ; രേസ സെരുബ്ബാബേലിന്‍റെ   മകൻ; സെരുബ്ബാബേൽ ശെയൽത്തിയേലിന്‍റെ മകൻ; ശെയൽത്തിയേൽ നേരിയുടെ   മകൻ; 28  നേരി മെൽക്കിയുടെ മകൻ; മെൽക്കി അദ്ദിയുടെ മകൻ; അദ്ദി കോസാമിന്‍റെ മകൻ; കോസാം എൽമാദാമിന്‍റെ   മകൻ; എൽമാദാം ഏരിന്‍റെ മകൻ; 29  ഏർ യേശുവിന്‍റെ* മകൻ; യേശു എലീയേസരിന്‍റെ മകൻ; എലീയേസർ യോരീമിന്‍റെ   മകൻ; യോരീം മത്ഥാത്തിന്‍റെ മകൻ; മത്ഥാത്ത്‌ ലേവിയുടെ മകൻ; 30  ലേവി ശിമ്യോന്‍റെ മകൻ; ശിമ്യോൻ യൂദായുടെ മകൻ; യൂദാ യോസേഫിന്‍റെ മകൻ; യോസേഫ്‌ യോനാമിന്‍റെ മകൻ; യോനാം എല്യാക്കീമിന്‍റെ   മകൻ; 31  എല്യാക്കീം മെല്യാവിന്‍റെ   മകൻ; മെല്യാവ്‌ മെന്നയുടെ മകൻ മെന്ന മത്തഥയുടെ മകൻ; മത്തഥ നാഥാന്‍റെ മകൻ; നാഥാൻ ദാവീദിന്‍റെ മകൻ; 32  ദാവീദ്‌ യിശ്ശായിയുടെ മകൻ; യിശ്ശായി ഓബേദിന്‍റെ മകൻ; ഓബേദ്‌ ബോവസിന്‍റെ മകൻ; ബോവസ്‌ ശൽമോന്‍റെ മകൻ; ശൽമോൻ നഹശോന്‍റെ മകൻ; 33  നഹശോൻ അമ്മീനാദാബിന്‍റെ   മകൻ; അമ്മീനാദാബ്‌ അർനിയുടെ*   മകൻ; അർനി ഹെസ്രോന്‍റെ മകൻ; ഹെസ്രോൻ പേരെസിന്‍റെ   മകൻ; പേരെസ്‌ യെഹൂദയുടെ മകൻ; 34  യെഹൂദ യാക്കോബിന്‍റെ മകൻ; യാക്കോബ്‌ യിസ്‌ഹാക്കിന്‍റെ   മകൻ; യിസ്‌ഹാക്ക് അബ്രാഹാമിന്‍റെ   മകൻ; അബ്രാഹാം തേരഹിന്‍റെ മകൻ; തേരഹ്‌ നാഹോരിന്‍റെ മകൻ; 35  നാഹോർ ശെരൂഗിന്‍റെ മകൻ; ശെരൂഗ്‌ രെയൂവിന്‍റെ മകൻ; രെയൂ ഫാലെഗിന്‍റെ മകൻ; ഫാലെഗ്‌ ഏബെരിന്‍റെ മകൻ; ഏബെർ ശാലഹിന്‍റെ മകൻ; 36  ശാലഹ്‌ കയിനാന്‍റെ മകൻ; കയിനാൻ അർപ്പക്ഷാദിന്‍റെ   മകൻ; അർപ്പക്ഷാദ്‌ ശേമിന്‍റെ മകൻ; ശേം നോഹയുടെ മകൻ; നോഹ ലാമെക്കിന്‍റെ മകൻ; 37  ലാമെക്ക് മെഥൂശലഹിന്‍റെ   മകൻ; മെഥൂശലഹ്‌ ഹാനോക്കിന്‍റെ   മകൻ; ഹാനോക്ക് യാരെദിന്‍റെ മകൻ; യാരെദ്‌ മലെല്യേലിന്‍റെ മകൻ; മലെല്യേൽ കയിനാന്‍റെ മകൻ; 38  കയിനാൻ എനോശിന്‍റെ മകൻ; എനോശ്‌ ശേത്തിന്‍റെ മകൻ; ശേത്ത്‌ ആദാമിന്‍റെ മകൻ; ആദാം ദൈവത്തിന്‍റെ മകൻ.

അടിക്കുറിപ്പുകള്‍

ലൂക്കോ 3:1* പ്രവിശ്യയുടെ നാലിലൊരു ഭാഗത്തിന്‍റെ ഭരണാധികാരി
ലൂക്കോ 3:3* ജലനിമജ്ജനത്തെ അർഥമാക്കുന്നു.
ലൂക്കോ 3:19* പ്രവിശ്യയുടെ നാലിലൊരു ഭാഗത്തിന്‍റെ ഭരണാധികാരി
ലൂക്കോ 3:29* ചില പുരാതന കയ്യെഴുത്തുപ്രതികളിൽ “യോശു” എന്നു കാണുന്നു.
ലൂക്കോ 3:33* അഥവാ, രാം; മത്തായി 1:3, 4 കാണുക.