കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

ലൂക്കൊസ്‌ 23:1-56

23  അങ്ങനെ, അവർ ഒന്നാകെ എഴുന്നേറ്റ്‌ അവനെ പീലാത്തൊസിന്‍റെ അടുത്തേക്കു കൊണ്ടുപോയി.  “ഈ മനുഷ്യൻ ഞങ്ങളുടെ ജനതയെ വഴിതെറ്റിക്കുകയും കൈസറിനു നികുതി കൊടുക്കുന്നതു വിലക്കുകയും താൻ രാജാവായ ക്രിസ്‌തുവാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നതായി കണ്ടിരിക്കുന്നു” എന്നു പറഞ്ഞ് അവർ അവന്‍റെമേൽ കുറ്റം ചുമത്താൻതുടങ്ങി.  പീലാത്തൊസ്‌ അവനോട്‌, “നീ യഹൂദന്മാരുടെ രാജാവോ?” എന്നു ചോദിച്ചതിന്‌, “നീതന്നെ അതു പറയുന്നുവല്ലോ” എന്ന് അവൻ മറുപടി നൽകി.  അപ്പോൾ പീലാത്തൊസ്‌ മുഖ്യപുരോഹിതന്മാരോടും ജനക്കൂട്ടത്തോടും, “ഞാൻ ഈ മനുഷ്യനിൽ ഒരു കുറ്റവും കാണുന്നില്ല” എന്നു പറഞ്ഞു.  അവരാകട്ടെ, “ഇവൻ ഗലീലമുതൽ ഇവിടെവരെ യെഹൂദ്യയിലെങ്ങും പഠിപ്പിച്ചുകൊണ്ടു ജനത്തെ ഇളക്കിവിടുന്നു” എന്നു തറപ്പിച്ചുപറഞ്ഞു.  ഇതു കേട്ടിട്ട് പീലാത്തൊസ്‌ അവൻ ഗലീലക്കാരനാണോ എന്ന് ആരാഞ്ഞു.  അവൻ ഹെരോദാവിന്‍റെ അധികാരപരിധിയിൽനിന്നുള്ളവനാണെന്നു മനസ്സിലാക്കിയപ്പോൾ പീലാത്തൊസ്‌ അവനെ ഹെരോദാവിന്‍റെ അടുക്കലേക്ക് അയച്ചു; ആ സമയത്ത്‌ ഹെരോദാവ്‌ യെരുശലേമിൽ ഉണ്ടായിരുന്നു.  യേശുവിനെ കണ്ടപ്പോൾ ഹെരോദാവ്‌ അത്യധികം സന്തോഷിച്ചു. അവനെക്കുറിച്ചു കേട്ടിരുന്നതിനാൽ അവനെ കാണാൻ ഹെരോദാവ്‌ ഏറെക്കാലമായി ആഗ്രഹിച്ചിരിക്കുകയായിരുന്നു. യേശു എന്തെങ്കിലും അടയാളം പ്രവർത്തിച്ചുകാണാൻ അവൻ ആശിച്ചു.  ഹെരോദാവ്‌ അവനോടു നിരവധി ചോദ്യങ്ങൾ ചോദിച്ചെങ്കിലും അവൻ ഒരു മറുപടിയും പറഞ്ഞില്ല. 10  മുഖ്യപുരോഹിതന്മാരും ശാസ്‌ത്രിമാരും വീറോടെ അവന്‍റെമേൽ കുറ്റം ചുമത്തിക്കൊണ്ടിരുന്നു. 11  അപ്പോൾ ഹെരോദാവും അവന്‍റെ കാവൽഭടന്മാരും അവനെ പുച്ഛിക്കുകയും പകിട്ടുള്ള വസ്‌ത്രം ധരിപ്പിച്ച് അവനെ പരിഹസിക്കുകയും ചെയ്‌തിട്ട് പീലാത്തൊസിന്‍റെ അടുക്കലേക്ക് തിരിച്ചയച്ചു. 12  അതുവരെ ശത്രുതയിലായിരുന്ന ഹെരോദാവും പീലാത്തൊസും അന്നേദിവസം സ്‌നേഹിതന്മാരായിത്തീർന്നു. 13  അപ്പോൾ പീലാത്തൊസ്‌ മുഖ്യപുരോഹിതന്മാരെയും പ്രമാണിമാരെയും ജനത്തെയും വിളിച്ചുകൂട്ടി 14  അവരോടു പറഞ്ഞത്‌: “ജനത്തെ കലാപത്തിനു പ്രേരിപ്പിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണല്ലോ നിങ്ങൾ ഈ മനുഷ്യനെ എന്‍റെ അടുക്കൽ കൊണ്ടുവന്നത്‌. എന്നാൽ ഞാൻ നിങ്ങളുടെ മുമ്പാകെ ഇവനെ വിസ്‌തരിച്ചിട്ടും നിങ്ങൾ ഇവനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമൊന്നും കണ്ടില്ല. 15  ഹെരോദാവും കണ്ടില്ല; അവൻ ഇവനെ നമ്മുടെ അടുക്കൽ മടക്കി അയച്ചിരിക്കുന്നുവല്ലോ. മരണാർഹമായതൊന്നും ഇവൻ ചെയ്‌തിട്ടില്ല. 16  ആകയാൽ ഞാൻ ഇവനെ ശിക്ഷിച്ചു വിട്ടയയ്‌ക്കും.” 17  *—— 18  അപ്പോൾ അവർ ജനത്തോടൊപ്പം, “ഇവനെ കൊന്നുകളയുക; ബറബ്ബാസിനെ വിട്ടുതരുക” എന്ന് ആർത്തുവിളിച്ചു. 19  ബറബ്ബാസോ നഗരത്തിലുണ്ടായ ഒരു കലാപവും കൊലപാതകവുംനിമിത്തം തടവിലാക്കപ്പെട്ടവനായിരുന്നു. 20  യേശുവിനെ വിട്ടയയ്‌ക്കാൻ ആഗ്രഹിച്ചിരുന്നതിനാൽ പീലാത്തൊസ്‌ വീണ്ടും അവരോടു സംസാരിച്ചു. 21  അവരോ, “സ്‌തംഭത്തിലേറ്റുക! അവനെ സ്‌തംഭത്തിലേറ്റുക!” എന്ന് ആർത്തു. 22  മൂന്നാമതും അവൻ അവരോട്‌, “എന്തിന്‌, ഈ മനുഷ്യൻ എന്തു ദോഷം ചെയ്‌തു? മരണാർഹമായതൊന്നും ഞാൻ ഇവനിൽ കണ്ടില്ല; അതുകൊണ്ട് ഞാൻ ഇവനെ ശിക്ഷിച്ചു വിട്ടയയ്‌ക്കും” എന്നു പറഞ്ഞു. 23  അപ്പോൾ അവർ അവനെ സ്‌തംഭത്തിലേറ്റണമെന്നു ശഠിച്ചുകൊണ്ട് മുറവിളികൂട്ടി. ഒടുവിൽ അവരുടെ മുറവിളി ഫലിച്ചു. 24  അവർ ആവശ്യപ്പെടുന്നതുതന്നെ നടക്കട്ടെ എന്നു പീലാത്തൊസ്‌ വിധിച്ചു. 25  അവർ ആവശ്യപ്പെട്ടതുപോലെ, കലാപവും കൊലപാതകവുംനിമിത്തം തടവിലാക്കിയിരുന്നവനെ അവൻ വിട്ടയയ്‌ക്കുകയും യേശുവിനെ അവരുടെ ഇഷ്ടത്തിനു വിട്ടുകൊടുക്കുകയും ചെയ്‌തു. 26  അവനെ കൊണ്ടുപോകുമ്പോൾ നാട്ടിൻപുറത്തുനിന്നു വരുകയായിരുന്ന കുറേനക്കാരനായ ശിമോനെ അവർ പിടിച്ചുനിറുത്തി, യേശുവിന്‍റെ പിന്നാലെ ദണ്ഡനസ്‌തംഭം ചുമന്നുകൊണ്ടുപോകാൻ അവന്‍റെമേൽ അതു വെച്ചുകൊടുത്തു. 27  ഒരു വലിയ ജനാവലിയും അവനെച്ചൊല്ലി മാറത്തടിച്ചു വിലപിക്കുകയും അലമുറയിടുകയും ചെയ്യുന്ന അനേകം സ്‌ത്രീകളും അവന്‍റെ പിന്നാലെ ഉണ്ടായിരുന്നു. 28  യേശു സ്‌ത്രീകളുടെനേരെ തിരിഞ്ഞ് അവരോടു പറഞ്ഞത്‌: “യെരുശലേം പുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ട. നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരയുവിൻ. 29  ഇതാ, ‘മച്ചികളും പ്രസവിച്ചിട്ടില്ലാത്ത ഉദരങ്ങളും കുടിപ്പിച്ചിട്ടില്ലാത്ത മുലകളും അനുഗ്രഹിക്കപ്പെട്ടവ’ എന്നു പറയപ്പെടുന്ന കാലം വരുന്നു. 30  അന്ന് അവർ മലകളോട്‌, ‘ഞങ്ങളുടെമേൽ വീഴുക’ എന്നും കുന്നുകളോട്‌, ‘ഞങ്ങളെ മൂടുക’ എന്നും പറയും. 31  മരം പച്ചയായിരിക്കെ അവർ അതിനോട്‌ ഇങ്ങനെ ചെയ്യുന്നെങ്കിൽ അത്‌ ഉണങ്ങിക്കഴിയുമ്പോൾ എന്തു ഭവിക്കും?” 32  ദുഷ്‌പ്രവൃത്തിക്കാരായ രണ്ടുപേരെയും അവനോടുകൂടെ വധിക്കാൻ കൊണ്ടുപോയി. 33  തലയോടിടം എന്നു വിളിക്കപ്പെടുന്ന സ്ഥലത്തെത്തിയപ്പോൾ അവർ അവനെയും ദുഷ്‌പ്രവൃത്തിക്കാരെയും, ഒരുത്തനെ അവന്‍റെ വലത്തും മറ്റവനെ അവന്‍റെ ഇടത്തുമായി സ്‌തംഭങ്ങളിലേറ്റി. 34  [അപ്പോൾ യേശു, “പിതാവേ, ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയായ്‌കയാൽ ഇവരോടു ക്ഷമിക്കേണമേ” എന്നു പറഞ്ഞു.]* പിന്നെ അവർ അവന്‍റെ വസ്‌ത്രങ്ങൾ വീതിച്ചെടുക്കാനായി നറുക്കിട്ടു. 35  ജനം നോക്കിക്കൊണ്ടു നിന്നു. പ്രമാണിമാരാകട്ടെ അവനെ പുച്ഛിച്ചുകൊണ്ട്, “മറ്റുള്ളവരെ ഇവൻ രക്ഷിച്ചു. ഇവൻ തിരഞ്ഞെടുക്കപ്പെട്ടവനും ദൈവത്തിന്‍റെ അഭിഷിക്തനും* ആണെങ്കിൽ സ്വയം രക്ഷിക്കട്ടെ” എന്നു പറഞ്ഞു. 36  പടയാളികളും അടുത്തു ചെന്ന് പുളിച്ചവീഞ്ഞ് നീട്ടി അവനെ പരിഹസിച്ചുകൊണ്ട്, 37  “നീ യഹൂദന്മാരുടെ രാജാവാണെങ്കിൽ നിന്നെത്തന്നെ രക്ഷിക്കുക” എന്നു പറഞ്ഞു. 38  “ഇത്‌ യഹൂദന്മാരുടെ രാജാവ്‌” എന്നൊരു എഴുത്തും അവന്‍റെ തലയ്‌ക്കു മുകളിലായി ഉണ്ടായിരുന്നു. 39  തൂക്കപ്പെട്ട ദുഷ്‌പ്രവൃത്തിക്കാരിൽ ഒരുത്തൻ, “നീ ക്രിസ്‌തുവല്ലയോ? നിന്നെത്തന്നെയും ഞങ്ങളെയും രക്ഷിക്കുക” എന്ന് അവനെ ദുഷിച്ചുപറഞ്ഞു. 40  അപ്പോൾ മറ്റവൻ അവനെ ശാസിച്ചുകൊണ്ട്, “സമശിക്ഷാവിധിയിലായിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ? 41  നാം ശിക്ഷ അനുഭവിക്കുന്നതു ന്യായം. നമ്മുടെ പ്രവൃത്തികൾക്ക് അനുസരിച്ചുള്ളതത്രേ നമുക്കു കിട്ടിയത്‌? ഈ മനുഷ്യനോ അരുതാത്തത്‌ ഒന്നും ചെയ്‌തിട്ടില്ല” എന്നു പറഞ്ഞു. 42  പിന്നെ അവൻ, “യേശുവേ, നീ നിന്‍റെ രാജ്യത്തിൽ പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കേണമേ” എന്നു പറഞ്ഞു. 43  അപ്പോൾ അവൻ അവനോട്‌, “സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു: നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും.” 44  അപ്പോൾ ഏകദേശം ആറാം മണി* ആയിരുന്നു. സൂര്യൻ ഇരുണ്ടുപോയിട്ട് ഒൻപതാം മണിവരെ* ഭൂമിയിലെങ്ങും ഇരുട്ടുപരന്നു. 45  വിശുദ്ധമന്ദിരത്തിലെ തിരശ്ശീല നെടുകെ ചീന്തിപ്പോയി. 46  യേശു ഉച്ചത്തിൽ, “പിതാവേ, ഞാൻ എന്‍റെ ആത്മാവിനെ തൃക്കയ്യിൽ ഏൽപ്പിക്കുന്നു” എന്നു പറഞ്ഞു. ഇതുപറഞ്ഞിട്ട് അവൻ ജീവൻ വെടിഞ്ഞു. 47  സംഭവിച്ചതു കണ്ടിട്ട് ശതാധിപൻ, “ഈ മനുഷ്യൻ നീതിമാനായിരുന്നു നിശ്ചയം” എന്നു പറഞ്ഞ് ദൈവത്തെ മഹത്ത്വപ്പെടുത്തി. 48  സംഭവം കാണാൻ വന്നുകൂടിയ ജനം നടന്നതൊക്കെയും കണ്ടിട്ടു മാറത്തടിച്ചുകൊണ്ടു തിരിച്ചുപോയി. 49  ഗലീലയിൽനിന്ന് അവനെ അനുഗമിച്ച സ്‌ത്രീകൾ ഉൾപ്പെടെ അവന്‍റെ പരിചയക്കാർ എല്ലാവരും ദൂരെയായി ഇതെല്ലാം കണ്ടുകൊണ്ടു നിന്നിരുന്നു. 50  നല്ലവനും നീതിമാനുമായ യോസേഫ്‌ എന്നു പേരുള്ള ഒരു മനുഷ്യൻ ന്യായാധിപസഭയിൽ ഉണ്ടായിരുന്നു. 51  അവൻ അവരുടെ ഉപായത്തെയും പ്രവൃത്തിയെയും അനുകൂലിച്ചിരുന്നില്ല. യെഹൂദ്യരുടെ ഒരു പട്ടണമായ അരിമഥ്യയിൽനിന്നുള്ള അവൻ ദൈവരാജ്യത്തിനായി കാത്തിരുന്നവനായിരുന്നു. 52  യോസേഫ്‌ പീലാത്തൊസിന്‍റെ അടുക്കൽ ചെന്ന് യേശുവിന്‍റെ ശരീരം ആവശ്യപ്പെട്ടു. 53  അവൻ അതു താഴെയിറക്കി മേൽത്തരമായ ഒരു കച്ചയിൽ പൊതിഞ്ഞ് പാറയിൽ വെട്ടിയുണ്ടാക്കിയതും ആരെയും അതുവരെ അടക്കിയിട്ടില്ലാത്തതുമായ ഒരു കല്ലറയിൽ വെച്ചു. 54  അന്ന് ഒരുക്കനാൾ ആയിരുന്നു; ശബത്തും ആരംഭിക്കാറായിരുന്നു.* 55  ഗലീലയിൽനിന്ന് യേശുവിനോടുകൂടെ വന്നിരുന്ന സ്‌ത്രീകളും ഒപ്പം ചെന്ന് കല്ലറയും അതിൽ അവന്‍റെ ശരീരം വെച്ചതും കണ്ടു. 56  പിന്നെ അവർ സുഗന്ധദ്രവ്യങ്ങളും പരിമളതൈലങ്ങളും ഒരുക്കാനായി മടങ്ങിപ്പോയി. ശബത്തിൽ അവർ കൽപ്പനപ്രകാരം സ്വസ്ഥമായി ഇരുന്നു.

അടിക്കുറിപ്പുകള്‍

ലൂക്കോ 23:17* ഈ വാക്യം ഏറ്റവും പഴയ ഗ്രീക്ക് കയ്യെഴുത്തുപ്രതികളോട്‌ പറ്റിനിൽക്കുന്ന, വെസ്റ്റ്കോട്ടിന്‍റെയും ഹോർട്ടിന്‍റെയും ഗ്രീക്കുപാഠത്തിൽ കാണുന്നില്ല. എന്നാൽ ചില ബൈബിൾ ഭാഷാന്തരങ്ങളിൽ അത്‌ ഇങ്ങനെ കാണുന്നു: “പെരുന്നാൾതോറും അവൻ അവർക്ക് ഒരു മനുഷ്യനെ വിട്ടുകൊടുക്കേണ്ടതുണ്ടായിരുന്നു.”
ലൂക്കോ 23:34മത്തായി 16:3-ന്‍റെ അടിക്കുറിപ്പു കാണുക.
ലൂക്കോ 23:35* അക്ഷരാർഥം, ക്രിസ്‌തുവും
ലൂക്കോ 23:44* അക്ഷരാർഥം, ആറാം മണിക്കൂർ: ഉച്ചയ്‌ക്ക് ഏകദേശം പന്ത്രണ്ടുമണി
ലൂക്കോ 23:44* അക്ഷരാർഥം, ഒൻപതാം മണിക്കൂർ: ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നുമണി
ലൂക്കോ 23:54* അക്ഷരാർഥം, ശബത്തുവെളിച്ചവും വീഴാറായിരുന്നു.