കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

ലൂക്കൊസ്‌ 21:1-38

21  അവൻ നോക്കിയപ്പോൾ ധനവാന്മാർ ഭണ്ഡാരങ്ങളിൽ നേർച്ചയിടുന്നതു കണ്ടു.  ദരിദ്രയായ ഒരു വിധവ വന്ന് മൂല്യംകുറഞ്ഞ രണ്ടു ചെറുതുട്ടുകൾ* ഇടുന്നതും അവൻ കണ്ടു.  അപ്പോൾ അവൻ പറഞ്ഞു: “ദരിദ്രയെങ്കിലും ഈ വിധവ മറ്റെല്ലാവരെക്കാളും അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.  അവരെല്ലാം തങ്ങളുടെ വഴിപാടുകൾ ഇട്ടത്‌ അവരുടെ സമൃദ്ധിയിൽനിന്നത്രേ; ഇവളോ തന്‍റെ ഇല്ലായ്‌മയിൽനിന്ന് തന്‍റെ ഉപജീവനത്തിനുള്ള വക മുഴുവനും ഇട്ടിരിക്കുന്നു.”  പിന്നീട്‌ ചിലർ, മനോഹരമായ കല്ലുകളാലും കാണിക്കവസ്‌തുക്കളാലും ദൈവാലയം എത്ര ഭംഗിയായി അലങ്കരിച്ചിരിക്കുന്നു എന്നു പറഞ്ഞപ്പോൾ  അവൻ, “നിങ്ങൾ ഈ കാണുന്നവയെല്ലാം കല്ലിന്മേൽ കല്ലു ശേഷിക്കാത്തവിധം ഇടിച്ചുതകർക്കപ്പെടുന്ന കാലം വരും” എന്നു പറഞ്ഞു.  അപ്പോൾ അവർ അവനോട്‌, “ഗുരോ, ഇതൊക്കെ എപ്പോഴായിരിക്കും സംഭവിക്കുക? അതിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന കാലത്തിന്‍റെ അടയാളമെന്തായിരിക്കും?” എന്നു ചോദിച്ചു.  അതിന്‌ അവൻ പറഞ്ഞത്‌: “നിങ്ങൾ വഴിതെറ്റിക്കപ്പെടാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ. ‘ഞാൻ അവനാണ്‌’ എന്നും ‘സമയം അടുത്തിരിക്കുന്നു’ എന്നും പറഞ്ഞുകൊണ്ട് പലരും എന്‍റെ നാമത്തിൽ വരും; എന്നാൽ അവരുടെ പിന്നാലെ പോകരുത്‌.  നിങ്ങൾ യുദ്ധങ്ങളെയും കലഹങ്ങളെയുംകുറിച്ചു കേൾക്കും; പക്ഷേ, പരിഭ്രാന്തരാകരുത്‌; അവയെല്ലാം ആദ്യം സംഭവിക്കേണ്ടതാകുന്നു. അന്ത്യം ഉടനെ അല്ലതാനും.” 10  പിന്നെയും അവൻ അവരോടു പറഞ്ഞത്‌: “ജനത ജനതയ്‌ക്കെതിരായും രാജ്യം രാജ്യത്തിനെതിരായും എഴുന്നേൽക്കും; 11  വലിയ ഭൂകമ്പങ്ങളും ഒന്നിനു പുറകെ ഒന്നായി പല സ്ഥലങ്ങളിൽ മഹാവ്യാധികളും ഭക്ഷ്യക്ഷാമങ്ങളും ഉണ്ടാകും. ഭയങ്കര കാഴ്‌ചകളും ആകാശത്തുനിന്നു വലിയ അടയാളങ്ങളും ഉണ്ടാകും. 12  “എന്നാൽ ഇവയ്‌ക്കെല്ലാം മുമ്പേ എന്‍റെ നാമംനിമിത്തം ആളുകൾ നിങ്ങളെ പിടികൂടി പീഡിപ്പിക്കുകയും സിനഗോഗുകളിലും കാരാഗൃഹങ്ങളിലും ഏൽപ്പിച്ചുകൊടുക്കുകയും രാജാക്കന്മാരുടെയും ദേശാധിപതികളുടെയും മുമ്പാകെ കൊണ്ടുപോകുകയും ചെയ്യും. 13  നിങ്ങൾക്കത്‌ സാക്ഷ്യം നൽകാൻ അവസരമേകും. 14  എന്നാൽ എങ്ങനെ പ്രതിവാദം നടത്തുമെന്ന് മുന്നമേ ആലോചിച്ചുവെക്കേണ്ടതില്ല; 15  എന്തെന്നാൽ നിങ്ങളുടെ എതിരാളികൾ ഒന്നിച്ചുനിന്നാലും അവർക്കു ചെറുക്കാനോ എതിർത്തുപറയാനോ കഴിയാത്ത വാക്കും* ജ്ഞാനവും ഞാൻ നിങ്ങൾക്കു തരും. 16  അമ്മയപ്പന്മാർ, സഹോദരന്മാർ, ബന്ധുക്കൾ, സ്‌നേഹിതർ എന്നിവർപോലും നിങ്ങളെ ഏൽപ്പിച്ചുകൊടുക്കും; നിങ്ങളിൽ ചിലരെ അവർ കൊല്ലുകയും ചെയ്യും. 17  എന്‍റെ നാമംനിമിത്തം സകലരും നിങ്ങളെ ദ്വേഷിക്കും; 18  എന്നാൽ നിങ്ങളുടെ ഒരു തലമുടിനാരുപോലും നശിച്ചുപോകുകയില്ല. 19  സഹിഷ്‌ണുതയാൽ നിങ്ങൾ നിങ്ങളുടെ ജീവൻ* നേടും. 20  “സൈന്യങ്ങൾ യെരുശലേമിനു ചുറ്റും പാളയമടിച്ചിരിക്കുന്നതു കാണുമ്പോൾ അവളുടെ ശൂന്യമാക്കൽ അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുവിൻ. 21  അപ്പോൾ യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ. യെരുശലേമിലുള്ളവർ പുറപ്പെട്ടുപോകട്ടെ; നാട്ടിൻപുറങ്ങളിലുള്ളവർ അവളിൽ കടക്കുകയുമരുത്‌. 22  എഴുതപ്പെട്ടിരിക്കുന്നതെല്ലാം നിവൃത്തിയാകുന്ന പ്രതികാരത്തിന്‍റെ ദിനങ്ങളാണവ! 23  ആ നാളുകളിൽ ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും അയ്യോ കഷ്ടം! എന്തെന്നാൽ ദേശത്തു കൊടിയ ദുരിതം ഉണ്ടാകുകയും ഈ ജനത്തിന്മേൽ ക്രോധം നിപതിക്കുകയും ചെയ്യും. 24  അവർ വാളിന്‍റെ വായ്‌ത്തലയാൽ വീഴുകയും അവരെ സകല ദേശങ്ങളിലേക്കും ബന്ദികളാക്കി കൊണ്ടുപോകുകയും ചെയ്യും. വിജാതീയർക്കായി നിശ്ചയിച്ചിട്ടുള്ള കാലം തികയുന്നതുവരെ അവർ യെരുശലേമിനെ ചവിട്ടിമെതിക്കും. 25  “സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങൾ കാണും. കടലിന്‍റെ ഗർജനവും ക്ഷോഭവുംനിമിത്തം ഭൂമിയിൽ ജനതകൾ പോംവഴി അറിയാതെ കഠോരവേദനയിലാകും. 26  ആകാശത്തിലെ ശക്തികൾ ഉലയുന്നതുകൊണ്ട് ഭൂലോകത്തിന്‌ എന്തു ഭവിക്കാൻ പോകുന്നു എന്ന ഭീതിയും ആശങ്കയുംനിമിത്തം മനുഷ്യർ ചേതനയറ്റു നിൽക്കും. 27  അപ്പോൾ മനുഷ്യപുത്രൻ ശക്തിയോടും വലിയ മഹത്ത്വത്തോടുംകൂടെ മേഘത്തിൽ വരുന്നത്‌ അവർ കാണും. 28  എന്നാൽ ഇവയൊക്കെയും സംഭവിച്ചുതുടങ്ങുമ്പോൾ, നിങ്ങളുടെ വിടുതൽ അടുത്തുവരുന്നതിനാൽ നിവർന്നു തല ഉയർത്തുവിൻ.” 29  പിന്നെ അവൻ അവരോട്‌ ഒരു ദൃഷ്ടാന്തവും പറഞ്ഞു: “അത്തിവൃക്ഷത്തെയും മറ്റെല്ലാ വൃക്ഷങ്ങളെയും നോക്കുവിൻ: 30  അവ തളിർക്കുമ്പോൾ വേനൽ അടുത്തിരിക്കുന്നെന്നു നിങ്ങൾ അറിയുന്നുവല്ലോ. 31  അങ്ങനെതന്നെ, ഇവയെല്ലാം സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്തെത്തിയിരിക്കുന്നെന്ന് അറിഞ്ഞുകൊള്ളുക. 32  സകലവും സംഭവിക്കുവോളം ഈ തലമുറ ഒരുപ്രകാരത്തിലും നീങ്ങിപ്പോകുകയില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 33  ആകാശവും ഭൂമിയും നീങ്ങിപ്പോകും; എന്‍റെ വചനങ്ങളോ നീങ്ങിപ്പോകുകയില്ല. 34  “എന്നാൽ നിങ്ങളുടെ ഹൃദയം അമിതഭക്ഷണത്താലും മദ്യപാനത്താലും ജീവിതത്തിന്‍റെ ആകുലതകളാലും ഭാരപ്പെട്ടിട്ട് നിനച്ചിരിക്കാത്ത നേരത്ത്‌ ആ ദിവസം പെട്ടെന്നൊരു കെണിപോലെ നിങ്ങളുടെമേൽ വരാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ; 35  എന്തെന്നാൽ അത്‌ സർവഭൂതലത്തിലും വസിക്കുന്ന ഏവരുടെയുംമേൽ വരും. 36  ആകയാൽ സംഭവിക്കാനിരിക്കുന്ന ഇക്കാര്യങ്ങളിൽനിന്നെല്ലാം രക്ഷപ്പെടാനും മനുഷ്യപുത്രന്‍റെ മുമ്പാകെ നിൽക്കാനും കഴിയേണ്ടതിന്‌ സദാ യാചനകഴിച്ചുകൊണ്ട് ഉണർന്നിരിക്കുവിൻ.” 37  അങ്ങനെ, അവൻ പകൽ ദൈവാലയത്തിൽ പഠിപ്പിക്കുകയും രാത്രി ഒലിവുമലയിൽ പോയി പാർക്കുകയും ചെയ്‌തുപോന്നു. 38  ജനമെല്ലാം അവന്‍റെ വചനം കേൾക്കേണ്ടതിന്‌ അതിരാവിലെ ദൈവാലയത്തിൽ അവന്‍റെ അടുക്കൽ വരുമായിരുന്നു.

അടിക്കുറിപ്പുകള്‍

ലൂക്കോ 21:2* അക്ഷരാർഥം, രണ്ടുലെപ്‌റ്റ, ഒരു ദിവസത്തെ വേതനത്തിന്‍റെ 1/64
ലൂക്കോ 21:15* അക്ഷരാർഥം, വായും
ലൂക്കോ 21:19* ഗ്രീക്കിൽ, സൈക്കി