കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

ലൂക്കൊസ്‌ 19:1-48

19  അവൻ യെരീഹോയിലെത്തി അതുവഴി കടന്നുപോകുകയായിരുന്നു.  ചുങ്കക്കാരുടെ പ്രമാണിയും ധനികനുമായ സക്കായി എന്നു പേരുള്ള ഒരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു.  യേശു ആരെന്നു കാണാൻ അവൻ ആഗ്രഹിച്ചു; എന്നാൽ പൊക്കം കുറവായിരുന്ന അവന്‌ ആൾക്കൂട്ടംമൂലം അതിനു കഴിഞ്ഞില്ല.  അതുകൊണ്ട് സക്കായി യേശുവിനെ കാണാനായി അവൻ പൊയ്‌ക്കൊണ്ടിരുന്ന വഴിയിലൂടെ മുമ്പേ ഓടി ഒരു കാട്ടത്തിയിൽ കയറി.  ആ സ്ഥലത്തെത്തിയപ്പോൾ യേശു മുകളിലേക്കു നോക്കി അവനോട്‌, “സക്കായിയേ, വേഗം ഇറങ്ങിവരുക. ഞാൻ ഇന്ന് നിന്‍റെ വീട്ടിലാണു പാർക്കുന്നത്‌” എന്നു പറഞ്ഞു.  അപ്പോൾ അവൻ തിടുക്കത്തിൽ ഇറങ്ങിവന്ന് സന്തോഷത്തോടെ അവനെ അതിഥിയായി സ്വീകരിച്ചു.  ആളുകൾ ഇതുകണ്ട്, “അവൻ പാപിയായ ഒരു മനുഷ്യനോടൊപ്പം പാർക്കാൻ പോയിരിക്കുന്നു” എന്നു പിറുപിറുത്തു.  എന്നാൽ സക്കായി എഴുന്നേറ്റ്‌ കർത്താവിനോട്‌, “കർത്താവേ, എന്‍റെ വസ്‌തുവകകളിൽ പകുതിയും ഞാൻ ഇതാ ദരിദ്രർക്കു കൊടുക്കുന്നു; ഞാൻ ആരോടെങ്കിലും ചതിവിൽ വല്ലതും വാങ്ങിയിട്ടുണ്ടെങ്കിൽ നാലിരട്ടിയായി അതു തിരിച്ചുനൽകുന്നു” എന്നു പറഞ്ഞു.  അപ്പോൾ യേശു അവനോട്‌, “ഇവനും അബ്രാഹാമിന്‍റെ മകനായതുകൊണ്ട് ഇന്ന് ഈ വീടിനു രക്ഷ കൈവന്നിരിക്കുന്നു. 10  കാണാതെപോയതിനെ കണ്ടെത്തി രക്ഷിക്കാനത്രേ മനുഷ്യപുത്രൻ വന്നത്‌” എന്നു പറഞ്ഞു. 11  അവർ ഇതു കേട്ടുകൊണ്ടിരിക്കുമ്പോൾ അവൻ യെരുശലേമിനു സമീപം എത്തിയിരുന്നതുകൊണ്ടും ദൈവരാജ്യം ക്ഷണത്തിൽ വെളിപ്പെടുമെന്ന് അവർ കരുതിയിരുന്നതുകൊണ്ടും അവൻ അവരോട്‌ ഇങ്ങനെ ഒരു ദൃഷ്ടാന്തവും പറഞ്ഞു: 12  “കുലീനനായ ഒരു മനുഷ്യൻ രാജത്വം പ്രാപിച്ചു വരാനായി ഒരു വിദൂരദേശത്തേക്കു യാത്രയായി. 13  തന്‍റെ അടിമകളിൽ പത്തുപേരെ വിളിച്ച് അവർക്കു പത്തുമിനാ* നൽകിയിട്ട് അവരോട്‌, ‘ഞാൻ തിരിച്ചെത്തുന്നതുവരെ ഇതുകൊണ്ടു വ്യാപാരം ചെയ്‌തുകൊള്ളുവിൻ’ എന്നു പറഞ്ഞു. 14  എന്നാൽ അവന്‍റെ സഹപൗരന്മാർ അവനെ ദ്വേഷിച്ചു; അതുകൊണ്ട് അവർ, ‘ഈ മനുഷ്യൻ ഞങ്ങളുടെ രാജാവാകുന്നതു ഞങ്ങൾക്കിഷ്ടമല്ല’ എന്നു പറയാനായി അവന്‍റെ പിന്നാലെ ഒരു സ്ഥാനപതിസംഘത്തെ അയച്ചു. 15  “ഒടുവിൽ അവൻ രാജത്വം പ്രാപിച്ചു മടങ്ങിവന്നു. താൻ വെള്ളിപ്പണം കൊടുത്തിരുന്ന അടിമകൾ വ്യാപാരംചെയ്‌ത്‌ എന്തു സമ്പാദിച്ചു എന്നറിയാനായി അവരെ വിളിക്കാൻ അവൻ കൽപ്പിച്ചു. 16  അപ്പോൾ ആദ്യത്തവൻ വന്ന്, ‘യജമാനനേ, നിന്‍റെ മിനാകൊണ്ടു ഞാൻ പത്തുകൂടെ സമ്പാദിച്ചിരിക്കുന്നു’ എന്നു ബോധിപ്പിച്ചു. 17  അവൻ അവനോട്‌, ‘വളരെ നല്ലത്‌; നീ ഉത്തമനായ ദാസൻതന്നെ! നീ അൽപ്പകാര്യത്തിൽ വിശ്വസ്‌തനാകയാൽ പത്തുപട്ടണത്തിന്‌ അധികാരിയായിരിക്കുക’ എന്നു പറഞ്ഞു. 18  രണ്ടാമത്തവൻ വന്ന്, ‘യജമാനനേ, നിന്‍റെ മിനാകൊണ്ടു ഞാൻ അഞ്ചുകൂടെ ഉണ്ടാക്കിയിരിക്കുന്നു’ എന്നു ബോധിപ്പിച്ചു. 19  യജമാനൻ അവനോട്‌, ‘നീ അഞ്ചുപട്ടണത്തിന്‌ അധികാരിയായിരിക്കുക’ എന്നു പറഞ്ഞു. 20  മറ്റൊരുവൻ വന്ന്, ‘യജമാനനേ, ഇതാ നിന്‍റെ മിനാ; ഞാൻ ഇത്‌ ഒരു തുണിയിൽ പൊതിഞ്ഞുവെച്ചിരുന്നു. 21  നീ ഒരു കഠിനഹൃദയൻ ആകയാൽ എനിക്കു നിന്നെ ഭയമായിരുന്നു. നീ നിക്ഷേപിക്കാത്തത്‌ എടുക്കുന്നവനും വിതയ്‌ക്കാത്തതു കൊയ്യുന്നവനുമാണല്ലോ’ എന്ന് അറിയിച്ചു. 22  അവൻ അവനോട്‌, ‘ദുഷ്ടദാസനേ, നിന്‍റെ വായാൽത്തന്നെ ഞാൻ നിന്നെ വിധിക്കും. ഞാൻ ഒരു കഠിനഹൃദയനും നിക്ഷേപിക്കാത്തത്‌ എടുക്കുകയും വിതയ്‌ക്കാത്തതു കൊയ്യുകയും ചെയ്യുന്നവനും ആണെന്നു നീ അറിഞ്ഞിരുന്നല്ലോ. 23  പിന്നെ നീ എന്തുകൊണ്ട് എന്‍റെ വെള്ളിപ്പണം പണമിടപാടുകാരുടെ പക്കൽ നിക്ഷേപിച്ചില്ല? ഞാൻ വന്ന് അതു പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നല്ലോ’ എന്നു പറഞ്ഞു. 24  “എന്നിട്ട് അവൻ അരികെ നിന്നിരുന്നവരോട്‌, ‘അവന്‍റെ പക്കൽനിന്ന് ആ മിനാ എടുത്ത്‌ പത്തുമിനാ ഉള്ളവനു കൊടുക്കുക’ എന്നു കൽപ്പിച്ചു. 25  അവരോ അവനോട്‌, ‘യജമാനനേ, അവനു പത്തുമിനാ ഉണ്ടല്ലോ’ എന്നു പറഞ്ഞു.— 26  ‘ഞാൻ നിങ്ങളോടു പറയുന്നു: ഉള്ള ഏവനും കൂടുതൽ നൽകപ്പെടും. ഇല്ലാത്തവന്‍റെ പക്കൽനിന്ന് ഉള്ളതുംകൂടെ എടുത്തുകളയും. 27  എന്നെ തങ്ങളുടെ രാജാവായി അംഗീകരിക്കാൻ ഇഷ്ടമില്ലാത്ത എന്‍റെ ശത്രുക്കളെ ഇവിടെ കൊണ്ടുവന്ന് എന്‍റെ മുമ്പിൽവെച്ചു കൊന്നുകളയുവിൻ.’ ” 28  ഇതിനുശേഷം അവർ യെരുശലേമിലേക്കു യാത്രയായി; അവൻ അവർക്കു മുമ്പേ നടന്നു. 29  അവൻ ഒലിവുമലയ്‌ക്കരികെ ബേത്ത്‌ഫാഗയ്‌ക്കും ബെഥാന്യക്കും സമീപമെത്തിയപ്പോൾ രണ്ടുശിഷ്യന്മാരെ അയച്ചുകൊണ്ട് 30  അവരോടു പറഞ്ഞു: “നിങ്ങൾ ആ കാണുന്ന ഗ്രാമത്തിലേക്കു പോകുക. അവിടെ ചെല്ലുമ്പോൾ ആരും ഇതുവരെ കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ* കെട്ടിയിരിക്കുന്നതു നിങ്ങൾ കാണും. അതിനെ അഴിച്ച് കൊണ്ടുവരുക. 31  ‘എന്തിനാണു നിങ്ങൾ ഇതിനെ അഴിക്കുന്നത്‌?’ എന്ന് ആരെങ്കിലും ചോദിച്ചാൽ, ‘കർത്താവിന്‌ ഇതിനെക്കൊണ്ട് ആവശ്യമുണ്ട്’ എന്നു പറയുക.” 32  അവർ ചെന്നപ്പോൾ അവൻ തങ്ങളോടു പറഞ്ഞിരുന്നതുപോലെതന്നെ കണ്ടു. 33  അവർ കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്‍റെ ഉടമസ്ഥർ അവരോട്‌, “നിങ്ങൾ കഴുതക്കുട്ടിയെ അഴിക്കുന്നത്‌ എന്തിന്‌?” എന്നു ചോദിച്ചു. 34  “കർത്താവിന്‌ ഇതിനെക്കൊണ്ട് ആവശ്യമുണ്ട്” എന്ന് അവർ ഉത്തരം പറഞ്ഞു. 35  ശിഷ്യന്മാർ അതിനെ യേശുവിന്‍റെ അടുക്കൽ കൊണ്ടുവന്നു. അവർ തങ്ങളുടെ മേലങ്കികൾ അതിന്‍റെമേൽ ഇട്ടു; യേശുവിനെ അതിന്‍റെ പുറത്തു കയറ്റിയിരുത്തി. 36  അവൻ പോകുമ്പോൾ അവർ തങ്ങളുടെ മേലങ്കികൾ വഴിയിൽ വിരിച്ചു. 37  അവൻ ഒലിവുമലയുടെ ഇറക്കത്തിങ്കലെത്തിയപ്പോൾ ശിഷ്യന്മാരുടെ കൂട്ടം ഒന്നാകെ, “യഹോവയുടെ നാമത്തിൽ രാജാവായി വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ! സ്വർഗത്തിൽ സമാധാനം; അത്യുന്നതങ്ങളിൽ മഹത്ത്വം” 38  എന്ന് ആർത്തുവിളിച്ചുകൊണ്ട് തങ്ങൾ കണ്ട സകല വീര്യപ്രവൃത്തികളുംനിമിത്തം ആഹ്ലാദത്തോടെ ദൈവത്തെ സ്‌തുതിച്ചു. 39  എന്നാൽ ജനക്കൂട്ടത്തിലുണ്ടായിരുന്ന പരീശന്മാരിൽ ചിലർ അവനോട്‌, “ഗുരോ, നിന്‍റെ ശിഷ്യന്മാരെ ശാസിക്കുക” എന്നു പറഞ്ഞു. 40  അവനോ, “ഇവർ മിണ്ടാതിരുന്നാൽ ഈ കല്ലുകൾ ആർത്തുവിളിക്കും” എന്നു മറുപടി നൽകി. 41  അവൻ നഗരത്തിന്‌ അടുത്തെത്തിയപ്പോൾ അതിനെ നോക്കി വിലപിച്ചുകൊണ്ടു പറഞ്ഞത്‌: 42  “സമാധാനത്തിനുള്ള മാർഗങ്ങൾ ഇതിനോടകം നീ തിരിച്ചറിഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു! എന്നാൽ ഇപ്പോൾ അതു നിന്‍റെ കണ്ണിനു മറയ്‌ക്കപ്പെട്ടിരിക്കുന്നു. 43  നിന്‍റെ സന്ദർശനകാലം നീ തിരിച്ചറിയായ്‌കയാൽ ഇതു നിനക്കു സംഭവിക്കും: നിന്‍റെ ശത്രുക്കൾ നിനക്കു ചുറ്റും കൂർത്ത മരത്തൂണുകൾകൊണ്ടു കോട്ടയുണ്ടാക്കി നിന്നെ വളഞ്ഞ് എല്ലാവശത്തുനിന്നും നിന്നെ ഞെരുക്കുന്ന കാലം വരും. 44  അവർ നിന്നെയും നിന്നിലുള്ള നിന്‍റെ മക്കളെയും നിലംപരിചാക്കും. അവർ നിന്നിൽ കല്ലിന്മേൽ കല്ലു ശേഷിപ്പിക്കുകയില്ല.” 45  പിന്നെ അവൻ ദൈവാലയത്തിൽ പ്രവേശിച്ച് അവിടെ വിൽപ്പന നടത്തിയിരുന്നവരെ പുറത്താക്കാൻതുടങ്ങി. 46  അവൻ അവരോട്‌, “ ‘എന്‍റെ ഭവനം പ്രാർഥനാലയം ആയിരിക്കും’ എന്ന് എഴുതിയിരിക്കുന്നു. നിങ്ങളോ അതിനെ കവർച്ചക്കാരുടെ ഗുഹയാക്കിയിരിക്കുന്നു” എന്നു പറഞ്ഞു. 47  അവൻ ദിവസേന ആലയത്തിൽ പഠിപ്പിച്ചുപോന്നു. മുഖ്യപുരോഹിതന്മാരും ശാസ്‌ത്രിമാരും ജനത്തിന്‍റെ പ്രമാണിമാരും അവനെ ഒടുക്കിക്കളയാൻ മാർഗം അന്വേഷിച്ചുകൊണ്ടിരുന്നു; 48  എങ്കിലും അവന്‍റെ വചനം കേൾക്കാൻ ജനം എപ്പോഴും അവന്‍റെ ചുറ്റും കൂടിനിന്നിരുന്നതിനാൽ പറ്റിയ ഒരു മാർഗം കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല.

അടിക്കുറിപ്പുകള്‍

ലൂക്കോ 19:13* ഒരു ഗ്രീക്ക് മിനാ 340 ഗ്രാം തൂക്കം വരുമായിരുന്നു; അത്‌ 100 ദ്രഹ്‌മയ്‌ക്കു തുല്യം.
ലൂക്കോ 19:30മത്തായി 21:2-ന്‍റെ അടിക്കുറിപ്പു കാണുക.