കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

ലൂക്കൊസ്‌ 18:1-43

18  മടുത്തുപോകാതെ എപ്പോഴും പ്രാർഥിക്കേണ്ടതിന്‍റെ ആവശ്യം കാണിച്ചുകൊടുക്കാൻ അവൻ അവരോട്‌ ഒരു ദൃഷ്ടാന്തം പറഞ്ഞു:  “ഒരു പട്ടണത്തിൽ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ വകവെക്കുകയോ ചെയ്യാത്ത ഒരു ന്യായാധിപൻ ഉണ്ടായിരുന്നു.  ആ പട്ടണത്തിൽ ഒരു വിധവയും ഉണ്ടായിരുന്നു. അവൾ അവന്‍റെ അടുക്കൽ ചെന്ന്, ‘എന്‍റെ പ്രതിയോഗിയുമായുള്ള പ്രശ്‌നത്തിൽ എനിക്കു ന്യായം നടത്തിത്തരേണമേ’ എന്ന് അപേക്ഷിക്കുക പതിവായിരുന്നു.  എന്നാൽ വേണ്ടതുചെയ്യാൻ കുറച്ചുകാലത്തേക്ക് അവനു മനസ്സില്ലായിരുന്നു; എങ്കിലും പിന്നീട്‌ അവൻ തന്നോടുതന്നെ, ‘ഞാൻ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യനെ വകവെക്കുകയോ ചെയ്യുന്നില്ലെങ്കിലും  ഈ വിധവ എന്നെ വിടാതെ ശല്യപ്പെടുത്തുന്നതുകൊണ്ട് അവൾക്കു ഞാൻ ഏതുവിധേനയും ന്യായം നടത്തിക്കൊടുക്കും; അല്ലാഞ്ഞാൽ അവൾ കൂടെക്കൂടെ വന്ന് എന്‍റെ സ്വൈരം കെടുത്തും’ എന്നു പറഞ്ഞു.”  എന്നിട്ട് കർത്താവ്‌ അവരോടു പറഞ്ഞത്‌: “നീതികെട്ടവനെങ്കിലും ആ ന്യായാധിപൻ പറഞ്ഞതു ശ്രദ്ധിക്കുവിൻ!  അങ്ങനെയെങ്കിൽ, തന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരുടെ കാര്യത്തിൽ ദൈവം ക്ഷമയോടെയിരിക്കുന്നെങ്കിൽത്തന്നെയും രാവും പകലും തന്നോടു നിലവിളിക്കുന്ന അവർക്ക് ഒടുവിൽ അവൻ ന്യായം നടത്തിക്കൊടുക്കാതിരിക്കുമോ?  അവൻ അവർക്കു വേഗത്തിൽ ന്യായം നടത്തിക്കൊടുക്കുമെന്ന് ഞാൻ നിങ്ങളോടു പറയുന്നു; എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ യഥാർഥ വിശ്വാസം കണ്ടെത്തുമോ?”  സ്വയം നീതിമാന്മാരെന്ന് അഭിമാനിച്ച് മറ്റുള്ളവരെ നിസ്സാരരായി കണ്ടിരുന്ന ചിലരോടായി അവൻ ഇങ്ങനെയൊരു ദൃഷ്ടാന്തവും പറഞ്ഞു: 10  “രണ്ടുമനുഷ്യർ പ്രാർഥിക്കാനായി ദൈവാലയത്തിൽ ചെന്നു; ഒരാൾ പരീശനും മറ്റേയാൾ ചുങ്കക്കാരനും ആയിരുന്നു. 11  പരീശൻ നിന്നുകൊണ്ട് ഉള്ളിൽ ഇങ്ങനെ പ്രാർഥിച്ചു: ‘ദൈവമേ, ഞാൻ പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ മറ്റു മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ അല്ലാത്തതുകൊണ്ട് നിനക്കു സ്‌തോത്രം ചെയ്യുന്നു. 12  ഞാൻ ആഴ്‌ചയിൽ രണ്ടുതവണ ഉപവസിക്കുന്നു; എനിക്കു ലഭിക്കുന്ന എല്ലാറ്റിലും ദശാംശം കൊടുക്കുന്നു.’ 13  ചുങ്കക്കാരനോ ദൂരെനിന്നുകൊണ്ടു സ്വർഗത്തിലേക്കു കണ്ണുകളുയർത്താൻപോലും തുനിയാതെ മാറത്തടിച്ച്, ‘ദൈവമേ, പാപിയായ എന്നോടു കൃപ തോന്നേണമേ’ എന്നു പറഞ്ഞു. 14  ഈ മനുഷ്യൻ മറ്റവനെക്കാൾ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി എന്നു ഞാൻ നിങ്ങളോടു പറയുന്നു. തന്നെത്തന്നെ ഉയർത്തുന്ന ഏവനും താഴ്‌ത്തപ്പെടും; തന്നെത്തന്നെ താഴ്‌ത്തുന്നവൻ ഉയർത്തപ്പെടും.” 15  അവൻ തൊട്ടനുഗ്രഹിക്കേണ്ടതിന്‌ ആളുകൾ ശിശുക്കളെ അവന്‍റെ അടുക്കൽ കൊണ്ടുവന്നു. ഇതുകണ്ട് അവന്‍റെ ശിഷ്യന്മാർ അവരെ ശാസിച്ചു. 16  യേശുവോ ശിശുക്കളെ തന്‍റെ അടുക്കലേക്കു വിളിച്ചുകൊണ്ട്, “ശിശുക്കൾ എന്‍റെ അടുക്കൽ വന്നുകൊള്ളട്ടെ; അവരെ തടയരുത്‌. ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതത്രേ. 17  ശിശുവിനെപ്പോലെ ദൈവരാജ്യത്തെ കൈക്കൊള്ളാത്ത ആരും ഒരുപ്രകാരത്തിലും അതിൽ കടക്കുകയില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. 18  ഒരു പ്രമാണി അവനോട്‌, “നല്ല ഗുരോ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം?” എന്നു ചോദിച്ചു. 19  യേശു അവനോട്‌, “നീ എന്നെ നല്ലവൻ എന്നു വിളിക്കുന്നതെന്ത്? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല. 20  ‘വ്യഭിചാരം ചെയ്യരുത്‌; കൊലചെയ്യരുത്‌; മോഷ്ടിക്കരുത്‌; കള്ളസാക്ഷ്യം പറയരുത്‌; നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക’ എന്നീ കൽപ്പനകൾ നിനക്ക് അറിവുള്ളതാണല്ലോ” എന്നു പറഞ്ഞു. 21  “ഇക്കാര്യങ്ങളെല്ലാം ചെറുപ്പംമുതൽ ഞാൻ പ്രമാണിച്ചുവരുന്നു” എന്ന് അവൻ ഉത്തരം നൽകി. 22  ഇതു കേട്ടിട്ട് യേശു അവനോട്‌, “ഒരു കുറവ്‌ നിനക്കുണ്ട്: നിനക്കുള്ളതെല്ലാം വിറ്റ്‌ ദരിദ്രർക്കു കൊടുക്കുക; അപ്പോൾ സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; എന്നിട്ടു വന്ന് എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു. 23  അവൻ അതിസമ്പന്നനായിരുന്നതിനാൽ ഇതുകേട്ട് വളരെ ദുഃഖിച്ചു. 24  യേശു അവനെ നോക്കിക്കൊണ്ട്, “സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നത്‌ എത്ര പ്രയാസം! 25  ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത്‌ എളുപ്പം” എന്നു പറഞ്ഞു. 26  ഇതു കേട്ടവർ, “അങ്ങനെയെങ്കിൽ രക്ഷിക്കപ്പെടാൻ ആർക്കു കഴിയും” എന്നു പറഞ്ഞു. 27  അതിന്‌ അവൻ, “മനുഷ്യർക്ക് അസാധ്യമായത്‌ ദൈവത്തിനു സാധ്യം” എന്ന് ഉത്തരം നൽകി. 28  അപ്പോൾ പത്രോസ്‌, “ഇതാ, ഞങ്ങൾ സകലതും ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു” എന്നു പറഞ്ഞു. 29  അവൻ അവരോട്‌, “ദൈവരാജ്യത്തെപ്രതി വീടുകളെയോ ഭാര്യയെയോ സഹോദരന്മാരെയോ അമ്മയപ്പന്മാരെയോ മക്കളെയോ വിട്ടുകളഞ്ഞിരിക്കുന്ന ഏവനും 30  നഷ്ടമായതെല്ലാം ഈ കാലത്തുതന്നെ അനേകം മടങ്ങായി ലഭിക്കും; വരുവാനുള്ള ലോകത്തിൽ* നിത്യജീവനും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. 31  അനന്തരം അവൻ പന്തിരുവരെ വേറിട്ടുകൊണ്ടുപോയി അവരോടു പറഞ്ഞത്‌: “ഇതാ, നാം യെരുശലേമിലേക്കു പോകുന്നു. മനുഷ്യപുത്രനെക്കുറിച്ച് പ്രവാചകന്മാർ എഴുതിയിരിക്കുന്നതൊക്കെയും പൂർണമായും നിവൃത്തിയാകും. 32  അവൻ വിജാതീയരുടെ കൈയിൽ ഏൽപ്പിക്കപ്പെടും; അവർ അവനെ പരിഹസിക്കുകയും അപമാനിക്കുകയും തുപ്പുകയും ചെയ്യും. 33  അവനെ ചാട്ടയ്‌ക്കടിച്ചശേഷം അവർ അവനെ കൊല്ലും; എന്നാൽ മൂന്നാംനാൾ അവൻ ഉയിർത്തെഴുന്നേൽക്കും.” 34  ഇതിന്‍റെയൊന്നും അർഥം പക്ഷേ, അവർക്കു മനസ്സിലായില്ല. ഈ വചനം അവർക്കു മറയ്‌ക്കപ്പെട്ടിരുന്നതിനാൽ പറഞ്ഞ കാര്യങ്ങൾ അവർ ഗ്രഹിച്ചില്ല. 35  അവൻ യെരീഹോയോട്‌ അടുത്തപ്പോൾ അന്ധനായ ഒരു മനുഷ്യൻ ഭിക്ഷയാചിച്ചുകൊണ്ടു വഴിയരികെ ഇരിപ്പുണ്ടായിരുന്നു. 36  ജനക്കൂട്ടം കടന്നുപോകുന്നതിന്‍റെ ആരവം കേട്ടപ്പോൾ അത്‌ എന്താണെന്ന് അവൻ തിരക്കി. 37  അവർ അവനോട്‌, “നസറായനായ യേശു കടന്നുപോകുന്നു” എന്ന് അറിയിച്ചു. 38  അപ്പോൾ അവൻ, “യേശുവേ, ദാവീദുപുത്രാ, എന്നോടു കനിവു തോന്നേണമേ” എന്നു നിലവിളിച്ചുപറഞ്ഞു. 39  മുമ്പിൽ നടന്നിരുന്നവർ, മിണ്ടാതിരിക്കാൻ പറഞ്ഞ് അവനെ ശാസിച്ചെങ്കിലും അവൻ, “ദാവീദുപുത്രാ, എന്നോടു കനിവു തോന്നേണമേ” എന്ന് കൂടുതൽ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. 40  അപ്പോൾ യേശു നിന്നിട്ട് ആ മനുഷ്യനെ തന്‍റെ അടുക്കൽ കൊണ്ടുവരാൻ കൽപ്പിച്ചു. അവൻ അടുത്തു വന്നപ്പോൾ യേശു അവനോട്‌, 41  “ഞാൻ നിനക്ക് എന്തു ചെയ്‌തുതരാനാണു നീ ആഗ്രഹിക്കുന്നത്‌?” എന്നു ചോദിച്ചു. “കർത്താവേ, എനിക്കു കാഴ്‌ച തിരിച്ചുകിട്ടേണം” എന്ന് അവൻ പറഞ്ഞു. 42  അപ്പോൾ യേശു അവനോട്‌, “കാഴ്‌ച പ്രാപിക്കുക; നിന്‍റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു” എന്നു പറഞ്ഞു. 43  തത്‌ക്ഷണം അവനു കാഴ്‌ച തിരിച്ചുകിട്ടി. ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ട് അവൻ അവനെ അനുഗമിച്ചു. ഇതുകണ്ട് ജനമെല്ലാം ദൈവത്തെ സ്‌തുതിച്ചു.

അടിക്കുറിപ്പുകള്‍

ലൂക്കോ 18:30* അല്ലെങ്കിൽ, വ്യവസ്ഥിതിയിൽ