കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

ലൂക്കൊസ്‌ 17:1-37

17  പിന്നെ അവൻ തന്‍റെ ശിഷ്യന്മാരോടു പറഞ്ഞത്‌: “ഇടർച്ചകൾ വരാതിരിക്കുകയില്ല. എന്നാൽ അവ വരുത്തുന്നവന്‌ അയ്യോ കഷ്ടം!  ഈ ചെറിയവരിൽ ഒരുവന്‌ ഇടർച്ചവരുത്തുന്നതിനെക്കാൾ ഭേദം കഴുത്തിൽ ഒരു തിരികല്ലു കെട്ടി കടലിൽ എറിയപ്പെടുന്നതാണ്‌.  ആകയാൽ സൂക്ഷിച്ചുകൊള്ളുവിൻ. നിന്‍റെ സഹോദരൻ ഒരു പാപം ചെയ്‌താൽ അവനെ ശാസിക്കുവിൻ. അവൻ അനുതപിച്ചാൽ അവനോടു ക്ഷമിക്കുവിൻ.  അവൻ ദിവസത്തിൽ ഏഴുതവണ നിനക്കെതിരെ പാപം ചെയ്യുകയും ഏഴുതവണയും നിന്‍റെ അടുക്കൽ വന്ന്, ‘ഞാൻ അനുതപിക്കുന്നു’ എന്നു പറയുകയും ചെയ്‌താൽ അവനോടു ക്ഷമിക്കണം.”  അനന്തരം അപ്പൊസ്‌തലന്മാർ കർത്താവിനോട്‌, “ഞങ്ങൾക്കു വിശ്വാസം വർധിപ്പിച്ചുതരേണമേ” എന്നു പറഞ്ഞു.  അതിനു കർത്താവ്‌, “നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മരത്തോട്‌, ‘വേരോടെ പിഴുതുപോയി കടലിൽ ഉറയ്‌ക്കുക’ എന്നു പറഞ്ഞാൽ അതു നിങ്ങളെ അനുസരിക്കും.  “നിങ്ങളിൽ ഒരുവന്‌ നിലം ഉഴുകയോ ആടുമേയ്‌ക്കുകയോ ചെയ്യുന്ന ഒരു അടിമ ഉണ്ടെന്നിരിക്കട്ടെ. അവൻ വയലിൽനിന്നു വരുമ്പോൾ, ‘വേഗം വന്നു ഭക്ഷണത്തിനിരുന്നുകൊള്ളുക’ എന്നു നിങ്ങൾ അവനോടു പറയുമോ?  മറിച്ച്, ‘എനിക്ക് അത്താഴം ഒരുക്കുക; ഞാൻ ഭക്ഷിച്ചു പാനം ചെയ്യുന്നതുവരെ അരകെട്ടി എനിക്കു ശുശ്രൂഷ ചെയ്യുക; പിന്നെ നീയും തിന്നുകുടിച്ചുകൊള്ളുക’ എന്നല്ലയോ പറയുക?  ഏൽപ്പിച്ച പണി ചെയ്‌തതിന്‌ നിങ്ങൾക്ക് ആ അടിമയോടു നന്ദി തോന്നുമോ? 10  അങ്ങനെ നിങ്ങളും, നിങ്ങളെ ഏൽപ്പിച്ച കാര്യങ്ങൾ നിറവേറ്റിയശേഷം, ‘ഞങ്ങൾ വെറും അടിമകൾ. ഞങ്ങൾ ഞങ്ങളുടെ കടമനിർവഹിക്കുക മാത്രമേ ചെയ്‌തിട്ടുള്ളൂ’ എന്നു പറയുവിൻ.” 11  അവൻ യെരുശലേമിലേക്കു യാത്രചെയ്യവെ, ശമര്യയുടെയും ഗലീലയുടെയും മധ്യേകൂടെ കടന്നുപോയി. 12  അവൻ ഒരു ഗ്രാമത്തിൽ ചെന്നപ്പോൾ കുഷ്‌ഠരോഗികളായ പത്തുപുരുഷന്മാർ അവനെ കണ്ടു. ദൂരത്തുതന്നെ നിന്നുകൊണ്ട് അവർ, 13  “യേശുവേ, ഗുരോ, ഞങ്ങളോടു കനിവു തോന്നേണമേ” എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. 14  അവൻ അവരെ കണ്ടിട്ട് അവരോട്‌, “പോയി പുരോഹിതന്മാർക്കു നിങ്ങളെത്തന്നെ കാണിക്കുവിൻ” എന്നു പറഞ്ഞു. പോകുന്നവഴിക്കുതന്നെ അവർ ശുദ്ധരായി. 15  അവരിൽ ഒരുവൻ താൻ ശുദ്ധനായി എന്നു കണ്ടപ്പോൾ ഉച്ചത്തിൽ ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്നു. 16  അവൻ യേശുവിന്‍റെ കാൽക്കൽ കവിണ്ണുവീണ്‌ അവനു നന്ദിനൽകി. അവനോ ഒരു ശമര്യക്കാരനായിരുന്നു. 17  അപ്പോൾ യേശു, “പത്തുപേരല്ലയോ ശുദ്ധരായത്‌? മറ്റ്‌ ഒൻപതുപേർ എവിടെ? 18  മടങ്ങിവന്ന് ദൈവത്തെ മഹത്ത്വപ്പെടുത്താൻ ഈ അന്യജാതിക്കാരനല്ലാതെ മറ്റാർക്കും തോന്നിയില്ലല്ലോ” എന്നു പറഞ്ഞു. 19  പിന്നെ അവൻ അവനോട്‌, “എഴുന്നേറ്റു പൊയ്‌ക്കൊള്ളുക. നിന്‍റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു” എന്നു പറഞ്ഞു. 20  ദൈവരാജ്യം എപ്പോഴാണു വരുന്നതെന്നു പരീശന്മാർ ചോദിച്ചതിന്‌ അവൻ, “ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നത്‌. 21  ‘ഇതാ ഇവിടെ’ എന്നോ ‘അതാ അവിടെ’ എന്നോ ആളുകൾ പറയുകയുമില്ല. ഇതാ, ദൈവരാജ്യം നിങ്ങളുടെ ഇടയിൽത്തന്നെ ഉണ്ട്” എന്നു പറഞ്ഞു. 22  പിന്നെ അവൻ ശിഷ്യന്മാരോടു പറഞ്ഞത്‌: “നിങ്ങൾ മനുഷ്യപുത്രന്‍റെ നാളുകളിലൊന്നെങ്കിലും കാണാൻ കൊതിക്കുന്ന കാലംവരും; എന്നാൽ കാണുകയില്ലതാനും. 23  മനുഷ്യർ നിങ്ങളോട്‌, ‘അതാ അവിടെ,’ ‘ഇതാ ഇവിടെ’ എന്നെല്ലാം പറയും. നിങ്ങൾ പുറപ്പെടരുത്‌; അവരുടെ പിന്നാലെ പോകുകയും അരുത്‌; 24  എന്തെന്നാൽ മിന്നൽ ആകാശത്തിൽ ഒരറ്റംമുതൽ മറ്റേ അറ്റംവരെ തിളങ്ങി പ്രകാശിക്കുന്നതുപോലെ ആയിരിക്കും മനുഷ്യപുത്രൻ വെളിപ്പെടുന്നത്‌; 25  എന്നാൽ ആദ്യമേ അവൻ വളരെ കഷ്ടം സഹിക്കുകയും ഈ തലമുറയാൽ പരിത്യജിക്കപ്പെടുകയും ചെയ്യേണ്ടതാകുന്നു. 26  നോഹയുടെ നാളിൽ സംഭവിച്ചതുപോലെതന്നെ മനുഷ്യപുത്രന്‍റെ നാളിലും സംഭവിക്കും: 27  നോഹ പെട്ടകത്തിൽ കടന്ന നാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിനു കൊടുക്കപ്പെട്ടും പോന്നു. ജലപ്രളയം വന്ന് അവരെ എല്ലാവരെയും നശിപ്പിച്ചുകളഞ്ഞു. 28  ലോത്തിന്‍റെ നാളിലും അങ്ങനെതന്നെ സംഭവിച്ചു: അവർ തിന്നും കുടിച്ചും വാങ്ങിയും വിറ്റും നട്ടും പണിതും പോന്നു. 29  എന്നാൽ ലോത്ത്‌ സൊദോം വിട്ട ദിവസം ആകാശത്തുനിന്നു തീയും ഗന്ധകവും വർഷിച്ച് എല്ലാവരെയും നശിപ്പിച്ചുകളഞ്ഞു. 30  മനുഷ്യപുത്രൻ വെളിപ്പെടുന്ന ദിവസത്തിലും അങ്ങനെതന്നെ ആയിരിക്കും. 31  “അന്ന് പുരമുകളിലുള്ളവൻ വീട്ടിലുള്ള സാധനങ്ങൾ എടുത്തുകൊണ്ടുപോകാൻ താഴെ ഇറങ്ങരുത്‌. വയലിലായിരിക്കുന്നവനും സാധനങ്ങളെടുക്കാനായി മടങ്ങിപ്പോകരുത്‌. 32  ലോത്തിന്‍റെ ഭാര്യയെ ഓർത്തുകൊള്ളുവിൻ. 33  തന്‍റെ ജീവൻ* സംരക്ഷിക്കാൻ ശ്രമിക്കുന്നവൻ അതു നഷ്ടപ്പെടുത്തും; അതു നഷ്ടപ്പെടുത്തുന്നവനോ അതു നിലനിറുത്തും. 34  ഞാൻ നിങ്ങളോടു പറയുന്നു: ആ രാത്രിയിൽ രണ്ടുപുരുഷന്മാർ ഒരു കിടക്കയിലായിരിക്കും; ഒരുവനെ കൈക്കൊള്ളും, മറ്റവനെ ഉപേക്ഷിക്കും. 35  രണ്ടുസ്‌ത്രീകൾ ഒരു തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരുവളെ കൈക്കൊള്ളും, മറ്റവളെ ഉപേക്ഷിക്കും.” 36  *—— 37  അപ്പോൾ അവർ അവനോട്‌, “കർത്താവേ, എവിടെ?” എന്നു ചോദിച്ചു. അവൻ അവരോട്‌, “ശവം ഉള്ളിടത്തു കഴുകന്മാർ വന്നുകൂടും” എന്നു പറഞ്ഞു.

അടിക്കുറിപ്പുകള്‍

ലൂക്കോ 17:33* ഗ്രീക്കിൽ, സൈക്കി
ലൂക്കോ 17:36* ഈ വാക്യം ഏറ്റവും പഴയ ഗ്രീക്ക് കയ്യെഴുത്തുപ്രതികളോട്‌ പറ്റിനിൽക്കുന്ന, വെസ്റ്റ്കോട്ടിന്‍റെയും ഹോർട്ടിന്‍റെയും ഗ്രീക്കുപാഠത്തിൽ കാണുന്നില്ല. എന്നാൽ ചില ബൈബിൾ ഭാഷാന്തരങ്ങളിൽ അത്‌ ഇങ്ങനെ കാണുന്നു: “രണ്ടുപേർ വയലിലായിരിക്കും; ഒരുവനെ കൈക്കൊള്ളും, മറ്റവനെ ഉപേക്ഷിക്കും.”