കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

ലൂക്കൊസ്‌ 15:1-32

15  ചുങ്കക്കാരും പാപികളുമെല്ലാം അവന്‍റെ വചനം കേൾക്കാൻ വന്നുകൊണ്ടിരുന്നു.  ഇതു കണ്ടിട്ട് പരീശന്മാരും ശാസ്‌ത്രിമാരും, “ഇവൻ പാപികളെ സ്വീകരിച്ച് അവരോടൊപ്പം ഭക്ഷണം കഴിക്കുന്നു” എന്നു പിറുപിറുത്തു.  അപ്പോൾ അവൻ അവരോട്‌ ഈ ദൃഷ്ടാന്തം പറഞ്ഞു:  “നിങ്ങളിൽ ഒരുവന്‌ നൂറ്‌ ആടുകൾ ഉണ്ടെന്നിരിക്കട്ടെ. അവയിൽ ഒന്നിനെ കാണാതെപോയാൽ അവൻ തൊണ്ണൂറ്റി ഒൻപതിനെയും വെളിമ്പ്രദേശത്തു വിട്ടിട്ട് കാണാതെപോയതിനെ കണ്ടെത്തുന്നതുവരെ തിരഞ്ഞുനടക്കുകയില്ലയോ?  കണ്ടെത്തുമ്പോൾ അവൻ അതിനെ ചുമലിലേറ്റി ആഹ്ലാദിക്കും.  വീട്ടിലെത്തുമ്പോൾ അവൻ തന്‍റെ സ്‌നേഹിതരെയും അയൽക്കാരെയും വിളിച്ചുകൂട്ടി അവരോട്‌, ‘എന്നോടുകൂടെ ആഹ്ലാദിക്കുവിൻ; കാണാതെപോയ എന്‍റെ ആടിനെ കണ്ടെത്തിയിരിക്കുന്നു’ എന്നു പറയും.  അങ്ങനെതന്നെ, മാനസാന്തരം ആവശ്യമില്ലാത്ത തൊണ്ണൂറ്റി ഒൻപതു നീതിമാന്മാരെക്കുറിച്ച് ഉള്ളതിനെക്കാൾ, മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ച് സ്വർഗത്തിൽ അധികം സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.  “ഒരു സ്‌ത്രീക്ക് പത്തുദ്രഹ്‌മ* ഉണ്ടെന്നിരിക്കട്ടെ. അവയിൽ ഒന്നു കളഞ്ഞുപോയാൽ അവൾ വിളക്കു കത്തിച്ച് വീട്‌ അടിച്ചുവാരി അതു കണ്ടുകിട്ടുന്നതുവരെ സൂക്ഷ്മതയോടെ തിരയുകയില്ലയോ?  അതു കണ്ടുകിട്ടുമ്പോൾ അവൾ തന്‍റെ സ്‌നേഹിതകളെയും അയൽക്കാരികളെയും വിളിച്ചുകൂട്ടി, ‘എന്നോടുകൂടെ ആഹ്ലാദിക്കുവിൻ; കളഞ്ഞുപോയ എന്‍റെ ദ്രഹ്‌മ ഞാൻ കണ്ടെത്തിയിരിക്കുന്നു’ എന്നു പറയും. 10  അതുപോലെതന്നെ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാർക്കിടയിൽ സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.” 11  പിന്നെ അവൻ പറഞ്ഞത്‌: “ഒരു മനുഷ്യനു രണ്ടുപുത്രന്മാർ ഉണ്ടായിരുന്നു. 12  അവരിൽ ഇളയവൻ അപ്പനോട്‌, ‘അപ്പാ, സ്വത്തിൽ എനിക്കു കിട്ടേണ്ട ഓഹരി തരുക’ എന്നു പറഞ്ഞു. അവൻ തന്‍റെ വസ്‌തുവകകൾ അവർക്കു വീതിച്ചുകൊടുത്തു. 13  ഏറെനാൾ കഴിയുന്നതിനുമുമ്പ്, ഇളയവൻ തനിക്കു കിട്ടിയതുംകൊണ്ട് ഒരു ദൂരദേശത്തേക്കു യാത്രയായി; അവിടെച്ചെന്ന് അവൻ അധമജീവിതം നയിച്ച് തന്‍റെ സ്വത്തെല്ലാം ധൂർത്തടിച്ചു. 14  സകലതും ചെലവഴിച്ചുകഴിഞ്ഞപ്പോൾ ആ ദേശത്തെങ്ങും ഒരു കടുത്ത ക്ഷാമം ഉണ്ടായി. അവൻ ഞെരുക്കത്തിലായി. 15  അവൻ ആ ദേശത്തെ ഒരു പൗരന്‍റെ അടുക്കൽ അഭയം തേടി. അയാൾ അവനെ തന്‍റെ വയലിൽ പന്നികളെ മേയ്‌ക്കാൻ അയച്ചു. 16  പന്നികൾ തിന്നിരുന്ന വാളവരകൊണ്ടെങ്കിലും വയറുനിറയ്‌ക്കാൻ അവൻ കൊതിച്ചു. എന്നാൽ ആരും അവന്‌ ഒന്നും കൊടുത്തില്ല. 17  “അപ്പോൾ അവൻ സുബോധത്തിലേക്കു വന്നു. അവൻ പറഞ്ഞു: ‘എന്‍റെ അപ്പന്‍റെ എത്രയോ കൂലിക്കാർ സുഭിക്ഷമായി കഴിയുന്നു. ഞാനോ ഇവിടെ പട്ടിണികിടന്നു മരിക്കാറായി! 18  ഞാൻ അപ്പന്‍റെ അടുക്കൽ ചെന്ന് അവനോട്‌, “അപ്പാ, ഞാൻ സ്വർഗത്തിനും നിനക്കും എതിരായി പാപം ചെയ്‌തിരിക്കുന്നു. 19  നിന്‍റെ പുത്രൻ എന്നു വിളിക്കപ്പെടാൻ മേലാൽ ഞാൻ യോഗ്യനല്ല. എന്നെ നിന്‍റെ കൂലിക്കാരിൽ ഒരുവനെപ്പോലെ കരുതേണമേ” എന്നു പറയും.’ 20  അങ്ങനെ, അവൻ എഴുന്നേറ്റ്‌ അപ്പന്‍റെ അടുക്കലേക്കു പോയി. ദൂരെവെച്ചുതന്നെ അവന്‍റെ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ച് ആർദ്രമായി ചുംബിച്ചു. 21  അപ്പോൾ മകൻ അവനോട്‌, ‘അപ്പാ, ഞാൻ സ്വർഗത്തിനും നിനക്കും എതിരായി പാപം ചെയ്‌തിരിക്കുന്നു. നിന്‍റെ പുത്രൻ എന്നു വിളിക്കപ്പെടാൻ മേലാൽ ഞാൻ യോഗ്യനല്ല. എന്നെ നിന്‍റെ കൂലിക്കാരിൽ ഒരുവനെപ്പോലെ കരുതേണമേ’ എന്നു പറഞ്ഞു. 22  എന്നാൽ അപ്പൻ തന്‍റെ ദാസന്മാരോട്‌, ‘വേഗം ചെന്ന് ഏറ്റവും നല്ല മേലങ്കി കൊണ്ടുവന്ന് ഇവനെ അണിയിക്കുവിൻ. ഇവന്‍റെ കൈക്കു മോതിരവും കാലിനു ചെരിപ്പും ഇടുവിക്കുവിൻ. 23  കൊഴുത്ത കാളക്കുട്ടിയെ കൊണ്ടുവന്ന് അറുക്കുവിൻ; നമുക്കു ഭക്ഷിച്ച് ആനന്ദിക്കാം. 24  എന്‍റെ ഈ മകൻ മരിച്ചവനായിരുന്നു; ഇപ്പോഴിതാ, ജീവനിലേക്കു വന്നിരിക്കുന്നു. അവനെ കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു’ എന്നു പറഞ്ഞു. അങ്ങനെ, അവർ ആനന്ദിച്ചുതുടങ്ങി. 25  “ഈ സമയം അവന്‍റെ മൂത്തമകൻ വയലിൽ ആയിരുന്നു; അവൻ വീടിനോട്‌ അടുത്തപ്പോൾ വാദ്യനൃത്തങ്ങളുടെ ഘോഷം കേട്ടു. 26  അവൻ ദാസന്മാരിൽ ഒരുവനെ അടുക്കൽ വിളിച്ച്, ‘ഇതൊക്കെ എന്താണ്‌?’ എന്നു തിരക്കി. 27  അവൻ അവനോട്‌, ‘നിന്‍റെ സഹോദരൻ വന്നിരിക്കുന്നു. അവനെ ആപത്തൊന്നും കൂടാതെ തിരിച്ചുകിട്ടിയതുകൊണ്ട് നിന്‍റെ അപ്പൻ കൊഴുത്ത കാളക്കുട്ടിയെ അറുത്തു’ എന്നു പറഞ്ഞു. 28  അവനോ ക്രുദ്ധിച്ച് അകത്തുകടക്കാൻ വിസമ്മതിച്ചു. അപ്പോൾ അവന്‍റെ അപ്പൻ പുറത്തുവന്ന് അവനോടു കേണപേക്ഷിച്ചു. 29  എന്നാൽ അവൻ അപ്പനോട്‌, ‘എത്രയോ കാലമായി ഞാൻ നിന്നെ സേവിക്കുന്നു. ഒരിക്കൽപ്പോലും ഞാൻ നിന്‍റെ ആജ്ഞ ലംഘിച്ചിട്ടില്ല. എന്നിട്ടും എന്‍റെ സ്‌നേഹിതരോടൊത്ത്‌ ആനന്ദിക്കാനായി നീ ഇതുവരെ എനിക്ക് ഒരു ആട്ടിൻകുട്ടിയെപ്പോലും തന്നിട്ടില്ല. 30  എന്നാൽ വേശ്യകളോടുകൂടെ നിന്‍റെ സ്വത്ത്‌ തിന്നുമുടിച്ച ഈ മകൻ വന്നയുടനെ നീ അവനുവേണ്ടി കൊഴുത്ത കാളക്കുട്ടിയെ അറുത്തിരിക്കുന്നു’ എന്നു പറഞ്ഞു. 31  അപ്പോൾ അപ്പൻ അവനോട്‌, ‘മകനേ, നീ എപ്പോഴും എന്‍റെ കൂടെയുണ്ടായിരുന്നല്ലോ; എനിക്കുള്ളതെല്ലാം നിന്‍റേതാണ്‌. 32  നിന്‍റെ സഹോദരനോ മരിച്ചവനായിരുന്നു: ഇപ്പോഴിതാ, ജീവനിലേക്കു വന്നിരിക്കുന്നു. അവനെ കാണാതെപോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു. അതുകൊണ്ട് നാം ആനന്ദിച്ചുല്ലസിക്കേണ്ടതല്ലേ?’ എന്നു പറഞ്ഞു.”

അടിക്കുറിപ്പുകള്‍

ലൂക്കോ 15:8* ഒരു ഗ്രീക്ക് വെള്ളിനാണയം; 3.40 ഗ്രാം തൂക്കം