കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

ലൂക്കൊസ്‌ 14:1-35

14  ഒരു ശബത്തിൽ അവൻ ഒരു പരീശപ്രമാണിയുടെ വീട്ടിൽ ഭക്ഷണത്തിനു ചെന്നപ്പോൾ അവർ അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.  മഹോദരമുള്ള ഒരു മനുഷ്യൻ അവിടെ അവന്‍റെ മുമ്പിൽ ഉണ്ടായിരുന്നു.  യേശു ന്യായപ്രമാണപണ്ഡിതന്മാരോടും പരീശന്മാരോടും, “ശബത്തിൽ സൗഖ്യമാക്കുന്നതു നിയമാനുസൃതമോ?” എന്നു ചോദിച്ചു.  അവരോ മിണ്ടാതിരുന്നു. അവൻ ആ മനുഷ്യനെ തൊട്ടു സൗഖ്യമാക്കി അവനെ പറഞ്ഞയച്ചു.  അവൻ അവരോട്‌, “നിങ്ങളിൽ ആരുടെയെങ്കിലും മകനോ കാളയോ ശബത്തുദിവസം കിണറ്റിൽ വീണാൽ ഉടൻതന്നെ നിങ്ങൾ പിടിച്ചുകയറ്റുകയില്ലയോ?” എന്നു ചോദിച്ചു.  അവർക്കു മറുപടിയില്ലായിരുന്നു.  ക്ഷണിക്കപ്പെട്ടവർ പ്രമുഖസ്ഥാനങ്ങൾ തിരഞ്ഞെടുക്കുന്നതു കണ്ടിട്ട് അവൻ അവരോട്‌ ഒരു ദൃഷ്ടാന്തം പറഞ്ഞു:  “ആരെങ്കിലും നിന്നെ ഒരു വിവാഹവിരുന്നിനു ക്ഷണിച്ചാൽ പ്രമുഖസ്ഥാനത്തു ചെന്ന് ഇരിക്കരുത്‌. അവൻ നിന്നെക്കാൾ ബഹുമാന്യനായ ഒരുവനെ ക്ഷണിച്ചിട്ടുണ്ടായിരിക്കാം.  നിന്നെയും അവനെയും ക്ഷണിച്ചവൻ വന്ന് നിന്നോട്‌, ‘ആ ഇരിപ്പിടം ഇവനു കൊടുക്കുക’ എന്നു പറഞ്ഞാൽ, നീ അപമാനിതനായി ഒടുവിലത്തെ സ്ഥാനത്തു പോയി ഇരിക്കേണ്ടിവരും. 10  എന്നാൽ നിന്നെ ക്ഷണിക്കുമ്പോൾ ചെന്ന് ഒടുവിലത്തെ സ്ഥാനത്ത്‌ ഇരിക്കുക. അപ്പോൾ നിന്നെ ക്ഷണിച്ചവൻ വന്ന് നിന്നോട്‌, ‘സ്‌നേഹിതാ, മുമ്പിലേക്കു കയറി ഇരിക്കുക’ എന്നു പറഞ്ഞാൽ മറ്റെല്ലാ അതിഥികളുടെയും മുമ്പാകെ നിനക്കു മാനം ലഭിക്കും. 11  തന്നെത്തന്നെ ഉയർത്തുന്ന ഏവനും താഴ്‌ത്തപ്പെടും; തന്നെത്തന്നെ താഴ്‌ത്തുന്നവനോ ഉയർത്തപ്പെടും.” 12  പിന്നെ അവൻ തന്നെ ക്ഷണിച്ചവനോടായി പറഞ്ഞത്‌: “നീ ഒരു വിരുന്നു നടത്തുമ്പോൾ നിന്‍റെ സ്‌നേഹിതരെയോ സഹോദരന്മാരെയോ ബന്ധുക്കളെയോ ധനികരായ അയൽക്കാരെയോ അല്ല ക്ഷണിക്കേണ്ടത്‌; കാരണം, അവർ തിരിച്ചു നിന്നെയും ക്ഷണിച്ചേക്കാം. അങ്ങനെ, അതു നിനക്ക് ഒരു പ്രതിഫലമായിത്തീരുകയും ചെയ്‌തേക്കാം. 13  എന്നാൽ നീ വിരുന്നു നടത്തുമ്പോൾ ദരിദ്രരെയും വികലാംഗരെയും മുടന്തരെയും അന്ധരെയും ക്ഷണിക്കുക. 14  അപ്പോൾ നീ അനുഗൃഹീതനായിരിക്കും. നിനക്കു പകരം നൽകാൻ അവർക്കു വകയില്ലെങ്കിലും നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ നിനക്കു പ്രതിഫലം ലഭിക്കും.” 15  ഇതൊക്കെയും കേട്ടപ്പോൾ അവനോടുകൂടെ ഉണ്ടായിരുന്ന അതിഥികളിൽ ഒരുവൻ, “ദൈവരാജ്യത്തിൽ അപ്പം ഭക്ഷിക്കുന്നവൻ ഭാഗ്യവാൻ” എന്നു പറഞ്ഞു. 16  യേശു അവനോടു പറഞ്ഞത്‌: “ഒരു മനുഷ്യൻ വലിയൊരു അത്താഴവിരുന്ന് ഒരുക്കി, അനേകരെ ക്ഷണിച്ചു. 17  അത്താഴവിരുന്നിന്‍റെ സമയമായപ്പോൾ അവൻ തന്‍റെ ദാസനെ അയച്ചു ക്ഷണിക്കപ്പെട്ടവരോട്‌, ‘വരുക, എല്ലാം തയ്യാറായിരിക്കുന്നു’ എന്നു പറയിച്ചു. 18  എന്നാൽ അവരെല്ലാവരും ഒരുപോലെ ഒഴികഴിവുകൾ പറഞ്ഞുതുടങ്ങി. ആദ്യത്തവൻ അവനോട്‌, ‘ഞാൻ ഒരു വയൽ വാങ്ങിയിരിക്കുന്നു; എനിക്ക് പോയി അതു കാണേണ്ടതുണ്ട്; എന്നോടു ക്ഷമിക്കണം’ എന്നു പറഞ്ഞു. 19  മറ്റൊരുവനാകട്ടെ, ‘ഞാൻ അഞ്ച് ഏർ കാളയെ വാങ്ങിയിരിക്കുന്നു; അവ എങ്ങനെയുണ്ടെന്നു നോക്കാൻ പോകുകയാണ്‌; എന്നോടു ക്ഷമിക്കണം’ എന്നു പറഞ്ഞു. 20  വേറൊരുവൻ, ‘ഞാൻ വിവാഹം കഴിച്ചതേയുള്ളൂ; അതുകൊണ്ട് എനിക്കു വരാൻ കഴിയില്ല’ എന്നു പറഞ്ഞു. 21  ആ ദാസൻ മടങ്ങിവന്ന് ഇതെല്ലാം തന്‍റെ യജമാനനെ അറിയിച്ചു. അപ്പോൾ വീട്ടുടയവൻ ക്രുദ്ധിച്ച് തന്‍റെ ദാസനോട്‌, ‘വേഗം പട്ടണത്തിലെ തെരുവീഥികളിലും ഇടവഴികളിലും ചെന്നു ദരിദ്രരെയും വികലാംഗരെയും അന്ധരെയും മുടന്തരെയും കൂട്ടിക്കൊണ്ടുവരുക’ എന്നു കൽപ്പിച്ചു. 22  പിന്നെ ദാസൻ, ‘യജമാനനേ, നീ കൽപ്പിച്ചതുപോലെ ചെയ്‌തിരിക്കുന്നു; എന്നാൽ സ്ഥലം ഇനിയും ബാക്കിയുണ്ട് ’ എന്ന് അറിയിച്ചു. 23  അപ്പോൾ യജമാനൻ ദാസനോട്‌, ‘പെരുവഴികളിലും നാട്ടുവഴികളിലും ചെന്ന് കാണുന്നവരെയെല്ലാം വരാൻ നിർബന്ധിക്കുക; അങ്ങനെ, എന്‍റെ വീട്‌ നിറയട്ടെ. 24  ക്ഷണിക്കപ്പെട്ടിരുന്നവരിൽ ആരും എന്‍റെ അത്താഴവിരുന്ന് ആസ്വദിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു’ എന്നു പറഞ്ഞു.” 25  വലിയൊരു പുരുഷാരം അവനോടുകൂടെ സഞ്ചരിച്ചിരുന്നു. അവൻ തിരിഞ്ഞ് അവരോടു പറഞ്ഞത്‌: 26  “ഒരുവൻ എന്‍റെ അടുക്കൽ വരുകയും അതേസമയം തന്‍റെ അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും തന്‍റെ ജീവനെത്തന്നെയും* ദ്വേഷിക്കാതിരിക്കുകയും ചെയ്യുന്നെങ്കിൽ അവന്‌ എന്‍റെ ശിഷ്യനായിരിക്കുക സാധ്യമല്ല. 27  തന്‍റെ ദണ്ഡനസ്‌തംഭം എടുത്ത്‌ എന്നെ അനുഗമിക്കാത്തവനും എന്‍റെ ശിഷ്യനായിരിക്കാൻ കഴിയുകയില്ല. 28  നിങ്ങളിൽ ഒരുവൻ ഒരു ഗോപുരം പണിയാൻ ആഗ്രഹിക്കുന്നുവെന്നിരിക്കട്ടെ. അതു തീർക്കാനുള്ള വകയുണ്ടോ എന്നറിയാൻ അവൻ ആദ്യം ഇരുന്ന് ചെലവു കണക്കുകൂട്ടുകയില്ലയോ? 29  അല്ലാത്തപക്ഷം അവൻ അടിസ്ഥാനം ഇട്ടിട്ട് പണി പൂർത്തിയാക്കാൻ കഴിയാതെ വന്നേക്കാം. അതു കാണുന്നവരെല്ലാം അവനെ പരിഹസിച്ചുകൊണ്ട്, 30  ‘ഈ മനുഷ്യൻ പണി തുടങ്ങിവെച്ചു; എന്നാൽ പൂർത്തിയാക്കാൻ കഴിയാതെപോയി’ എന്നു പറയും. 31  ഒരു രാജാവ്‌ മറ്റൊരു രാജാവിനോടു യുദ്ധം ചെയ്യാൻ പോകുന്നുവെന്നിരിക്കട്ടെ. അവൻ ആദ്യം ഇരുന്ന് തനിക്കുള്ള പതിനായിരംപടയാളികളെക്കൊണ്ട്, തനിക്കെതിരെ ഇരുപതിനായിരംപടയാളികളുമായി വരുന്നവനെ എതിരിടാൻ സാധിക്കുമോ എന്ന് ആലോചിക്കുകയില്ലയോ? 32  തനിക്ക് അതു സാധ്യമല്ലെന്നു കണ്ടാൽ, മറ്റവൻ ദൂരത്തായിരിക്കുമ്പോൾത്തന്നെ അവൻ ഒരു സ്ഥാനപതിസംഘത്തെ അയച്ച് സമാധാനസന്ധിക്കായി അപേക്ഷിക്കും. 33  ഇതുപോലെ, നിങ്ങളിൽ ആരെങ്കിലും തനിക്കുള്ള വസ്‌തുവകകളൊക്കെയും വിട്ടുകളയുന്നില്ലെങ്കിൽ അവന്‌ എന്‍റെ ശിഷ്യനായിരിക്കാൻ കഴിയുകയില്ല. 34  “ഉപ്പ് നല്ലതുതന്നെ; എന്നാൽ അതിന്‍റെ ഉപ്പുരസം നഷ്ടമായാൽ എന്തിനാൽ അതിനു രസം വരുത്തും? 35  അത്‌ മണ്ണിനോ വളത്തിനോ ഉപകരിക്കുകയില്ല. ആളുകൾ അതു പുറത്തേക്ക് എറിഞ്ഞുകളയും. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.”

അടിക്കുറിപ്പുകള്‍

ലൂക്കോ 14:26* ഗ്രീക്കിൽ, സൈക്കി