കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

ലൂക്കൊസ്‌ 12:1-59

12  ഇതേസമയം ജനം പരസ്‌പരം ചവിട്ടിമെതിക്കുന്നവിധത്തിൽ അനേകായിരങ്ങളായി തിങ്ങിക്കൂടി; അപ്പോൾ അവൻ ആദ്യം തന്‍റെ ശിഷ്യന്മാരോടായി ഇങ്ങനെ പറഞ്ഞുതുടങ്ങി: “പരീശന്മാരുടെ കപടഭക്തിയാകുന്ന പുളിമാവിനെക്കുറിച്ച് ജാഗ്രതയോടെയിരിക്കുവിൻ.  ഗൂഢമാക്കിവെച്ചിരിക്കുന്നതൊന്നും വെളിപ്പെടാതെയും രഹസ്യമാക്കിവെച്ചിരിക്കുന്നതൊന്നും പരസ്യമാകാതെയും ഇരിക്കുകയില്ല.  നിങ്ങൾ ഇരുട്ടത്തു പറയുന്നത്‌ വെളിച്ചത്തു കേൾക്കും. നിങ്ങൾ അറകളിൽ മന്ത്രിക്കുന്നത്‌ പുരമുകളിൽനിന്നു ഘോഷിക്കപ്പെടും.  എന്‍റെ സ്‌നേഹിതരേ, ശരീരത്തെ കൊല്ലുന്നതിലധികമായി ഒന്നും ചെയ്യാൻ കഴിയാത്തവരെ ഭയപ്പെടേണ്ട എന്നു ഞാൻ നിങ്ങളോടു പറയുന്നു.  ആരെ ഭയപ്പെടണമെന്ന് ഞാൻ നിങ്ങൾക്കു പറഞ്ഞുതരാം: കൊന്നിട്ട് ഗിഹെന്നയിൽ* എറിയാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ. അതെ, അവനെത്തന്നെ ഭയപ്പെടുവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു.  രണ്ടുനാണയത്തിന്‌* അഞ്ചുകുരുവികളെ വിൽക്കുന്നില്ലയോ? എന്നാൽ അവയിൽ ഒന്നുപോലും ദൈവസന്നിധിയിൽ വിസ്‌മരിക്കപ്പെടുന്നില്ല.  നിങ്ങളുടെ തലയിലെ ഓരോ മുടിയിഴപോലും എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു. അതിനാൽ ഭയപ്പെടേണ്ട! അനവധി കുരുവികളെക്കാൾ വിലപ്പെട്ടവരല്ലോ നിങ്ങൾ.  “ഞാൻ നിങ്ങളോടു പറയുന്നു: മനുഷ്യരുടെ മുമ്പാകെ എന്നെ അംഗീകരിച്ചുപറയുന്ന ഏവനെയും ദൈവദൂതന്മാരുടെ മുമ്പാകെ മനുഷ്യപുത്രനും അംഗീകരിച്ചുപറയും.  മനുഷ്യരുടെ മുമ്പാകെ എന്നെ തള്ളിപ്പറയുന്നവനെയോ ദൈവദൂതന്മാരുടെ മുമ്പാകെ ഞാനും തള്ളിപ്പറയും. 10  മനുഷ്യപുത്രനെതിരെ ആരെങ്കിലും ഒരു വാക്കു പറഞ്ഞാൽ അത്‌ അവനോടു ക്ഷമിക്കും. പരിശുദ്ധാത്മാവിനെതിരെ ദൂഷണം പറയുന്നവനോടോ അതു ക്ഷമിക്കുകയില്ല. 11  അവർ നിങ്ങളെ പൊതുസഭകളുടെയും ഭരണകർത്താക്കളുടെയും അധികാരികളുടെയും മുമ്പാകെ കൊണ്ടുചെല്ലുമ്പോൾ എങ്ങനെ പ്രതിവാദിക്കണം, എന്തുപറയണം എന്നു ചിന്തിച്ച് ആകുലപ്പെടേണ്ട. 12  പറയേണ്ടതെന്തെന്ന് ആ സമയത്ത്‌ പരിശുദ്ധാത്മാവ്‌ നിങ്ങളെ പഠിപ്പിക്കും.” 13  അപ്പോൾ ജനക്കൂട്ടത്തിൽനിന്ന് ഒരുവൻ അവനോട്‌, “ഗുരോ, ഞാനുമായി പിതൃസ്വത്ത്‌ പങ്കുവെക്കാൻ എന്‍റെ സഹോദരനോടു പറഞ്ഞാലും” എന്നു പറഞ്ഞു. 14  അവൻ അവനോട്‌, “മനുഷ്യാ, എന്നെ നിങ്ങൾക്കു ന്യായാധിപനും വീതംവെക്കുന്നവനുമായി നിയമിച്ചത്‌ ആർ?” എന്നു ചോദിച്ചു. 15  പിന്നെ അവൻ അവരോട്‌, “സൂക്ഷിച്ചുകൊള്ളുവിൻ; സകലവിധ അത്യാഗ്രഹത്തിനുമെതിരെ ജാഗ്രതപാലിക്കുവിൻ; എന്തെന്നാൽ ഒരുവന്‌ എത്ര സമ്പത്തുണ്ടായാലും അവന്‍റെ വസ്‌തുവകകളല്ല അവന്‍റെ ജീവന്‌ ആധാരമായിരിക്കുന്നത്‌” എന്നു പറഞ്ഞു. 16  എന്നിട്ട് അവൻ അവരോട്‌ ഒരു ദൃഷ്ടാന്തവും പറഞ്ഞു: “ധനവാനായ ഒരു മനുഷ്യന്‍റെ ഭൂമി നല്ല വിളവു നൽകി. 17  അപ്പോൾ അവൻ, ‘ഞാൻ ഇപ്പോൾ എന്തു ചെയ്യും, വിളവു ശേഖരിച്ചുവെക്കാൻ എനിക്കു സ്ഥലം പോരല്ലോ’ എന്ന് ഉള്ളിൽ വിചാരിച്ചു. 18  പിന്നെ അവൻ, ‘ഞാൻ ഇങ്ങനെ ചെയ്യും: എന്‍റെ കളപ്പുരകൾ പൊളിച്ച് കൂടുതൽ വലിയവ പണിയും; എന്‍റെ ധാന്യവും എനിക്കുള്ളതൊക്കെയും അവിടെ സംഭരിച്ചുവെക്കും. 19  എന്നിട്ട് എന്നോടുതന്നെ, “അനേകം വർഷങ്ങളിലേക്കു വേണ്ടുന്ന അനവധി വസ്‌തുക്കൾ നീ സ്വരൂപിച്ചുവെച്ചിരിക്കുന്നു. ഇനി വിശ്രമിച്ചുകൊള്ളുക; തിന്നുക, കുടിക്കുക, ആനന്ദിക്കുക” എന്നു പറയും’ എന്നു പറഞ്ഞു. 20  എന്നാൽ ദൈവം അവനോട്‌, ‘മൂഢാ, ഈ രാത്രിയിൽ അവർ നിന്‍റെ ജീവൻ* നിന്നോടു ചോദിക്കും. പിന്നെ നീ ഈ ശേഖരിച്ചുവെച്ചതൊക്കെ ആർക്കാകും?’ എന്നു ചോദിച്ചു. 21  തനിക്കുവേണ്ടിത്തന്നെ നിക്ഷേപം സ്വരൂപിക്കുകയും എന്നാൽ ദൈവവിഷയമായി സമ്പന്നനാകാതിരിക്കുകയും ചെയ്യുന്ന മനുഷ്യന്‍റെ കാര്യവും ഇങ്ങനെതന്നെ.” 22  പിന്നെ അവൻ ശിഷ്യന്മാരോടു പറഞ്ഞത്‌: “ആകയാൽ ഞാൻ നിങ്ങളോടു പറയുന്നു: എന്തു തിന്നും എന്നു നിങ്ങളുടെ ജീവനെക്കുറിച്ചും എന്ത് ഉടുക്കും എന്നു നിങ്ങളുടെ ശരീരത്തെക്കുറിച്ചും ഉത്‌കണ്‌ഠപ്പെടുന്നതു മതിയാക്കുവിൻ. 23  ആഹാരത്തെക്കാൾ ജീവനും വസ്‌ത്രത്തെക്കാൾ ശരീരവും വിലയേറിയതല്ലോ. 24  കാക്കയെ* നോക്കുവിൻ; അവ വിതയ്‌ക്കുന്നില്ല, കൊയ്യുന്നില്ല, അവയ്‌ക്കു പത്തായപ്പുരയോ കളപ്പുരയോ ഇല്ല; എങ്കിലും ദൈവം അവയെ പോറ്റുന്നു. പക്ഷികളെക്കാൾ നിങ്ങൾ എത്രയോ വിലപ്പെട്ടവർ! 25  ഉത്‌കണ്‌ഠപ്പെടുന്നതിനാൽ ആയുസ്സിനോട്‌ ഒരു മുഴം കൂട്ടാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ? 26  ആകയാൽ ഈ ചെറിയൊരു കാര്യംപോലും ചെയ്യാൻ കഴിയില്ലെന്നിരിക്കെ, ശേഷമുള്ളവയെക്കുറിച്ചു നിങ്ങൾ ഉത്‌കണ്‌ഠപ്പെടുന്നത്‌ എന്തിന്‌? 27  ലില്ലിച്ചെടികൾ എങ്ങനെ വളരുന്നു എന്നു നോക്കുവിൻ. അവ അധ്വാനിക്കുന്നില്ല, നൂൽക്കുന്നതുമില്ല; എന്നാൽ ഒന്നു ഞാൻ നിങ്ങളോടു പറയുന്നു: ശലോമോൻപോലും തന്‍റെ സകല പ്രതാപത്തിലും ഇവയിലൊന്നിനോളം ചമഞ്ഞിരുന്നില്ല. 28  ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയൽച്ചെടികളെ ദൈവം ഇങ്ങനെ ചമയിക്കുന്നെങ്കിൽ അൽപ്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം! 29  അതുകൊണ്ട് എന്തു തിന്നും, എന്തു കുടിക്കും എന്ന് അന്വേഷിക്കുന്നതു മതിയാക്കുവിൻ; ചഞ്ചലപ്പെടാതെയുമിരിക്കുവിൻ. 30  ഈവകയൊക്കെയും വ്യഗ്രതയോടെ അന്വേഷിക്കുന്നതു ജാതികളത്രെ. ഇവയെല്ലാം നിങ്ങൾക്ക് ആവശ്യമെന്നു നിങ്ങളുടെ പിതാവ്‌ അറിയുന്നുവല്ലോ. 31  അവന്‍റെ രാജ്യം അന്വേഷിച്ചുകൊണ്ടിരിക്കുവിൻ; അപ്പോൾ ഇവയെല്ലാം നിങ്ങൾക്കു നൽകപ്പെടും. 32  “ചെറിയ ആട്ടിൻകൂട്ടമേ, ഭയപ്പെടേണ്ട. നിങ്ങളുടെ പിതാവ്‌ രാജ്യം നിങ്ങൾക്കു നൽകാൻ പ്രസാദിച്ചിരിക്കുന്നു. 33  നിങ്ങൾക്കുള്ളതു വിറ്റ്‌ ദാനം ചെയ്യുവിൻ. ജീർണിച്ചുപോകാത്ത പണസഞ്ചി ഉണ്ടാക്കിക്കൊള്ളുവിൻ; കള്ളൻ കടന്നുവരുകയോ കീടങ്ങൾ നാശംചെയ്യുകയോ ഇല്ലാത്ത സ്വർഗത്തിലെ തീർന്നുപോകാത്ത നിക്ഷേപംതന്നെ. 34  നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും. 35  “നിങ്ങളുടെ അര കെട്ടിയും വിളക്കു കത്തിയും ഇരിക്കട്ടെ. 36  വിവാഹത്തിനു പോയിട്ടു മടങ്ങിവരുന്ന തങ്ങളുടെ യജമാനൻ വാതിലിൽ മുട്ടുമ്പോൾത്തന്നെ അവനു വാതിൽ തുറന്നുകൊടുക്കാൻ കാത്തിരിക്കുന്നവരെപ്പോലെ ആയിരിക്കണം നിങ്ങൾ. 37  യജമാനൻ വരുമ്പോൾ ഉണർന്നിരിക്കുന്നവരായി കാണപ്പെടുന്ന ദാസന്മാർ ഭാഗ്യവാന്മാർ! അവൻ തന്‍റെ അര കെട്ടി അവരെ മേശയ്‌ക്കൽ ഭക്ഷണത്തിനിരുത്തി അവർക്കരികെ വന്ന് അവരെ ഉപചരിക്കും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 38  അവൻ വരുന്നത്‌ രണ്ടാം യാമത്തിലോ* മൂന്നാം യാമത്തിലോ* ആയാലും അവരെ അങ്ങനെ കാണുന്നെങ്കിൽ അവർ ഭാഗ്യവാന്മാർ! 39  കള്ളൻ വരുന്ന സമയം ഏതെന്നു വീട്ടുടയവൻ അറിയുന്നുവെങ്കിൽ അവൻ ഉണർന്നിരുന്ന് തന്‍റെ വീട്‌ കവർച്ച ചെയ്യപ്പെടാതെ നോക്കുമെന്ന് അറിഞ്ഞുകൊള്ളുക. 40  അങ്ങനെതന്നെ, നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും മനുഷ്യപുത്രൻ വരുന്നത്‌ എന്നതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിക്കുവിൻ.” 41  അപ്പോൾ പത്രോസ്‌, “കർത്താവേ, നീ ഈ ദൃഷ്ടാന്തം പറയുന്നതു ഞങ്ങളോടോ അതോ എല്ലാവരോടുമോ?” എന്നു ചോദിച്ചു. 42  അതിനു കർത്താവ്‌ പറഞ്ഞത്‌: “തന്‍റെ പരിചാരകഗണത്തിന്‌ യഥാസമയം അവരുടെ ആഹാരവിഹിതം കൊടുത്തുകൊണ്ടിരിക്കേണ്ടതിന്‌ യജമാനൻ അവരുടെമേൽ ആക്കിവെക്കുന്ന വിശ്വസ്‌തനും വിവേകിയുമായ ഗൃഹവിചാരകൻ ആർ? 43  തന്‍റെ യജമാനൻ വന്നെത്തുമ്പോൾ ആ അടിമ അങ്ങനെ ചെയ്യുന്നതായി കണ്ടെത്തുന്നെങ്കിൽ അവൻ ഭാഗ്യവാൻ! 44  അവൻ അവനെ തന്‍റെ സകല സ്വത്തുക്കളുടെമേലും വിചാരകനായി നിയമിക്കും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 45  എന്നാൽ ആ അടിമ തന്‍റെ ഹൃദയത്തിൽ, ‘എന്‍റെ യജമാനൻ വരാൻ താമസിക്കുന്നു’ എന്നു പറഞ്ഞ് ദാസന്മാരെയും ദാസിമാരെയും അടിക്കാനും തിന്നുകുടിച്ചു മത്തനാകാനും തുടങ്ങിയാൽ 46  ആ അടിമയുടെ യജമാനൻ, അവൻ പ്രതീക്ഷിക്കാത്ത ദിവസത്തിലും അറിയാത്ത സമയത്തും വന്ന് അവനെ അതികഠിനമായി ശിക്ഷിച്ച് അവനെ അവിശ്വസ്‌തരുടെ കൂട്ടത്തിലേക്കു തള്ളും. 47  യജമാനന്‍റെ ഹിതം മനസ്സിലാക്കിയിട്ടും ഒരുങ്ങിയിരിക്കാതെയും അവന്‍റെ ഹിതപ്രകാരം പ്രവർത്തിക്കാതെയും ഇരിക്കുന്ന ആ അടിമ ഏറെ അടികൊള്ളും. 48  എന്നാൽ അറിയാതെ അടിക്ക് അർഹമായതു ചെയ്‌തവൻ കുറച്ചേ അടികൊള്ളൂ. ഏറെ നൽകപ്പെട്ടവനോട്‌ ഏറെ ആവശ്യപ്പെടും. അധികം ഭരമേൽപ്പിക്കപ്പെട്ടവനോട്‌ അധികം ചോദിക്കും. 49  “ഭൂമിയിൽ തീ കൊളുത്താനത്രേ ഞാൻ വന്നത്‌. അത്‌ കൊളുത്തിക്കഴിഞ്ഞിരിക്കെ കൂടുതലായി ഞാൻ എന്ത് ആഗ്രഹിക്കണം? 50  എനിക്ക് ഒരു സ്‌നാനം ഏൽക്കേണ്ടതായിട്ടുണ്ട്. അതു കഴിയുവോളം ഞാൻ എത്ര ഞരങ്ങുന്നു! 51  ഞാൻ ഭൂമിയിൽ സമാധാനം വരുത്താൻ വന്നു എന്നു നിങ്ങൾ വിചാരിക്കുന്നുവോ? അല്ല, ഭിന്നത വരുത്താനത്രേ എന്നു ഞാൻ നിങ്ങളോടു പറയുന്നു. 52  ഇനിമേൽ ഒരു വീട്ടിലുള്ള അഞ്ചുപേർ തമ്മിൽ ഭിന്നിച്ചിരിക്കും; ഇരുവരോടു മൂവരും മൂവരോട്‌ ഇരുവരുംതന്നെ. 53  അപ്പൻ മകനോടും മകൻ അപ്പനോടും, അമ്മ മകളോടും മകൾ അമ്മയോടും, അമ്മായിയമ്മ മരുമകളോടും മരുമകൾ അമ്മായിയമ്മയോടും എന്നിങ്ങനെ അവർ തമ്മിൽ ഭിന്നിച്ചിരിക്കും.” 54  പിന്നെ അവൻ ജനക്കൂട്ടത്തോടുംകൂടെ പറഞ്ഞത്‌: “പടിഞ്ഞാറുനിന്ന് ഒരു മേഘം ഉയരുന്നതു കാണുമ്പോൾ ‘പേമാരി വരുന്നു’ എന്ന് ഉടനെ നിങ്ങൾ പറയുന്നു; അങ്ങനെ സംഭവിക്കുകയും ചെയ്യുന്നു. 55  ഒരു തെക്കൻകാറ്റു വീശുന്നതു കാണുമ്പോൾ ‘അത്യുഷ്‌ണമുണ്ടാകും’ എന്നു നിങ്ങൾ പറയുന്നു; അതും സംഭവിക്കുന്നു. 56  കപടഭക്തരേ, ഭൂമിയുടെയും ആകാശത്തിന്‍റെയും ഭാവങ്ങൾ വിവേചിക്കാൻ നിങ്ങൾക്കറിയാം. എന്നാൽ ഈ കാലത്തെ വിവേചിക്കാൻ നിങ്ങൾക്കറിയില്ലാത്തതെന്ത്? 57  നീതിയായത്‌ എന്തെന്നു നിങ്ങൾ സ്വയം വിധിക്കാത്തതെന്ത്? 58  പ്രതിയോഗിയോടുകൂടെ അധികാരിയുടെ അടുത്തേക്കു പോകുമ്പോൾ വഴിയിൽവെച്ചുതന്നെ അവനുമായി ഒത്തുതീർപ്പിലാകാൻ ശ്രമിച്ചുകൊള്ളുക. അല്ലാത്തപക്ഷം അവൻ നിന്നെ ന്യായാധിപന്‍റെ മുമ്പിലേക്കു കൊണ്ടുപോകും. ന്യായാധിപൻ നിന്നെ സേവകന്‌ ഏൽപ്പിച്ചുകൊടുത്തിട്ട് അവൻ നിന്നെ തടവിലാക്കും. 59  അവസാനത്തെ ചില്ലിക്കാശും കൊടുത്തുതീർക്കാതെ നീ അവിടെനിന്നു പുറത്തുകടക്കുകയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.”

അടിക്കുറിപ്പുകള്‍

ലൂക്കോ 12:5* അനുബന്ധം 10 കാണുക.
ലൂക്കോ 12:6മത്തായി 10:29-ന്‍റെ അടിക്കുറിപ്പു കാണുക.
ലൂക്കോ 12:20* ഗ്രീക്കിൽ, സൈക്കി
ലൂക്കോ 12:24* മലങ്കാക്കയെ കുറിക്കുന്നു.
ലൂക്കോ 12:38* വൈകിട്ട് ഏകദേശം ഒൻപതുമണിമുതൽ അർധരാത്രിവരെയുള്ള സമയം
ലൂക്കോ 12:38* അർധരാത്രിമുതൽ വെളുപ്പിന്‌ ഏകദേശം മൂന്നുമണിവരെയുള്ള സമയം