കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

ലൂക്കൊസ്‌ 11:1-54

11  ഒരിക്കൽ അവൻ ഒരിടത്തു പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രാർഥിച്ചുകഴിഞ്ഞപ്പോൾ ശിഷ്യന്മാരിൽ ഒരുവൻ അവനോട്‌, “കർത്താവേ, യോഹന്നാൻ തന്‍റെ ശിഷ്യന്മാരെ പ്രാർഥിക്കാൻ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പഠിപ്പിക്കേണമേ” എന്നു പറഞ്ഞു.  അപ്പോൾ അവൻ അവരോടു പറഞ്ഞത്‌: “പ്രാർഥിക്കുമ്പോൾ നിങ്ങൾ ഇപ്രകാരം പറയുവിൻ: ‘പിതാവേ, നിന്‍റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ. നിന്‍റെ രാജ്യം വരേണമേ.  ഞങ്ങൾക്ക് ആവശ്യമായ അപ്പം അന്നന്നു ഞങ്ങൾക്കു നൽകേണമേ.  ഞങ്ങളോടു കടപ്പെട്ടിരിക്കുന്ന സകലരോടും ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ പാപങ്ങൾ ഞങ്ങളോടും ക്ഷമിക്കേണമേ. ഞങ്ങളെ പ്രലോഭനത്തിൽ അകപ്പെടുത്തരുതേ.’ ”  പിന്നെ അവൻ അവരോടു പറഞ്ഞത്‌: “നിങ്ങളിൽ ഒരുവന്‌ ഒരു സ്‌നേഹിതൻ ഉണ്ടെന്നിരിക്കട്ടെ. അവൻ അർധരാത്രിക്ക് അയാളുടെ അടുക്കൽ ചെന്ന് അയാളോട്‌, ‘സ്‌നേഹിതാ, എനിക്കു മൂന്ന് അപ്പം കടം തരേണം.  എന്‍റെ ഒരു സ്‌നേഹിതൻ യാത്രാമധ്യേ എന്‍റെ അടുക്കൽ വന്നിരിക്കുന്നു; അവനു വിളമ്പാൻ എന്‍റെ പക്കൽ ഒന്നുമില്ല’ എന്നു പറഞ്ഞാൽ  അകത്തുനിന്ന് അയാൾ, ‘എന്നെ ബുദ്ധിമുട്ടിക്കരുത്‌. വാതിൽ അടച്ചുകഴിഞ്ഞു; കുഞ്ഞുങ്ങൾ എന്നോടുകൂടെ കിടക്കുന്നു; എഴുന്നേറ്റ്‌ നിനക്ക് എന്തെങ്കിലും തരാൻ എനിക്കു നിവൃത്തിയില്ല’ എന്നു പറയും.  അവൻ തന്‍റെ സ്‌നേഹിതനാണ്‌ എന്നതിന്‍റെപേരിൽ എഴുന്നേറ്റ്‌ അവന്‌ ഒന്നും കൊടുക്കുകയില്ലെങ്കിലും അവൻ വിടാതെ നിർബന്ധം പിടിക്കുന്നതുനിമിത്തം അയാൾ എഴുന്നേറ്റ്‌ അവന്‌ ആവശ്യമുള്ളതു കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.  ആകയാൽ ഞാൻ നിങ്ങളോടു പറയുന്നു: ചോദിച്ചുകൊണ്ടിരിക്കുവിൻ, നിങ്ങൾക്കു നൽകപ്പെടും. അന്വേഷിച്ചുകൊണ്ടിരിക്കുവിൻ, നിങ്ങൾ കണ്ടെത്തും. മുട്ടിക്കൊണ്ടിരിക്കുവിൻ, നിങ്ങൾക്കു തുറന്നുകിട്ടും. 10  ചോദിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്ന ഏവനും കണ്ടെത്തുന്നു; മുട്ടുന്ന ഏവനും തുറന്നുകിട്ടുന്നു. 11  നിങ്ങളിൽ ഏതു പിതാവാണ്‌ മകൻ മീൻ ചോദിച്ചാൽ അവനു മീനിനു പകരം പാമ്പിനെ കൊടുക്കുക? 12  മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുക? 13  മക്കൾക്കു നല്ല ദാനങ്ങൾ നൽകാൻ ദോഷികളായ നിങ്ങൾക്ക് അറിയാമെങ്കിൽ സ്വർഗസ്ഥനായ പിതാവ്‌ തന്നോടു ചോദിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്രയധികം നൽകും!” 14  പിന്നീട്‌ അവൻ ഊമനായ ഒരുവനിൽനിന്ന് ഒരു ഭൂതത്തെ പുറത്താക്കി. ഭൂതം പുറത്തുവന്നപ്പോൾ ഊമൻ സംസാരിച്ചു. ജനം വിസ്‌മയിച്ചു. 15  എന്നാൽ അവരിൽ ചിലർ, “ഇവൻ ഭൂതങ്ങളുടെ അധിപനായ ബെയെത്‌സെബൂലിനെക്കൊണ്ടത്രേ ഭൂതങ്ങളെ പുറത്താക്കുന്നത്‌” എന്നു പറഞ്ഞു. 16  മറ്റു ചിലരോ, അവനെ പരീക്ഷിക്കാനായി അവനോട്‌ ആകാശത്തുനിന്ന് ഒരു അടയാളം ആവശ്യപ്പെട്ടു. 17  അവരുടെ മനോഗതം അറിഞ്ഞിട്ട് അവൻ അവരോടു പറഞ്ഞത്‌: “ഛിദ്രിച്ചിരിക്കുന്ന ഏതൊരു രാജ്യവും നശിച്ചുപോകും; ഛിദ്രിച്ചിരിക്കുന്ന ഭവനവും വീണുപോകും. 18  ആ സ്ഥിതിക്ക് സാത്താൻ തന്നിൽത്തന്നെ ഛിദ്രിച്ചിരിക്കുന്നെങ്കിൽ അവന്‍റെ രാജ്യം നിലനിൽക്കുന്നത്‌ എങ്ങനെ? ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നത്‌ ബെയെത്‌സെബൂലിനെക്കൊണ്ടാണ്‌ എന്നു നിങ്ങൾ പറയുന്നുവല്ലോ. 19  ബെയെത്‌സെബൂലിനെക്കൊണ്ടാണു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നതെങ്കിൽ നിങ്ങളുടെ പുത്രന്മാർ ആരെക്കൊണ്ടാണ്‌ അവയെ പുറത്താക്കുന്നത്‌? ആകയാൽ അവർ നിങ്ങൾക്കു വിധികർത്താക്കളായിരിക്കും. 20  എന്നാൽ ദൈവത്തിന്‍റെ ശക്തിയാലാണ്‌* ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നതെങ്കിൽ ദൈവരാജ്യം നിങ്ങളെ കടന്നുപോയിരിക്കുന്നു നിശ്ചയം. 21  ബലവാനായ ഒരുവൻ ആയുധമേന്തി തന്‍റെ അരമന കാക്കുമ്പോൾ അവന്‍റെ സ്വത്തുക്കൾ ഭദ്രമായിരിക്കും. 22  എന്നാൽ അവനെക്കാൾ ബലവാനായ ഒരുവൻ വന്ന് അവനെ കീഴടക്കുകയാണെങ്കിൽ, അവൻ ആശ്രയംവെച്ചിരുന്ന ആയുധങ്ങളെല്ലാം പിടിച്ചെടുക്കുകയും മുതൽ കൊള്ളയടിച്ച് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യും. 23  എനിക്ക് അനുകൂലമല്ലാത്തവൻ എനിക്കു പ്രതികൂലമാകുന്നു. എന്നോടുകൂടെ ശേഖരിക്കാത്തവൻ ചിതറിച്ചുകളയുന്നു. 24  “ഒരു അശുദ്ധാത്മാവ്‌ ഒരു മനുഷ്യനെ വിട്ട് പുറത്തുവരുമ്പോൾ അത്‌ വരണ്ട സ്ഥലങ്ങളിലൂടെ ഒരു വിശ്രമസ്ഥാനം തേടി അലയുന്നു. ഒന്നും കണ്ടെത്താതെ വരുമ്പോൾ അത്‌, ‘ഞാൻ വിട്ട് പോന്ന വീട്ടിലേക്കുതന്നെ മടങ്ങിച്ചെല്ലും’ എന്നു പറയുന്നു. 25  അത്‌ അവിടെയെത്തുമ്പോൾ ആ വീട്‌ അടിച്ചുവാരി അലങ്കരിച്ചിരിക്കുന്നതായി കാണുന്നു. 26  അപ്പോൾ അതു പുറപ്പെട്ട് തന്നെക്കാൾ ദുഷ്ടരായ വേറെ ഏഴ്‌ ആത്മാക്കളെ കൂട്ടിക്കൊണ്ടുവന്ന് അവിടെ കയറി വാസമുറപ്പിക്കുന്നു. ആ മനുഷ്യന്‍റെ സ്ഥിതി മുമ്പത്തേതിനെക്കാൾ ഏറെ വഷളായിത്തീരുന്നു.” 27  അവൻ ഇക്കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നപ്പോൾ ജനക്കൂട്ടത്തിൽനിന്ന് ഒരു സ്‌ത്രീ അവനോട്‌, “നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലകളും അനുഗ്രഹിക്കപ്പെട്ടവ” എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. 28  അതിന്‌ അവൻ, “അല്ല, ദൈവത്തിന്‍റെ വചനം കേൾക്കുകയും പ്രമാണിക്കുകയും ചെയ്യുന്നവരത്രേ അനുഗ്രഹിക്കപ്പെട്ടവർ” എന്നു പറഞ്ഞു. 29  ജനം തിങ്ങിക്കൂടിയപ്പോൾ അവൻ പറഞ്ഞുതുടങ്ങിയത്‌: “ഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അത്‌ അടയാളം അന്വേഷിക്കുന്നു. എന്നാൽ യോനായുടെ അടയാളമല്ലാതെ മറ്റൊരു അടയാളവും അതിനു നൽകപ്പെടുകയില്ല. 30  യോനാ നിനെവേക്കാർക്ക് ഒരു അടയാളമായിത്തീർന്നതുപോലെ മനുഷ്യപുത്രൻ ഈ തലമുറയ്‌ക്കും ഒരു അടയാളമായിരിക്കും. 31  തെക്കേദേശത്തെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയിലെ ആളുകളോടൊപ്പം എഴുന്നേറ്റ്‌ അവരെ കുറ്റംവിധിക്കും. അവൾ ശലോമോന്‍റെ ജ്ഞാനം കേൾക്കാൻ ഭൂമിയുടെ അറുതികളിൽനിന്നു വന്നുവല്ലോ. എന്നാൽ ഇവിടെയിതാ, ശലോമോനെക്കാൾ വലിയവൻ. 32  നിനെവേക്കാർ ന്യായവിധിയിൽ ഈ തലമുറയോടൊപ്പം എഴുന്നേറ്റ്‌ അതിനെ കുറ്റംവിധിക്കും; അവർ യോനായുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ. എന്നാൽ ഇവിടെയിതാ, യോനായെക്കാൾ വലിയവൻ. 33  ഒരുവൻ വിളക്കു കത്തിച്ച് നിലവറയിലോ പറയുടെ കീഴിലോ വെക്കാറില്ല; അകത്തു വരുന്നവർക്കു വെളിച്ചം കാണേണ്ടതിന്‌ വിളക്കുതണ്ടിന്മേലത്രേ വെക്കുന്നത്‌. 34  ശരീരത്തിന്‍റെ വിളക്ക് കണ്ണാകുന്നു. നിന്‍റെ കണ്ണ് തെളിച്ചമുള്ളതെങ്കിൽ* ശരീരം മുഴുവനും പ്രകാശിതമായിരിക്കും. നിന്‍റെ കണ്ണ് ദോഷമുള്ളതെങ്കിലോ നിന്‍റെ ശരീരവും ഇരുണ്ടതായിരിക്കും. 35  ആകയാൽ നിന്നിലുള്ള വെളിച്ചം ഇരുട്ടാകാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക. 36  നിന്‍റെ ശരീരം ഇരുളിന്‍റെ അംശം ഏതുമില്ലാതെ മുഴുവൻ പ്രകാശിതമാണെങ്കിൽ, പ്രകാശം ചൊരിയുന്ന ഒരു വിളക്കുപോലെയായിരിക്കും അത്‌.” 37  അവൻ ഇതു സംസാരിച്ചുകഴിഞ്ഞപ്പോൾ ഒരു പരീശൻ അവനെ തന്നോടൊപ്പം ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. അങ്ങനെ, അവൻ അകത്തുചെന്ന് ഭക്ഷണമേശയ്‌ക്കലിരുന്നു. 38  എന്നാൽ അവൻ ഭക്ഷണത്തിനുമുമ്പു കഴുകി ശുദ്ധിവരുത്താഞ്ഞതു കണ്ടിട്ട് പരീശൻ അത്ഭുതപ്പെട്ടു. 39  അപ്പോൾ കർത്താവ്‌ അവനോടു പറഞ്ഞത്‌: “പരീശന്മാരായ നിങ്ങൾ പാനപാത്രത്തിന്‍റെയും തളികയുടെയും പുറം വൃത്തിയാക്കുന്നു. എന്നാൽ നിങ്ങളുടെ ഉള്ളിലോ കൊള്ളയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു. 40  മൂഢന്മാരേ, പുറം ഉണ്ടാക്കിയവൻ അല്ലയോ അകവും ഉണ്ടാക്കിയത്‌? 41  ഹൃദയത്തിലുള്ളതു ദാനമായി കൊടുക്കുവിൻ. അപ്പോൾ മറ്റു സകലതും നിങ്ങൾക്കു ശുദ്ധിയുള്ളതാകും. 42  പരീശന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ തുളസിയിലും അരൂതയിലും മറ്റെല്ലാവിധ സസ്യങ്ങളിലും ദശാംശം കൊടുക്കുന്നു; എന്നാൽ ന്യായവും ദൈവസ്‌നേഹവും വിട്ടുകളയുന്നു! ആദ്യത്തേത്‌ ചെയ്യുന്നതോടൊപ്പംതന്നെ രണ്ടാമത്തേതും നിങ്ങൾ ചെയ്യേണ്ടിയിരുന്നു. 43  പരീശന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! സിനഗോഗുകളിലെ മുൻനിരയും ചന്തസ്ഥലങ്ങളിലെ വന്ദനവും നിങ്ങൾ പ്രിയപ്പെടുന്നു. 44  നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ മറഞ്ഞുകിടക്കുന്ന കുഴിമാടങ്ങൾപോലെയാണ്‌. അവയുടെ മീതെ നടക്കുന്ന മനുഷ്യർ അത്‌ അറിയുന്നില്ല.” 45  അപ്പോൾ ന്യായപ്രമാണ പണ്ഡിതന്മാരിൽ ഒരുവൻ അവനോട്‌, “ഗുരോ, ഇങ്ങനെ പറയുന്നതിനാൽ നീ ഞങ്ങളെയും അധിക്ഷേപിക്കുന്നു” എന്നു പറഞ്ഞു. 46  അതിന്‌ അവൻ പറഞ്ഞത്‌: “ന്യായപ്രമാണ പണ്ഡിതന്മാരായ നിങ്ങൾക്കും ഹാ കഷ്ടം! ചുമക്കാനാകാത്ത ചുമടുകൾ നിങ്ങൾ മനുഷ്യരുടെമേൽ വെച്ചുകൊടുക്കുന്നു. എന്നാൽ അവരെ സഹായിക്കാൻ ഒരു ചെറുവിരൽപോലും അനക്കുന്നതുമില്ല. 47  “നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങളുടെ പൂർവപിതാക്കന്മാർ കൊന്നുകളഞ്ഞ പ്രവാചകന്മാർക്കു നിങ്ങൾ കല്ലറകൾ പണിയുന്നു. 48  നിങ്ങളുടെ പൂർവപിതാക്കന്മാരുടെ ചെയ്‌തികൾക്കു നിങ്ങൾ സാക്ഷികളാണ്‌; എന്നിട്ടും നിങ്ങൾ അവ അംഗീകരിക്കുന്നു. അവർ പ്രവാചകന്മാരെ കൊന്നു; നിങ്ങളോ അവർക്കു കല്ലറകൾ പണിയുന്നു. 49  ഇതുനിമിത്തം ദൈവം തന്‍റെ ജ്ഞാനത്തിൽ ഇങ്ങനെ അരുളിച്ചെയ്‌തിരിക്കുന്നു: ‘ഞാൻ അവരുടെ അടുക്കലേക്കു പ്രവാചകന്മാരെയും അപ്പൊസ്‌തലന്മാരെയും അയയ്‌ക്കും. അവരിൽ ചിലരെ അവർ കൊല്ലുകയും പീഡിപ്പിക്കുകയും ചെയ്യും. 50  അങ്ങനെ, ഹാബേലിന്‍റെ രക്തംമുതൽ യാഗപീഠത്തിനും ആലയത്തിനും ഇടയ്‌ക്കുവെച്ചു കൊല്ലപ്പെട്ട സെഖര്യാവിന്‍റെ രക്തംവരെ 51  ലോകസ്ഥാപനംമുതൽ ചൊരിയപ്പെട്ട സകല പ്രവാചകന്മാരുടെയും രക്തത്തിന്‌ ഈ തലമുറ ഉത്തരം പറയേണ്ടിവരും. അതെ, ഈ തലമുറ അതിന്‌ ഉത്തരവാദിയായിരിക്കും എന്നു ഞാൻ പറയുന്നു. 52  “ന്യായപ്രമാണപണ്ഡിതന്മാരായ നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ പരിജ്ഞാനത്തിന്‍റെ താക്കോൽ എടുത്തുകളഞ്ഞുവല്ലോ. നിങ്ങളോ അകത്തുകടന്നില്ല; അകത്തുകടക്കാൻ ശ്രമിച്ചവരെ നിങ്ങൾ തടയുകയും ചെയ്‌തു!” 53  അവൻ അവിടം വിട്ട് പോകുമ്പോൾ ശാസ്‌ത്രിമാരും പരീശന്മാരും അവന്‍റെ നേർക്കുചെന്ന് 54  എങ്ങനെയും അവനെ ബുദ്ധിമുട്ടിച്ച് വാക്കിൽ കുടുക്കേണ്ടതിന്‌ മറ്റു പലതിനെക്കുറിച്ചും ചോദ്യങ്ങൾ ചോദിക്കാൻതുടങ്ങി.

അടിക്കുറിപ്പുകള്‍

ലൂക്കോ 11:20* അക്ഷരാർഥം, ദൈവത്തിന്‍റെ വിരലിനാലാണ്‌
ലൂക്കോ 11:34മത്തായി 6:22-ന്‍റെ അടിക്കുറിപ്പു കാണുക.