കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

ലൂക്കൊസ്‌ 1:1-80

1  അഭിവന്ദ്യനായ തെയോഫിലൊസേ, ആദിമുതൽ ദൃക്‌സാക്ഷികളും വചനത്തിന്‍റെ ശുശ്രൂഷകരും ആയിരുന്നവർ നമുക്കു കൈമാറിയതും  നമുക്കു പൂർണബോധ്യം വന്നിട്ടുള്ളതുമായ വസ്‌തുതകളുടെ ഒരു വിവരണം തയ്യാറാക്കാൻ പലരും ഉദ്യമിച്ചിരിക്കുന്നുവല്ലോ.  തുടക്കംമുതൽ എല്ലാ കാര്യങ്ങളും ഞാൻ കൃത്യതയോടെ പരിശോധിച്ചിട്ടുള്ളതിനാൽ അവ നിനക്കുവേണ്ടി ക്രമത്തിൽ എഴുതാൻ ഞാനും ഉറച്ചിരിക്കുന്നു;  വാമൊഴിയായി പഠിപ്പിക്കപ്പെട്ട കാര്യങ്ങളെക്കുറിച്ചു നിനക്കു പൂർണനിശ്ചയം വരേണ്ടതിനത്രേ ഇത്‌.  യെഹൂദ്യരാജാവായ ഹെരോദാവിന്‍റെ കാലത്ത്‌ അബീയാവിന്‍റെ പുരോഹിതഗണത്തിൽ സെഖര്യാവ്‌ എന്നു പേരുള്ള ഒരു പുരോഹിതൻ ഉണ്ടായിരുന്നു. അഹരോന്‍റെ പുത്രിമാരിൽ ഒരുവളായിരുന്നു അവന്‍റെ ഭാര്യ. അവൾക്ക് എലിസബെത്ത്‌ എന്നു പേര്‌.  യഹോവയുടെ സകല കൽപ്പനകളും ചട്ടങ്ങളും പാലിച്ച് കുറ്റമില്ലാത്തവരായി നടന്നിരുന്നതിനാൽ അവർ ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരായിരുന്നു.  എന്നാൽ എലിസബെത്ത്‌ വന്ധ്യയായിരുന്നതിനാൽ അവർക്കു മക്കളില്ലായിരുന്നു; അവർ വയോവൃദ്ധരും ആയിരുന്നു.  തന്‍റെ ഗണത്തിന്‍റെ ഊഴമനുസരിച്ച് ദൈവമുമ്പാകെ പുരോഹിതനായി ശുശ്രൂഷ ചെയ്‌തുവരുമ്പോൾ,  യഹോവയുടെ മന്ദിരത്തിൽ ധൂപംകാട്ടാൻ പൗരോഹിത്യ ആചാരമനുസരിച്ച് സെഖര്യാവിനു നറുക്കുവീണു. 10  ധൂപംകാട്ടുന്ന സമയത്ത്‌ ജനമൊക്കെയും വെളിയിൽ പ്രാർഥിച്ചുകൊണ്ടിരുന്നു. 11  അപ്പോൾ യഹോവയുടെ ദൂതൻ ധൂപപീഠത്തിന്‍റെ വലത്തുവശത്തു നിൽക്കുന്നതായി അവൻ കണ്ടു. 12  ഈ കാഴ്‌ച കണ്ട് സെഖര്യാവ്‌ സംഭ്രാന്തനായി; അവനിൽ ഭയം നിറഞ്ഞു. 13  എന്നാൽ ദൂതൻ അവനോട്‌, “സെഖര്യാവേ, ഭയപ്പെടേണ്ട. ദൈവം നിന്‍റെ യാചന കേട്ടിരിക്കുന്നു. നിന്‍റെ ഭാര്യ എലിസബെത്ത്‌ നിനക്ക് ഒരു മകനെ പ്രസവിക്കും. നീ അവന്‌ യോഹന്നാൻ എന്നു പേരിടണം. 14  നിനക്ക് ആനന്ദവും ആഹ്ലാദവും ഉണ്ടാകും; അവന്‍റെ ജനനത്തിൽ അനേകർ സന്തോഷിക്കും. 15  അവൻ യഹോവയുടെ മുമ്പാകെ വലിയവനാകും. വീഞ്ഞും മറ്റു ലഹരിപാനീയങ്ങളും അവനു നിഷിദ്ധം. അമ്മയുടെ ഗർഭത്തിൽവെച്ചുതന്നെ അവനിൽ പരിശുദ്ധാത്മാവു* നിറയും. 16  അവൻ ഇസ്രായേൽമക്കളിൽ അനേകരെ അവരുടെ ദൈവമായ യഹോവയിങ്കലേക്കു മടക്കിവരുത്തും. 17  അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും അനുസരണംകെട്ടവരെ നീതിമാന്മാരുടെ വിവേകത്തിലേക്കും തിരിച്ചുകൊണ്ട് യഹോവയ്‌ക്കായി ഒരു ജനത്തെ ഒരുക്കാൻ അവൻ അവനു മുമ്പായി ഏലിയാവിന്‍റെ ആത്മാവോടും ശക്തിയോടുംകൂടെ പോകും” എന്നു പറഞ്ഞു. 18  അതിനു സെഖര്യാവ്‌ ദൂതനോട്‌, “ഇതു ഞാൻ എങ്ങനെ വിശ്വസിക്കും? എനിക്കു വയസ്സായി; എന്‍റെ ഭാര്യക്കും പ്രായം കടന്നുപോയിരിക്കുന്നു” എന്ന് അറിയിച്ചു. 19  ദൂതൻ അവനോട്‌, “ഞാൻ ദൈവസന്നിധിയിൽ നിൽക്കുന്ന ഗബ്രിയേൽ ആകുന്നു. നിന്നോടു സംസാരിക്കാനും ഈ സദ്വാർത്ത നിന്നെ അറിയിക്കാനുമാണ്‌ എന്നെ അയച്ചിരിക്കുന്നത്‌. 20  എന്നാൽ ഇതാ, നിശ്ചിതസമയത്തു നിറവേറാനിരിക്കുന്ന എന്‍റെ വാക്കുകൾ നീ വിശ്വസിക്കാഞ്ഞതുകൊണ്ട് ഈ കാര്യങ്ങൾ സംഭവിക്കുന്ന നാൾവരെ നീ സംസാരിക്കാൻ കഴിയാതെ ഊമനായിരിക്കും” എന്നു പറഞ്ഞു. 21  ആ സമയത്ത്‌ ജനം സെഖര്യാവിനായി കാത്തുനിൽക്കുകയായിരുന്നു. അവൻ മന്ദിരത്തിൽനിന്നു വരാൻ വൈകുന്നത്‌ എന്തെന്നോർത്ത്‌ അവർ അത്ഭുതപ്പെട്ടു. 22  പുറത്തുവന്നപ്പോൾ അവന്‌ അവരോടു സംസാരിക്കാൻ കഴിഞ്ഞില്ല. മന്ദിരത്തിൽവെച്ച് അവൻ എന്തോ ദർശനം കണ്ടെന്ന് അവർക്കു മനസ്സിലായി. ഊമനായതിനാൽ അവൻ ആംഗ്യങ്ങളിലൂടെ സംസാരിച്ചുകൊണ്ട് കഴിഞ്ഞുകൂടി. 23  തന്‍റെ ശുശ്രൂഷാകാലം തികഞ്ഞപ്പോൾ അവൻ സ്വഭവനത്തിലേക്കു പോയി. 24  താമസിയാതെ അവന്‍റെ ഭാര്യയായ എലിസബെത്ത്‌ ഗർഭംധരിച്ചു. 25  “മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന നിന്ദ നീക്കിക്കളയാൻ യഹോവ ഇപ്പോൾ എന്നെ കടാക്ഷിച്ച് എനിക്കിതു ചെയ്‌തുതന്നിരിക്കുന്നു” എന്നു പറഞ്ഞ് അവൾ അഞ്ചുമാസം പുറത്തിറങ്ങാതെ കഴിഞ്ഞു. 26  അവളുടെ ആറാം മാസത്തിൽ ദൈവം ഗബ്രിയേൽ ദൂതനെ ഗലീലയിലെ ഒരു പട്ടണമായ നസറെത്തിൽ, 27  ദാവീദുഗൃഹത്തിലെ യോസേഫ്‌ എന്ന പുരുഷനുമായി വിവാഹം നിശ്ചയിക്കപ്പെട്ടിരുന്ന ഒരു കന്യകയുടെ അടുത്തേക്ക് അയച്ചു. ആ കന്യകയുടെ പേര്‌ മറിയ എന്നായിരുന്നു. 28  ദൂതൻ അവളുടെ അടുക്കൽ ചെന്നിട്ട്, “കൃപ ലഭിച്ചവളേ, വന്ദനം! യഹോവ നിന്നോടുകൂടെയുണ്ട്” എന്നു പറഞ്ഞു. 29  ഇതുകേട്ട് അത്യന്തം പരിഭ്രാന്തയായ അവൾ, ഇത്‌ എന്തൊരു വന്ദനം എന്നു വിചാരിച്ചു. 30  ദൂതൻ അവളോട്‌, “മറിയേ, ഭയപ്പെടേണ്ട; നിനക്കു ദൈവത്തിന്‍റെ കൃപ ലഭിച്ചിരിക്കുന്നു. 31  നീ ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കും; നീ അവന്‌ യേശു എന്നു പേരിടണം. 32  അവൻ വലിയവനാകും; അത്യുന്നതന്‍റെ പുത്രൻ എന്നു വിളിക്കപ്പെടും. ദൈവമായ യഹോവ, അവന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം അവനു കൊടുക്കും. 33  അവൻ യാക്കോബുഗൃഹത്തിന്മേൽ എന്നേക്കും രാജാവായി വാഴും. അവന്‍റെ രാജ്യത്തിന്‌ അവസാനം ഉണ്ടാകുകയില്ല” എന്നു പറഞ്ഞു. 34  മറിയ ദൂതനോട്‌, “ഞാൻ ഒരു പുരുഷനെ അറിയാതിരിക്കെ, ഇതെങ്ങനെ സംഭവിക്കും?” എന്നു ചോദിച്ചു. 35  അതിനു ദൂതൻ അവളോടു പറഞ്ഞത്‌: “പരിശുദ്ധാത്മാവ്‌ നിന്‍റെമേൽ വരും; അത്യുന്നതന്‍റെ ശക്തി നിന്‍റെമേൽ നിഴലിടും. ആകയാൽ ജനിക്കാനിരിക്കുന്ന ശിശു വിശുദ്ധനെന്ന്, ദൈവത്തിന്‍റെ പുത്രനെന്ന് വിളിക്കപ്പെടും. 36  നോക്കൂ! നിന്‍റെ ബന്ധുവായ എലിസബെത്തും അവളുടെ വാർധക്യത്തിൽ ഒരു പുത്രനെ ഗർഭംധരിച്ചിരിക്കുന്നു. മച്ചി എന്നു പറയപ്പെട്ടിരുന്നവൾക്ക് ഇത്‌ ആറാം മാസം. 37  ദൈവത്തിന്‌ ഒരു കാര്യവും അസാധ്യമല്ലല്ലോ.” 38  അപ്പോൾ മറിയ, “ഇതാ, യഹോവയുടെ ദാസി! നിന്‍റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. അനന്തരം ദൂതൻ അവിടെനിന്നു പോയി. 39  അനന്തരം മറിയ യെഹൂദയിലെ മലനാട്ടിലുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തിൽ യാത്രപുറപ്പെട്ടു. 40  അവൾ സെഖര്യാവിന്‍റെ വീട്ടിലെത്തി എലിസബെത്തിനു വന്ദനം പറഞ്ഞു. 41  മറിയയുടെ വന്ദനം അവൾ കേട്ടയുടനെ ശിശു അവളുടെ ഗർഭത്തിൽ തുള്ളി. 42  എലിസബെത്ത്‌ പരിശുദ്ധാത്മാവ്‌ നിറഞ്ഞവളായി ഘോഷിച്ചുപറഞ്ഞത്‌: “സ്‌ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ; നിന്‍റെ ഗർഭഫലവും അനുഗ്രഹിക്കപ്പെട്ടത്‌! 43  എന്‍റെ കർത്താവിന്‍റെ അമ്മ എന്‍റെ അടുക്കൽ വരാൻതക്ക കൃപ എനിക്കു ലഭിച്ചുവല്ലോ. 44  നോക്കൂ! നിന്‍റെ വന്ദനസ്വരം എന്‍റെ കാതുകളിൽ പതിച്ചപ്പോൾത്തന്നെ ശിശു എന്‍റെ ഗർഭത്തിൽ ആനന്ദംകൊണ്ടു തുള്ളി. 45  യഹോവ തന്നോട്‌ അരുളിച്ചെയ്‌തതു നിറവേറുമെന്നു വിശ്വസിച്ചവളും അനുഗ്രഹിക്കപ്പെട്ടവൾ.” 46  അപ്പോൾ മറിയ പറഞ്ഞത്‌: “എന്‍റെ ഉള്ളം യഹോവയെ മഹിമപ്പെടുത്തുന്നു. 47  എന്‍റെ ആത്മാവ്‌ എന്‍റെ രക്ഷകനായ ദൈവത്തിൽ ആനന്ദിച്ചുല്ലസിക്കുന്നു; 48  അവൻ ഈ എളിയദാസിയെ കടാക്ഷിച്ചിരിക്കുന്നുവല്ലോ. ഇപ്പോൾമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും; 49  എന്തെന്നാൽ ശക്തനായവൻ എനിക്കായി വൻകാര്യങ്ങൾ ചെയ്‌തിരിക്കുന്നു. അവന്‍റെ നാമം പരിശുദ്ധമായത്‌. 50  അവനെ ഭയപ്പെടുന്നവരുടെമേൽ അവന്‍റെ കരുണ തലമുറതലമുറയോളം ഇരിക്കും. 51  അവൻ തന്‍റെ ഭുജത്തിന്‍റെ ബലത്താൽ വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു. ഹൃദയവിചാരങ്ങളിൽ അഹങ്കരിക്കുന്നവരെ അവൻ ചിതറിച്ചിരിക്കുന്നു. 52  അവൻ അധിപതികളെ സിംഹാസനങ്ങളിൽനിന്ന് ഇറക്കുകയും എളിയവരെ ഉയർത്തുകയും ചെയ്‌തിരിക്കുന്നു. 53  വിശന്നിരിക്കുന്നവരെ അവൻ വിശിഷ്ടഭോജ്യങ്ങളാൽ തൃപ്‌തരാക്കി സമ്പന്നരെ വെറുങ്കൈയോടെ പറഞ്ഞയച്ചിരിക്കുന്നു. 54  അബ്രാഹാമിനോടും അവന്‍റെ സന്തതിയോടും എന്നേക്കും കരുണ കാണിക്കുമെന്ന, 55  പൂർവപിതാക്കന്മാരോടു ചെയ്‌ത വാഗ്‌ദാനം ഓർത്ത്‌ അവൻ തന്‍റെ ദാസനായ ഇസ്രായേലിനെ തുണച്ചിരിക്കുന്നു.” 56  മൂന്നുമാസത്തോളം എലിസബെത്തിനോടൊപ്പം താമസിച്ചിട്ട് മറിയ സ്വഭവനത്തിലേക്കു മടങ്ങി. 57  ഗർഭകാലം തികഞ്ഞപ്പോൾ എലിസബെത്ത്‌ ഒരു മകനെ പ്രസവിച്ചു. 58  യഹോവ അവളോടു മഹാകരുണ കാണിച്ചിരിക്കുന്നെന്ന് അയൽക്കാരും ബന്ധുക്കളും കേട്ടപ്പോൾ അവർ അവളോടൊത്ത്‌ ആനന്ദിച്ചു. 59  എട്ടാം ദിവസം അവർ ശിശുവിനെ പരിച്ഛേദന കഴിപ്പിക്കാൻ ചെന്നു. അവർ അവന്‌ അവന്‍റെ അപ്പന്‍റെ പേരുപോലെ സെഖര്യാവ്‌ എന്നു പേരിടാനൊരുങ്ങി. 60  അവന്‍റെ അമ്മയോ, “അങ്ങനെയല്ല, അവനു യോഹന്നാൻ എന്നു പേരിടണം” എന്നു പറഞ്ഞു. 61  അവർ അവളോട്‌, “ഈ പേരുള്ള ആരും നിന്‍റെ ബന്ധുക്കൾക്കിടയിൽ ഇല്ലല്ലോ” എന്നു പറഞ്ഞു. 62  അവനെ എന്തു പേരു വിളിക്കാനാണ്‌ ആഗ്രഹിക്കുന്നതെന്ന് അവർ അവന്‍റെ അപ്പനോട്‌ ആംഗ്യത്തിലൂടെ ആരാഞ്ഞു. 63  അവൻ ഒരു എഴുത്തുപലക ആവശ്യപ്പെട്ടു; “അവന്‍റെ പേര്‌ യോഹന്നാൻ” എന്ന് എഴുതിക്കാണിച്ചു. ഇതുകണ്ട് എല്ലാവരും ആശ്ചര്യപ്പെട്ടു. 64  ക്ഷണത്തിൽ അവന്‍റെ വായ്‌ തുറന്നു; നാവിന്‍റെ കെട്ടഴിഞ്ഞു. അവൻ ദൈവത്തെ വാഴ്‌ത്തിക്കൊണ്ടു സംസാരിച്ചുതുടങ്ങി. 65  സമീപവാസികൾക്കെല്ലാം ഭയമുണ്ടായി. ഈ വാർത്ത യെഹൂദ്യമലനാട്ടിലെങ്ങും പരന്നു. 66  ഇതു കേട്ടവരൊക്കെയും, “ഈ ശിശു ആരായിത്തീരും?” എന്നു ചിന്തിച്ച് നടന്നതെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു. യഹോവയുടെ കൈ അവനോടുകൂടെ ഉണ്ടായിരുന്നു. 67  അവന്‍റെ അപ്പനായ സെഖര്യാവ്‌ പരിശുദ്ധാത്മാവ്‌ നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞത്‌: 68  “ഇസ്രായേലിന്‍റെ ദൈവമായ യഹോവ വാഴ്‌ത്തപ്പെടുമാറാകട്ടെ. അവൻ തന്‍റെ ജനത്തെ കടാക്ഷിച്ച് അവരെ വിടുവിച്ചിരിക്കുന്നുവല്ലോ. 69  നമ്മുടെ ശത്രുക്കളിൽനിന്നും നമ്മെ ദ്വേഷിക്കുന്ന സകലരുടെയും കൈയിൽനിന്നും നമ്മെ രക്ഷിക്കുമെന്ന് 70  പണ്ടുപണ്ടേ തന്‍റെ വിശുദ്ധപ്രവാചകന്മാരിലൂടെ അരുളിച്ചെയ്‌തപ്രകാരം 71  അവൻ തന്‍റെ ദാസനായ ദാവീദിന്‍റെ ഗൃഹത്തിൽ നമുക്കായി രക്ഷയുടെ ഒരു കൊമ്പ് ഉയർത്തിയിരിക്കുന്നു; 72  ഇത്‌ നമ്മുടെ പൂർവപിതാക്കന്മാരോടു ചെയ്‌ത വാഗ്‌ദാനപ്രകാരം നമ്മോടു കരുണ കാണിക്കേണ്ടതിനും 73  നമ്മുടെ പൂർവപിതാവായ അബ്രാഹാമിനോട്‌ ആണയോടെ ചെയ്‌ത വിശുദ്ധ ഉടമ്പടി ഓർത്തുകൊണ്ട് 74  ശത്രുക്കളുടെ കൈയിൽനിന്നു നമ്മെ വിടുവിച്ച് നമ്മുടെ ആയുഷ്‌കാലമൊക്കെയും വിശ്വസ്‌തതയോടും നീതിയോടുംകൂടെ തിരുസന്നിധിയിൽ 75  നിർഭയം ആരാധന അർപ്പിക്കാൻ* നമുക്കു പദവി നൽകേണ്ടതിനുമത്രേ. 76  നീയോ പൈതലേ, നീ അത്യുന്നതന്‍റെ പ്രവാചകനെന്നു വിളിക്കപ്പെടും; എന്തെന്നാൽ നമ്മുടെ ദൈവത്തിന്‍റെ ആർദ്രാനുകമ്പയാൽ, യഹോവയ്‌ക്കായി വഴി ഒരുക്കാനും 77  അവന്‍റെ ജനത്തിനു പാപമോചനത്താലുള്ള രക്ഷയുടെ പരിജ്ഞാനം നൽകാനും 78  നീ അവനു മുമ്പായി പോകും. ഈ അനുകമ്പയാൽ, അന്ധതമസ്സിലും മരണനിഴലിലും കഴിയുന്നവരുടെമേൽ പ്രകാശിക്കേണ്ടതിനും നമ്മുടെ കാലടികളെ സമാധാനമാർഗത്തിൽ ശുഭകരമായി നയിക്കേണ്ടതിനും 79  ഉന്നതങ്ങളിൽനിന്ന് ഉദയവെളിച്ചം നമ്മുടെമേൽ പ്രകാശിക്കും.” 80  ശിശു വളർന്ന് ആത്മാവിൽ ബലപ്പെട്ടു. ഇസ്രായേലിന്‌ തന്നെത്തന്നെ വെളിപ്പെടുത്തുന്ന നാൾവരെ അവൻ മരുഭൂമിയിൽ പാർത്തു.

അടിക്കുറിപ്പുകള്‍

ലൂക്കോ 1:15* അനുബന്ധം 8 കാണുക.
ലൂക്കോ 1:75* അല്ലെങ്കിൽ, വിശുദ്ധസേവനം അനുഷ്‌ഠിക്കാൻ