കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

റോമർ 9:1-33

9  ഞാൻ ക്രിസ്‌തുവിൽ സത്യം സംസാരിക്കുന്നു; ഞാൻ പറയുന്നതു വ്യാജമല്ല; എന്‍റെ മനസ്സാക്ഷിയും പരിശുദ്ധാത്മാവിൽ എനിക്കു സാക്ഷ്യം വഹിക്കുന്നു:  എന്‍റെ ഹൃദയത്തിൽ അതിയായ ദുഃഖവും അടങ്ങാത്ത വേദനയും ഉണ്ട്.  എന്‍റെ സഹോദരന്മാരും ജഡപ്രകാരം എന്‍റെ ബന്ധുക്കളുമായ ഇസ്രായേല്യർക്കുവേണ്ടി ക്രിസ്‌തുവിൽനിന്നു വേർപെട്ട് സ്വയം ശാപഗ്രസ്‌തനാകാൻപോലും ഞാൻ ഒരുക്കമാണ്‌.  പുത്രന്മാരായി ദത്തെടുക്കപ്പെട്ടത്‌ അവരത്രേ. മഹത്ത്വവും ഉടമ്പടികളും ന്യായപ്രമാണവും വിശുദ്ധസേവനവും വാഗ്‌ദാനങ്ങളും അവർക്കുള്ളത്‌.  പൂർവപിതാക്കന്മാരും അവർക്കുള്ളവർ; ജഡപ്രകാരം ക്രിസ്‌തു ജനിച്ചതും അവരിൽനിന്നുതന്നെ. സർവത്തിനും മീതെയുള്ളവനായ ദൈവം എന്നേക്കും വാഴ്‌ത്തപ്പെട്ടവൻ. ആമേൻ.  ദൈവത്തിന്‍റെ വചനം വ്യർഥമായിപ്പോയി എന്നല്ല. ഇസ്രായേലിൽനിന്നുള്ളവരെല്ലാം യഥാർഥത്തിൽ “ഇസ്രായേൽ” ആകുന്നില്ല.  അബ്രാഹാമിന്‍റെ സന്തതി ആയതുകൊണ്ടുമാത്രം അവർ എല്ലാവരും മക്കൾ ആകുന്നതുമില്ല. “യിസ്‌ഹാക്കിൽനിന്നു ജനിക്കുന്നവൻ ‘നിന്‍റെ സന്തതി’ എന്നു വിളിക്കപ്പെടും” എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്‌.  അതിന്‍റെ അർഥമോ: ജഡപ്രകാരമുള്ള മക്കളല്ല യഥാർഥത്തിൽ ദൈവത്തിന്‍റെ മക്കൾ; വാഗ്‌ദാനപ്രകാരമുള്ള മക്കളത്രേ സന്തതിയായി എണ്ണപ്പെടുന്നത്‌.  വാഗ്‌ദാനം ഇപ്രകാരമായിരുന്നു: “അടുത്തയാണ്ടിൽ ഇതേ സമയത്ത്‌ ഞാൻ മടങ്ങിവരും. അപ്പോൾ സാറായ്‌ക്ക് ഒരു മകൻ ഉണ്ടായിരിക്കും.” 10  അപ്പോൾ മാത്രമല്ല, നമ്മുടെ പൂർവപിതാവായ യിസ്‌ഹാക്കിനാൽ റിബേക്ക ഇരട്ടകളെ ഗർഭംധരിച്ചപ്പോഴും വാഗ്‌ദാനം നൽകപ്പെട്ടിരുന്നു. 11  കുട്ടികൾ ജനിക്കുകയോ നന്മയാകട്ടെ തിന്മയാകട്ടെ പ്രവർത്തിക്കുകയോ ചെയ്യുന്നതിനുമുമ്പുതന്നെ, ദൈവോദ്ദേശ്യപ്രകാരമുള്ള തിരഞ്ഞെടുപ്പ് പ്രവൃത്തികളെ ആശ്രയിച്ചല്ല, വിളിക്കുന്നവനെ ആശ്രയിച്ചത്രേ എന്നു വരേണ്ടതിന്‌, 12  “മൂത്തവൻ ഇളയവനെ സേവിക്കും” എന്ന് അവളോടു പറയപ്പെട്ടു. 13  “ഞാൻ യാക്കോബിനെ സ്‌നേഹിച്ചു; ഏശാവിനെ ദ്വേഷിച്ചു” എന്നല്ലോ എഴുതപ്പെട്ടിരിക്കുന്നത്‌. 14  ആകയാൽ നാം എന്താണു പറയേണ്ടത്‌? ദൈവം അനീതിയുള്ളവൻ എന്നോ? ഒരിക്കലുമല്ല! 15  “എനിക്കു കരുണ തോന്നുന്നവനോടു ഞാൻ കരുണ കാണിക്കുകയും എനിക്ക് അനുകമ്പ തോന്നുന്നവനോടു ഞാൻ അനുകമ്പ കാണിക്കുകയും ചെയ്യും” എന്ന് അവൻ മോശയോട്‌ അരുളിച്ചെയ്‌തുവല്ലോ. 16  ആകയാൽ ഇതൊക്കെയും ആശ്രയിച്ചിരിക്കുന്നത്‌ ഇച്ഛിക്കുന്നവനെയോ യത്‌നിക്കുന്നവനെയോ അല്ല, കരുണാമയനായ ദൈവത്തെയാണ്‌. 17  “നിന്നിൽ എന്‍റെ ശക്തി കാണിക്കേണ്ടതിനും എന്‍റെ നാമം സർവഭൂമിയിലും പ്രഖ്യാപിക്കപ്പെടേണ്ടതിനുമായി ഞാൻ നിന്നെ നിറുത്തിയിരിക്കുന്നു” എന്നു തിരുവെഴുത്തിൽ ദൈവം ഫറവോനോടു പറയുന്നു. 18  അങ്ങനെ, താൻ ഇച്ഛിക്കുന്നതുപോലെ അവൻ ചിലരോടു കരുണ കാണിക്കുന്നു; താൻ ഇച്ഛിക്കുന്നതുപോലെ ചിലരെ കഠിനഹൃദയരാകാൻ വിട്ടുകളയുന്നു. 19  അതുകൊണ്ട്, “പിന്നെ അവൻ കുറ്റം ചുമത്തുന്നതെന്തിന്‌? അവന്‍റെ ഹിതത്തെ എതിർക്കാൻ ആർക്കു കഴിഞ്ഞിട്ടുണ്ട്?” എന്നു നിങ്ങൾ എന്നോടു ചോദിച്ചേക്കാം. 20  ഹേ മനുഷ്യാ, ദൈവത്തോടു പ്രത്യുത്തരം പറയാൻ നീ ആർ? മെനയപ്പെട്ടതു മെനഞ്ഞവനോട്‌, “നീ എന്നെ ഇങ്ങനെ ഉണ്ടാക്കിയതെന്തിന്‌?” എന്നു ചോദിക്കുമോ? 21  അല്ല, കുശവനു കളിമണ്ണിന്‍റെ ഒരേ പിണ്ഡത്തിൽനിന്നുതന്നെ ഒരു പാത്രം മാന്യമായ കാര്യത്തിനും മറ്റൊന്നു മാന്യമല്ലാത്ത കാര്യത്തിനുമായി ഉണ്ടാക്കാൻ അധികാരമില്ലയോ? 22  അങ്ങനെയെങ്കിൽ, തന്‍റെ ക്രോധം കാണിക്കാനും ശക്തി വെളിപ്പെടുത്താനും ആഗ്രഹമുണ്ടായിട്ടും നാശയോഗ്യമായ ക്രോധപാത്രങ്ങളെ ദൈവം ദീർഘക്ഷമയോടെ സഹിച്ചെങ്കിലെന്ത്? 23  യഹൂദന്മാരിൽനിന്നു മാത്രമല്ല, വിജാതീയരിൽനിന്നുകൂടെ വിളിക്കപ്പെട്ടവരായ നമ്മിൽ, 24  മഹത്ത്വത്തിനായി മുന്നമേ ഒരുക്കിയ കരുണാപാത്രങ്ങളായ നമ്മിൽത്തന്നെ, തന്‍റെ മഹത്ത്വത്തിന്‍റെ ധനം വെളിപ്പെടുത്താൻ അവൻ അങ്ങനെ പ്രവർത്തിച്ചെങ്കിലെന്ത്? 25  ഇത്‌ അവൻ ഹോശേയയുടെ പുസ്‌തകത്തിൽ അരുളിച്ചെയ്‌തിരിക്കുന്നപ്രകാരമത്രേ: “എന്‍റെ ജനമല്ലാത്തവരെ ഞാൻ ‘എന്‍റെ ജനം’ എന്നും എന്‍റെ പ്രിയയല്ലാത്തവളെ ഞാൻ ‘എന്‍റെ പ്രിയ’ എന്നും വിളിക്കും. 26  ‘നിങ്ങൾ എന്‍റെ ജനമല്ല’ എന്ന് അവരോട്‌ അരുളിച്ചെയ്‌ത സ്ഥലത്തുവെച്ചുതന്നെ അവർ ‘ജീവനുള്ള ദൈവത്തിന്‍റെ പുത്രന്മാർ’ എന്നു വിളിക്കപ്പെടും.” 27  യെശയ്യാവാകട്ടെ ഇസ്രായേലിനെക്കുറിച്ച്, “ഇസ്രായേൽമക്കളുടെ എണ്ണം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും ഒരു ശേഷിപ്പു മാത്രമേ രക്ഷിക്കപ്പെടുകയുള്ളൂ; 28  എന്തെന്നാൽ യഹോവ ഭൂമിയിൽ തന്‍റെ ന്യായവിധി അതിവേഗത്തിൽ പൂർത്തീകരിക്കും” എന്നു വിളിച്ചുപറയുന്നു. 29  “സൈന്യങ്ങളുടെ യഹോവ നമുക്ക് ഒരു സന്തതിയെ ശേഷിപ്പിച്ചില്ലായിരുന്നെങ്കിൽ നാം സൊദോമിനെപ്പോലെയും ഗൊമോറയെപ്പോലെയും ആയിത്തീരുമായിരുന്നു” എന്നും യെശയ്യാവ്‌ മുൻകൂട്ടിപ്പറഞ്ഞുവല്ലോ. 30  ആകയാൽ നാം എന്താണു പറയേണ്ടത്‌? നീതി പിന്തുടരാതിരുന്ന വിജാതീയർ നീതി പ്രാപിച്ചു; വിശ്വാസത്താലുള്ള നീതിതന്നെ. 31  ന്യായപ്രമാണത്തിൽ അധിഷ്‌ഠിതമായ നീതി പിന്തുടരാൻ ശ്രമിച്ച ഇസ്രായേലാകട്ടെ അതു പ്രാപിച്ചില്ല. 32  എന്തുകൊണ്ട്? അവർ വിശ്വാസത്തിലൂടെയല്ല, പ്രവൃത്തികളിലൂടെയാണ്‌ അതു പിന്തുടർന്നത്‌. അവർ ‘ഇടർച്ചക്കല്ലിൽ’ തട്ടി ഇടറിപ്പോയി; 33  “ഇതാ, ഞാൻ സീയോനിൽ ഇടർച്ചക്കല്ലും തടങ്ങൽപ്പാറയും വെക്കുന്നു. അവനിൽ വിശ്വസിക്കുന്നവൻ നിരാശനാകുകയില്ല” എന്ന് എഴുതിയിരിക്കുന്നപ്രകാരംതന്നെ.

അടിക്കുറിപ്പുകള്‍