കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

റോമർ 6:1-23

6  അതുകൊണ്ട് നാം എന്താണു പറയേണ്ടത്‌? കൃപ സമൃദ്ധമാകേണ്ടതിനു പാപം ചെയ്‌തുകൊണ്ടിരിക്കാമെന്നോ?  ഒരിക്കലുമല്ല! പാപസംബന്ധമായി മരിച്ച നാം ഇനി അതിൽ ജീവിക്കുന്നതെങ്ങനെ?  സ്‌നാനമേറ്റു ക്രിസ്‌തുവിനോടു ചേർന്ന നാം ഏവരും സ്‌നാനത്തിൽ അവന്‍റെ മരണത്തോട്‌ ഏകീഭവിച്ചിരിക്കുന്നെന്നു നിങ്ങൾ അറിയുന്നില്ലയോ?  അതുകൊണ്ട് നമ്മുടെ സ്‌നാനത്താൽ അവന്‍റെ മരണത്തോട്‌ ഏകീഭവിച്ച നാം അവനോടുകൂടെ അടക്കപ്പെട്ടു; ക്രിസ്‌തു പിതാവിന്‍റെ മഹത്ത്വത്താൽ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടതുപോലെ നാമും ഒരു പുതുജീവനിൽ ചരിക്കേണ്ടതിനുതന്നെ.  അവന്‍റേതിനു സദൃശമായ ഒരു മരണത്തിൽ നാം അവനോട്‌ ഏകീഭവിച്ചവരായെങ്കിൽ നിശ്ചയമായും അവന്‍റേതിനു സദൃശമായ ഒരു പുനരുത്ഥാനത്തിലും നാം അവനോട്‌ ഏകീഭവിച്ചവരാകും;  എന്തെന്നാൽ നാം ഇനി പാപത്തിന്‌ അടിമകളാകാതിരിക്കേണ്ടതിന്‌ നമ്മുടെ പാപശരീരത്തെ നിർജീവമാക്കാൻ നമ്മിലെ പഴയ മനുഷ്യൻ അവനോടുകൂടെ സ്‌തംഭത്തിൽ തറയ്‌ക്കപ്പെട്ടെന്നു നാം അറിയുന്നു.  മരിച്ചവൻ പാപത്തിൽനിന്നു മോചിതനാക്കപ്പെട്ടിരിക്കുന്നുവല്ലോ.  നാം ക്രിസ്‌തുവിനോടുകൂടെ മരിച്ചെങ്കിൽ അവനോടുകൂടെ ജീവിക്കുമെന്നും വിശ്വസിക്കുന്നു.  മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടിരിക്കുന്ന ക്രിസ്‌തു ഇനിയൊരിക്കലും മരിക്കുകയില്ലെന്നു നാം അറിയുന്നു. മരണത്തിന്‌ അവന്‍റെമേൽ ഇനി ഒരാധിപത്യവുമില്ല. 10  അവന്‍റെ മരണം പാപം പോക്കുന്ന ഒരിക്കലായുള്ള മരണമായിരുന്നു. അവന്‍റെ ജീവിതമോ ദൈവത്തിനായുള്ള ജീവിതമത്രേ. 11  അങ്ങനെ, നിങ്ങളും പാപസംബന്ധമായി മരിച്ചെന്നും ക്രിസ്‌തുയേശു മുഖാന്തരം ദൈവത്തിനായി ജീവിക്കുന്നെന്നും കരുതിക്കൊള്ളുവിൻ. 12  ആകയാൽ നിങ്ങൾ നിങ്ങളുടെ മർത്യശരീരത്തിന്‍റെ മോഹങ്ങൾ അനുസരിക്കുമാറ്‌ പാപം അതിൽ വാഴ്‌ച നടത്താതിരിക്കട്ടെ. 13  നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിനു സമർപ്പിക്കുകയുമരുത്‌; പിന്നെയോ നിങ്ങളെ മരിച്ചവരിൽനിന്നു ജീവനിലേക്കു വന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിനു സമർപ്പിക്കുവിൻ. 14  നിങ്ങൾ ന്യായപ്രമാണത്തിനല്ല, കൃപയ്‌ക്ക് അധീനരെന്നു കണ്ടിട്ട് പാപം നിങ്ങളിൽ ആധിപത്യം നടത്താൻ പാടില്ല. 15  അതിന്‍റെ അർഥമെന്താണ്‌? നാം ന്യായപ്രമാണത്തിനല്ല, കൃപയ്‌ക്ക് അധീനരാകയാൽ നമുക്കു പാപം ചെയ്യാമെന്ന് ഒരിക്കലും ചിന്തിക്കരുതെന്നുതന്നെ. 16  നിങ്ങൾ നിങ്ങളെത്തന്നെ ആർക്കെങ്കിലും സമർപ്പിക്കുമ്പോൾ, അയാളെ അനുസരിക്കുകയാൽ നിങ്ങൾ അയാളുടെ അടിമകളാണെന്ന് അറിയുന്നില്ലയോ? ഒന്നുകിൽ നിങ്ങൾ മരണത്തിലേക്കു നയിക്കുന്ന പാപത്തിന്‍റെ അടിമകൾ; അല്ലെങ്കിൽ നീതിയിലേക്കു നയിക്കുന്ന അനുസരണത്തിന്‍റെ അടിമകൾ. 17  നിങ്ങൾ പാപത്തിന്‍റെ അടിമകൾ ആയിരുന്നെങ്കിലും നിങ്ങൾക്കു ലഭിച്ച ഉപദേശം നിങ്ങൾ ഹൃദയപൂർവം അനുസരിച്ചതുകൊണ്ട് ദൈവത്തിനു സ്‌തോത്രം. 18  പാപത്തിൽനിന്നു സ്വതന്ത്രരാക്കപ്പെട്ട നിങ്ങൾ ഇപ്പോൾ നീതിയുടെ അടിമകളായിരിക്കുന്നു. 19  നിങ്ങളുടെ ജഡത്തിന്‍റെ ബലഹീനതനിമിത്തം മാനുഷികമായ രീതിയിൽ ഞാൻ ഇതു പറയുന്നു: നിങ്ങൾ അധർമത്തിനായി അശുദ്ധിക്കും ധർമവിരുദ്ധപ്രവൃത്തികൾക്കും നിങ്ങളുടെ അവയവങ്ങളെ അടിമകളായി ഏൽപ്പിച്ചുകൊടുത്തതുപോലെ ഇപ്പോൾ വിശുദ്ധിക്കായി നിങ്ങളുടെ അവയവങ്ങളെ നീതിക്ക് അടിമകളായി സമർപ്പിച്ചുകൊള്ളുവിൻ. 20  നിങ്ങൾ പാപത്തിന്‌ അടിമകളായിരുന്നപ്പോൾ നീതിയുടെ നിയന്ത്രണത്തിൽനിന്നു സ്വതന്ത്രരായിരുന്നുവല്ലോ. 21  എന്നാൽ അന്നു നിങ്ങൾ എന്തു നേടി? ഇപ്പോൾ നിങ്ങൾക്കു ലജ്ജാകരമായി തോന്നുന്ന കാര്യങ്ങളല്ലയോ? അവയുടെ അവസാനം മരണമത്രേ. 22  ഇപ്പോഴോ നിങ്ങൾ പാപത്തിൽനിന്നു സ്വതന്ത്രരാക്കപ്പെട്ട് ദൈവത്തിന്‍റെ അടിമകളായിത്തീർന്നിരിക്കയാൽ നിങ്ങൾക്കു ലഭിക്കുന്ന ഫലം വിശുദ്ധിയും അതിന്‍റെ അവസാനം നിത്യജീവനും ആകുന്നു. 23  പാപത്തിന്‍റെ ശമ്പളം മരണം; ദൈവത്തിന്‍റെ ദാനമോ നമ്മുടെ കർത്താവായ ക്രിസ്‌തുയേശുവിനാലുള്ള നിത്യജീവനും.

അടിക്കുറിപ്പുകള്‍