കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

റോമർ 4:1-25

4  അങ്ങനെയെങ്കിൽ, ജഡപ്രകാരം നമ്മുടെ പൂർവപിതാവായ അബ്രാഹാമിനെക്കുറിച്ച് എന്താണു പറയേണ്ടത്‌?  അബ്രാഹാം നീതീകരിക്കപ്പെട്ടതു പ്രവൃത്തികളാലാണെങ്കിൽ അവന്‌ ആത്മപ്രശംസയ്‌ക്കു വകയുണ്ട്; എന്നാൽ ദൈവസന്നിധിയിൽ ഇല്ലതാനും.  തിരുവെഴുത്ത്‌ എന്തു പറയുന്നു? “അബ്രാഹാം യഹോവയിൽ വിശ്വസിച്ചു; അത്‌ അവനു നീതിയായി കണക്കിട്ടു” എന്നുതന്നെ.  വേല ചെയ്യുന്നവന്‍റെ കൂലി കണക്കിടുന്നതു ദാനമായിട്ടല്ല,* അവന്‍റെ അവകാശമായിട്ടത്രേ.  എന്നാൽ അഭക്തനെ നീതീകരിക്കുന്നവനിൽ വിശ്വസിക്കുന്നവന്‌ അവൻ പ്രവൃത്തികൾ ചെയ്യാത്തവനെങ്കിലും അവന്‍റെ വിശ്വാസം നീതിയായി കണക്കിടുന്നു.  പ്രവൃത്തികൾ നോക്കാതെതന്നെ ദൈവം നീതി കണക്കിടുന്ന മനുഷ്യന്‍റെ അനുഗൃഹീതാവസ്ഥയെപ്പറ്റി ദാവീദും ഇങ്ങനെ പറയുന്നു:  “അധർമം ക്ഷമിച്ചും പാപം മറച്ചും കിട്ടിയവർ ഭാഗ്യവാന്മാർ.  യഹോവ പാപം കണക്കിടാത്ത മനുഷ്യൻ ഭാഗ്യവാൻ.”  അപ്പോൾ ഈ അനുഗ്രഹം പരിച്ഛേദനയേറ്റവർക്കു മാത്രമോ, അതോ അഗ്രചർമികൾക്കുംകൂടി ഉള്ളതോ? “അബ്രാഹാമിന്‍റെ വിശ്വാസം അവനു നീതിയായി കണക്കിട്ടു” എന്നു നാം പറയുന്നുവല്ലോ. 10  അങ്ങനെയെങ്കിൽ, എപ്പോഴാണ്‌ അതു കണക്കിട്ടത്‌? പരിച്ഛേദനയേറ്റശേഷമോ, അതിനു മുമ്പോ? പരിച്ഛേദനയേറ്റശേഷമല്ല, അതിനു മുമ്പുതന്നെ. 11  പരിച്ഛേദനയേൽക്കുന്നതിനു മുമ്പുതന്നെ താൻ വിശ്വാസത്താൽ നീതീകരിക്കപ്പെട്ടു എന്നതിന്‍റെ മുദ്രയായി അവനു പരിച്ഛേദനയെന്ന അടയാളം ലഭിച്ചു; അങ്ങനെ, അഗ്രചർമികളായിരിക്കെ വിശ്വാസത്താൽ നീതീകരണം പ്രാപിച്ച സകലർക്കും അവൻ പിതാവായി. 12  അവൻ പരിച്ഛേദനയേറ്റവർക്കും പിതാവായി; പരിച്ഛേദനയേൽക്കുക മാത്രമല്ല, അഗ്രചർമിയായിരിക്കെ നമ്മുടെ പിതാവായ അബ്രാഹാമിന്‌ ഉണ്ടായിരുന്ന വിശ്വാസത്തിന്‍റെ മാതൃക പിൻപറ്റുകകൂടി ചെയ്യുന്നവർക്കുതന്നെ. 13  ലോകാവകാശിയാകുമെന്ന വാഗ്‌ദാനം അബ്രാഹാമിനും അവന്‍റെ സന്തതിക്കും ലഭിച്ചത്‌ ന്യായപ്രമാണത്തിലൂടെയല്ല; വിശ്വാസത്താലുള്ള നീതിയിലൂടെയാണ്‌. 14  ന്യായപ്രമാണം പാലിക്കുന്നവരാണ്‌ അവകാശികളെങ്കിൽ, വിശ്വാസം വ്യർഥവും വാഗ്‌ദാനം നിഷ്‌ഫലവും എന്നു വരുന്നു. 15  വാസ്‌തവത്തിൽ, ന്യായപ്രമാണം ക്രോധത്തിനു ഹേതുവാകുന്നു; ന്യായപ്രമാണമില്ലാത്തിടത്തോ ലംഘനവുമില്ല. 16  ആകയാൽ വാഗ്‌ദാനം കൃപയാൽ ഉള്ളത്‌ എന്നു വരേണ്ടതിന്‌ അതു ലഭിച്ചതു വിശ്വാസത്താലത്രേ; അവന്‍റെ സന്തതികൾക്കെല്ലാം, ന്യായപ്രമാണം പാലിക്കുന്നവർക്കു മാത്രമല്ല അബ്രാഹാമിന്‍റേതുപോലുള്ള വിശ്വാസം ഉള്ളവർക്കുകൂടെ, വാഗ്‌ദാനം ഉറപ്പാകേണ്ടതിനുതന്നെ. അവൻ നമുക്കെല്ലാം പിതാവാകുന്നു; 17  “ഞാൻ നിന്നെ ബഹുജനതകൾക്കു പിതാവാക്കിവെച്ചിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ. ഈ വാഗ്‌ദാനം അവൻ വിശ്വസിച്ച ദൈവത്തിന്‍റെ ദൃഷ്ടിയിൽ, മരിച്ചവരെ ജീവിപ്പിക്കുകയും ഇല്ലാത്തവയെ ഉള്ളവയെപ്പോലെ വിളിക്കുകയും ചെയ്യുന്ന ദൈവത്തിന്‍റെ ദൃഷ്ടിയിൽ, നിവൃത്തിയേറിയതുപോലെതന്നെ ആയിരുന്നു. 18  “നിന്‍റെ സന്തതി ഇങ്ങനെ ആകും” എന്നു തന്നോട്‌ അരുളിച്ചെയ്യപ്പെട്ടപ്രകാരം താൻ ബഹുജനതകൾക്കു പിതാവാകുമെന്നത്‌ പ്രത്യാശയ്‌ക്ക് സാധ്യതയില്ലാതിരിക്കെത്തന്നെ പ്രത്യാശയോടെ അവൻ വിശ്വസിച്ചു. 19  അവന്‌ ഏകദേശം നൂറുവയസ്സുണ്ടായിരുന്നതിനാൽ തന്‍റെ ശരീരം മൃതപ്രായമായിരിക്കുന്നെന്നും സാറായുടെ ഗർഭപാത്രം നിർജീവമാണെന്നും ഗ്രഹിച്ചിട്ടും അവൻ വിശ്വാസത്തിൽ ക്ഷീണിച്ചില്ല. 20  ദൈവത്തിന്‍റെ വാഗ്‌ദാനത്തെക്കുറിച്ച് അവിശ്വാസത്താൽ ചഞ്ചലപ്പെടാതെ 21  വാഗ്‌ദാനം നിവർത്തിക്കാൻ ദൈവം പ്രാപ്‌തനാണെന്ന പൂർണബോധ്യത്തോടെ വിശ്വാസത്താൽ ശക്തിപ്പെട്ട് അവൻ ദൈവത്തിനു മഹത്ത്വം കൊടുത്തു. 22  അതുകൊണ്ട്, “അത്‌ അവനു നീതിയായി കണക്കിട്ടു.” 23  ‘അത്‌ അവനു കണക്കിട്ടു’ എന്ന് എഴുതിയിരിക്കുന്നത്‌ അവനുവേണ്ടി മാത്രമല്ല, 24  നമുക്കുവേണ്ടിയുംകൂടിയാണ്‌; നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവനിൽ വിശ്വസിക്കുന്നതിനാൽ നാമും നീതിമാന്മാരായി എണ്ണപ്പെടും എന്നതിനാൽത്തന്നെ. 25  അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മരണത്തിന്‌ ഏൽപ്പിക്കപ്പെടുകയും നാം നീതീകരിക്കപ്പെടേണ്ടതിന്‌ ഉയിർപ്പിക്കപ്പെടുകയും ചെയ്‌തുവല്ലോ.

അടിക്കുറിപ്പുകള്‍

റോമ 4:4* അക്ഷരാർഥം, കൃപയായിട്ടല്ല. യോഹന്നാൻ 1:14-ന്‍റെ അടിക്കുറിപ്പു കാണുക.