കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

റോമർ 3:1-31

3  അങ്ങനെയെങ്കിൽ, യഹൂദന്‌ എന്താണു മേന്മ? അല്ല, പരിച്ഛേദനകൊണ്ട് എന്താണു പ്രയോജനം?  എല്ലാവിധത്തിലും വളരെയുണ്ട്. ഒന്നാമതായി, ദൈവത്തിന്‍റെ വിശുദ്ധ അരുളപ്പാടുകൾ അവരെ ഭരമേൽപ്പിച്ചിരിക്കുന്നു എന്നതുതന്നെ.  ചിലർ വിശ്വസിച്ചില്ലെങ്കിലെന്ത്? അവരുടെ വിശ്വാസരാഹിത്യം ദൈവത്തിന്‍റെ വിശ്വസ്‌തതയെ ഇല്ലാതാക്കുമോ?  ഒരിക്കലുമില്ല! സകല മനുഷ്യരും ഭോഷ്‌കു പറയുന്നവരെന്നുവന്നാലും ദൈവം സത്യവാൻ എന്നേ വരൂ. “നിന്‍റെ വാക്കുകളിൽ നീ നീതിമാനെന്നു തെളിയേണ്ടതിനും നിന്‍റെ ന്യായവിസ്‌താരത്തിൽ നീ വിജയിക്കേണ്ടതിനും” എന്ന് എഴുതിയിരിക്കുന്നുവല്ലോ.  നമ്മുടെ അനീതിയാൽ ദൈവത്തിന്‍റെ നീതി വെളിപ്പെടുന്നെങ്കിൽ നാം എന്തു പറയും? മാനുഷികമായ രീതിയിൽ ഞാൻ ചോദിക്കട്ടെ: ക്രോധം ചൊരിയുന്നതിനാൽ ദൈവം അനീതിയുള്ളവനെന്നോ?  ഒരിക്കലുമല്ല! ആണെങ്കിൽ ദൈവം ലോകത്തെ എങ്ങനെ വിധിക്കും?  ഇനി, എന്‍റെ ഭോഷ്‌കിനാൽ ദൈവത്തിന്‍റെ സത്യം അവന്‍റെ മഹത്ത്വത്തിനായി അധികം വെളിവാകുന്നെങ്കിൽ എന്നെ പാപിയെന്നു വിധിക്കുന്നത്‌ എന്തിന്‌?  അങ്ങനെയെങ്കിൽ, “നന്മ വരേണ്ടതിനു നമുക്കു തിന്മ ചെയ്യാം” എന്നു പറയരുതോ? ഞങ്ങൾ ഇങ്ങനെ പറയുന്നുവെന്നു ചിലർ കളവായി ആരോപിക്കുന്നുവല്ലോ. ഇവർക്കു വരുന്ന ന്യായവിധി നീതിയുക്തംതന്നെ.  പിന്നെയെന്ത്? നമുക്ക് എന്തെങ്കിലും വിശേഷതയുണ്ടെന്നോ? ഇല്ല, ഒട്ടുമില്ല! നാം മുമ്പു പറഞ്ഞപ്രകാരം, യഹൂദന്മാരും ഗ്രീക്കുകാരും ഒരുപോലെ പാപത്തിൻകീഴിലുള്ളവരത്രേ. 10  ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നുവല്ലോ: “നീതിമാൻ ആരുമില്ല; ഒരുവൻപോലുമില്ല. 11  ഗ്രഹിക്കുന്നവൻ ആരുമില്ല; ദൈവത്തെ അന്വേഷിക്കുന്നവനുമില്ല. 12  എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നിരിക്കുന്നു. നന്മ ചെയ്യുന്ന ആരുമില്ല; ഒരുവൻപോലുമില്ല.” 13  “അവരുടെ തൊണ്ട തുറന്ന ശവക്കുഴി; അവരുടെ നാവുകൊണ്ട് അവർ വഞ്ചന ചെയ്യുന്നു.” “അവരുടെ അധരങ്ങൾക്കടിയിൽ സർപ്പവിഷമുണ്ട്.” 14  “ശാപവും കയ്‌പും അവരുടെ വായിൽ നിറഞ്ഞിരിക്കുന്നു.” 15  “അവരുടെ കാലുകൾ രക്തം ചൊരിയാൻ കുതിക്കുന്നു.” 16  “നാശവും ദുരിതവും അവരുടെ പാതകളിലുണ്ട്. 17  സമാധാനത്തിന്‍റെ മാർഗം അവർ അറിഞ്ഞിട്ടില്ല.” 18  “അവരുടെ ദൃഷ്ടിയിൽ ദൈവഭയമില്ല.” 19  ന്യായപ്രമാണം പറയുന്നതെല്ലാം ന്യായപ്രമാണത്തിൻകീഴിൽ ഉള്ളവരോടാണെന്നു നാം അറിയുന്നു; എല്ലാ വായും അടഞ്ഞ് ലോകം മുഴുവൻ ദൈവസന്നിധിയിൽ ശിക്ഷായോഗ്യമായിത്തീരേണ്ടതിനുതന്നെ. 20  അതിനാൽ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാൽ ആരും അവന്‍റെ മുമ്പാകെ നീതീകരിക്കപ്പെടുകയില്ല; കാരണം, പാപം എന്താണ്‌ എന്ന അറിവുമാത്രമേ ന്യായപ്രമാണത്താൽ ലഭിക്കുന്നുള്ളൂ. 21  എന്നാൽ ഇപ്പോഴോ, ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യപ്പെടുത്തിയിരിക്കുന്നതുപോലെ ന്യായപ്രമാണം കൂടാതെതന്നെ ദൈവനീതി വെളിപ്പെട്ടിരിക്കുന്നു; 22  യേശുക്രിസ്‌തുവിലുള്ള വിശ്വാസത്താൽ, വിശ്വസിക്കുന്ന സകലർക്കുമായിത്തന്നെ. ഒരു വ്യത്യാസവുമില്ല. 23  എല്ലാവരും പാപം ചെയ്‌തു ദൈവികമഹത്ത്വം ഇല്ലാത്തവരായിത്തീർന്നിരിക്കുന്നു. 24  അവന്‍റെ കൃപയാൽ, ക്രിസ്‌തുയേശു നൽകിയ മറുവിലയാലുള്ള വീണ്ടെടുപ്പിലൂടെ അവർ നീതീകരിക്കപ്പെട്ടിരിക്കുന്നത്‌ ഒരു ദാനമായിട്ടത്രേ. 25  അവന്‍റെ രക്തത്തിൽ വിശ്വസിക്കുന്നവർക്കുവേണ്ടി ദൈവം അവനെ ഒരു അനുരഞ്‌ജനയാഗമായി* നൽകി; താൻ ക്ഷമയോടെ കാത്തിരുന്ന മുൻകാലങ്ങളിൽ മനുഷ്യരുടെ പാപങ്ങൾ ക്ഷമിച്ചത്‌ നീതിയാണെന്നു വരേണ്ടതിനും 26  ഇക്കാലത്ത്‌ യേശുവിൽ വിശ്വസിക്കുന്ന മനുഷ്യനെ നീതീകരിക്കുമ്പോൾ അതും നീതിയാണെന്നു വരേണ്ടതിനും ദൈവം അങ്ങനെചെയ്‌തു. 27  അങ്ങനെയെങ്കിൽ, ആത്മപ്രശംസ എവിടെ? അതിനു സ്ഥാനമില്ലാതായി. ഏതു പ്രമാണത്താൽ? പ്രവൃത്തികളുടെ പ്രമാണത്താലോ? അല്ല, വിശ്വാസത്തിന്‍റെ പ്രമാണത്താൽ; 28  എന്തെന്നാൽ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികൾകൂടാതെ വിശ്വാസത്താൽത്തന്നെ ഒരുവൻ നീതീകരിക്കപ്പെടുന്നെന്നു നാം മനസ്സിലാക്കുന്നു. 29  ദൈവം യഹൂദന്മാരുടെ മാത്രമോ? അവൻ വിജാതീയരുടെയും ദൈവമല്ലയോ? അതെ, അവൻ വിജാതീയരുടെയും ദൈവമാകുന്നു. 30  ദൈവം ഒരുവനേയുള്ളൂ. അവൻ പരിച്ഛേദനയേറ്റവരെയും പരിച്ഛേദനയേൽക്കാത്തവരെയും അവരുടെ വിശ്വാസത്താൽ നീതീകരിക്കുന്നു. 31  അപ്പോൾ നമ്മുടെ വിശ്വാസത്താൽ നാം ന്യായപ്രമാണത്തെ നീക്കിക്കളയുന്നുവോ? ഒരിക്കലുമില്ല! ന്യായപ്രമാണത്തെ ഉറപ്പിക്കുകയത്രേ നാം ചെയ്യുന്നത്‌.

അടിക്കുറിപ്പുകള്‍

റോമ 3:25* അല്ലെങ്കിൽ, ദൈവപ്രീതിക്കായുള്ള പ്രായശ്ചിത്തയാഗം