കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

റോമർ 15:1-33

15  ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കണം; നമ്മെത്തന്നെ പ്രീതിപ്പെടുത്തുകയല്ല വേണ്ടത്‌.  നാം ഓരോരുത്തരും അയൽക്കാരന്‍റെ നന്മയ്‌ക്കായി, അവന്‍റെ ആത്മീയവർധനയ്‌ക്കായിത്തന്നെ പ്രവർത്തിച്ചുകൊണ്ട് അവനെ പ്രസാദിപ്പിക്കണം.  ക്രിസ്‌തുതന്നെയും സ്വയം പ്രീതിപ്പെടുത്തിയില്ല; “നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്‍റെമേൽ വീണു” എന്ന് എഴുതിയിരിക്കുന്നതുപോലെതന്നെ.  മുമ്പ് എഴുതപ്പെട്ടവയെല്ലാം നമ്മുടെ പ്രബോധനത്തിനുവേണ്ടിയുള്ളതാണ്‌— നമ്മുടെ സഹിഷ്‌ണുതയാലും തിരുവെഴുത്തുകളിൽനിന്നുള്ള ആശ്വാസത്താലും നമുക്കു പ്രത്യാശ ഉണ്ടാകേണ്ടതിനുവേണ്ടി.  നിങ്ങൾ ഒരുമനപ്പെട്ട് ഒരേ വായാൽ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്‍റെ പിതാവായ ദൈവത്തെ മഹത്ത്വപ്പെടുത്തേണ്ടതിന്‌,  ക്രിസ്‌തുയേശുവിനുണ്ടായിരുന്ന അതേ മനോഭാവം നിങ്ങൾക്കും ഉണ്ടായിരിക്കാൻ സഹിഷ്‌ണുതയും ആശ്വാസവും നൽകുന്ന ദൈവം ഇടവരുത്തുമാറാകട്ടെ.  ആകയാൽ ദൈവത്തിന്‍റെ മഹത്ത്വത്തിനായി ക്രിസ്‌തു നമ്മെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊള്ളുവിൻ.  ഞാൻ പറയുന്നു: ദൈവത്തിന്‍റെ സത്യതയെ സാക്ഷ്യപ്പെടുത്തേണ്ടതിന്‌ ക്രിസ്‌തു പരിച്ഛേദനക്കാരുടെ ശുശ്രൂഷകനായിത്തീർന്നു; അവരുടെ പൂർവപിതാക്കന്മാരോടുള്ള വാഗ്‌ദാനങ്ങൾ ഉറപ്പാക്കാനും  വിജാതീയർ ദൈവത്തെ അവന്‍റെ കരുണനിമിത്തം മഹത്ത്വപ്പെടുത്തേണ്ടതിനുംതന്നെ. “ആകയാൽ ഞാൻ ജനതകളുടെ ഇടയിൽ നിന്നെ വാഴ്‌ത്തി നിന്‍റെ നാമത്തിനു സ്‌തുതി പാടും” എന്ന് എഴുതിയിരിക്കുന്നുവല്ലോ. 10  വീണ്ടും അവൻ, “ജനതകളേ, അവന്‍റെ ജനത്തോടൊത്ത്‌ ആനന്ദിക്കുവിൻ” എന്നു പറയുന്നു. 11  “സകല ജനതകളുമേ, യഹോവയെ സ്‌തുതിക്കുവിൻ; സകല ജനങ്ങളും അവനെ സ്‌തുതിക്കട്ടെ” എന്നും പറയുന്നു. 12  “യിശ്ശായിയുടെ വേരും ജനതകളെ ഭരിക്കാനുള്ളവനുമായവൻ എഴുന്നേൽക്കും; ജനതകൾ അവനിൽ പ്രത്യാശ വെക്കും” എന്ന് യെശയ്യാവും പറയുന്നു. 13  പ്രത്യാശ നൽകുന്ന ദൈവം നിങ്ങളുടെ വിശ്വാസത്താൽ നിങ്ങളെ സകല സന്തോഷവും സമാധാനവുംകൊണ്ടു നിറയ്‌ക്കുമാറാകട്ടെ. അങ്ങനെ, പരിശുദ്ധാത്മാവിന്‍റെ ശക്തിയാൽ നിങ്ങളിൽ പ്രത്യാശ നിറഞ്ഞുകവിയട്ടെ. 14  എന്‍റെ സഹോദരന്മാരേ, നിങ്ങൾ സകല അറിവിലും തികഞ്ഞവരാകയാൽ നന്മ* നിറഞ്ഞവരും അന്യോന്യം ഉദ്‌ബോധിപ്പിക്കാൻ പ്രാപ്‌തരും ആണെന്നു നിങ്ങളെക്കുറിച്ച് എനിക്കു ബോധ്യമായിരിക്കുന്നു. 15  എന്നാൽ നിങ്ങളെ ഓർമിപ്പിക്കാനെന്നവണ്ണം ചില കാര്യങ്ങൾ തുറന്നെഴുതാൻ ഞാൻ ധൈര്യപ്പെട്ടത്‌ ദൈവം എനിക്കു നൽകിയ കൃപനിമിത്തമത്രേ. 16  അത്‌ എനിക്കു നൽകപ്പെട്ടതോ, ദൈവത്തിന്‍റെ സുവിശേഷം ഘോഷിക്കുകയെന്ന വിശുദ്ധവേലയിൽ ഏർപ്പെട്ടുകൊണ്ട് വിജാതീയർക്കായി ക്രിസ്‌തുയേശുവിന്‍റെ ഒരു ശുശ്രൂഷകനായിരിക്കാനും അങ്ങനെ, ഈ ജനതകളെ പരിശുദ്ധാത്മാവിനാൽ വിശുദ്ധീകരിക്കപ്പെട്ട സ്വീകാര്യമായ ഒരു വഴിപാടായി അർപ്പിക്കാനുമാണ്‌. 17  ആകയാൽ ദൈവസേവനംനിമിത്തം ക്രിസ്‌തുയേശുവിൽ എനിക്ക് ആനന്ദിക്കാൻ വകയുണ്ട്. 18  വിജാതീയരുടെ അനുസരണത്തിനായി എന്‍റെ വാക്കിനാലും പ്രവൃത്തിയാലും അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും പ്രഭാവത്താലും പരിശുദ്ധാത്മാവിന്‍റെ ശക്തിയാലും ക്രിസ്‌തു എന്നിലൂടെ ചെയ്‌ത കാര്യങ്ങളെക്കുറിച്ചല്ലാതെ 19  മറ്റൊന്നിനെക്കുറിച്ചും സംസാരിക്കാൻ ഞാൻ തുനിയുകയില്ല. അങ്ങനെ, ഞാൻ യെരുശലേംമുതൽ ഇല്ലൂര്യവരെ ചുറ്റിസഞ്ചരിച്ച് ക്രിസ്‌തുവിനെക്കുറിച്ചുള്ള സുവിശേഷം സമഗ്രമായി പ്രസംഗിച്ചിരിക്കുന്നു. 20  മറ്റൊരുവനിട്ട അടിസ്ഥാനത്തിന്മേൽ പണിയാതിരിക്കാൻവേണ്ടി ക്രിസ്‌തുവിന്‍റെ നാമം അറിഞ്ഞിട്ടുള്ള സ്ഥലങ്ങളിൽ സുവിശേഷം ഘോഷിക്കേണ്ടതില്ലെന്നു ഞാൻ തീരുമാനിച്ചു. 21  “അവനെക്കുറിച്ച് അറിവു ലഭിച്ചിട്ടില്ലാത്തവർ അവനെ ദർശിക്കും; അവനെക്കുറിച്ചു കേട്ടിട്ടില്ലാത്തവർ അവനെ മനസ്സിലാക്കും” എന്ന് എഴുതിയിരിക്കുന്നുവല്ലോ. 22  ഇക്കാരണത്താലാണ്‌ പലപ്പോഴും വിചാരിച്ചിട്ടും എനിക്കു നിങ്ങളുടെ അടുക്കൽ വരാൻ കഴിയാതിരുന്നത്‌. 23  ഇപ്പോഴാകട്ടെ, ഈ പ്രദേശങ്ങളിൽ എനിക്കു പ്രവർത്തനത്തിന്‌ ഇടമില്ല; കുറെ വർഷങ്ങളായി നിങ്ങളുടെ അടുക്കൽ വരണമെന്നു ഞാൻ വാഞ്‌ഛിക്കുകയും ചെയ്യുന്നു; 24  അതുകൊണ്ട് സ്‌പെയിനിലേക്കുള്ള യാത്രാമധ്യേ നിങ്ങളെ കാണാമെന്നു ഞാൻ കരുതുന്നു. ആദ്യം നിങ്ങളെ കണ്ട് സഹവാസം ആസ്വദിച്ചശേഷം നിങ്ങൾ എന്നെ സ്‌പെയിനിലേക്കു യാത്ര അയയ്‌ക്കുമെന്നു പ്രതീക്ഷിക്കുന്നു. 25  എന്നാൽ അവിടേക്കു വരുന്നതിനുമുമ്പ്, വിശുദ്ധന്മാരെ സഹായിക്കാൻ* എനിക്കു യെരുശലേമിൽ പോകേണ്ടതുണ്ട്. 26  യെരുശലേമിലെ വിശുദ്ധന്മാരിൽ ദരിദ്രരായവർക്ക് സംഭാവന നൽകാൻ മാസിഡോണിയയിലും അഖായയിലും ഉള്ളവർക്കു സന്മനസ്സുണ്ടായി. 27  വാസ്‌തവത്തിൽ, അങ്ങനെചെയ്യാൻ അവർ കടപ്പെട്ടവരുമാണ്‌; ഈ വിശുദ്ധന്മാരുടെ ആത്മീയകാര്യങ്ങളിൽ പങ്കുകാരായ വിജാതീയർ അവരുടെ ഭൗതികകാര്യങ്ങളിൽ അവരെ സഹായിക്കേണ്ടതാണല്ലോ. 28  ഞാൻ ഈ ജോലി പൂർത്തിയാക്കി, ശേഖരിച്ചത്‌ ഭദ്രമായി അവരെ ഏൽപ്പിച്ചശേഷം നിങ്ങളുടെ അടുക്കൽ വന്നിട്ട് സ്‌പെയിനിലേക്കു പോകും. 29  ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നത്‌ ക്രിസ്‌തുവിന്‍റെ സമൃദ്ധമായ അനുഗ്രഹത്തോടെ ആയിരിക്കുമെന്ന് എനിക്കറിയാം. 30  സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്‍റെയും ആത്മാവിനാലുള്ള സ്‌നേഹത്തിന്‍റെയും പേരിൽ ഞാൻ നിങ്ങളോട്‌ അഭ്യർഥിക്കുന്നു: യെഹൂദ്യയിലെ അവിശ്വാസികളിൽനിന്ന് ഞാൻ വിടുവിക്കപ്പെടേണ്ടതിനും യെരുശലേമിലെ എന്‍റെ ശുശ്രൂഷ വിശുദ്ധന്മാർക്കു സ്വീകാര്യമായിത്തീരേണ്ടതിനും 31  നിങ്ങൾ എനിക്കുവേണ്ടി എന്നോടൊപ്പം ദൈവത്തോടു മുട്ടിപ്പായി പ്രാർഥിക്കണം. 32  അങ്ങനെ, ദൈവേഷ്ടത്താൽ സന്തോഷത്തോടെ ഞാൻ നിങ്ങളുടെ അടുക്കൽ വരാനും ഞാനും നിങ്ങളും ഒരുപോലെ ഉന്മേഷം പ്രാപിക്കാനും ഇടയാകട്ടെ. 33  സമാധാനം നൽകുന്ന ദൈവം നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കുമാറാകട്ടെ. ആമേൻ.

അടിക്കുറിപ്പുകള്‍

റോമ 15:14* നല്ലതായിരിക്കുന്ന അവസ്ഥ; ധാർമിക വൈശിഷ്ട്യം; സദ്‌ഗുണം. മറ്റുള്ളവർക്കായി നല്ലതും ഗുണകരവുമായ കാര്യങ്ങൾ ചെയ്യുമ്പോൾ പ്രകടമാകുന്ന ഒരു ഉത്തമഗുണം.
റോമ 15:25* അക്ഷരാർഥം, വിശുദ്ധന്മാർക്കു ശുശ്രൂഷചെയ്യാൻ