കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

റോമർ 14:1-23

14  വിശ്വാസത്തിൽ ബലഹീനനായവനെ കൈക്കൊള്ളുവിൻ. അവന്‍റെ സംശയവിചാരങ്ങളെ വിധിക്കരുത്‌.  ഒരുവൻ എല്ലാം ഭക്ഷിക്കാമെന്നു വിശ്വസിക്കുന്നു. ബലഹീനനായവനോ സസ്യാദികൾ ഭക്ഷിക്കുന്നു.  ഭക്ഷിക്കുന്നവൻ ഭക്ഷിക്കാത്തവനെ പുച്ഛിക്കരുത്‌; ഭക്ഷിക്കാത്തവൻ ഭക്ഷിക്കുന്നവനെ വിധിക്കുകയും അരുത്‌; ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ.  മറ്റൊരുവന്‍റെ ദാസനെ വിധിക്കാൻ നീ ആർ? അവൻ നിന്നാലും വീണാലും അത്‌ അവന്‍റെ യജമാനന്‍റെ കാര്യമത്രേ. അവൻ നിൽക്കുകതന്നെ ചെയ്യും; യഹോവയ്‌ക്ക് അവനെ നിൽക്കുമാറാക്കാൻ കഴിയുമല്ലോ.  ഒരുവൻ ഒരു ദിവസത്തെ മറ്റൊരു ദിവസത്തെക്കാൾ മാനിക്കുന്നു. മറ്റൊരുവൻ എല്ലാ ദിവസങ്ങളെയും ഒരുപോലെ മാനിക്കുന്നു. ഓരോരുത്തനും അവനവന്‍റെ മനസ്സിൽ പൂർണബോധ്യമുണ്ടായിരിക്കട്ടെ.  ഒരു പ്രത്യേക ദിനം ആചരിക്കുന്നവൻ യഹോവയ്‌ക്കായി അത്‌ ആചരിക്കുന്നു; ഭക്ഷിക്കുന്നവൻ യഹോവയ്‌ക്കായി ഭക്ഷിക്കുന്നു; അവൻ ദൈവത്തിനു നന്ദിനൽകുന്നുവല്ലോ. ഭക്ഷിക്കാത്തവൻ യഹോവയ്‌ക്കായി ഭക്ഷിക്കാതിരിക്കുന്നു; അവനും ദൈവത്തിനു നന്ദിനൽകുന്നു.  നമ്മിൽ ആരും തനിക്കായിത്തന്നെ ജീവിക്കുന്നില്ല; ആരും തനിക്കായിത്തന്നെ മരിക്കുന്നുമില്ല.  ജീവിക്കുന്നെങ്കിൽ നാം യഹോവയ്‌ക്കായി ജീവിക്കുന്നു; മരിക്കുന്നെങ്കിൽ നാം യഹോവയ്‌ക്കായി മരിക്കുന്നു. ആകയാൽ ജീവിച്ചാലും മരിച്ചാലും നാം യഹോവയ്‌ക്കുള്ളവർതന്നെ.  ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും കർത്താവാകേണ്ടതിനല്ലോ ക്രിസ്‌തു മരിക്കുകയും വീണ്ടും ജീവിക്കുകയും ചെയ്‌തത്‌. 10  ആ സ്ഥിതിക്ക്, നീ നിന്‍റെ സഹോദരനെ വിധിക്കുന്നത്‌ എന്തിന്‌? അല്ല, നീ നിന്‍റെ സഹോദരനെ പുച്ഛിക്കുന്നത്‌ എന്തിന്‌? നാം എല്ലാവരും ദൈവത്തിന്‍റെ ന്യായാസനത്തിനു മുമ്പാകെ നിൽക്കേണ്ടവരാണ്‌. 11  “ ‘എന്നാണ, എന്‍റെ മുമ്പിൽ എല്ലാ മുഴങ്കാലും മടങ്ങും; എല്ലാ നാവും ദൈവത്തെ അംഗീകരിച്ചു പറയും’ എന്നു യഹോവ അരുളിച്ചെയ്യുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ. 12  ആകയാൽ നാം ഓരോരുത്തരും ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ടവരാകുന്നു. 13  അതുകൊണ്ട് നമുക്ക് ഇനി അന്യോന്യം വിധിക്കാതിരിക്കാം. സഹോദരന്‌ ഇടർച്ച വരുത്തി അവന്‍റെ വീഴ്‌ചയ്‌ക്ക് ഇടയാക്കുകയില്ല എന്നു തീരുമാനിച്ചുകൊള്ളുവിൻ. 14  ഒന്നും സ്വതേ മലിനമല്ല എന്നു കർത്താവായ യേശുവിൽ ഞാൻ അറിയുന്നു; അത്‌ എനിക്കു ബോധ്യപ്പെടുകയും ചെയ്‌തിരിക്കുന്നു. എന്തെങ്കിലും മലിനം എന്നു കരുതുന്നവന്‌ അതു മലിനമാകുന്നുവെന്നേയുള്ളൂ. 15  നിന്‍റെ ഭക്ഷണം സഹോദരനു മനഃക്ലേശം ഉണ്ടാക്കുന്നെങ്കിൽ നീ സ്‌നേഹപ്രകാരമല്ല നടക്കുന്നത്‌. ക്രിസ്‌തു ആർക്കുവേണ്ടി മരിച്ചുവോ അവനെ നിന്‍റെ ഭക്ഷണംകൊണ്ടു നശിപ്പിക്കരുത്‌. 16  അതുകൊണ്ട് നിങ്ങൾ ചെയ്യുന്ന നല്ല കാര്യത്തെ മറ്റുള്ളവർ ദുഷിച്ചുപറയാൻ ഇടവരുത്തരുത്‌. 17  ദൈവരാജ്യം എന്നതോ എന്തു തിന്നുന്നു, എന്തു കുടിക്കുന്നു എന്നതല്ല; പിന്നെയോ നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവുമത്രേ. 18  ഇപ്രകാരം ക്രിസ്‌തുവിനുവേണ്ടി അടിമവേല ചെയ്യുന്നവൻ ദൈവത്തിനു സ്വീകാര്യനും മനുഷ്യർക്കു സമ്മതനും ആകുന്നു. 19  ആകയാൽ സമാധാനത്തിനും അന്യോന്യം പരിപുഷ്ടിപ്പെടുത്തുന്നതിനും ഉതകുന്ന കാര്യങ്ങൾ നമുക്കു പിൻപറ്റാം. 20  ഭക്ഷണത്തിന്‍റെ പേരിൽ ദൈവത്തിന്‍റെ പ്രവൃത്തിയെ നശിപ്പിക്കരുത്‌. എല്ലാം ശുദ്ധിയുള്ളതാണ്‌; എങ്കിലും ഇടർച്ചയുണ്ടാക്കുംവിധം ഭക്ഷിക്കുന്നവന്‌ അതു ദോഷംതന്നെ. 21  മാംസം ഭക്ഷിക്കാതെയോ വീഞ്ഞു കുടിക്കാതെയോ നിന്‍റെ സഹോദരന്‌ ഇടർച്ചവരുത്തുന്നതൊന്നും ചെയ്യാതെയോ ഇരിക്കുന്നതു നല്ലത്‌. 22  ഇക്കാര്യത്തിലുള്ള നിന്‍റെ വിശ്വാസം നിനക്കും ദൈവത്തിനും ഇടയിൽ മാത്രമായി ഇരിക്കട്ടെ. എന്നാൽ തന്‍റെ തീരുമാനത്തെപ്രതി തന്നെത്തന്നെ കുറ്റംവിധിക്കാൻ ഇടവരാത്തവൻ ഭാഗ്യവാൻ. 23  സംശയത്തോടെ ഭക്ഷിക്കുന്നെങ്കിൽ അവൻ കുറ്റവിധിയിലായിരിക്കുന്നു; വിശ്വാസത്തോടെയല്ലല്ലോ അവൻ ഭക്ഷിക്കുന്നത്‌. വിശ്വാസത്തിൽനിന്നല്ലാത്തതെല്ലാം പാപംതന്നെ.

അടിക്കുറിപ്പുകള്‍