കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

റോമർ 12:1-21

12  അതുകൊണ്ട് സഹോദരന്മാരേ, ദൈവത്തിന്‍റെ കാരുണ്യത്തെ മുൻനിറുത്തി ഞാൻ നിങ്ങളോട്‌ അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ ജീവനുള്ളതും വിശുദ്ധവും ദൈവത്തിനു സ്വീകാര്യവുമായ യാഗമായി അർപ്പിക്കുവിൻ; ഇതത്രേ കാര്യബോധത്തോടെയുള്ള വിശുദ്ധസേവനം.  ഈ ലോകത്തോട്‌* അനുരൂപപ്പെടാതെ നല്ലതും സ്വീകാര്യവും പരിപൂർണവുമായ ദൈവഹിതം എന്തെന്നു തിരിച്ചറിയേണ്ടതിന്‌ മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.  എനിക്കു ലഭിച്ച കൃപയാൽ ഞാൻ നിങ്ങളിൽ ഓരോരുത്തരോടും പറയുന്നു: നിങ്ങൾ നിങ്ങളെക്കുറിച്ചുതന്നെ വേണ്ടതിലധികം ഭാവിക്കരുത്‌; മറിച്ച്, ദൈവം നിങ്ങൾക്ക് ഓരോരുത്തർക്കും നൽകിയിരിക്കുന്ന വിശ്വാസത്തിന്‍റെ അളവനുസരിച്ച് സുബോധത്തോടെ സ്വയം വിലയിരുത്തുവിൻ.  ഒരു ശരീരത്തിൽ നമുക്കു പല അവയവങ്ങൾ ഉണ്ടല്ലോ. എന്നാൽ ഈ അവയവങ്ങൾക്കെല്ലാം ഒരേ ധർമമല്ല ഉള്ളത്‌.  അങ്ങനെതന്നെ, നാം പലരെങ്കിലും ക്രിസ്‌തുവിൽ ഒരു ശരീരവും പരസ്‌പരം ആശ്രയിക്കുന്ന അവയവങ്ങളുമത്രേ.  നമുക്കു ലഭിച്ച കൃപയ്‌ക്കൊത്തവിധം വ്യത്യസ്‌ത വരങ്ങളാണു നമുക്കുള്ളത്‌. അതുകൊണ്ട് പ്രവചനത്തിനുള്ളതെങ്കിൽ, നമുക്കു നൽകപ്പെട്ടിരിക്കുന്ന വിശ്വാസത്തിന്‍റെ അളവിനൊത്തവണ്ണം നമുക്കു പ്രവചിക്കാം.  ശുശ്രൂഷയ്‌ക്കുള്ളതെങ്കിൽ നമുക്കു ശുശ്രൂഷ നിർവഹിക്കാം. ഇനി, ഒരുവന്‍റെ വരം പഠിപ്പിക്കാനുള്ളതെങ്കിൽ അവൻ പഠിപ്പിച്ചുകൊണ്ടിരിക്കട്ടെ.  പ്രബോധിപ്പിക്കാനുള്ളതെങ്കിൽ അവൻ പ്രബോധിപ്പിച്ചുകൊണ്ടിരിക്കട്ടെ. ദാനം നൽകാനുള്ളതെങ്കിൽ അവൻ ഔദാര്യത്തോടെ അതു നൽകട്ടെ. നേതൃത്വംവഹിക്കാനുള്ളതെങ്കിൽ അവൻ അതു ശുഷ്‌കാന്തിയോടെ നിർവഹിക്കട്ടെ. കരുണ കാണിക്കാനുള്ളതെങ്കിൽ അവൻ അതു സന്തോഷത്തോടെ ചെയ്യട്ടെ.  നിങ്ങളുടെ സ്‌നേഹം കാപട്യമില്ലാത്തതായിരിക്കട്ടെ. ദോഷത്തെ വെറുത്ത്‌ നല്ലതിനോടു പറ്റിനിൽക്കുവിൻ. 10  സഹോദരസ്‌നേഹത്തിൽ അന്യോന്യം ആർദ്രതയുള്ളവരായിരിക്കുവിൻ. പരസ്‌പരം ബഹുമാനിക്കുന്നതിൽ മുന്നിട്ടുനിൽക്കുവിൻ. 11  അലസരാകാതെ ആത്മാവിൽ ജ്വലിക്കുന്നവരാകുവിൻ. യഹോവയ്‌ക്കുവേണ്ടി അടിമവേല ചെയ്യുവിൻ. 12  പ്രത്യാശയിൽ ആനന്ദിക്കുവിൻ. കഷ്ടതയിൽ സഹിഷ്‌ണുത കാണിക്കുവിൻ. പ്രാർഥനയിൽ ഉറ്റിരിക്കുവിൻ. 13  വിശുദ്ധന്മാരെ അവരുടെ ആവശ്യങ്ങളിൽ സഹായിക്കുവിൻ. അതിഥിസത്‌കാരം ആചരിക്കുവിൻ. 14  പീഡിപ്പിക്കുന്നവരെ അനുഗ്രഹിക്കുവിൻ. ശപിക്കുന്നവരായിരിക്കാതെ അനുഗ്രഹിക്കുന്നവരായിരിക്കുവിൻ. 15  ആനന്ദിക്കുന്നവരോടൊപ്പം ആനന്ദിക്കുകയും കരയുന്നവരോടൊപ്പം കരയുകയും ചെയ്യുവിൻ. 16  നിങ്ങളെപ്പറ്റി നിങ്ങൾ വിചാരിക്കുന്നതുപോലെ മറ്റുള്ളവരെപ്പറ്റിയും വിചാരിക്കുവിൻ. ഉന്നതഭാവം വെടിഞ്ഞ് എളിയകാര്യങ്ങളുടെ തലത്തിലേക്കിറങ്ങിവരുവിൻ. വിവേകികളെന്നു സ്വയം ഭാവിക്കരുത്‌. 17  ആർക്കും തിന്മയ്‌ക്കു പകരം തിന്മ ചെയ്യരുത്‌. സകലരുടെയും ദൃഷ്ടിയിൽ ശ്രേഷ്‌ഠമായതു ചെയ്യാൻ മനസ്സുവെക്കുവിൻ. 18  സകല മനുഷ്യരോടും സമാധാനത്തിൽ വർത്തിക്കാൻ പരമാവധി ശ്രമിക്കുവിൻ. 19  പ്രിയമുള്ളവരേ, നിങ്ങൾതന്നെ പ്രതികാരം ചെയ്യാതെ ദൈവക്രോധത്തിന്‌ ഇടംകൊടുക്കുവിൻ. “യഹോവ അരുളിച്ചെയ്യുന്നു: പ്രതികാരം എനിക്കുള്ളത്‌; ഞാൻ പകരം ചെയ്യും” എന്ന് എഴുതിയിരിക്കുന്നുവല്ലോ. 20  എന്നാൽ, “നിന്‍റെ ശത്രുവിനു വിശക്കുന്നെങ്കിൽ അവനു ഭക്ഷിക്കാൻ കൊടുക്കുക; ദാഹിക്കുന്നെങ്കിൽ അവനു കുടിക്കാൻ കൊടുക്കുക. അങ്ങനെ ചെയ്യുന്നതിനാൽ നീ അവന്‍റെ തലമേൽ തീക്കനൽ കൂട്ടും.” 21  തിന്മയ്‌ക്കു കീഴടങ്ങാതെ നന്മയാൽ തിന്മയെ കീഴടക്കുക.

അടിക്കുറിപ്പുകള്‍

റോമ 12:2* അല്ലെങ്കിൽ, വ്യവസ്ഥിതിയോട്‌