കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

റോമർ 11:1-36

11  അങ്ങനെയെങ്കിൽ, ദൈവം തന്‍റെ ജനത്തെ തള്ളിക്കളഞ്ഞുവോ എന്നു ഞാൻ ചോദിക്കുന്നു. ഒരിക്കലുമില്ല. ഞാനും ഒരു ഇസ്രായേല്യനാണല്ലോ; അബ്രാഹാമിന്‍റെ സന്തതിയും ബെന്യാമീൻഗോത്രത്തിൽനിന്നുള്ളവനുംതന്നെ.  താൻ ആദ്യമായി കടാക്ഷിച്ച ആ ജനത്തെ ദൈവം തള്ളിക്കളഞ്ഞില്ല. ഏലിയാവിനെക്കുറിച്ചുള്ള വിവരണത്തിൽ അവൻ ഇസ്രായേലിനു വിരോധമായി ദൈവത്തോട്‌ ആവലാതിപ്പെട്ടതിനെപ്പറ്റി തിരുവെഴുത്തു പറയുന്നതു നിങ്ങൾക്ക് അറിഞ്ഞുകൂടെയോ?  “യഹോവേ, അവർ നിന്‍റെ പ്രവാചകന്മാരെ കൊന്നു; നിന്‍റെ യാഗപീഠങ്ങൾ ഇടിച്ചുകളഞ്ഞു. ഞാൻ ഒരുത്തൻമാത്രം ശേഷിച്ചിരിക്കുന്നു. അവർ എനിക്കു ജീവഹാനി വരുത്താൻ നോക്കുന്നു” എന്ന് അവൻ പറഞ്ഞപ്പോൾ  അവന്‌ എന്ത് അരുളപ്പാടാണു ലഭിച്ചത്‌? “ബാലിന്‍റെ മുമ്പിൽ മുട്ടുകുത്താത്ത ഏഴായിരംപേരെ ഞാൻ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു” എന്നല്ലയോ?  അങ്ങനെതന്നെ, ഇക്കാലത്തും കൃപയാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു ശേഷിപ്പുണ്ട്.  കൃപയാൽ എങ്കിൽ, ഇനിമേൽ അത്‌ പ്രവൃത്തികളിൽ അധിഷ്‌ഠിതമല്ല. അല്ലാത്തപക്ഷം കൃപ കൃപയേ ആകില്ല.  ആകയാലെന്ത്? താൻ താത്‌പര്യത്തോടെ തേടിയത്‌ ഇസ്രായേൽ പ്രാപിച്ചില്ല; തിരഞ്ഞെടുക്കപ്പെട്ടവരാണ്‌ അതു പ്രാപിച്ചത്‌; ശേഷമുള്ളവരോ കഠിനഹൃദയരായി.  “ദൈവം അവർക്ക് ഇന്നോളം ഗാഢനിദ്രയും* കാണാത്ത കണ്ണും കേൾക്കാത്ത ചെവിയും നൽകിയിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ.  “അവരുടെ മേശ അവർക്ക് ഒരു കെണിയും കുടുക്കും ഇടർച്ചയും പ്രതികാരവും ആയിത്തീരട്ടെ. 10  കാണാത്തവണ്ണം അവരുടെ കണ്ണുകൾ ഇരുണ്ടുപോകട്ടെ. അവരുടെ മുതുക്‌ എപ്പോഴും കുനിയട്ടെ” എന്നു ദാവീദും പറയുന്നു. 11  ആകയാൽ ഞാൻ ചോദിക്കുന്നു: വീണുപോകേണ്ടതിനോ അവർ ഇടറിയത്‌? ഒരിക്കലുമല്ല! അവരിൽ അസൂയ ഉണർത്തുന്നതിന്‌ അവരുടെ ലംഘനംനിമിത്തം വിജാതീയർക്കു രക്ഷ വന്നുവെന്നേ ഉള്ളൂ. 12  അവരുടെ ലംഘനം ലോകത്തിനു ധനവും അവരുടെ കുറവ്‌ വിജാതീയർക്കു സമൃദ്ധിയും കൈവരുത്തിയെങ്കിൽ അവരുടെ എണ്ണം പൂർണമാകുമ്പോൾ ആ സമൃദ്ധി എത്ര അധികമായിരിക്കും! 13  ഇനി, വിജാതീയരായ നിങ്ങളോടത്രേ ഞാൻ സംസാരിക്കുന്നത്‌. വിജാതീയരുടെ അപ്പൊസ്‌തലൻ ആയിരിക്കുന്നതിനാൽ ഞാൻ എന്‍റെ ശുശ്രൂഷയെ മഹത്ത്വപ്പെടുത്തുന്നു. 14  അങ്ങനെ, ഏതുവിധേനയും സ്വന്തജനത്തിന്‌ അസൂയ ഉളവാക്കി അവരിൽ ചിലരെ എനിക്കു രക്ഷിക്കാമല്ലോ. 15  അവരെ തള്ളിക്കളഞ്ഞത്‌ ലോകം ദൈവവുമായി അനുരഞ്‌ജനപ്പെടാൻ ഇടയാക്കിയെങ്കിൽ അവരെ കൈക്കൊള്ളുന്നത്‌ മരണത്തിൽനിന്ന് ജീവനിലേക്കുള്ള പരിവർത്തനത്തിനല്ലാതെ മറ്റെന്തിന്‌? 16  ആദ്യഫലമായി അർപ്പിക്കപ്പെടുന്ന ധാന്യമാവിന്‍റെ അംശം വിശുദ്ധമെങ്കിൽ ധാന്യമാവ്‌ മുഴുവനും വിശുദ്ധമായിരിക്കും; വേര്‌ വിശുദ്ധമെങ്കിൽ കൊമ്പുകളും വിശുദ്ധംതന്നെ. 17  കൊമ്പുകളിൽ ചിലതു മുറിച്ചുമാറ്റിയിട്ട് കാട്ടൊലിവായ നിന്നെ അവിടെ ഒട്ടിച്ചുചേർക്കുകയും അങ്ങനെ നീ മറ്റു കൊമ്പുകളോടൊപ്പം ഒലിവിന്‍റെ വേരിൽനിന്നുള്ള പോഷണത്തിൽ പങ്കുപറ്റുകയും ചെയ്‌താൽ 18  ആ കൊമ്പുകളെക്കാൾ വലിയവനാണ്‌ നീ എന്ന് അഭിമാനിക്കരുത്‌; അഭിമാനിക്കുന്നെങ്കിൽ, നീ വേരിനെയല്ല, വേര്‌ നിന്നെയാണു താങ്ങുന്നതെന്ന് ഓർത്തുകൊള്ളുക. 19  “എന്നെ ഒട്ടിച്ചുചേർക്കേണ്ടതിനു കൊമ്പുകൾ മുറിച്ചുകളഞ്ഞല്ലോ” എന്നു നീ പറഞ്ഞേക്കാം. 20  ശരിതന്നെ! അവരുടെ അവിശ്വാസംനിമിത്തം അവരെ മുറിച്ചുമാറ്റി. എന്നാൽ നീ നിൽക്കുന്നത്‌ നിന്‍റെ വിശ്വാസംകൊണ്ടു മാത്രമാണ്‌. അഹങ്കരിക്കാതെ ഭയമുള്ളവനായിരിക്കുക. 21  സ്വാഭാവികകൊമ്പുകളോട്‌ ദൈവം ദാക്ഷിണ്യം കാണിക്കാത്ത നിലയ്‌ക്ക് നിന്നോടും കാണിക്കുകയില്ല. 22  ആകയാൽ ദൈവത്തിന്‍റെ ദയാവായ്‌പും കർക്കശത്വവും കാണുക. വീണുപോയവരോടു കർക്കശത്വവും നിന്നോടോ, നീ ദൈവത്തിന്‍റെ കാരുണ്യത്തിൽ നിലനിൽക്കുന്നെങ്കിൽ ദയയും അവൻ കാണിക്കും; അല്ലാത്തപക്ഷം നീയും മുറിച്ചുമാറ്റപ്പെടും. 23  അവിശ്വാസത്തിൽ തുടരുന്നില്ലെങ്കിൽ അവരും ഒട്ടിച്ചുചേർക്കപ്പെടും. അവരെ വീണ്ടും ഒട്ടിച്ചുചേർക്കാൻ ദൈവത്തിനു കഴിയുമല്ലോ. 24  കാട്ടൊലിവിൽനിന്നു മുറിച്ചെടുത്ത നിന്നെ പ്രകൃതിസഹജമല്ലാത്തവിധം നാട്ടൊലിവിൽ ഒട്ടിച്ചുചേർത്തെങ്കിൽ സ്വാഭാവികകൊമ്പുകളെ തായ്‌മരത്തിൽത്തന്നെ ഒട്ടിച്ചുചേർക്കുന്നത്‌ എത്ര യുക്തം! 25  സഹോദരന്മാരേ, നിങ്ങൾ വിവേകമതികളെന്നു നിങ്ങൾക്കുതന്നെ തോന്നാതിരിക്കാൻ ഈ പാവനരഹസ്യം നിങ്ങൾ അറിഞ്ഞിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു: ഇസ്രായേലിൽ കുറെപ്പേർക്കു മാത്രമേ ഹൃദയകാഠിന്യം സംഭവിച്ചിട്ടുള്ളൂ; അതും വിജാതീയരുടെ എണ്ണം തികയുവോളംമാത്രം. 26  അങ്ങനെ, ഇസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും. “വിമോചകൻ സീയോനിൽനിന്നു വരും. അവൻ യാക്കോബിൽനിന്നു സകല തിന്മയും അകറ്റിക്കളയും. 27  ഞാൻ അവരുടെ പാപങ്ങൾ നീക്കിക്കളയുമ്പോൾ ഇത്‌ അവരോടുള്ള എന്‍റെ ഉടമ്പടിയായിരിക്കും” എന്ന് എഴുതിയിരിക്കുന്നുവല്ലോ. 28  സുവിശേഷം സംബന്ധിച്ച് അവർ ദൈവത്തിന്‍റെ ശത്രുക്കളാണ്‌; അതാകട്ടെ നിങ്ങൾക്കു നന്മയായി ഭവിച്ചിരിക്കുന്നു; എന്നാൽ തിരഞ്ഞെടുപ്പു സംബന്ധിച്ച് തങ്ങളുടെ പൂർവപിതാക്കന്മാർനിമിത്തം അവർ ദൈവത്തിനു പ്രിയപ്പെട്ടവർതന്നെ. 29  ദൈവത്തിന്‍റെ ദാനങ്ങളും വിളിയും പിൻവലിക്കപ്പെടുന്നവയല്ല. 30  ഒരിക്കൽ ദൈവത്തെ അനുസരിക്കാത്തവരായിരുന്ന നിങ്ങൾക്ക് അവരുടെ അനുസരണക്കേടുനിമിത്തം കരുണ ലഭിച്ചിരിക്കുന്നു. 31  അതുപോലെ, നിങ്ങൾക്കു ലഭിച്ച കരുണയാൽ അവർക്കും കരുണ ലഭിക്കേണ്ടതിന്‌ ഇപ്പോൾ അവരും അനുസരണമില്ലാത്തവരായിരിക്കുന്നു. 32  അവരോടെല്ലാവരോടും ദൈവം കരുണ കാണിക്കേണ്ടതിന്‌ അവരെ എല്ലാവരെയും അനുസരണക്കേടിന്‍റെ തടവറയിൽ വിട്ടുകളഞ്ഞു. 33  ഹാ, ദൈവത്തിന്‍റെ ധനവും ജ്ഞാനവും അറിവും എത്ര അഗാധം! അവന്‍റെ ന്യായവിധികൾ എത്ര അപ്രമേയം! അവന്‍റെ വഴികൾ എത്ര ദുർഗ്രഹം! 34  യഹോവയുടെ മനസ്സ് അറിഞ്ഞവൻ ആർ? അവന്‌ ഉപദേഷ്ടാവായവൻ ആർ? 35  പ്രതിഫലത്തിനായി അവനു ദാനം കൊടുത്തിട്ടുള്ളവൻ ആർ? 36  സകലതും അവനിൽനിന്നും അവനിലൂടെയും അവനുവേണ്ടിയും ഉള്ളവയല്ലോ. അവന്‌ എന്നേക്കും മഹത്ത്വം. ആമേൻ.

അടിക്കുറിപ്പുകള്‍

റോമ 11:8* ദൈവോദ്ദേശ്യം തിരിച്ചറിയാനാകാത്ത അവസ്ഥയെ കുറിക്കുന്നു.