കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

റോമർ 1:1-32

1  യേശുക്രിസ്‌തുവിന്‍റെ അടിമയും അപ്പൊസ്‌തലനായിരിക്കാൻ വിളിക്കപ്പെട്ടവനും ദൈവത്തിന്‍റെ സുവിശേഷത്തിനായി വേർതിരിക്കപ്പെട്ടവനുമായ പൗലോസ്‌, ദൈവത്തിനു പ്രിയരും വിശുദ്ധന്മാരായി വിളിക്കപ്പെട്ടവരുമായ റോമിലുള്ള സകലർക്കും എഴുതുന്നത്‌:   നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്‌തുവിൽനിന്നും നിങ്ങൾക്ക് കൃപയും* സമാധാനവും ഉണ്ടാകുമാറാകട്ടെ.  ജഡപ്രകാരം ദാവീദിന്‍റെ സന്തതിയിൽനിന്ന് ജനിച്ചവനും  മരിച്ചവരിൽനിന്നുള്ള ഉയിർത്തെഴുന്നേൽപ്പിലൂടെ വിശുദ്ധിയുടെ ആത്മാവിന്‍റെ* ശക്തിയാൽ ദൈവപുത്രനെന്നു പ്രഖ്യാപിക്കപ്പെട്ടവനുമായ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിനെക്കുറിച്ചുള്ളതാണ്‌ ഈ സുവിശേഷം.  തന്‍റെ പുത്രനെക്കുറിച്ചുള്ള ഈ സുവിശേഷം ദൈവം തന്‍റെ പ്രവാചകന്മാർ മുഖാന്തരം വിശുദ്ധ തിരുവെഴുത്തുകളിലൂടെ മുൻകൂട്ടി അറിയിച്ചിരുന്നു. ആ പുത്രനിലൂടെ ഞങ്ങൾക്കു കൃപയും അപ്പൊസ്‌തലത്വവും ലഭിച്ചിരിക്കുന്നു;  അവന്‍റെ നാമത്തെപ്രതി സകലജനതകളുടെയും ഇടയിൽ വിശ്വാസത്താലുള്ള അനുസരണം ഉണ്ടാകേണ്ടതിനുതന്നെ.  യേശുക്രിസ്‌തുവിനായി വിളിക്കപ്പെട്ട നിങ്ങളും അവരിൽ ഉൾപ്പെടുന്നു.  നിങ്ങളുടെ വിശ്വാസം ലോകം മുഴുവൻ പ്രസിദ്ധമായിരിക്കുന്നതിനാൽ ആദ്യംതന്നെ നിങ്ങളെ ഏവരെയുംപ്രതി യേശുക്രിസ്‌തു മുഖാന്തരം ഞാൻ എന്‍റെ ദൈവത്തിനു നന്ദി നൽകുന്നു.  ദൈവഹിതമെങ്കിൽ ഇപ്പോഴെങ്കിലും എനിക്കു നിങ്ങളുടെ അടുക്കൽ വരാൻ വഴിതുറന്നുകിട്ടേണ്ടതിന്‌ ഞാൻ ഇടവിടാതെ നിങ്ങളെ എന്‍റെ പ്രാർഥനയിൽ ഓർത്തുകൊണ്ട് യാചനകഴിക്കുന്നു. 10  തന്‍റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തിലൂടെ ഞാൻ സർവാത്മനാസേവിക്കുന്ന* ദൈവംതന്നെ ഇതിന്‌ എനിക്കു സാക്ഷി. 11  നിങ്ങളെ ഉറപ്പിക്കുന്നതിനായി ആത്മീയവരം എന്തെങ്കിലും നൽകേണ്ടതിന്‌, 12  എന്‍റെയും നിങ്ങളുടെയും വിശ്വാസത്താൽ നമുക്കു പരസ്‌പരം പ്രോത്സാഹനം ലഭിക്കേണ്ടതിനുതന്നെ നിങ്ങളെ കാണാൻ ഞാൻ വാഞ്‌ഛിക്കുന്നു. 13  സഹോദരന്മാരേ, മറ്റു ജനതകളുടെ ഇടയിൽനിന്നെന്നപോലെ നിങ്ങളുടെ ഇടയിൽനിന്നും കുറെ ഫലം കൊയ്യേണ്ടതിന്‌ ഞാൻ പലവട്ടം നിങ്ങളുടെ അടുക്കൽ വരാൻ ഒരുങ്ങിയെങ്കിലും ഇതുവരെയും എനിക്കു തടസ്സം നേരിട്ടുകൊണ്ടിരുന്നു എന്നത്‌ നിങ്ങൾ അറിയാതെപോകരുതെന്നു ഞാൻ ആഗ്രഹിക്കുന്നു. 14  ഗ്രീക്കുകാരെന്നോ ബർബരന്മാരെന്നോ,* ജ്ഞാനികളെന്നോ ബുദ്ധിഹീനരെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവരോടും സുവിശേഷം അറിയിക്കാൻ ഞാൻ കടപ്പെട്ടവനാണ്‌. 15  അതിനാൽ റോമിലുള്ള നിങ്ങളോടും സുവിശേഷം അറിയിക്കാൻ ഞാൻ വാഞ്‌ഛിക്കുന്നു. 16  സുവിശേഷത്തെക്കുറിച്ചു ഞാൻ ലജ്ജിക്കുന്നില്ല; വിശ്വസിക്കുന്ന ഏവനെയും, ആദ്യം യഹൂദനെയും പിന്നെ ഗ്രീക്കുകാരനെയും, രക്ഷയിലേക്കു നയിക്കാനുള്ള ദൈവത്തിന്‍റെ ശക്തിയേറിയ മാർഗമാകുന്നു അത്‌; 17  എന്തെന്നാൽ അതിൽ ദൈവത്തിന്‍റെ നീതി, വിശ്വാസം ഹേതുവായും വിശ്വാസത്തിന്‍റെ വർധനയ്‌ക്കായും വെളിപ്പെടുന്നു; “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോ. 18  അനീതിയുടെ മാർഗത്താൽ സത്യത്തെ അമർച്ചചെയ്യുന്ന മനുഷ്യരുടെ സകല ദൈവനിഷേധത്തിനും ദുഷ്‌ചെയ്‌തിക്കും എതിരെ ദൈവക്രോധം സ്വർഗത്തിൽനിന്നു വെളിപ്പെടുന്നു; 19  എന്തെന്നാൽ ദൈവത്തെക്കുറിച്ച് അറിയാൻ സാധ്യമായതൊക്കെയും അവരുടെ മുമ്പാകെ വ്യക്തമായി കിടക്കുന്നു; ദൈവം അത്‌ അവർക്കു സ്‌പഷ്ടമാക്കിക്കൊടുത്തിരിക്കുന്നുവല്ലോ. 20  ലോകസൃഷ്ടിമുതൽ അവന്‍റെ അദൃശ്യഗുണങ്ങളായ നിത്യശക്തിയും ദൈവത്ത്വവും അവന്‍റെ സൃഷ്ടികളിലൂടെ വ്യക്തമായി കണ്ടു ഗ്രഹിക്കാൻ സാധിക്കുമാറ്‌ വെളിവായിരിക്കുന്നു. അതുകൊണ്ട് അവർക്ക് ഒരു ഒഴികഴിവും പറയാനില്ല. 21  അവർ ദൈവത്തെ അറിഞ്ഞിട്ടും ദൈവമെന്ന നിലയിൽ അവനെ മഹത്ത്വപ്പെടുത്തുകയോ അവനോടു നന്ദികാണിക്കുകയോ ചെയ്‌തില്ല. അവരുടെ യുക്തിവിചാരങ്ങൾ വ്യർഥമായി; അവരുടെ മൂഢഹൃദയം ഇരുളടഞ്ഞതായി. 22  ജ്ഞാനികളെന്ന് അവകാശപ്പെട്ടെങ്കിലും അവർ മൂഢന്മാരായിപ്പോയി. 23  അനശ്വരനായ ദൈവത്തിന്‍റെ മഹത്ത്വത്തെ അവർ നശ്വരനായ മനുഷ്യന്‍റെയും പക്ഷി, നാൽക്കാലി, ഇഴജന്തു എന്നിവയുടെയും പ്രതിരൂപങ്ങൾക്കു കൈമാറി. 24  അതുകൊണ്ട് അവർ തങ്ങളുടെ ശരീരങ്ങളെ അപമാനപ്പെടുത്തുമാറ്‌ അവരുടെ ഹൃദയങ്ങളിലെ മോഹങ്ങൾക്കൊത്തവണ്ണം ദൈവം അവരെ അശുദ്ധിയിലേക്കു വിട്ടുകളഞ്ഞു. 25  ദൈവത്തിന്‍റെ സത്യത്തെ അവർ വ്യാജത്തിനുവേണ്ടി കൈവെടിഞ്ഞു; സൃഷ്ടിച്ചവനു പകരം സൃഷ്ടിയെ ഭജിച്ച് ആരാധിച്ചു. അവനോ എന്നേക്കും വാഴ്‌ത്തപ്പെട്ടവൻ. ആമേൻ. 26  ഇതുനിമിത്തം ദൈവം അവരെ നിന്ദ്യമായ ഭോഗതൃഷ്‌ണകളിലേക്കു വിട്ടുകളഞ്ഞു. അവരുടെ സ്‌ത്രീകൾ സ്വാഭാവികവേഴ്‌ച വിട്ട് പ്രകൃതിവിരുദ്ധമായതിൽ ഏർപ്പെട്ടു. 27  അതുപോലെതന്നെ പുരുഷന്മാരും, സ്‌ത്രീകളുമായുള്ള സ്വാഭാവികവേഴ്‌ച വിട്ട് അന്യോന്യം കാമം ജ്വലിച്ച് ആണോട്‌ ആൺ വഷളത്തം പ്രവർത്തിച്ചു. തങ്ങളുടെ ദുർന്നടപ്പിന്‍റെ പ്രതിഫലം അവർ മുഴുവനായി ഏറ്റുവാങ്ങി. 28  ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം പ്രാപിക്കാൻ അവർക്കു മനസ്സില്ലായ്‌കയാൽ അനുചിതമായതു ചെയ്യാനുള്ള അധമചിന്തയിലേക്കു ദൈവം അവരെ വിട്ടുകളഞ്ഞു. 29  അവർ സകലവിധ അനീതിയും ദോഷവും ദുർമോഹവും തിന്മയും നിറഞ്ഞവർ; അസൂയ, കൊലപാതകം, ശണ്‌ഠ, വഞ്ചന, ദ്രോഹബുദ്ധി എന്നിവയിൽ മുഴുകി ജീവിക്കുന്നവർ. അവർ കുശുകുശുപ്പുകാരും 30  അപവാദികളും ദൈവദ്വേഷികളും ധാർഷ്ട്യക്കാരും ഗർവിഷ്‌ഠരും ആത്മപ്രശംസകരും ദുരുപായം നിരൂപിക്കുന്നവരും മാതാപിതാക്കളെ അനുസരിക്കാത്തവരും 31  വിവേകഹീനരും വ്യവസ്ഥകൾ ലംഘിക്കുന്നവരും സഹജപ്രിയമില്ലാത്തവരും നിർദയരുമത്രേ. 32  ഈ വക പ്രവർത്തിക്കുന്നവർ മരണയോഗ്യരാണെന്ന നീതിയുള്ള ദൈവകൽപ്പന നന്നായി അറിഞ്ഞിട്ടും അവർ ഇക്കാര്യങ്ങൾ ചെയ്‌തുകൊണ്ടിരിക്കുകയും അവ ചെയ്യുന്നവരെ അംഗീകരിക്കുകയും ചെയ്യുന്നു.

അടിക്കുറിപ്പുകള്‍

റോമ 1:2യോഹന്നാൻ 1:14-ന്‍റെ അടിക്കുറിപ്പു കാണുക.
റോമ 1:4* അനുബന്ധം 8 കാണുക.
റോമ 1:10* അല്ലെങ്കിൽ, സർവാത്മനാ വിശുദ്ധസേവനം അനുഷ്‌ഠിക്കുന്ന
റോമ 1:14* മറ്റൊരു ഭാഷ സംസാരിക്കുന്നവർ എന്നർഥം.