കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

യോഹന്നാൻ 9:1-41

9  അവൻ കടന്നുപോകുമ്പോൾ ജന്മനാ അന്ധനായ ഒരു മനുഷ്യനെ കണ്ടു.  അവന്‍റെ ശിഷ്യന്മാർ അവനോട്‌, “റബ്ബീ, ആർ പാപം ചെയ്‌തിട്ടാണ്‌ ഇവൻ അന്ധനായി ജനിച്ചത്‌, ഇവനോ ഇവന്‍റെ അമ്മയപ്പന്മാരോ?” എന്നു ചോദിച്ചു.  അതിന്‌ യേശു ഉത്തരം പറഞ്ഞത്‌: “ഇവനോ ഇവന്‍റെ അമ്മയപ്പന്മാരോ പാപം ചെയ്‌തിട്ടല്ല; ദൈവത്തിന്‍റെ പ്രവൃത്തികൾ ഇവനിൽ വെളിപ്പെടേണ്ടതിനത്രേ.  പകലായിരിക്കുമ്പോൾത്തന്നെ എന്നെ അയച്ചവന്‍റെ പ്രവൃത്തികൾ നാം ചെയ്യണം. ആർക്കും പ്രവർത്തിക്കാൻ കഴിയാത്ത രാത്രി വരുന്നു.  ഞാൻ ലോകത്തിലുള്ളിടത്തോളം ഞാൻ ലോകത്തിന്‍റെ വെളിച്ചമാകുന്നു.”  ഇതു പറഞ്ഞശേഷം അവൻ നിലത്തു തുപ്പി; തുപ്പൽകൊണ്ട് ചേറുണ്ടാക്കി ആ മനുഷ്യന്‍റെ കണ്ണുകളിന്മേൽ പുരട്ടി.  പിന്നെ അവൻ അവനോട്‌, “പോയി ശിലോഹാം (അയയ്‌ക്കപ്പെട്ടത്‌ എന്നർഥം) കുളത്തിൽ കഴുകുക” എന്നു പറഞ്ഞു. അവൻ ചെന്നു കഴുകി കാഴ്‌ചയുള്ളവനായി മടങ്ങിവന്നു.  അയൽക്കാരും മുമ്പ് അവനെ ഒരു യാചകനായി കണ്ടിട്ടുള്ളവരും, “ഇവനല്ലേ ഇവിടെ ഭിക്ഷ യാചിച്ചുകൊണ്ടിരുന്നത്‌?” എന്നു ചോദിച്ചു.  “അതെ, ഇവൻതന്നെ” എന്നു ചിലരും “അല്ല, ഇവൻ അവനെപ്പോലിരിക്കുന്നുവെന്നേയുള്ളൂ” എന്നു വേറെ ചിലരും പറയുന്നുണ്ടായിരുന്നു. ആ മനുഷ്യനോ, “അത്‌ ഞാൻതന്നെ” എന്നു പറഞ്ഞു. 10  അവർ അവനോട്‌, “അപ്പോൾ നിന്‍റെ കണ്ണുകൾ തുറന്നത്‌ എങ്ങനെ?” എന്നു ചോദിച്ചു. 11  “യേശു എന്നു വിളിക്കപ്പെടുന്ന മനുഷ്യൻ ചേറുണ്ടാക്കി എന്‍റെ കണ്ണുകളിന്മേൽ തേച്ചിട്ട്, ‘പോയി ശിലോഹാമിൽ കഴുകുക’ എന്ന് എന്നോടു പറഞ്ഞു. ഞാൻ ചെന്ന് കഴുകി കാഴ്‌ച പ്രാപിച്ചു” എന്ന് അവൻ ഉത്തരം നൽകി. 12  അപ്പോൾ അവർ അവനോട്‌, “ആ മനുഷ്യൻ എവിടെ?” എന്നു ചോദിച്ചതിന്‌, “എനിക്കറിയില്ല” എന്ന് അവൻ പറഞ്ഞു. 13  മുമ്പ് അന്ധനായിരുന്ന ആ മനുഷ്യനെ അവർ പരീശന്മാരുടെ അടുത്തേക്കു കൊണ്ടുപോയി. 14  യേശു ചേറുണ്ടാക്കി അവന്‍റെ കണ്ണുകൾ തുറന്നത്‌ ഒരു ശബത്തുനാളിലായിരുന്നു. 15  അതിനാൽ അവൻ കാഴ്‌ച പ്രാപിച്ചത്‌ എങ്ങനെയെന്ന് പരീശന്മാരും ചോദിക്കാൻതുടങ്ങി. അവൻ അവരോട്‌, “അവൻ എന്‍റെ കണ്ണുകളിന്മേൽ ചേറു പുരട്ടി; ഞാൻ കഴുകി കാഴ്‌ച പ്രാപിച്ചു” എന്നു പറഞ്ഞു. 16  അപ്പോൾ പരീശന്മാരിൽ ചിലർ, “ഈ മനുഷ്യൻ ദൈവത്തിൽനിന്നുള്ളവനല്ല; അവൻ ശബത്ത്‌ ആചരിക്കുന്നില്ലല്ലോ” എന്നു പറഞ്ഞു. മറ്റുള്ളവരാകട്ടെ, “പാപിയായ ഒരു മനുഷ്യന്‌ ഇങ്ങനെയുള്ള അടയാളങ്ങൾ പ്രവർത്തിക്കാനാകുമോ?” എന്നു ചോദിച്ചു. അങ്ങനെ, അവർക്കിടയിൽ ഭിന്നിപ്പുണ്ടായി. 17  അതുകൊണ്ട് അവർ പിന്നെയും ആ അന്ധനോട്‌, “നിന്‍റെ കണ്ണുകൾ തുറന്ന ആ മനുഷ്യനെപ്പറ്റി നീ എന്തു പറയുന്നു?” എന്നു ചോദിച്ചു. “അവൻ ഒരു പ്രവാചകനാകുന്നു” എന്ന് അവൻ പറഞ്ഞു. 18  കാഴ്‌ച പ്രാപിച്ചവന്‍റെ അമ്മയപ്പന്മാരെ വിളിച്ചുചോദിക്കുന്നതുവരെ, അവൻ അന്ധനായിരുന്നെന്നും പിന്നീട്‌ കാഴ്‌ച പ്രാപിച്ചതാണെന്നും യഹൂദന്മാർ വിശ്വസിച്ചില്ല. 19  അവർ അവരോട്‌, “ജന്മനാ അന്ധനായിരുന്നെന്നു നിങ്ങൾ പറയുന്ന നിങ്ങളുടെ മകൻ ഇവൻതന്നെയോ? എങ്കിൽ ഇവൻ ഇപ്പോൾ കാണുന്നത്‌ എങ്ങനെ?” എന്നു ചോദിച്ചു. 20  അതിന്‌ അവന്‍റെ അമ്മയപ്പന്മാർ, “ഇവൻ ഞങ്ങളുടെ മകനാണെന്നും ഇവൻ ജന്മനാ അന്ധനായിരുന്നെന്നും ഞങ്ങൾക്കറിയാം. 21  എന്നാൽ ഇപ്പോൾ അവനു കാഴ്‌ച ലഭിച്ചത്‌ എങ്ങനെയെന്നോ അവന്‍റെ കണ്ണുകൾ തുറന്നത്‌ ആരെന്നോ ഞങ്ങൾക്കറിയില്ല. അവനോടുതന്നെ ചോദിച്ചുകൊള്ളുക. അവൻ പറയട്ടെ, അതിനുള്ള പ്രായം അവനുണ്ടല്ലോ” എന്നു പറഞ്ഞു. 22  യഹൂദന്മാരെ ഭയപ്പെട്ടിരുന്നതുകൊണ്ടത്രേ അവന്‍റെ അമ്മയപ്പന്മാർ ഇങ്ങനെ പറഞ്ഞത്‌; എന്തെന്നാൽ അവൻ ക്രിസ്‌തുവാണെന്ന് ആരെങ്കിലും അംഗീകരിച്ചുപറഞ്ഞാൽ അവനെ പള്ളിഭ്രഷ്ടനാക്കണമെന്ന് യഹൂദന്മാർ നേരത്തേതന്നെ തീരുമാനിച്ചുറച്ചിരുന്നു. 23  അതുകൊണ്ടാണ്‌ അവന്‍റെ അമ്മയപ്പന്മാർ, “അവനോടുതന്നെ ചോദിച്ചുകൊള്ളുക; അതിനുള്ള പ്രായം അവനുണ്ടല്ലോ” എന്നു പറഞ്ഞത്‌. 24  അങ്ങനെ, അവർ അന്ധനായിരുന്ന മനുഷ്യനെ രണ്ടാമതും വിളിച്ച് അവനോട്‌, “ദൈവത്തിനു മഹത്ത്വം കൊടുക്കുക. ആ മനുഷ്യൻ പാപിയാണെന്ന് ഞങ്ങൾക്കറിയാം” എന്നു പറഞ്ഞു. 25  അപ്പോൾ അവൻ പറഞ്ഞു: “അവൻ പാപിയാണോ എന്ന് എനിക്കറിയില്ല; പക്ഷേ, ഒന്ന് എനിക്കറിയാം: ഞാൻ അന്ധനായിരുന്നു; എന്നാൽ ഇപ്പോൾ ഞാൻ കാണുന്നു.” 26  അപ്പോൾ അവർ അവനോട്‌, “അവൻ നിനക്ക് എന്തു ചെയ്‌തുതന്നു? അവൻ നിന്‍റെ കണ്ണുകൾ തുറന്നത്‌ എങ്ങനെ?” എന്നു ചോദിച്ചു. 27  അതിന്‌ അവൻ അവരോട്‌, “അതു ഞാൻ നിങ്ങളോടു പറഞ്ഞുകഴിഞ്ഞല്ലോ; എന്നാൽ നിങ്ങൾ ശ്രദ്ധിച്ചില്ല. പിന്നെ ഇപ്പോൾ അതു വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നതെന്ത്? അവന്‍റെ ശിഷ്യന്മാരാകാൻ നിങ്ങൾക്കും ആഗ്രഹമുണ്ടോ?” എന്നു ചോദിച്ചു. 28  അവർ അവനെ ശകാരിച്ചുകൊണ്ട്, “നീയാണ്‌ അവന്‍റെ ശിഷ്യൻ; ഞങ്ങൾ മോശയുടെ ശിഷ്യന്മാരാണ്‌. 29  ദൈവം മോശയോടു സംസാരിച്ചിട്ടുണ്ടെന്നു ഞങ്ങൾക്കറിയാം. ഇവനോ എവിടെനിന്നുള്ളവൻ എന്ന് ഞങ്ങൾക്കറിയില്ല” എന്നു പറഞ്ഞു. 30  അപ്പോൾ ആ മനുഷ്യൻ പറഞ്ഞു: “അവൻ എന്‍റെ കണ്ണുകൾ തുറന്നിട്ടും അവൻ എവിടെനിന്നുള്ളവൻ എന്നു നിങ്ങൾ അറിയാത്തത്‌ ആശ്ചര്യംതന്നെ. 31  ദൈവം പാപികളുടെ പ്രാർഥന കേൾക്കുന്നില്ലെന്നു നമുക്കറിയാം. ദൈവത്തെ ഭയപ്പെട്ട് അവന്‍റെ ഇഷ്ടം പ്രവർത്തിക്കുന്നവന്‍റെ പ്രാർഥനയോ അവൻ കേൾക്കുന്നു. 32  ജന്മനാ അന്ധനായിരുന്ന ഒരുവന്‍റെ കണ്ണുകൾ ആരെങ്കിലും തുറന്നതായി ഇന്നോളം കേട്ടിട്ടില്ല. 33  ഈ മനുഷ്യൻ ദൈവത്തിൽനിന്നുള്ളവൻ അല്ലായിരുന്നെങ്കിൽ ഇവന്‌ ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.” 34  അപ്പോൾ അവർ, “മുഴുവനായി പാപത്തിൽ പിറന്ന നീ ഞങ്ങളെ പഠിപ്പിക്കാൻ വരുന്നുവോ?” എന്നു ചോദിച്ചുകൊണ്ട് അവനെ ഭ്രഷ്ടനാക്കി! 35  അവനെ ഭ്രഷ്ടനാക്കി എന്ന് യേശു കേട്ടു. അവനെ കണ്ടപ്പോൾ യേശു അവനോട്‌, “നീ മനുഷ്യപുത്രനിൽ വിശ്വസിക്കുന്നുവോ?” എന്നു ചോദിച്ചു. 36  അതിന്‌ ആ മനുഷ്യൻ, “അവൻ ആരാകുന്നു യജമാനനേ? ഞാൻ അവനിൽ വിശ്വസിക്കേണ്ടതിന്‌ അത്‌ എന്നോടു പറഞ്ഞാലും” എന്നു പറഞ്ഞു. 37  യേശു അവനോട്‌, “നീ അവനെ കണ്ടിട്ടുണ്ട്; നിന്നോടു സംസാരിക്കുന്നവൻതന്നെയാണ്‌ അവൻ” എന്നു പറഞ്ഞു. 38  അപ്പോൾ അവൻ, “കർത്താവേ, ഞാൻ വിശ്വസിക്കുന്നു” എന്നു പറഞ്ഞ് അവനെ വണങ്ങി. 39  യേശു പറഞ്ഞു: “ഈ ന്യായവിധിക്കായിട്ടത്രേ ഞാൻ ലോകത്തിലേക്കു വന്നത്‌; കാഴ്‌ചയില്ലാത്തവർ കാണേണ്ടതിനും കാഴ്‌ചയുള്ളവർ അന്ധരായിത്തീരേണ്ടതിനുംതന്നെ.” 40  അവന്‍റെ കൂടെയുണ്ടായിരുന്ന പരീശന്മാർ ഇതു കേട്ടിട്ട് അവനോട്‌, “ഞങ്ങളും അന്ധരാണോ?” എന്നു ചോദിച്ചു. 41  യേശു അവരോട്‌, “നിങ്ങൾ അന്ധരായിരുന്നെങ്കിൽ നിങ്ങൾക്കു പാപം ഉണ്ടാകുമായിരുന്നില്ല. എന്നാൽ, ‘ഞങ്ങൾ കാണുന്നു’ എന്നു നിങ്ങൾ പറയുന്നതിനാൽ നിങ്ങളുടെ പാപം നിലനിൽക്കുന്നു” എന്നു പറഞ്ഞു.

അടിക്കുറിപ്പുകള്‍