കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

യോഹന്നാൻ 7:53–8:59

കോഡക്‌സ്‌ സൈനാറ്റിക്കസ്‌, കോഡക്‌സ്‌ വത്തിക്കാനസ്‌, സൈനാറ്റിക്ക് സിറിയക്‌ കോഡക്‌സ്‌ എന്നീ കയ്യെഴുത്തുപ്രതികളിൽ 53-‍ാ‍ം വാക്യംമുതൽ 8-‍ാ‍ം അധ്യായത്തിന്‍റെ 11-‍ാ‍ം വാക്യംവരെയുള്ള പിൻവരുന്ന ഭാഗം കാണുന്നില്ല (വ്യത്യസ്‌ത ഗ്രീക്ക് പാഠങ്ങളിലും ഭാഷാന്തരങ്ങളിലും ഈ ഭാഗത്തിനു ചില വ്യത്യാസങ്ങളുണ്ട്): 53  അങ്ങനെ, അവർ എല്ലാവരും തങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങി. 8  യേശുവോ ഒലിവുമലയിലേക്കു പോയി.  എന്നാൽ അതിരാവിലെ അവൻ വീണ്ടും ദൈവാലയത്തിൽ ചെന്നു. ജനമൊക്കെയും അവന്‍റെ അടുക്കൽ വന്നു. അവൻ ഇരുന്ന് അവരെ പഠിപ്പിക്കാൻതുടങ്ങി.  അപ്പോൾ ശാസ്‌ത്രിമാരും പരീശന്മാരും വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്‌ത്രീയെ കൊണ്ടുവന്ന് അവരുടെ നടുവിൽ നിറുത്തി.  അവർ അവനോട്‌, “ഗുരോ, ഈ സ്‌ത്രീയെ വ്യഭിചാരവൃത്തിയിൽ പിടിച്ചിരിക്കുന്നു.  ഇത്തരം സ്‌ത്രീകളെ കല്ലെറിയണമെന്നു ന്യായപ്രമാണത്തിൽ മോശ ഞങ്ങളോടു നിർദേശിച്ചിരിക്കുന്നു. നീ എന്തു പറയുന്നു?” എന്നു ചോദിച്ചു.  അവനിൽ കുറ്റം ചുമത്താൻ കാരണം കിട്ടേണ്ടതിന്‌ അവനെ പരീക്ഷിക്കാനത്രേ അവർ ഇതു ചോദിച്ചത്‌. യേശുവോ കുനിഞ്ഞ് വിരലുകൊണ്ടു നിലത്ത്‌ എഴുതിക്കൊണ്ടിരുന്നു.  അവർ അവനോടു വീണ്ടും വീണ്ടും ചോദിച്ചപ്പോൾ അവൻ നിവർന്ന് അവരോട്‌, “നിങ്ങളിൽ പാപമില്ലാത്തവൻ ആദ്യം ഇവളെ കല്ലെറിയട്ടെ” എന്നു പറഞ്ഞു.  അവൻ പിന്നെയും കുനിഞ്ഞ് നിലത്ത്‌ എഴുതിക്കൊണ്ടിരുന്നു.  ഇതു കേട്ടപ്പോൾ അവരിൽ മൂപ്പന്മാർ തുടങ്ങി ഓരോരുത്തരായി അവിടെനിന്നു പോയി; ഒടുവിൽ അവനും അവരുടെ നടുവിൽ നിന്നിരുന്ന സ്‌ത്രീയും മാത്രം ശേഷിച്ചു. 10  യേശു നിവർന്ന് അവളോട്‌, “സ്‌ത്രീയേ, അവർ എവിടെ? ആരും നിനക്കു ശിക്ഷ വിധിച്ചില്ലയോ?” എന്നു ചോദിച്ചു. 11  “ഇല്ല യജമാനനേ” എന്ന് അവൾ പറഞ്ഞതിന്‌ യേശു അവളോട്‌, “ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല. പൊയ്‌ക്കൊള്ളുക; ഇനിമേൽ പാപത്തിൽ നടക്കരുത്‌” എന്നു പറഞ്ഞു. 12  യേശു പിന്നെയും അവരോട്‌, “ഞാൻ ലോകത്തിന്‍റെ വെളിച്ചമാകുന്നു. എന്നെ അനുഗമിക്കുന്നവൻ ഒരുനാളും ഇരുട്ടിൽ നടക്കുകയില്ല; അവനു ജീവന്‍റെ വെളിച്ചം ഉണ്ടായിരിക്കും” എന്നു പറഞ്ഞു. 13  അതിന്‌ പരീശന്മാർ അവനോട്‌, “നീതന്നെ നിന്നെക്കുറിച്ചു സാക്ഷ്യം പറയുന്നു; നിന്‍റെ സാക്ഷ്യം സത്യമല്ല” എന്നു പറഞ്ഞു. 14  അതിന്‌ യേശു അവരോടു പറഞ്ഞത്‌: “ഞാൻതന്നെ എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞാലും എന്‍റെ സാക്ഷ്യം സത്യമാണ്‌; എന്തെന്നാൽ ഞാൻ എവിടെനിന്നു വന്നുവെന്നും എവിടേക്കു പോകുന്നുവെന്നും ഞാൻ അറിയുന്നു. നിങ്ങളോ ഞാൻ എവിടെനിന്നു വന്നുവെന്നും എവിടേക്കു പോകുന്നുവെന്നും അറിയുന്നില്ല. 15  നിങ്ങൾ ജഡപ്രകാരം വിധിക്കുന്നു. ഞാൻ ആരെയും വിധിക്കുന്നില്ല; 16  പക്ഷേ, ഞാൻ വിധിക്കുന്നെങ്കിൽ എന്‍റെ വിധി നേരായത്‌; എന്തെന്നാൽ ഞാൻ തനിച്ചല്ല, എന്നെ അയച്ച പിതാവ്‌ എന്നോടൊപ്പമുണ്ട്. 17  ‘രണ്ടുപേരുടെ സാക്ഷ്യത്താൽ ഒരു കാര്യം സത്യമാകുന്നു’ എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽത്തന്നെ എഴുതിയിരിക്കുന്നുവല്ലോ. 18  എന്നെക്കുറിച്ചു സാക്ഷ്യം പറയുന്ന ഒരാൾ ഞാനാകുന്നു. എന്നെ അയച്ച പിതാവും എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നു.” 19  അപ്പോൾ അവർ, “നിന്‍റെ പിതാവ്‌ എവിടെ?” എന്നു ചോദിച്ചതിന്‌ യേശു, “നിങ്ങൾ എന്നെയോ എന്‍റെ പിതാവിനെയോ അറിയുന്നില്ല. നിങ്ങൾ എന്നെ അറിഞ്ഞിരുന്നെങ്കിൽ എന്‍റെ പിതാവിനെയും അറിയുമായിരുന്നു” എന്നു പറഞ്ഞു. 20  ദൈവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരിക്കെ, ഭണ്ഡാരസ്ഥലത്തുവെച്ചാണ്‌ അവൻ ഇതൊക്കെയും പറഞ്ഞത്‌. എന്നാൽ അവന്‍റെ സമയം അപ്പോഴും വന്നിട്ടില്ലായിരുന്നതുകൊണ്ട് ആരും അവനെ പിടികൂടിയില്ല. 21  അവൻ പിന്നെയും അവരോട്‌, “ഞാൻ പോകുന്നു; നിങ്ങൾ എന്നെ അന്വേഷിക്കും; എങ്കിലും നിങ്ങളുടെ പാപത്തിൽ നിങ്ങൾ മരിക്കും. ഞാൻ പോകുന്നിടത്തേക്കു വരാൻ നിങ്ങൾക്കു കഴിയുകയില്ല” എന്നു പറഞ്ഞു. 22  അപ്പോൾ യഹൂദന്മാർ, “ ‘ഞാൻ പോകുന്നിടത്തേക്കു വരാൻ നിങ്ങൾക്കു കഴിയുകയില്ല’ എന്ന് അവൻ പറയുന്നുവല്ലോ; സ്വയം ഹനിക്കാനാണോ അവന്‍റെ ഭാവം?” എന്നു പറഞ്ഞു. 23  അതുകൊണ്ട് അവൻ പിന്നെയും അവരോടു പറഞ്ഞത്‌: “നിങ്ങൾ താഴെനിന്നുള്ളവർ; ഞാനോ ഉയരങ്ങളിൽനിന്നുള്ളവൻ. നിങ്ങൾ ഈ ലോകത്തിൽനിന്നുള്ളവർ; ഞാനോ ഈ ലോകത്തിൽനിന്നുള്ളവനല്ല. 24  ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ പറഞ്ഞു; വരാനിരുന്നവൻ ഞാനാണ്‌ എന്നു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും.” 25  അതിന്‌ അവർ അവനോട്‌, “നീ ആരാണ്‌?” എന്നു ചോദിച്ചു. യേശു അവരോട്‌, “ഞാൻ ഇനി എന്തിനു നിങ്ങളോടു സംസാരിക്കണം? 26  നിങ്ങളെക്കുറിച്ച് എനിക്കു പലതും പറയാനുണ്ട്; പലതിലും നിങ്ങളെ വിധിക്കാനുമുണ്ട്. എന്നെ അയച്ചവൻ സത്യവാനാകുന്നു. അവനിൽനിന്നു കേട്ടതുതന്നെ ഞാൻ ലോകത്തോടു പ്രസ്‌താവിക്കുന്നു” എന്നു പറഞ്ഞു. 27  അവൻ പിതാവിനെക്കുറിച്ചാണു തങ്ങളോടു സംസാരിക്കുന്നതെന്ന് അവർക്കു മനസ്സിലായില്ല. 28  അതുകൊണ്ട് യേശു അവരോട്‌, “നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിക്കഴിയുമ്പോൾ, വരാനിരുന്നവൻ ഞാൻതന്നെ എന്നും ഞാൻ സ്വന്തമായി ഒന്നും ചെയ്യാതെ പിതാവ്‌ എന്നെ പഠിപ്പിച്ചതുപോലെ ഇക്കാര്യങ്ങൾ സംസാരിക്കുന്നു എന്നും നിങ്ങൾ അറിയും. 29  എന്നെ അയച്ചവൻ എന്‍റെകൂടെയുണ്ട്. ഞാൻ എപ്പോഴും അവനു പ്രസാദകരമായതു ചെയ്യുന്നതിനാൽ അവൻ എന്നെ തനിയെ വിട്ടിട്ടില്ല” എന്നു പറഞ്ഞു. 30  അവൻ ഈ കാര്യങ്ങൾ പറഞ്ഞപ്പോൾ അനേകർ അവനിൽ വിശ്വസിച്ചു. 31  തന്നിൽ വിശ്വസിച്ച യഹൂദന്മാരോട്‌ യേശു, “നിങ്ങൾ എന്‍റെ വചനത്തിൽ നിലനിൽക്കുന്നെങ്കിൽ വാസ്‌തവമായും നിങ്ങൾ എന്‍റെ ശിഷ്യന്മാർ ആയിരിക്കും. 32  നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” എന്നു പറഞ്ഞു. 33  അതിന്‌ അവർ അവനോട്‌, “ഞങ്ങൾ അബ്രാഹാമിന്‍റെ സന്തതികൾ. ഞങ്ങൾ ഒരിക്കലും ആർക്കും അടിമകളായിരുന്നിട്ടില്ല. പിന്നെ, ‘നിങ്ങൾ സ്വതന്ത്രരാകും’ എന്നു നീ പറയുന്നതെങ്ങനെ?” എന്നു ചോദിച്ചു. 34  അതിന്‌ യേശു അവരോടു പറഞ്ഞത്‌: “സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്ന ഏവനും പാപത്തിന്‌ അടിമയാകുന്നു. 35  അടിമ എന്നേക്കും വീട്ടിൽ വസിക്കുന്നില്ല; പുത്രനോ എന്നേക്കും വസിക്കുന്നു. 36  അതുകൊണ്ട് പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർഥത്തിൽ സ്വതന്ത്രരാകും. 37  നിങ്ങൾ അബ്രാഹാമിന്‍റെ സന്തതികളാണെന്ന് എനിക്കറിയാം. എന്നിട്ടും നിങ്ങൾ എന്നെ കൊല്ലാൻ നോക്കുന്നു; കാരണം, എന്‍റെ വചനം നിങ്ങളിൽ കുടികൊള്ളുന്നില്ല. 38  എന്‍റെ പിതാവിന്‍റെ സന്നിധിയിൽ കണ്ടവയെപ്പറ്റി ഞാൻ സംസാരിക്കുന്നു; നിങ്ങളുടെ പിതാവിൽനിന്നു കേട്ടിട്ടുള്ളതു നിങ്ങൾ ചെയ്യുന്നു.” 39  അപ്പോൾ അവർ, “അബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവ്‌” എന്നു പറഞ്ഞതിന്‌ യേശു അവരോട്‌, “നിങ്ങൾ അബ്രാഹാമിന്‍റെ മക്കളെങ്കിൽ അബ്രാഹാമിന്‍റെ പ്രവൃത്തികൾ ചെയ്യണം. 40  എന്നാൽ അതിനു പകരം ദൈവത്തിൽനിന്നു കേട്ട സത്യം നിങ്ങളോടു പറഞ്ഞവനായ എന്നെ നിങ്ങൾ കൊല്ലാൻ ശ്രമിക്കുന്നു; അങ്ങനെയൊരു പ്രവൃത്തി അബ്രാഹാം ചെയ്‌തിട്ടില്ല. 41  നിങ്ങളോ നിങ്ങളുടെ പിതാവിന്‍റെ പ്രവൃത്തികൾ ചെയ്യുന്നു” എന്നു പറഞ്ഞു. അവർ അവനോട്‌, “ഞങ്ങൾ പരസംഗത്താൽ ജനിച്ചവരല്ല. ഞങ്ങൾക്ക് ഒരു പിതാവേ ഉള്ളൂ, ദൈവംതന്നെ” എന്നു പറഞ്ഞു. 42  യേശു അവരോടു പറഞ്ഞത്‌: “ദൈവമായിരുന്നു നിങ്ങളുടെ പിതാവെങ്കിൽ നിങ്ങൾ എന്നെ സ്‌നേഹിക്കുമായിരുന്നു; കാരണം, ദൈവത്തിന്‍റെ അടുക്കൽനിന്നത്രേ ഞാൻ ഇവിടെ വന്നിരിക്കുന്നത്‌. ഞാൻ സ്വയമായി വന്നതല്ല; അവൻ എന്നെ അയച്ചതത്രേ. 43  ഞാൻ പറയുന്നതു നിങ്ങൾ ഗ്രഹിക്കാത്തതെന്ത്? എന്‍റെ വചനം കേൾക്കാൻ നിങ്ങൾക്കു മനസ്സില്ലാത്തതുകൊണ്ടല്ലയോ? 44  നിങ്ങൾ നിങ്ങളുടെ പിതാവായ പിശാചിൽനിന്നുള്ളവർ; നിങ്ങളുടെ പിതാവിന്‍റെ മോഹങ്ങൾ നിറവേറ്റാൻ നിങ്ങൾ ആഗ്രഹിക്കുന്നു. അവൻ ആദിമുതൽക്കേ ഒരു കൊലപാതകി ആയിരുന്നു. അവനിൽ സത്യം ഇല്ലായ്‌കയാൽ അവൻ സത്യത്തിൽ നിലനിന്നില്ല. ഭോഷ്‌ക്‌ പറയുമ്പോൾ അവൻ സ്വന്തം സ്വഭാവമനുസരിച്ചത്രേ സംസാരിക്കുന്നത്‌; എന്തെന്നാൽ അവൻ ഭോഷ്‌കാളിയും ഭോഷ്‌കിന്‍റെ അപ്പനും ആകുന്നു. 45  എന്നാൽ ഞാൻ സത്യം സംസാരിക്കുന്നതുകൊണ്ട് നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല. 46  നിങ്ങളിൽ ആർക്ക് എന്നിൽ പാപം ഉണ്ടെന്നു തെളിയിക്കാൻ കഴിയും? ഞാൻ സത്യം സംസാരിച്ചിട്ടും നിങ്ങൾ എന്നെ വിശ്വസിക്കാത്തതെന്ത്? 47  ദൈവത്തിനുള്ളവൻ ദൈവത്തിന്‍റെ വചനങ്ങൾ ചെവിക്കൊള്ളുന്നു. നിങ്ങൾ ദൈവത്തിനുള്ളവർ അല്ലാത്തതിനാൽ നിങ്ങൾ അവ ചെവിക്കൊള്ളുന്നില്ല.” 48  അതിന്‌ യഹൂദന്മാർ അവനോട്‌, “നീ ഒരു ശമര്യക്കാരനാണെന്നും നിന്നിൽ ഭൂതമുണ്ടെന്നും ഞങ്ങൾ പറയുന്നതു ശരിയല്ലയോ?” എന്നു ചോദിച്ചു. 49  അതിന്‌ യേശു പറഞ്ഞത്‌: “എന്നിൽ ഭൂതമില്ല. ഞാൻ എന്‍റെ പിതാവിനെ ബഹുമാനിക്കുന്നു; നിങ്ങൾ എന്നെ അപമാനിക്കുന്നു. 50  ഞാൻ എനിക്കായി മഹത്ത്വം അന്വേഷിക്കുന്നില്ല; അത്‌ അന്വേഷിക്കുന്ന ഒരുവനുണ്ട്; അവനാകുന്നു വിധികർത്താവ്‌. 51  സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: എന്‍റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരിക്കുകയില്ല.” 52  അപ്പോൾ യഹൂദന്മാർ അവനോടു പറഞ്ഞത്‌: “നിന്നിൽ ഒരു ഭൂതമുണ്ടെന്നു ഞങ്ങൾക്ക് ഇപ്പോൾ ബോധ്യമായി. അബ്രാഹാം മരിച്ചു; പ്രവാചകന്മാരും മരിച്ചു; നീയോ, ‘എന്‍റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരിക്കുകയില്ല’ എന്നു പറയുന്നു. 53  നീ ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാൾ വലിയവനോ? അവൻ മരിച്ചു; പ്രവാചകന്മാരും മരിച്ചു. നീ ആരാണെന്നാണ്‌ നിന്‍റെ വിചാരം?” 54  മറുപടിയായി യേശു പറഞ്ഞത്‌: “ഞാൻ എന്നെത്തന്നെ മഹത്ത്വപ്പെടുത്തിയാൽ എന്‍റെ മഹത്ത്വം ഏതുമില്ല. എന്‍റെ പിതാവത്രേ എന്നെ മഹത്ത്വപ്പെടുത്തുന്നത്‌; നിങ്ങളുടെ പിതാവെന്നു നിങ്ങൾ പറയുന്നവൻതന്നെ; 55  എന്നിട്ടും നിങ്ങൾ അവനെ അറിയുന്നില്ല. എന്നാൽ ഞാൻ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു പറഞ്ഞാൽ നിങ്ങളെപ്പോലെ ഞാനും ഒരു ഭോഷ്‌കാളിയാകും. എന്നാൽ ഞാൻ അവനെ അറിയുകയും അവന്‍റെ വചനം പ്രമാണിക്കുകയും ചെയ്യുന്നു. 56  നിങ്ങളുടെ പിതാവായ അബ്രാഹാം എന്‍റെ ദിവസം കാണാമെന്ന പ്രത്യാശയിൽ അത്യധികം ആനന്ദിച്ചു; അവൻ അതു കാണുകയും ആനന്ദിക്കുകയും ചെയ്‌തു.” 57  അപ്പോൾ യഹൂദന്മാർ അവനോട്‌, “നിനക്ക് അൻപതുവയസ്സുപോലും ആയിട്ടില്ലല്ലോ; എന്നിട്ടും നീ അബ്രാഹാമിനെ കണ്ടിരിക്കുന്നുവോ?” എന്നു ചോദിച്ചു. 58  യേശു അവരോട്‌, “സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ഉളവായതിനു മുമ്പേ ഞാൻ ഉണ്ട്” എന്നു പറഞ്ഞു. 59  അപ്പോൾ അവർ അവനെ എറിയാനായി കല്ലുകളെടുത്തു; യേശുവോ മറഞ്ഞ് ദൈവാലയം വിട്ട് പോയി.

അടിക്കുറിപ്പുകള്‍