കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

യോഹന്നാൻ 7:1-53

7  ഇതിനുശേഷം യേശു ഗലീലയിൽ ചുറ്റി സഞ്ചരിച്ചുകൊണ്ടിരുന്നു. യഹൂദന്മാർ അവനെ കൊല്ലാൻ നോക്കിയിരുന്നതിനാൽ യെഹൂദ്യയിലേക്കു പോകാൻ അവൻ ഇഷ്ടപ്പെട്ടില്ല.  എന്നാൽ യഹൂദന്മാരുടെ കൂടാരപ്പെരുന്നാൾ അടുത്തിരുന്നു.  അതിനാൽ അവന്‍റെ സഹോദരന്മാർ അവനോട്‌, “നീ ചെയ്യുന്ന പ്രവൃത്തികൾ നിന്‍റെ ശിഷ്യന്മാരും കാണേണ്ടതിന്‌ ഇവിടം വിട്ട് യെഹൂദ്യയിലേക്കു പോകുക.  പൊതുജനമധ്യേ അറിയപ്പെടാൻ ആഗ്രഹിക്കുന്നവരാരും രഹസ്യത്തിൽ ഒന്നും ചെയ്യുന്നില്ലല്ലോ. നീ ഇതൊക്കെയും ചെയ്യുന്നസ്ഥിതിക്ക് നിന്നെത്തന്നെ ലോകത്തിനു വെളിപ്പെടുത്തിക്കൊടുക്കണം” എന്നു പറഞ്ഞു.  അവന്‍റെ സഹോദരന്മാർ അവനിൽ വിശ്വസിച്ചിരുന്നില്ല.  അതുകൊണ്ട് യേശു അവരോടു പറഞ്ഞു: “എന്‍റെ സമയം ഇതുവരെ വന്നിട്ടില്ല. നിങ്ങൾക്കാകട്ടെ ഏതും അനുയോജ്യമായ സമയംതന്നെ.  നിങ്ങളെ ദ്വേഷിക്കാൻ ലോകത്തിനു കാരണം ഒന്നുമില്ല. എന്നാൽ അതിന്‍റെ പ്രവൃത്തികൾ ദോഷമുള്ളവയെന്നു ഞാൻ അതിനെക്കുറിച്ചു സാക്ഷ്യം പറയുന്നതുകൊണ്ട് അത്‌ എന്നെ ദ്വേഷിക്കുന്നു.  നിങ്ങൾ പെരുന്നാളിനു പൊയ്‌ക്കൊള്ളുവിൻ. എന്‍റെ സമയം ഇതുവരെ വന്നിട്ടില്ലാത്തതിനാൽ ഇപ്പോൾ ഞാൻ പെരുന്നാളിനു പോകുന്നില്ല.”  അവരോട്‌ ഇതു പറഞ്ഞിട്ട് അവൻ ഗലീലയിൽത്തന്നെ താമസിച്ചു. 10  അവന്‍റെ സഹോദരന്മാർ പെരുന്നാളിനു പൊയ്‌ക്കഴിഞ്ഞപ്പോൾ അവനും പോയി; പരസ്യമായിട്ടല്ല, രഹസ്യമായിട്ടാണു പോയത്‌. 11  “അവൻ എവിടെ?” എന്നു ചോദിച്ചുകൊണ്ട് യഹൂദന്മാർ പെരുന്നാളിൽ അവനെ അന്വേഷിച്ചുകൊണ്ടിരുന്നു. 12  ജനത്തിനിടയിൽ അവനെക്കുറിച്ചു വളരെ അടക്കംപറച്ചിലുണ്ടായി. “അവൻ ഒരു നല്ല മനുഷ്യൻ” എന്നു ചിലരും “അല്ല, അവൻ ജനങ്ങളെ വഴിതെറ്റിക്കുന്നു” എന്നു മറ്റു ചിലരും പറയുന്നുണ്ടായിരുന്നു. 13  എന്നാൽ യഹൂദന്മാരെ ഭയന്നിട്ട് ആരും അവനെക്കുറിച്ചു പരസ്യമായി സംസാരിച്ചില്ല. 14  പെരുന്നാൾ പകുതിയായപ്പോൾ യേശു ദൈവാലയത്തിൽ ചെന്നു പഠിപ്പിക്കാൻതുടങ്ങി. 15  അപ്പോൾ യഹൂദന്മാർ ആശ്ചര്യപ്പെട്ട്, “പാഠശാലകളിൽ പഠിച്ചിട്ടില്ലാത്ത ഇവന്‌ ഈ അറിവും പാണ്ഡിത്യവും എവിടെനിന്നു കിട്ടി?” എന്നു ചോദിച്ചു. 16  അതിന്‌ യേശു അവരോട്‌ ഉത്തരം പറഞ്ഞത്‌: “എന്‍റെ ഉപദേശം എന്‍റേതല്ല, എന്നെ അയച്ചവന്‍റേതത്രേ. 17  അവന്‍റെ ഇഷ്ടം ചെയ്യാൻ ആഗ്രഹിക്കുന്നവൻ ഈ ഉപദേശം ദൈവത്തിൽനിന്നുള്ളതോ, അതോ ഞാൻ സ്വന്തമായി പ്രസ്‌താവിക്കുന്നതോ എന്നു തിരിച്ചറിയും. 18  സ്വന്തം ആശയങ്ങൾ പ്രസ്‌താവിക്കുന്നവൻ സ്വന്തം കീർത്തിക്കായി ശ്രമിക്കുന്നു. എന്നാൽ തന്നെ അയച്ചവന്‍റെ മഹത്ത്വത്തിനായി പ്രവർത്തിക്കുന്നവൻ സത്യവാനാകുന്നു; അവനിൽ നീതികേടില്ല. 19  മോശ നിങ്ങൾക്കു ന്യായപ്രമാണം നൽകി; എന്നാൽ നിങ്ങളിൽ ഒരാൾപോലും ന്യായപ്രമാണം അനുസരിക്കുന്നില്ല. പിന്നെ നിങ്ങൾ എന്നെ കൊല്ലാൻ നോക്കുന്നതെന്ത്?” 20  ജനം അവനോട്‌, “നിന്നെ ഭൂതം ബാധിച്ചിരിക്കുന്നു. ആരാണു നിന്നെ കൊല്ലാൻ നോക്കുന്നത്‌?” എന്നു ചോദിച്ചു. 21  അതിന്‌ യേശു അവരോടു പറഞ്ഞത്‌: “ഞാൻ ഒരു പ്രവൃത്തി ചെയ്‌തു. നിങ്ങളെല്ലാം അതിൽ ആശ്ചര്യപ്പെടുന്നു. 22  മോശ നിങ്ങൾക്കു പരിച്ഛേദന ഏർപ്പെടുത്തിയിരിക്കുന്നതിനാൽ നിങ്ങൾ ശബത്തിൽ മനുഷ്യനെ പരിച്ഛേദന കഴിപ്പിക്കുന്നുവല്ലോ. (പരിച്ഛേദന വാസ്‌തവത്തിൽ മോശയിൽനിന്നല്ല, പൂർവപിതാക്കന്മാരിൽനിന്നത്രേ വന്നത്‌.) 23  മോശയുടെ ന്യായപ്രമാണം ലംഘിക്കാതിരിക്കാൻ ഒരുവൻ ശബത്തിൽ പരിച്ഛേദനയേൽക്കുന്നെങ്കിൽ, ശബത്തിൽ ഞാൻ ഒരു മനുഷ്യനെ പൂർണമായി സുഖപ്പെടുത്തിയതിന്‌ നിങ്ങൾ എന്‍റെനേരെ രോഷംകൊള്ളുന്നതെന്തിന്‌? 24  കണ്ണിനു കാണുന്നതുപോലെ വിധിക്കാതെ നീതിയോടെ വിധിക്കുവിൻ.” 25  അപ്പോൾ യെരുശലേം നിവാസികളിൽ ചിലർ, “അവർ കൊല്ലാൻ നോക്കുന്നത്‌ ഇവനെയല്ലയോ? 26  എന്നിട്ടും അതാ, അവൻ പരസ്യമായി സംസാരിക്കുന്നു; അവരാകട്ടെ അവനോട്‌ ഒന്നും പറയുന്നതുമില്ല. ഇവൻ ക്രിസ്‌തുവാണെന്നു പ്രമാണിമാർ ധരിച്ചുപോയോ? 27  എന്നാൽ ഈ മനുഷ്യൻ എവിടെനിന്നുള്ളവനെന്നു നമുക്കറിയാം; ക്രിസ്‌തു വരുമ്പോഴോ അവൻ എവിടെനിന്നു വന്നുവെന്ന് ആരും അറിയുകയില്ല” എന്നു പറഞ്ഞു. 28  അതുകൊണ്ട് ദൈവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരിക്കെ, യേശു വിളിച്ചുപറഞ്ഞു: “നിങ്ങൾക്ക് എന്നെ അറിയാം; ഞാൻ എവിടെനിന്നു വന്നുവെന്നും അറിയാം. ഞാൻ സ്വയമായിട്ടു വന്നതല്ല; സാക്ഷാലുള്ളവൻ എന്നെ അയച്ചതത്രേ; നിങ്ങളോ അവനെ അറിയുന്നില്ല. 29  ഞാനോ അവനെ അറിയുന്നു; എന്തെന്നാൽ ഞാൻ അവന്‍റെ വക്താവാകുന്നു; അവനാകുന്നു എന്നെ അയച്ചത്‌.” 30  അപ്പോൾ അവർ അവനെ പിടികൂടാൻ മാർഗം അന്വേഷിച്ചു; പക്ഷേ, അവന്‍റെ സമയം വന്നിട്ടില്ലായിരുന്നതുകൊണ്ട് ആരും അവനെ പിടിച്ചില്ല; 31  ജനത്തിൽ വളരെപ്പേർ അവനിൽ വിശ്വസിച്ചു; “ക്രിസ്‌തു വരുമ്പോൾ ഈ മനുഷ്യൻ ചെയ്‌തതിലധികമായി എന്ത് അടയാളങ്ങൾ ചെയ്യാനാണ്‌?” എന്ന് അവർ പറഞ്ഞു. 32  ജനം അവനെക്കുറിച്ച് ഇങ്ങനെ അടക്കംപറയുന്നതു പരീശന്മാർ കേട്ടപ്പോൾ അവരും മുഖ്യപുരോഹിതന്മാരും അവനെ പിടിക്കാനായി ഭടന്മാരെ അയച്ചു. 33  അപ്പോൾ യേശു, “ഞാൻ അൽപ്പസമയംകൂടെ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും; പിന്നെ എന്നെ അയച്ചവന്‍റെ അടുക്കലേക്കു പോകും. 34  നിങ്ങൾ എന്നെ അന്വേഷിക്കും; എന്നാൽ കണ്ടെത്തുകയില്ല; ഞാൻ ആയിരിക്കുന്നിടത്തേക്കു വരാനും നിങ്ങൾക്കു കഴിയുകയില്ല” എന്നു പറഞ്ഞു. 35  അപ്പോൾ യഹൂദന്മാർ, “നാം കണ്ടെത്താതവണ്ണം ഇവൻ എവിടേക്കാണു പോകുന്നത്‌? ഗ്രീക്കുകാരുടെ ഇടയിൽ ചിതറിപ്പാർക്കുന്ന യഹൂദന്മാരുടെ അടുക്കൽ ചെന്നിട്ട് അവിടെയുള്ള ഗ്രീക്കുകാരെ പഠിപ്പിക്കാനാണോ ഇവന്‍റെ ഉദ്ദേശ്യം? 36  ‘നിങ്ങൾ എന്നെ അന്വേഷിക്കും; എന്നാൽ കണ്ടെത്തുകയില്ല; ഞാൻ ആയിരിക്കുന്നിടത്തേക്കു വരാനും നിങ്ങൾക്കു കഴിയുകയില്ല’ എന്ന് അവൻ പറഞ്ഞതിന്‍റെ അർഥമെന്ത്?” എന്നു തമ്മിൽ ചോദിച്ചു. 37  പെരുന്നാളിന്‍റെ ഒടുവിൽ, പ്രധാനദിനത്തിൽ യേശു എഴുന്നേറ്റുനിന്ന്, “ദാഹിക്കുന്നവൻ എന്‍റെ അടുക്കൽ വന്നു കുടിക്കട്ടെ. 38  എന്നിൽ വിശ്വസിക്കുന്നവന്‍റെ കാര്യത്തിലോ, തിരുവെഴുത്തു പറയുന്നതുപോലെ, ‘അവന്‍റെ ഉള്ളിൽനിന്നു ജീവജലത്തിന്‍റെ അരുവികൾ ഒഴുകും’ ” എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. 39  തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിക്കാനിരുന്ന പരിശുദ്ധാത്മാവിനെക്കുറിച്ചത്രേ അവൻ ഇതു പറഞ്ഞത്‌. അവർക്ക് അതുവരെ ആത്മാവ്‌ നൽകപ്പെട്ടിരുന്നില്ല; കാരണം, അപ്പോൾ യേശു മഹത്ത്വീകരിക്കപ്പെട്ടിരുന്നില്ല. 40  ഇതു കേട്ടിട്ട് ജനക്കൂട്ടത്തിൽ ചിലർ, “ഇവൻ നിശ്ചയമായും ആ പ്രവാചകനാണ്‌” എന്നു പറയാൻതുടങ്ങി. 41  “ഇവൻ ക്രിസ്‌തുതന്നെ” എന്നു മറ്റു ചിലർ പറഞ്ഞു. എന്നാൽ വേറെ ചിലർ ചോദിച്ചു: “അതിന്‌ ക്രിസ്‌തു ഗലീലയിൽനിന്നോ വരുന്നത്‌? 42  ക്രിസ്‌തു ദാവീദിന്‍റെ വംശജനായി, അവൻ പാർത്ത ഗ്രാമമായ ബേത്ത്‌ലെഹെമിൽനിന്നു വരുമെന്നല്ലയോ തിരുവെഴുത്തു പറയുന്നത്‌?” 43  അങ്ങനെ, അവനെച്ചൊല്ലി ജനത്തിനിടയിൽ ഭിന്നിപ്പുണ്ടായി. 44  അവരിൽ ചിലർ അവനെ പിടികൂടാൻ ആഗ്രഹിച്ചെങ്കിലും ആരും അവനെ പിടിച്ചില്ല. 45  ഭടന്മാർ മുഖ്യപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുക്കൽ മടങ്ങിച്ചെന്നു. പരീശന്മാർ അവരോട്‌, “നിങ്ങൾ അവനെ കൊണ്ടുവരാഞ്ഞതെന്ത്?” എന്നു ചോദിച്ചു. 46  അതിന്‌ ഭടന്മാർ, “ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരിക്കലും സംസാരിച്ചിട്ടില്ല” എന്നു ബോധിപ്പിച്ചു. 47  അപ്പോൾ പരീശന്മാർ, “നിങ്ങളും വഴിതെറ്റിക്കപ്പെട്ടുവോ? 48  പ്രമാണിമാരിലോ പരീശന്മാരിലോ ആരെങ്കിലും അവനിൽ വിശ്വസിച്ചിട്ടുണ്ടോ? 49  ന്യായപ്രമാണം അറിയാത്ത ഈ ജനം ശപിക്കപ്പെട്ടവരാകുന്നു” എന്നു പറഞ്ഞു. 50  മുമ്പ് അവന്‍റെ അടുക്കൽ വന്നവനും അവരിൽ ഒരുവനുമായ നിക്കോദേമൊസ്‌ അവരോട്‌, 51  “ഒരുവന്‍റെ മൊഴി കേട്ട് അവൻ ചെയ്യുന്നതെന്തെന്നു മനസ്സിലാക്കാതെ അവനെ വിധിക്കുന്നത്‌ നമ്മുടെ ന്യായപ്രമാണപ്രകാരം ശരിയോ?” എന്നു ചോദിച്ചു. 52  അതിന്‌ അവർ അവനോട്‌, “നീയും ഒരു ഗലീലക്കാരനോ? തിരുവെഴുത്തുകൾ പരിശോധിച്ചുനോക്കുക, ഗലീലയിൽനിന്ന് ഒരു പ്രവാചകനും എഴുന്നേൽപ്പിക്കപ്പെടുകയില്ലെന്ന് അപ്പോൾ മനസ്സിലാകും” എന്നു പറഞ്ഞു.* കോഡക്‌സ്‌ സൈനാറ്റിക്കസ്‌, കോഡക്‌സ്‌ വത്തിക്കാനസ്‌, സൈനാറ്റിക്ക് സിറിയക്‌ കോഡക്‌സ്‌ എന്നീ കയ്യെഴുത്തുപ്രതികളിൽ 53-‍ാ‍ം വാക്യംമുതൽ 8-‍ാ‍ം അധ്യായത്തിന്‍റെ 11-‍ാ‍ം വാക്യംവരെയുള്ള പിൻവരുന്ന ഭാഗം കാണുന്നില്ല (വ്യത്യസ്‌ത ഗ്രീക്ക് പാഠങ്ങളിലും ഭാഷാന്തരങ്ങളിലും ഈ ഭാഗത്തിനു ചില വ്യത്യാസങ്ങളുണ്ട്): 53  അങ്ങനെ, അവർ എല്ലാവരും തങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങി.

അടിക്കുറിപ്പുകള്‍