കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

യോഹന്നാൻ 21:1-25

21  അതിനുശേഷം തിബെര്യാസ്‌* കടലിന്‍റെ തീരത്തുവെച്ച് യേശു ശിഷ്യന്മാർക്കു വീണ്ടും പ്രത്യക്ഷനായി. അത്‌ ഇപ്രകാരമായിരുന്നു:  ശിമോൻ പത്രോസും ദിദിമോസ്‌ എന്ന് മറുപേരുള്ള തോമാസും ഗലീലയിലെ കാനായിൽനിന്നുള്ള നഥനയേലും സെബെദിപുത്രന്മാരും വേറെ രണ്ടുശിഷ്യന്മാരും ഒരുമിച്ചിരിക്കുകയായിരുന്നു.  ശിമോൻ പത്രോസ്‌ അവരോട്‌, “ഞാൻ മീൻപിടിക്കാൻ പോകുന്നു” എന്നു പറഞ്ഞു. “ഞങ്ങളും പോരുന്നു” എന്ന് അവർ അവനോടു പറഞ്ഞു. അങ്ങനെ, അവർ പോയി വള്ളത്തിൽ കയറി. എന്നാൽ ആ രാത്രിയിൽ അവർക്ക് ഒന്നും കിട്ടിയില്ല.  നേരം പുലരാറായപ്പോൾ യേശു കടൽക്കരയിൽ നിന്നു. എന്നാൽ അത്‌ യേശുവാണെന്നു ശിഷ്യന്മാർ തിരിച്ചറിഞ്ഞില്ല.  യേശു അവരോട്‌, “കുഞ്ഞുങ്ങളേ, നിങ്ങളുടെ പക്കൽ ഭക്ഷിക്കാൻ വല്ലതുമുണ്ടോ?” എന്നു ചോദിച്ചു. “ഇല്ല” എന്ന് അവർ മറുപടി നൽകി.  അവൻ അവരോട്‌, “വള്ളത്തിന്‍റെ വലത്തുവശത്തു വലയിറക്കുക; അപ്പോൾ നിങ്ങൾക്കു കിട്ടും” എന്നു പറഞ്ഞു. അവർ വലയിറക്കി; വല വലിച്ചുകയറ്റാനാവാത്തവിധം അത്രയധികം മീൻ വലയിൽപ്പെട്ടു.  യേശു സ്‌നേഹിച്ചിരുന്ന ശിഷ്യൻ അപ്പോൾ പത്രോസിനോട്‌, “അതു കർത്താവാണ്‌” എന്നു പറഞ്ഞു. അതു കർത്താവാണെന്നു കേട്ടയുടനെ, അർധനഗ്നനായിരുന്ന ശിമോൻ പത്രോസ്‌ താൻ അഴിച്ചുവെച്ചിരുന്ന പുറങ്കുപ്പായവും ചുറ്റിക്കൊണ്ട് വെള്ളത്തിൽ ചാടി കരയിലേക്കു നീന്തി.  അപ്പോൾ അവർ കരയിൽനിന്ന് മുന്നൂറ്‌ അടിയിലധികം ദൂരത്തല്ലായിരുന്നു. മറ്റു ശിഷ്യന്മാർ മീൻ നിറഞ്ഞ വലയും വലിച്ചുകൊണ്ട് തങ്ങളുടെ ചെറുവള്ളത്തിൽ കരയ്‌ക്കെത്തി.  അവർ കരയിലിറങ്ങിയപ്പോൾ, അവിടെ തീക്കനലുകൾ കൂട്ടി അതിന്മേൽ മീൻ വെച്ചിരിക്കുന്നതു കണ്ടു; അപ്പവും ഉണ്ടായിരുന്നു. 10  യേശു അവരോട്‌, “നിങ്ങൾ ഇപ്പോൾ പിടിച്ച മത്സ്യത്തിൽ കുറച്ചു കൊണ്ടുവരുവിൻ” എന്നു പറഞ്ഞു. 11  ശിമോൻ പത്രോസ്‌ വള്ളത്തിൽ ചെന്ന് വല കരയിലേക്കു വലിച്ചുകയറ്റി; അതിൽ നൂറ്റി അൻപത്തി മൂന്ന് വലിയ മീൻ ഉണ്ടായിരുന്നു. അത്രയധികം മീനുണ്ടായിരുന്നിട്ടും വല കീറിയില്ല. 12  യേശു അവരോട്‌, “വന്നു പ്രാതൽ കഴിച്ചുകൊള്ളുവിൻ” എന്നു പറഞ്ഞു. “നീ ആരാണ്‌?” എന്ന് അവനോടു ചോദിക്കാൻ ശിഷ്യന്മാരിൽ ആരും തുനിഞ്ഞില്ല. അതു കർത്താവാണെന്ന് അവർ അറിഞ്ഞിരുന്നു. 13  യേശു വന്ന് അപ്പമെടുത്ത്‌ അവർക്കു കൊടുത്തു; അതുപോലെ മീനും. 14  മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടശേഷം യേശു ശിഷ്യന്മാർക്കു പ്രത്യക്ഷനായത്‌ ഇതു മൂന്നാം തവണയായിരുന്നു. 15  അവർ പ്രാതൽ കഴിച്ചശേഷം യേശു ശിമോൻ പത്രോസിനോട്‌, “യോഹന്നാന്‍റെ മകനായ ശിമോനേ, നീ ഇവയെക്കാൾ എന്നെ സ്‌നേഹിക്കുന്നുവോ?”* എന്നു ചോദിച്ചു. പത്രോസ്‌ അവനോട്‌, “ഉവ്വ് കർത്താവേ, ഞാൻ നിന്നെ എത്രമാത്രം സ്‌നേഹിക്കുന്നെന്നു* നീ അറിയുന്നുവല്ലോ” എന്നു പറഞ്ഞു. യേശു അവനോട്‌, “എന്‍റെ കുഞ്ഞാടുകളെ പോറ്റുക” എന്നു പറഞ്ഞു. 16  അവൻ രണ്ടാമതും, “യോഹന്നാന്‍റെ മകനായ ശിമോനേ, നീ എന്നെ സ്‌നേഹിക്കുന്നുവോ?”* എന്നു ചോദിച്ചു. അതിനു പത്രോസ്‌, “ഉവ്വ് കർത്താവേ, ഞാൻ നിന്നെ എത്രമാത്രം സ്‌നേഹിക്കുന്നെന്നു* നീ അറിയുന്നുവല്ലോ” എന്നു പറഞ്ഞു. യേശു അവനോട്‌, “എന്‍റെ കുഞ്ഞാടുകളെ മേയ്‌ക്കുക” എന്നു പറഞ്ഞു. 17  മൂന്നാമതും അവൻ, “യോഹന്നാന്‍റെ മകനായ ശിമോനേ, നീ എന്നെ സ്‌നേഹിക്കുന്നുവോ?”* എന്നു ചോദിച്ചു. “നീ എന്നെ സ്‌നേഹിക്കുന്നുവോ?”* എന്ന് അവൻ മൂന്നാം തവണയും ചോദിച്ചതിനാൽ പത്രോസ്‌ ദുഃഖിതനായി അവനോട്‌, “കർത്താവേ, നീ സകലവും അറിയുന്നുവല്ലോ; ഞാൻ നിന്നെ എത്രമാത്രം സ്‌നേഹിക്കുന്നെന്നു* നിനക്കറിയാം” എന്നു പറഞ്ഞു. അപ്പോൾ യേശു അവനോട്‌, “എന്‍റെ കുഞ്ഞാടുകളെ പോറ്റുക. 18  സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു: നീ യുവാവായിരുന്നപ്പോൾ സ്വയം അരകെട്ടി നിനക്കിഷ്ടമുള്ളിടത്തൊക്കെയും നടന്നുവല്ലോ. എന്നാൽ വൃദ്ധനാകുമ്പോൾ നീ കൈ നീട്ടുകയും മറ്റൊരുവൻ നിന്‍റെ അരകെട്ടുകയും നിനക്കിഷ്ടമില്ലാത്തിടത്തേക്കു നിന്നെ കൊണ്ടുപോകുകയും ചെയ്യും” എന്നു പറഞ്ഞു. 19  ഏതുവിധത്തിലുള്ള മരണത്താൽ പത്രോസ്‌ ദൈവത്തെ മഹത്ത്വപ്പെടുത്തുമെന്നു സൂചിപ്പിക്കാനത്രേ അവൻ ഇതു പറഞ്ഞത്‌. എന്നിട്ട് യേശു അവനോട്‌, “എന്നെ അനുഗമിച്ചുകൊണ്ടിരിക്കുക” എന്നു പറഞ്ഞു. 20  പത്രോസ്‌ തിരിഞ്ഞുനോക്കിയപ്പോൾ യേശു സ്‌നേഹിച്ചിരുന്ന ശിഷ്യൻ പിന്നാലെ വരുന്നതു കണ്ടു. അത്താഴസമയത്ത്‌ യേശുവിന്‍റെ മാറിൽ ചാരിക്കൊണ്ട്, “കർത്താവേ, നിന്നെ ഒറ്റിക്കൊടുക്കുന്നവൻ ആരാകുന്നു?” എന്നു ചോദിച്ചത്‌ ഇവൻതന്നെ. 21  അവനെ കണ്ടിട്ട് പത്രോസ്‌ യേശുവിനോട്‌, “കർത്താവേ, ഇവന്‍റെ കാര്യമോ?” എന്നു ചോദിച്ചു. 22  യേശു അവനോട്‌, “ഞാൻ വരുന്നതുവരെ ഇവനിരിക്കേണം എന്നാണ്‌ എന്‍റെ ഇഷ്ടമെങ്കിൽ നിനക്കെന്ത്? നീ എന്നെ അനുഗമിച്ചുകൊണ്ടിരിക്കുക” എന്നു പറഞ്ഞു. 23  ഇതുനിമിത്തം, ആ ശിഷ്യൻ മരിക്കുകയില്ല എന്നൊരു സംസാരം സഹോദരന്മാർക്കിടയിൽ പരന്നു. എന്നാൽ അവൻ മരിക്കുകയില്ല എന്നല്ല, “ഞാൻ വരുന്നതുവരെ ഇവനിരിക്കേണം എന്നാണ്‌ എന്‍റെ ഇഷ്ടമെങ്കിൽ നിനക്കെന്ത്?” എന്നു മാത്രമാണ്‌ യേശു പറഞ്ഞത്‌. 24  ഈ ശിഷ്യൻതന്നെയാണ്‌ ഈ കാര്യങ്ങൾക്കു സാക്ഷ്യം നൽകുന്നതും ഇവ എഴുതുന്നതും. അവന്‍റെ സാക്ഷ്യം സത്യമാകുന്നുവെന്നു ഞങ്ങൾ അറിയുന്നു. 25  യേശു ചെയ്‌ത മറ്റു പല കാര്യങ്ങളുമുണ്ട്. അവ വിശദമായി എഴുതിയാൽ എഴുതിയ ചുരുളുകൾ ലോകത്തിൽത്തന്നെയും ഒതുങ്ങുകയില്ലെന്നു ഞാൻ കരുതുന്നു.

അടിക്കുറിപ്പുകള്‍

യോഹ 21:1* ഗലീലക്കടലിന്‍റെ മറ്റൊരു പേര്‌
യോഹ 21:15അഗാപെയോ എന്ന ഗ്രീക്ക് പദത്തിന്‍റെ ഒരു രൂപം
യോഹ 21:15ഫിലെയോ എന്ന ഗ്രീക്ക് പദത്തിന്‍റെ ഒരു രൂപം
യോഹ 21:16അഗാപെയോ എന്ന ഗ്രീക്ക് പദത്തിന്‍റെ ഒരു രൂപം
യോഹ 21:16ഫിലെയോ എന്ന ഗ്രീക്ക് പദത്തിന്‍റെ ഒരു രൂപം
യോഹ 21:17ഫിലെയോ എന്ന ഗ്രീക്ക് പദത്തിന്‍റെ ഒരു രൂപം
യോഹ 21:17ഫിലെയോ എന്ന ഗ്രീക്ക് പദത്തിന്‍റെ ഒരു രൂപം
യോഹ 21:17ഫിലെയോ എന്ന ഗ്രീക്ക് പദത്തിന്‍റെ ഒരു രൂപം